23 April 2024, Tuesday

അടിസ്ഥാനങ്ങളിലെ വ്യതിയാനം

Janayugom Webdesk
September 26, 2021 4:00 am

അടിസ്ഥാനകാര്യങ്ങളിൽ മാറ്റങ്ങൾ പ്രകടമാണ്. അടിസ്ഥാനങ്ങൾ മാറുമ്പോൾ, ഉപരിഘടനകളും മാറ്റത്തെ നേരിടുന്നു. മുതലാളിത്ത സമൂഹത്തിൽ, ഉല്പാദന പ്രക്രിയ തൊഴിലുടമയെയും തൊഴിലാളികളെയും അടിസ്ഥാനമാക്കിയുള്ളതാണ്. മൂലധനം എന്ന് ശാസ്ത്രീയമായി വിശേഷിപ്പിക്കുന്ന മുതൽമുടക്ക് ഉൾപ്പെടുന്ന ഉല്പാദന പ്രക്രിയയെ ഒരാൾ നിയന്ത്രിക്കുന്നു. ഈ മൂലധനം മിച്ച ഉല്പാദനത്തിന്റെ ഫലമാണ്. മഹാനായ കാൾ മാർക്സ് തന്റെ സിദ്ധാന്തത്തിന്റെ നെടുംതൂണായ രാഷ്ട്രീയ സമ്പദ്ഘടനയെ രൂപപ്പെടുത്തുമ്പോൾ കണ്ടെത്തിയതാണിത്. തൊഴിലാളിയുടെ അധ്വാനത്തിന് ലഭിക്കുന്ന പ്രതിഫലത്തിനും അധികമായി കഠിനാധ്വാനം ചെയ്യുമ്പോൾ മാത്രമേ മിച്ചം ഉണ്ടാകൂ. ഒരു മുതലാളിത്ത സമൂഹത്തിൽ അധികമിച്ചം മൂലധനമായി മാറുന്നു. സമൂഹത്തിന്റെ വികാസത്തിനൊപ്പം മൂലധനത്തിന്റെ സ്വഭാവവും വിസ്തൃതമാകുന്നു. അത് ധനമൂലധനമായി മാറുകയും ചെയ്യുന്നു. ബാങ്കിങ്ങും വ്യാവസായിക മൂലധനവും തമ്മിൽ ലയിക്കുന്നു. പുതിയ നിക്ഷേപങ്ങൾ ഉണ്ടാകുന്നില്ല. സമ്പദ്‌വ്യവസ്ഥയുടെ സാമ്പത്തികവൽക്കരണത്തിലേയ്ക്കാണ് ഭരണകൂടത്തിന്റെ പൂർണ ശ്രദ്ധ.
രണ്ട് നൂറ്റാണ്ടുകൾക്കുമുമ്പ് മുതലാളിത്തത്തിലേക്ക് പ്രവേശിക്കുമ്പോൾ സമൂഹത്തിൽ പ്രകടമായ പ്രത്യേകതകളാണ് ഇപ്പോൾ വെളിവാകുന്നത്. അക്കാലത്ത് ധനമൂലധനം വളരെ പിന്നിലായിരുന്നില്ല. മൂലധനത്തിന്റെ രൂപഭേദങ്ങളിൽ ധനമൂലധനവും വേരുകളാഴ്ത്താൻ പരിശ്രമിച്ചു. ആധുനിക കാലഘട്ടത്തിലെ ഏറ്റവും മഹാനായ സൈദ്ധാന്തികൻ കാൾ മാർക്സ് ഈ വൈരുധ്യാത്മക പ്രക്രിയ അടിവരയിട്ട് ബോധ്യപ്പെടുത്തിയിട്ടുമുണ്ട്.


ഇതുകൂടി വായിക്കൂ: പാര്‍ലമെന്ററി ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ചങ്ങാത്ത മുതലാളിത്തം


