Web Desk

November 17, 2020, 2:38 am

പരമോന്നത നീതിപീഠത്തിന്റെ നിഷ്‌പക്ഷത സംശയനിഴലില്‍

Janayugom Online

ലയാളി പത്രപ്രവര്‍ത്തകന്‍‍ സിദ്ധിഖ് കാപ്പന്റെ അന്യായ തടങ്കലിനെ ചോദ്യംചെയ്ത് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) നല്കിയ ഹേബിയസ് കോര്‍പ്പസ് പെറ്റിഷനില്‍ ഇന്നലെ സുപ്രീംകോടതി കെെക്കൊണ്ട നിലപാട് പരമോന്നത കോടതിയുടെ നിഷ്‌പക്ഷതയെ വീണ്ടും സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നു. വിഷയത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പ്രതികരണം ആരാഞ്ഞുവെന്നതോ അതിന് നവംബര്‍ 20 വരെ സമയം അനുവദിച്ചു എന്നതോ അല്ല അതിനു കാരണം. സമാനമായ വിഷയങ്ങളില്‍ പരമോന്നത കോടതി വ്യത്യസ്ത സമീപനം സ്വീകരിക്കുന്നുവെന്നതാണ് അത്തരം ഒരു നിഗമനത്തില്‍ എത്തിച്ചേരാന്‍ നിര്‍ബന്ധിതമാക്കുന്നത്.

റിപ്പബ്ലിക് ടി വി ഉടമ അര്‍ണബ് ഗോസ്വാമി ഉള്‍പ്പെട്ട ആത്മഹത്യ പ്രേരണ കേസില്‍ സുപ്രീംകോടതി സ്വീകരിച്ച നിലപാടും അതില്‍ കെെക്കൊണ്ട തിടുക്കവുമാണ് പരമോന്നത കോടതിയുടെ നിഷ്‌പക്ഷതയില്‍ സംശയം ജനിക്കാന്‍ കാരണമാകുന്നത്. അര്‍ണബുമായി ബന്ധം പുലര്‍ത്തിയിരുന്ന രണ്ടുപേരുടെ ആത്മഹത്യക്ക് പ്രേരകമായിരുന്നതായി പൊലീസ് കേസ് നിലവിലുണ്ട്. അതില്‍ അന്വേഷണം തുടര്‍ന്നുവരുന്നുമുണ്ട്. അത്തരമൊരാള്‍ക്ക് ജാമ്യം അനുവദിക്കുന്നതിലും കേസ് ലിസ്റ്റ് ചെയ്യുന്നതിലും സുപ്രീംകോടതി കാണിച്ച അസാധാരണ തിടുക്കമാണ് കോടതിയുടെ നിഷ്‌പക്ഷതയെ സംശയത്തിന്റെ നിഴലിലാക്കുന്നത്. സിദ്ധിഖ് കാപ്പനെ കിരാതമെന്ന് പരക്കെ വിശേഷിപ്പിക്കപ്പെടുന്ന യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു എന്നതൊഴിച്ചാല്‍ നാളിതുവരെ അയാളുടെ പേരില്‍ വ്യക്തമായ കുറ്റം ആരോപിക്കുകയോ പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍) സമര്‍പ്പിക്കുകയൊ ഉണ്ടായിട്ടില്ല. യുപിയിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെടുകയും ഇരയുടെ മൃതശരീരം പൊലീസ് കത്തിച്ചുകളയുകയും ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്യാനായി സ്ഥലം സന്ദര്‍ശിക്കാനുള്ള യാത്രക്കിടയിലാണ് ഒക്ടോബര്‍ അഞ്ചിന് കാപ്പന്‍ അറസ്റ്റിലായത്.

