Web Desk

September 23, 2021, 4:30 am

വിദ്വേഷവും അസഹിഷ്ണുതയും വിഭജനവാദവും നിരാകരിക്കപ്പെടണം

Janayugom Online

വിവാദ ‘നര്‍ക്കോട്ടിക് ജിഹാദ്’ പരാമര്‍ശം കേരളത്തിന്റെ സാമുദായിക സൗഹാര്‍ദ്ദത്തിനും മതനിരപേക്ഷ പാരമ്പര്യത്തിനും ഭീഷണിയായി വളര്‍ത്തിക്കൊണ്ടുവരാന്‍ വിവിധ കേന്ദ്രങ്ങള്‍ നടത്തുന്ന ബോധപൂര്‍വമായ ശ്രമം അപകടകരവും അപലപനീയവുമാണ്. കഴിഞ്ഞ എതാനും ദശകങ്ങളായി ആഗോളരംഗത്ത് വളര്‍ന്നുവന്ന ഭീകരവാദത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ ആരായാതെയും അവയ്ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കാതെയും തികച്ചും പ്രതിലോമകരമായ ആ പ്രവണതയ്ക്ക് മതത്തിന്റെ പരിവേഷം നല്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടന്നു. അതിന്റെ പരിണിതഫലം എന്തെന്നതിന് ലോകം തികഞ്ഞ ആശങ്കയോടെ സാക്ഷ്യംവഹിക്കുകയാണ്. ഭീകരവാദത്തെ സംബന്ധിച്ച അത്തരം ആഖ്യാനങ്ങള്‍ ഇന്ത്യയുടെ സാഹചര്യങ്ങളില്‍ ‘മോര്‍ഫ്’ ചെയ്ത് രാഷ്ട്രീയ മുതലെടുപ്പു നടത്താനുള്ള സംഘടിത ശ്രമമാണ് ആര്‍എസ്എസും ബിജെപിയും ആസൂത്രിതമായി നടത്തിവരുന്നത്. മതനിരപേക്ഷതക്കും സാമുദായിക സൗഹാര്‍ദ്ദത്തിനും സഹകരണത്തിനും സഹിഷ്ണുതക്കും മാതൃകയായ കേരളത്തില്‍പോലും ആ സംഘപരിവാര്‍ ‍അജണ്ട ഒരു പരിധിവരെയെങ്കിലും നുഴഞ്ഞുകയറുന്നതില്‍ വിജയിച്ചിരിക്കുന്നു എന്നത് ആശങ്കാജനകമാണ്.

സീറോ മലബാര്‍ സഭയുടെ പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം ഒരു തുടക്കമോ അവിചാരിതമോ ആണെന്നു കരുതാന്‍ ന്യായമില്ല. ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയത്തിന് നെടുനായകത്വം വഹിക്കുന്ന സാക്ഷാല്‍ നരേന്ദ്രമോഡിയുടെ കേന്ദ്രസര്‍ക്കാരിനോ അന്വേഷണ ഏജന്‍സികള്‍ക്കോ കോടതികള്‍ക്കോ പോലും തെളിവിന്റെ പിന്‍ബലത്തോടെ സമര്‍ത്ഥിക്കാന്‍ കഴിയാത്ത ‘ലൗജിഹാദി‘ന്റെ സ്രോതസും മറ്റെവിടെനിന്നും അല്ലെന്നതും ശ്രദ്ധേയമാണ്. കാനേഷുമാരി കണക്കുകളടക്കം ഔദ്യോഗിക കണക്കുകളില്‍ ഒന്നും കണ്ടെത്താനാവാത്ത ഒരു പ്രത്യേക മതവിഭാഗത്തിന്റെ അനുപാതരഹിതമായ ജനസംഖ്യ വര്‍ധനവിന്റെ ‘ഭീഷണി‘യുടെ പൊള്ളത്തരവും നമുക്ക് മുന്നിലുണ്ട്. അത്തരം സാങ്കല്പികമായ ഭീഷണികള്‍ക്കെതിരെ സന്താനോല്പാദന തോത് അടിയന്തരമായി ഉയര്‍ത്തണമെന്നും അതിന് സാമ്പത്തിക പ്രോത്സാഹനവും ആരോഗ്യ പരിരക്ഷാ സംവിധാനവും വാഗ്ദാനം നല്കുന്ന മതനേതാക്കളില്‍ മേല്‍പ്പറഞ്ഞ കേന്ദ്രവും ഉള്‍പ്പെടുന്നുവെന്നത് യാദൃശ്ഛികമല്ല.