ഇന്ന് ഓരോ ഘട്ടത്തിലും രണ്ടുനൂറ്റാണ്ടുകൾ പഴക്കമുള്ള സവിശേഷതകൾ പുതിയ പ്രാധാന്യത്തോടെ തിരിച്ചുവരുന്നു. ധനസമ്പാദനത്തിന്റെ പേരിൽ, പൊതുമേഖല വികേന്ദ്രീകൃതമാവുകയും സ്വകാര്യ യജമാനന്മാർ അവിടം ഭരിക്കുകയും ചെയ്യുന്നു. പൊതുമേഖലാ ഘടകങ്ങളിൽ നിക്ഷേപം നടത്തിയിരുന്ന നികുതിദായകർ വെറും കൈയോടെ പോകുമ്പോൾ വരുമാനം പുതിയ ജന്മികളിൽ കേന്ദ്രീകരിക്കുന്നു. പകരമായി നഷ്ടപരിഹാരമോ തൊഴിലോ ഇല്ല. രാജ്യത്ത് ഉല്പാദനം തളർന്നു, ആഭ്യന്തര ഉല്പാദന വളർച്ച (ജിഡിപി) കുറഞ്ഞു, അത് താഴ്ന്ന് തുടരുകയും ചെയ്യുന്നു.

കുത്തക താൽപര്യങ്ങൾക്കനുസൃതമായി കാർഷിക മേഖലയിൽ നടപ്പിലാക്കിയ നിയമങ്ങൾ കർഷകരുടെയും കാർഷിക മേഖലയുടെയും തകർച്ചയ്ക്ക് കോപ്പുകൂട്ടുന്നു. സാമ്പത്തികവൽക്കരണം തീർത്ത കെണിയിലെ ആദ്യ ഇരയാണ് നിക്ഷേപമേഖല. ആർബിഐയുടെ കണക്കനുസരിച്ച് 2020–2021ൽ സ്വകാര്യ മൂലധന നിക്ഷേപം നാമമാത്രമായിരിക്കുന്നു. മഹാമാരിയുടെ ആരംഭത്തിൽ തന്നെ തളർച്ച തുടങ്ങിയതാണ്. പക്ഷെ, കോർപറേറ്റ് മേഖലയ്ക്ക് മികച്ച നേട്ടങ്ങൾ ഉണ്ടായിരുന്ന ഒരു കാലയളവായിരുന്നു അത് എന്നത് വിചിത്രവുമാണ്. തൊഴിൽരഹിതരായ കുടിയേറ്റ തൊഴിലാളികൾ ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി സ്വദേശങ്ങളിലേയ്ക്ക് മടങ്ങി. ഗ്രാമീണ മേഖലയിൽ നിന്ന് ജോലിയും പാർപ്പിടവും ഭക്ഷണവും ആഗ്രഹിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. സ്വകാര്യ മേഖലയിൽ 220 പദ്ധതികൾ മാത്രമാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇക്കാലയളവിൽ അംഗീകരിച്ചത്. ഇത്തരം ദീനമായ നിരക്കിൽ ദാരിദ്ര്യവും പട്ടിണിയും നേരിടാനാവില്ല. പൂർത്തീകരിച്ച പദ്ധതികളും നാമമാത്രമായിരുന്നു. അവയ്ക്കായി ദീർഘ കാലയളവും വേണ്ടിവന്നു.

2008–09ൽ ലോകം മുഴുവൻ തളർച്ചയിലായിരുന്നു. 2020–21ലാകട്ടെ ഇറക്കം കൂടുതൽ തീഷ്ണമായി. പദ്ധതികളുടെ ചെലവ് 2019–20 ൽ 1,75,830 കോടി രൂപയായിരുന്നു. 2020–21ൽ അത് 75,822 കോടിയായി ഇടിഞ്ഞു. പദ്ധതികളുടെ പൂർത്തീകരണ സമയം വലിച്ചു നീട്ടേണ്ടി വന്നു. വലിയ പദ്ധതികൾ വലിയ പ്രതിസന്ധികൾ നേരിട്ടു. സാമ്പത്തിക പ്രതിസന്ധിയുടെ നാളുകളിൽ സമാനമായ പ്രവണത ദൃശ്യമായിരുന്നു. ഇഴഞ്ഞുനീങ്ങുന്നത് അതിജീവിക്കാൻ സമ്പദ്ഘടനയ്ക്ക് കഴിഞ്ഞില്ല. പദ്ധതികൾ നിർത്തിവയ്ക്കുകയോ വെട്ടിക്കുറയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തു. ആഗോള സാമ്പത്തിക പ്രതിസന്ധിയിൽ പദ്ധതി നടത്തിപ്പിനുള്ള സമയം കുത്തനെ ഉയർന്നു. 2017–18 ആയപ്പോഴേക്കും പദ്ധതികൾ അനുവദിക്കുന്നതും കുറഞ്ഞു. സ്വാഭാവികമായും പൂർത്തിയായത് ചുരുക്കമായിരുന്നു. നിക്ഷേപം നടത്താൻ പദ്ധതികളും തുടർ സംരംഭങ്ങളും ഇല്ലാതായി. എന്നാൽ സാമ്പത്തികവൽക്കരണത്തിന് വേഗതയാർജിച്ചു.


ഇതുകൂടി വായിക്കു: കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ കൂടുന്നു; പൊതുമേഖല സ്ഥാപനങ്ങള്‍ വില്‍ക്കുന്നു


സംഘടിത തൊഴിലാളികൾക്കൊപ്പം അസംഘടിത മേഖലയിലെ തൊഴിലാളികളും ചിതറിക്കപ്പെട്ടു. ദശലക്ഷക്കണക്കുകളുടെ ഗുണിതങ്ങളായ ഇവരാകട്ടെ രാജ്യത്തെ അനിശ്ചിതത്വം നിറഞ്ഞ തൊഴിൽ വിപണിയുടെ ഇരകളാണ്. നാമമാത്രമായ തൊഴിലവസരങ്ങൾ ഖേദത്തോടെ മാത്രം വിഭവങ്ങൾ ഉപയോഗിക്കുന്ന പദ്ധതികൾ, ഇവയെല്ലാം ചേർന്ന് തൊഴിൽ മേഖലയെ മുതലെടുത്തു. ഒരു വ്യക്തിയുടെ പോലും നിലനിൽപ്പിനുതകുന്ന വേതനം കിട്ടാതെയായി. കുറഞ്ഞ നിക്ഷേപം കുറഞ്ഞ ഉല്പാദനത്തിന് വഴിയൊരുക്കി. വിലക്കയറ്റം രൂക്ഷമായി. ജീവിതം എന്നാൽ അതിജീവനത്തിനുള്ള വഴിതേടൽ മാത്രമായി. ചെറുകിട, ഇടത്തരം, സൂക്ഷ്മതല വ്യവസായങ്ങൾ തകർച്ചയിലേയ്ക്ക് കൂപ്പുകുത്തി.

ഏതാനും കുത്തകകളൊഴികെ ബാക്കിയെല്ലാം തകർച്ചയിലാണ്. സാമൂഹികമായ അരക്ഷിതാവസ്ഥയും ഇതോട് ചേർന്നിരിക്കുന്നു. മോചനത്തിന് എല്ലാവരും അർഹരാണ്. എന്നാൽ ജോലിയുടെ സ്വഭാവം ജോലിയുടെ ദൈർഘ്യം തുടങ്ങി സകലതിലും അനിശ്ചിതത്വം നേരിടുന്നു. നിക്ഷേപമില്ലാതെ, പ്രവർത്തന യൂണിറ്റുകൾ പൂർണമായും അടച്ചുപൂട്ടുന്നു. രാജ്യത്തിലെ 72 ശതമാനം കുടുംബങ്ങൾക്കും സ്ഥിരമായ വേതനമോ ശമ്പളമോ ഇല്ല, ഗ്രാമപ്രദേശങ്ങളിൽ 87.1 ശതമാനവും നഗരപ്രദേശങ്ങളിൽ 56.9 ശതമാനവും സ്ഥിതി ഇതാണ്.
കണക്കുകൾ അനുസരിച്ച് ഇന്ത്യയിലെ തൊഴിൽ സേനയുടെ 80 ശതമാനവും അനൗപചാരിക മേഖലയിലാണ് ജോലി ചെയ്യുന്നത്. തൊഴിലാളികളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താതെ അസംഘടിത മേഖലകളിലേയ്ക്ക് തള്ളിവിടുന്നു. നിയമപരമായി അവർക്ക് മറ്റ് മാർഗങ്ങളില്ല. സമ്പദ്ഘടനയുടെ സാമ്പത്തികവത്കരണം അതിന്റെ അന്ധകാരത്തിൽ കീഴ്പ്പെടുത്തുന്നതിന്റെ തുടക്കമായിരുന്നു ഇത്. ഉപരിഘടനമായ സുസാധ്യതകളാണ് ശാന്തമായ ഗതിവേഗത്തിന് ആവശ്യപ്പെടുന്നത്. ദുരന്തത്തിന്റെ ദിനങ്ങളാണിത്. അതിനെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.