കാപ്പനോടൊപ്പം അറസ്റ്റിലായ മറ്റ് മുന്നുപേരുടെ പേരില്‍ യുപി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മഥുര അഡീഷണല്‍ ഡിസ്ട്രിക്ട് കോ­­ടതി ഗുരുതരമായ കു­റ്റാരോപണങ്ങള്‍ക്ക് വിധേയരാണെന്ന പേ­രില്‍ അവര്‍ക്ക് മൂവര്‍ക്കും ജാമ്യം നിഷേധിക്കുകയുമുണ്ടായി. എ­ന്നാല്‍ കാപ്പന്റെ പേ­രില്‍ എഫ്­ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയൊ അയാളെ കാണാന്‍ ബന്ധുക്കളെയോ സ­ഹപ്രവര്‍ത്തകരെയൊ അ­ഭിഭാഷകരെയൊ അ­നുവദിക്കുകപോലു­മോ ചെയ്തിട്ടില്ല. മോഡി ഭരണകൂടത്തിന്റെ വേ­ട്ടപ്പട്ടിയെപ്പോലെ മാധ്യമധര്‍മ്മത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ കാറ്റില്‍പറത്തി ഭരണകൂട വിമര്‍ശകരെ ഹീനമായി കടന്നാക്രമിക്കുകയും പ്രതിയോഗികള്‍ക്കെതിരെ മാധ്യമവിചാരണ നിര്‍ബാധം തുടരുകയും ചെയ്യുന്ന അര്‍ണബ് ഗോസ്വാമിയുടെ മനുഷ്യാവകാശത്തില്‍ പക്ഷപാതപരമായ ജാഗ്രത പുലര്‍ത്തിയ സുപ്രീംകോടതി കാപ്പനടക്കം ഡസന്‍കണക്കിന് ഇരകളുടെ മനുഷ്യാവകാശ പ്രശ്നത്തില്‍ ക്രൂരമായ നിസംഗത പാലിക്കുന്നതിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. വ്യക്തികളുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നിടത്ത് അതിനുള്ള നിവാരണമാര്‍ഗമായാണ് ഭരണഘടനയുടെ 32-ാം അനുഛേദം വിവക്ഷിക്കപ്പെട്ടിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ഭരണഘടനയുടെ പ്രസ്തുത അനുഛേദത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ധിച്ചുവരുന്ന പരാതികളുടെ ബാഹുല്യമാണ് അത്തരം കേസുകള്‍ നിരുത്സാഹപ്പെടുത്താന്‍ തങ്ങളെ നിര്‍ബന്ധിതമാക്കിയതെന്ന് ചീഫ് ജസ്റ്റിസ് ബോബ്ഡെ നിരീക്ഷിക്കുകയുണ്ടായി. തികച്ചും അപകടകരവും പൗരന്റെ ഭരണഘടനാധിഷ്ഠിതമായ അവകാശത്തിന്റെ നഗ്നമായ നിഷേധവുമാണ് ഈ നിലപാട്. പൗരാവകാശങ്ങള്‍ക്കും മൗലിക അവകാശങ്ങള്‍ക്കും നേരെ ഭരണകൂടവും അതിന്റെ മര്‍ദനോപകരണങ്ങളും നടത്തുന്ന അതിക്രമങ്ങളെ ചെറുക്കാന്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ പോലും പൗരന്മാര്‍ക്ക് നിഷേധിക്കപ്പെടുകയാണോ എന്ന സംശയത്തെയാണ് സുപ്രീംകോടതി നിലപാട് ശക്തിപ്പെടുത്തുന്നത്.

സിദ്ധിഖ് കാപ്പന്റെ അന്യായ തടങ്കലും നീതിനിഷേധവും ഒറ്റപ്പെട്ട സംഭവമല്ല. വയോധികനും ഗുരുതര രോഗബാധിതനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമിയടക്കം യുഎപിഎ ചുമത്തപ്പെട്ട് തടവില്‍ നരകയാതന അനുഭവിക്കുന്ന ഡസന്‍കണക്കിന് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അവസ്ഥ രാജ്യത്തെ നീതിന്യായ വ്യവസ്ഥയെപ്പറ്റി ഗുരുതരമായ ആശങ്കയാണ് ജനിപ്പിക്കുന്നത്. ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പുനല്കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥമായ നീതിന്യായ സംവിധാനം തന്നെ അവയുടെ ലംഘനങ്ങള്‍ക്ക് നിയമസാധുത കല്പിച്ചുനല്കുന്ന അവസ്ഥ ജനാധിപത്യത്തേയും നിയമവാഴ്ചയേയും ഭരണഘടനയുടെ അപ്രമാദിത്വത്തെയുമാണ് വെല്ലുവിളിക്കുന്നത്.