ബോളിവുഡില്‍ അരങ്ങേറുന്നത് ദുഷ്ടലാക്കോടെയുള്ള വേട്ടയാടല്‍

Web Desk
Posted on September 26, 2020, 5:00 am

ഫാസിസ്റ്റ്, സേച്ഛാധിപത്യ പ്രവണതകള്‍ ഏതു രാജ്യത്തും ഏതുകാലത്തും ചലച്ചിത്ര രംഗത്തോട് പ്രത്യേക താല്പര്യവും ആ രംഗത്തെയും നടീനടന്മാരടക്കം ചലച്ചിത്ര പ്രവര്‍ത്തകരെ നിയന്ത്രിക്കാനും വ്യഗ്രത പുലര്‍ത്തിയിരുന്നതായി കാണാം. ചലച്ചിത്ര പ്രവര്‍ത്തകരില്‍ വലിയൊരു പങ്കും ഉല്പതിഷ്ണുക്കളും സ്വതന്ത്ര അഭിപ്രായങ്ങള്‍ വച്ചുപുലര്‍ത്തുന്നവരുമായി കാണപ്പെടുന്നത് അവരെ നയിക്കുന്ന കലാഭിമുഖ്യവും അതില്‍ അന്തര്‍ലീനമായ ആശയപരമായ കാഴ്ചപ്പാടിന്റെയും ഫലമായി വേണം കണക്കാക്കാന്‍. അവരില്‍ പലരും അക്കാരണത്താല്‍ തന്നെ ആചാരങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിക്കുന്നവരായി കാണപ്പെടുന്നതും യാഥാസ്ഥിതിക ആശയങ്ങളുടെ ലംഘകരായി മാറുന്നതും സ്വാഭാവികമാണ്. നാസി ജര്‍മനിയില്‍ നിന്നും മകാര്‍ത്തിയുടെ യുഎസില്‍ നിന്നും ചലച്ചിത്രകാരന്മാര്‍ രാജ്യം വിടാന്‍തന്നെ നിര്‍ബന്ധിതമായ ചരിത്രവും നമുക്ക് മുന്നിലുണ്ട്.

ജര്‍മ്മന്‍ ചലച്ചിത്ര സംവിധായകന്‍ ഫ്രിറ്റ്സ് ലാങ്ങ്, നാസി ജര്‍മ്മനിയില്‍ നിന്നും ചാര്‍ളിചാപ്ലിന്‍, ഒര്‍സണ്‍ വെല്‍സ്, പോള്‍ റോബ്സണ്‍ തുടങ്ങിയവര്‍ യുഎസില്‍ നിന്നും വിവിധ കാലഘട്ടങ്ങളില്‍ നാടുവിടാന്‍ നിര്‍ബന്ധിതരായ അത്തരം കലാകാരന്മാരാണ്. ഇന്ത്യയിലും അടിയന്തരാവസ്ഥകാലത്തും ഇപ്പോള്‍ മോഡി ഭരണത്തിലും ചലച്ചിത്ര പ്രവര്‍ത്തകരും കലാകാരന്മാരും അത്തരം ആശങ്കകളുടെയും ഭയത്തിന്റെയും നിഴലിലാണെന്നു വേണം അടുത്തകാലത്തായി മുംബെെയില്‍ നിന്നും ചെന്നെെയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ചെന്നെെയില്‍ പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ റഹ്മാന്‍, ചലച്ചിത്ര നടന്‍ വിജയ് എന്നിവര്‍ പല ആരോപണങ്ങളുടെയും അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഇന്‍കംടാക്സ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളുടെ റെയ്ഡുകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വിധേയരായി.

ഇപ്പോള്‍ നര്‍കോട്ടിക്സ് ബ്യൂറോയടക്കം കേന്ദ്ര ഏജന്‍സികള്‍ പ്രമുഖ ചലച്ചിത്ര നടന്‍ സുശാന്ത് സിങ്ങിന്റെ ആത്മഹത്യയില്‍ നടക്കുന്ന അന്വേഷണത്തിന്റെ പേരില്‍ ബോളിവുഡ് നടീനടന്മാരും സംവിധായകരും അടക്കം ചലച്ചിത്ര പ്രവര്‍ത്തകരെ അനാവശ്യമായി വേട്ടയാടുന്നതായി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. എതിരഭിപ്രായങ്ങളോടും ഭിന്നമായ കാഴ്ചപ്പാടുകളോടും ബിജെപി നേതൃത്വവും അവരുടെ അനുയായിവൃന്ദങ്ങളും എക്കാലത്തും അസഹിഷ്ണുത പുലര്‍ത്തിപ്പോന്നിരുന്നു. അത്തരം അഭിപ്രായങ്ങളും ആശങ്കകളും പ്രകടിപ്പിക്കുന്നവരെ ഒറ്റപ്പെടുത്താനും ക്ഷതമേല്പിക്കാനും സംഘ്പരിവാര്‍ ഒരിക്കലും മടികാട്ടിയിട്ടില്ല.