 


ഇതുകൂടി വായിക്കു:ചന്ദനമരം, കുങ്കുമമരം വെന്തെരിഞ്ഞ കരിമരം…


 

മനുഷ്യനടക്കമുള്ള സമസ്ത ജീവജാലങ്ങളിലും നെെസര്‍ഗികമായ പരസ്പരാകര്‍ഷണവും പ്രേമവും മതത്തിന്റെയും ആചാരങ്ങളുടെയും പേരില്‍ നിയന്ത്രിക്കാന്‍ യാഥാസ്ഥിതികത്വം എക്കാലത്തും ശ്രമിച്ചുപോന്നിട്ടുണ്ട്. ഭിന്നലിംഗങ്ങളില്‍ പെട്ടവര്‍ മാത്രമല്ല സ്വവര്‍ഗാനുരാഗികള്‍ പോലും മതത്തിന്റെയും ജാതിയുടെയും വംശത്തിന്റെയും വര്‍ഗത്തിന്റെയും ഭാഷയുടെയും വര്‍ണത്തിന്റെയും അതിരുകളെ ലംഘിച്ച് പ്രേമബദ്ധരാവുകയും ഒരുമിച്ചു ജീവിക്കുകയും ചെയ്യുന്നതിന് നിയമങ്ങള്‍പോലും വഴിമാറുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ലൗജിഹാദിന്റെ സാങ്കല്പിക ഭീഷണി ഉയര്‍ത്തുന്നവര്‍ ഭൂതകാലത്തെങ്ങുനിന്നോ വന്നെത്തിയ അന്യഗ്രഹ ജീവികളുടെ പ്രതീതിയാണ് ഉളവാക്കുന്നത്. വംശീയ വിദ്വേഷത്തിനും ലിംഗവിവേചനത്തിനും കുടുംബശെെഥില്യങ്ങള്‍ക്കും എതിരെ ആഗോള കത്തോലിക്ക സഭയില്‍ മാറ്റത്തിന്റെ ചിന്തയും സാഹോദര്യത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും സന്ദേശവും പ്രകാശവും പരത്തുന്ന ഫ്രാന്‍സി‍സ് പാപ്പയുടെ തിരുസഭയുടെ പേരില്‍ ഉയരുന്ന ഉദ്ഘോഷ വെെകൃതങ്ങള്‍ ആരെയും അമ്പരിപ്പിക്കും.

ക്രിസ്തുമതാനുയായികള്‍ മഹാഭൂരിപക്ഷമുള്ള പാശ്ചാത്യലോകത്തെ മയക്കുമരുന്നിന്റെയും മൂല്യച്യുതിയുടെയും വ്യാപനത്തിലും മഹാപുരോഹിതന്മാര്‍പോലും ഉള്‍പ്പെട്ട ലെെംഗിക കുറ്റകൃത്യങ്ങളുടെയും മുന്നില്‍ പകച്ചുനില്‍ക്കുന്നവര്‍ ‘നര്‍ക്കോട്ടിക് ജിഹാദി‘നെതിരെ കുരിശുയുദ്ധത്തിന് ആഹ്വാനം നല്കുന്നത് തികഞ്ഞ വിരോധാഭാസമല്ലെങ്കില്‍ മറ്റെന്താണ്? മയക്കുമരുന്നുപോലുള്ള സാമൂഹ്യതിന്മകള്‍ക്കെതിരെ മുഴുവന്‍ ജനങ്ങളുടെയും ആത്മീയവും ധാര്‍മ്മികവുമായ പ്രതിരോധനിര വളര്‍ത്തിയെടുക്കുന്നതിനു പകരം സമൂഹത്തെയാകെ വിദ്വേഷപ്രചാരണത്തിലൂടെ ഭിന്നിപ്പിച്ച് കലുഷിതമാക്കുന്നത് തങ്ങള്‍ വഹിക്കുന്ന ഉന്നതമായ പദവിക്കു നിരക്കുന്നതാണോയെന്ന് ബന്ധപ്പെട്ടവര്‍ ഗൗരവത്തോടെ ചിന്തിക്കണം. പ്രതിലോമ ഹിന്ദുത്വം ഭൂഷണമായി കരുതുകയും തങ്ങളുടെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി നിഷ്ഠ‌ുരം പ്രയോഗിക്കുകയും ചെയ്യുന്ന ബിജെപി ‘നര്‍ക്കോട്ടിക്’ വിവാദത്തെ ആഘോഷമാക്കുന്നത് എന്തിനെന്ന് കേരളം തിരിച്ചറിയുന്നു. അതിനു മുന്‍കൂട്ടി തടയിട്ട പ്രബുദ്ധജനതയാണ് സംസ്ഥാനത്തേത്. തങ്ങളുടെ കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നതിന്റെ പരിഭ്രാന്തി കോണ്‍ഗ്രസ് നേതൃത്വത്തിലും യുഡിഎഫ് വൃത്തങ്ങളിലും പ്രകടമാണ്. വര്‍ഗീയതയും മതവെെരവും കെെമുതലാക്കിയ ജനാധിപത്യത്തിന്റെയും പുരോഗതിയുടെയും ശത്രുക്കള്‍ക്കെതിരെ കേരളത്തിന്റെ മാനവിക ചേതസ് നിരന്തര ജാഗ്രത പുലര്‍ത്തേണ്ട വെല്ലുവിളികളുടെ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും അസഹിഷ്ണുതയുടെയും പ്രത്യയശാസ്ത്രങ്ങള്‍ക്ക് ഈ മണ്ണില്‍ ഇടമില്ലെന്ന് തെളിയിക്കാന്‍ കേരളത്തിന്റെ ജനാധിപത്യ മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണം.