February 4, 2023 Saturday

ലൗജിഹാദിന്റെ പേരിലുള്ള വിദ്വേഷ പ്രചരണങ്ങൾ

Janayugom Webdesk
November 3, 2020 5:00 am

വലതുതീവ്ര ഹിന്ദുസംഘടനകൾ സജീവമാവുകയും വിദ്വേഷ പ്രചരണത്തിന്റെ മുഖ്യ ഉപാസകരായി മാറുകയും ചെയ്ത ഘട്ടത്തോടെ പ്രചാരം വന്ന സംജ്ഞയാണ് ലൗജിഹാദ് എന്നത്. ഹിന്ദുതീവ്ര സംഘടനകൾ, പ്രത്യേകിച്ച് സംഘപരിവാർ സംഘടനകൾ തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങൾക്കിടയിൽ മറ്റെല്ലാത്തിനെയുമെന്നപോലെ ഈ വാക്കിനെയും വ്യാപകമായി അക്രമത്തിനുള്ള ഉപാധിയാക്കി മാറ്റി. സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാകുന്ന ഇരുമതങ്ങളിലും ജാതിയിലും പെട്ടവരെയും പ്രണയബദ്ധരാകുന്ന കമിതാക്കളെയും ആക്രമിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിന് ഈ പദത്തെ അവർ ദുരുപയോഗം ചെയ്തു. പ്രണയമെന്ന ഉദാത്ത സങ്കല്പത്തെ അക്രമമെന്ന വാക്കുമായി കൂട്ടിച്ചേർത്താണ് ലൗജിഹാദ് എന്ന സംജ്ഞ സൃഷ്ടിക്കപ്പെട്ടതുതന്നെ.

ബിജെപിയും സംഘപരിവാർ സംഘടനകളും വ്യാപകമായി അക്രമത്തിനുള്ള ഉപാധിയായി ഇതിനെ ഉപയോഗിക്കുന്നുവെങ്കിലും അവരുടെ നേതൃത്വത്തിൽ നടക്കുന്ന കേന്ദ്ര ഭരണാധികാരികൾ ഇത്തരമൊരു വാക്കുപോലുമില്ലെന്ന് ഔദ്യോഗികമായി പറയുന്നതിൽ നിന്നുതന്നെ അവരുടെ കാപട്യം വ്യക്തമാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വേണ്ടി സഹമന്ത്രി ജി കിഷൻ റെഡ്ഡി ഇത്തരമൊരു മറുപടി നൽകുന്നത്. എന്നാൽ സംഘപരിവാർ സംഘടനകൾ തങ്ങളുടെ വിദ്വേഷപ്രചാരണത്തിന് ഇതിനെ ആവർത്തിച്ച് ഉപയോഗിച്ചുകൊണ്ടേയിരിക്കുന്നു. ആടിനെ പട്ടിയാക്കുക, പിന്നീട് പേപ്പട്ടിയാക്കുക, ഒടുവിൽ തല്ലിക്കൊല്ലുകയെന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്ന ഒന്നാണ് സംഘപരിവാറിന്റെ ലൗജിഹാദ് പ്രചരണം.

ചില ഇസ്‌ലാമിക തീവ്ര സംഘടനകൾ ഹിന്ദുയുവതികളുമായി പ്രണയം നടിച്ച് മതപരിവർത്തനത്തിന് ഗൂഢപദ്ധതി തയ്യാറാക്കിയെന്നായിരുന്നു ഇതിനായി അവർ നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണം. ലൗജിഹാദെന്ന പേരിൽ സംഘപരിവാർ ഉന്നയിച്ച ഓരോ സംഭവത്തിലും നിയമപരവും ഔദ്യോ­­ഗികമായും നടന്ന പരിശോധനകളിൽ ഒന്നിൽ പോലും ഇത് തെളിയിക്കാനായിട്ടില്ല. എതിരാളികളെ വേട്ടയാടുന്നതിനും രാഷ്ട്രീയ ലക്ഷ്യത്തോടെയും ബിജെപി ഉപയോഗിക്കുന്ന ദേശീയ അന്വേഷണ ഏജൻസിക്ക് പോലും ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. എങ്കിലും അവർ ലൗജിഹാദെന്ന സംജ്ഞയുപയോഗിച്ച് വിദ്വേഷപ്രചരണവും വേട്ടയാടൽ ശ്രമങ്ങളും നടത്തിക്കൊണ്ടേയിരിക്കുന്നു. ഏറ്റവും ഒടുവിൽ ഒരു മുഖ്യമന്ത്രിയിൽ നിന്നുണ്ടാകാൻ പാടില്ലാത്ത വിദ്വേഷ — ഭീഷണി പ്രയോഗത്തിലൂടെയാണ് ലൗജിഹാജ് വീണ്ടും ചർച്ചാ വിഷയമായിരിക്കുന്നത്. ലൗജിഹാദിലുൾപ്പെടുന്നയാളുടെ ശവഘോഷയാത്ര നടത്തുമെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ ആദിത്യനാഥിന്റെ പ്രഖ്യാപനം.

നിർബന്ധിത മതപരിവർത്തനത്തിലുൾപ്പെടുന്ന ആളുകളെ അവരുടെ ‘രാം നാം സത്യ’യാത്ര നടത്തുമെന്ന് ആലങ്കാരികമായാണ് അദ്ദേഹം പറഞ്ഞതെങ്കിലും അത് ബോധപൂർവമായിരുന്നുവെന്ന് പിന്നീട് അദ്ദേഹത്തിൽ നിന്നുണ്ടായ വാചകങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ഹൈന്ദവ ആചാരപ്രകാരം മൃതദേഹവും വഹിച്ചുള്ള യാത്രയിൽ ഉച്ചരിക്കുന്ന വാക്കുകളാണ് ‘രാം നാം സത്യ’. ഇത്തരമൊരു വിദ്വേഷം പ്രചരിപ്പിക്കുന്നതിന് കോടതിവിധികളെയും നിരീക്ഷണങ്ങളെയും ദുർവ്യാഖ്യാനം ചെയ്യുന്നതിന് പോലും ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രിക്ക് ഒരു ഉളുപ്പുമുണ്ടാകുന്നില്ലെന്നത് നമ്മുടെ ജനാധിപത്യത്തിന്റെയും സാമൂഹ്യാവസ്ഥയുടെയും ഏറ്റവും വലിയ ദുര്യോഗമാണ്. കഴിഞ്ഞയാഴ്ചയാണ് അദ്ദേഹം ഉദ്ധരിച്ച അലഹബാദ് ഹൈക്കോടതിയുടെ പരാമർശം ഉണ്ടാകുന്നത്. വിവാഹത്തിന് മാത്രമായി മതപരിവർത്തനം പാടില്ലെന്ന് അലഹബാദ് ഹൈക്കോടതി പറഞ്ഞുവെന്നും അതുകൊണ്ട് ഇനി അങ്ങനെയുണ്ടായാൽ ശവസംസ്കാരം നടത്തുമെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ അദ്ദേഹം പറഞ്ഞിരിക്കുന്നത്.

എന്തായിരുന്നു അലഹബാദ് കോടതി പരിഗണിച്ച കേസെന്ന് പരിശോധിക്കുമ്പോഴാണ് കോടതിവിധികളെ പോലും സംഘപരിവാർ ദുർവ്യാഖ്യാനം ചെയ്യുന്നതിന്റെ ഗുരുതരമായ സ്ഥിതിവിശേഷം നമുക്ക് മനസിലാക്കുവാൻ സാധിക്കുക. ഇവിടെ കോടതിയാകട്ടെ തങ്ങളുടെ മുന്നിൽ പരിഗണനയ്ക്കുവന്ന ഹർജിയെ നിയമപരമായി പരിശോധിക്കുന്നതിനും നിർദ്ദേശം നല്കുന്നതിനും പകരം കേവലം വൈകാരികമായി വിഷയത്തെ സമീപിച്ചുവെന്ന വിമർശനവും ഉന്നയിക്കാവുന്നതാണ്. ഹിന്ദു യുവാവ് മുസ്‌ലിം യുവതിയെ വിവാഹം ചെയ്തതിന് ശേഷം തങ്ങൾക്ക് ബന്ധുക്കളിൽ നിന്നും സംരക്ഷണം നല്കുന്നതിന് നിർ‍ദ്ദേശിക്കണമെന്നായിരുന്നു കോടതിയോട് ആവശ്യപ്പെട്ടത്.

ഇവിടെ യുവതിയുടെ ബന്ധുക്കളിൽ നിന്ന് സംരക്ഷണം വേണമെന്നായിരുന്നു ആവശ്യം. എന്നാൽ അക്കാര്യം പരിഗണിക്കാതെ 2014 ൽ ഇതേ കോടതിയിൽനിന്നുണ്ടായ ഒരു വിധിപ്രസ്താവം ഓർമിപ്പിച്ചുകൊണ്ട് ഹർജി തള്ളുകയാണ് ജസ്റ്റിസ് എം സി ത്രിപാഠി ചെയ്തത്. ഈ വിധിയാണ് ആദിത്യനാഥ് ഉദ്ധരിച്ചിരിക്കുന്നത് എന്നതാണ് ഇവരുടെ കാപട്യവും കോടതിവിധികളെ ദുർവ്യാഖ്യാനം ചെയ്യുന്നതിനുള്ള ശ്രമങ്ങളുടെയും തെളിവായി ചൂണ്ടിക്കാട്ടാൻ കഴിയുന്നത്. സംഘപരിവാർ എങ്ങനെയെല്ലാം നിയമങ്ങളെയും നീതിപീഠത്തെയും തെറ്റായി വ്യാഖ്യാനിക്കുമെന്ന് മാത്രമല്ല ഇവിടെ വെളിവാകുന്നത്. തങ്ങളുടെ വിദ്വേഷ പ്രചരണത്തിന് ഏത് ഹീനമാർഗവും സ്വീകരിക്കുമെന്ന് കൂടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.