മോഡി അധികാരത്തില്‍ വന്ന് ഏറെനാള്‍ കഴിയുംമുമ്പ് രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയെപ്പറ്റി നടന്‍ അമീര്‍ഖാന്റെ പത്നി ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചതായി അദ്ദേഹം പറഞ്ഞതിന് വലിയവില നല്കേണ്ടി വന്നുവെന്നത് ചരിത്രത്തിന്റെ ഭാഗമാണ്. ഇന്ത്യന്‍ ഓണ്‍ലെെന്‍ വാണിജ്യ സ്ഥാപനമായ സ്നാപ്‌ഡീല്‍ അടക്കം പല സ്ഥാപനങ്ങളുമായുള്ള കരാറുകള്‍ അദ്ദേഹത്തിനു നഷ്ടമായി. അന്ന് മോഡി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന അന്തരിച്ച മനോഹര്‍ പരീക്കര്‍ അമീര്‍ഖാനെ ‘പാഠം പഠിപ്പി‘ക്കുന്നതിനെപ്പറ്റി ഭീഷണി ഉയര്‍ത്തുകവരെയുണ്ടായി. ജെഎന്‍യുവില്‍ ജനുവരി മാസം നടന്ന മുഖംമൂടി ആക്രമണത്തെ അപലപിക്കുകയും അക്രമത്തിന് ഇരയായ വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സര്‍വകലാശാല കാമ്പസ് സന്ദര്‍ശിക്കുകയും ചെയ്ത ബോളിവുഡ് നായിക ദീപിക പദുക്കോണടക്കം നടിമാരെയും സംവിധായകന്‍ അനുരാഗ് കാശ്യപ് അടക്കം മറ്റ് ചലച്ചിത്ര പ്രവര്‍ത്തകരെയും നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ലക്ഷ്യം വയ്ക്കുന്നതിന്റെ ഉദ്ദേശശുദ്ധിയും സംശയം ജനിപ്പിക്കുന്നു.

ചരിത്രസംഭവങ്ങളെയും ഐതിഹ്യങ്ങളെയും തങ്ങളുടെ തീവ്രദേശീയതക്ക് അനുയോജ്യമാംവിധം പുനരാവിഷ്കരിക്കാന്‍ തയ്യാറാവുകയും കാവിക്കൊടിയും ഉത്തേജക മുദ്രാവാക്യങ്ങളും യഥോചിതം പ്രയോഗിച്ച് വര്‍ഗീയ പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ‘മണികര്‍ണിക’ പോലുള്ള തട്ടുപൊളിപ്പന്‍ ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും അതില്‍ അഭിനയിക്കുകയും ചെയ്ത കങ്കണ റൗണത്ത് പോലെയുള്ള കഥാപാത്രങ്ങള്‍ക്ക് അതീവ സുരക്ഷ സംവിധാനങ്ങളടക്കം ഒരുക്കിനല്‍കുന്ന ബിജെപി ഇന്ത്യന്‍ ചലച്ചിത്രലോകത്തിനും രാജ്യത്തിനും നല്‍കുന്ന സന്ദേശം വ്യക്തമാണ്. കോടാനുകോടി സാധാരണ മനുഷ്യരെ സ്വാധീനിക്കുന്ന ചലച്ചിത്ര മാധ്യമത്തിനുമേല്‍ പിടിമുറുക്കുക എന്നതു തന്നെയാണ് സംഘ്പരിവാറിന്റെ ലക്ഷ്യം.

ഡല്‍ഹി വംശീയ കലാപത്തിന്റെ പേരില്‍ ആനിരാജ, ബൃന്ദാകാരാട്ട്, കവിതാ കൃഷ്ണന്‍, സീതാറാം യെച്ചൂരി, യോഗേന്ദ്രയാദവ്, സല്‍മാന്‍ ഖുര്‍ഷിദ്, ഉദിത്‌രാജ്, പ്രശാന്ത്ഭൂഷണ്‍, ഹര്‍ഷ് മന്ദര്‍,‍ ഗൗഹര്‍ റാസ തുടങ്ങി രാഷ്ട്രീയ നേതാക്കള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരെ പ്രതികളാക്കി എതിര്‍പ്പുകളെ നിശബ്ദമാക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ മറ്റൊരു യുദ്ധമുഖമായി മാറുകയാണ് ചലച്ചിത്രരംഗം.

എസ്എസ് എന്ന ചുരുക്കപേരില്‍ അറിയപ്പെട്ടിരുന്ന നാസി സമാന്തര സെെന്യം ഷൂട്സ് സ്റ്റാഫെലിന്നും സ്റ്റോം ട്രൂപ്പറുകള്‍ക്കും സമാനമായി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ് മോഡി സര്‍ക്കാര്‍ ചെയ്യുന്നത്. ജനാധിപത്യ സ്വാതന്ത്ര്യത്തിനും മതനിരപേക്ഷതക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും ആഴത്തില്‍ വേരോട്ടമുള്ള ഇന്ത്യക്ക് അത്തരം ഭീഷണികളെ അതിജീവിക്കാനാവും. എന്നാല്‍ സമൂഹത്തിന് അതുണ്ടാക്കുന്ന ക്ഷതത്തില്‍ നിന്നും കരകയറാന്‍ നീണ്ടനാളുകള്‍ തന്നെ വേണ്ടിവരും. ജനാധിപത്യപരമായ കരുതലും ചെറുത്തുനില്പുമാണ് കാലം നമ്മോട് ആവശ്യപ്പെടുന്നത്.