ലോകം ഉറ്റുനോക്കുന്ന ബ്രിട്ടീഷ് തെരഞ്ഞെടുപ്പ്

Web Desk
Posted on November 28, 2019, 10:50 pm

ഡിസംബര്‍ 12ന് ബ്രിട്ടീഷ് പാര്‍ലമെന്റിലേക്കുള്ള തെര‍ഞ്ഞെടുപ്പ് നടക്കുകയാണ്. അടുത്ത അ‍ഞ്ചു വര്‍ഷത്തേക്ക് ആ രാജ്യം ആര് ഭരിക്കും എന്ന ചോദ്യത്തിനോ, ബ്രിട്ടന്റെ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള പിന്മാറ്റത്തെ സംബന്ധിച്ചോ ഉള്ള ഉത്തരമല്ല ഈ തെര‍ഞ്ഞെടുപ്പിലൂടെ തേടുന്നത്. ഈ തെരഞ്ഞെടുപ്പ് ലോക രാഷ്ട്രീയത്തിന്റെ മുന്‍നിരയിലേക്കാണ് ബ്രിട്ടനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. രണ്ട് സുപ്രധാന ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ലോക രാഷ്ട്രീയം ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലതുപക്ഷം നടത്തിവരുന്ന മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ ഇടതുപക്ഷ ശക്തികള്‍ക്ക് എത്രമാത്രം കഴിയും? ബ്രിട്ടനില്‍ ബോറിസ്‍ ജോണ്‍സനും യുഎസില്‍ ഡൊണാള്‍ഡ് ട്രംപും ഇറ്റലിയില്‍ മറ്റാവൊ സാല്‍വനിയും ഇന്ത്യയില്‍ നരേന്ദ്രമോഡിയും ബ്രസീലില്‍ ജയിര്‍ ബൊല്‍സൊനാരൊയും അടയാളപ്പെടുത്തുന്ന വലതുപക്ഷ മുന്നേറ്റം തന്നെയാണ് വിഷയം. വലതുപക്ഷ തീവ്രദേശീയതയെ ജനാധിപത്യപരമായി തടയാനാവുമോ എന്നതിന്റെ പരീക്ഷണമായിരിക്കും ബ്രിട്ടനില്‍ നടക്കുക. ജനാധിപത്യത്തിന്റെ അഭംഗുരമായ നിലനില്‍പിനും നിയമവാഴ്ച എല്ലാ ജനാധിപത്യ പ്രക്രിയയിലും ഉറപ്പുവരുത്തുന്നതിനും ഇടതുപക്ഷം കരുത്താര്‍ജിക്കേണ്ടത് അനിവാര്യമാണ്. സമാനമായ ചോദ്യം തന്നെയാണ് 2020 ല്‍ നടക്കുന്ന യു എസ് പ്രസിഡന്റ് തെര‍ഞ്ഞെടുപ്പിലും ഉയരുന്നത്. വ്യക്തികള്‍ക്ക് ചരിത്രനിര്‍മ്മിതിയിലുള്ള പങ്ക് ഒട്ടും കുറച്ചുകാണാതെതന്നെ വിശാലാര്‍ഥത്തില്‍ ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളും പരിപാടികളും തന്നെയാണ് ഈ തെരഞ്ഞെടുപ്പുകളില്‍ വിലയിരുത്തപ്പെടുക.

കടുത്ത സാമ്പത്തിക മാന്ദ്യത്തെയും തല്‍ഫലമായുള്ള വ്യാപക ദുരിതങ്ങളെയും അഭിമുഖീകരിക്കുന്ന രോഷാകുലരായ ജനങ്ങളുടെ പിന്തുണ ആര്‍ജിക്കാനും അതിന്റെ ബലത്തില്‍ അധികാരത്തിലെത്താനും ഇടതുപക്ഷ ശക്തികള്‍ക്ക് കഴിയുമോ എന്ന ചോദ്യമാണ് രണ്ടാമത്തേത്. 2008 ലെ ആഗോള ബാങ്കിംഗ് തകര്‍ച്ചയും തുടര്‍ന്നുള്ള സാമ്പത്തിക മാന്ദ്യവും പാശ്ചാത്യ ജനതകളില്‍ വലിയ രാഷ്ട്രീയ ഉണര്‍വ് സൃഷ്ടിക്കുകയുണ്ടായി. യുഎസില്‍ വാള്‍സ്ട്രീറ്റിലും ലണ്ടനില്‍ സെന്റ് പോള്‍സ് കത്തിഡ്രലിലും ജനങ്ങള്‍ പരസ്യമായി പ്രതിഷേധത്തിന് മുതിര്‍ന്നു. അസംഘടിതരുടെ സംഘടിത പ്രതിഷേധമായിരുന്നു അവ. പാശ്ചാത്യ സര്‍ക്കാരുകളുടെ ചെലവു ചുരുക്കല്‍ നടപടികളും കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന രൂക്ഷപ്രശ്നങ്ങളും ജനങ്ങളെ പ്രതിഷേധിക്കാന്‍ നിര്‍ബന്ധിതരാക്കി. അതിന്റെ പ്രതിഫലനങ്ങള്‍ ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടിയിലും യുഎസില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയിലും പൊതുവില്‍ യൂറോപ്യന്‍ ഇടതുപക്ഷത്തിലും വലിയ മാറ്റങ്ങള്‍ക്ക് വഴിവച്ചു. ആഗോള മാന്ദ്യം സൃഷ്ടിച്ച രാഷ്ട്രീയഉണര്‍വ് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളിലും പ്രതിഫലിക്കുകയാണ് ഉണ്ടായത്. അത് ഇടതുപക്ഷ ശക്തികളെ അധികാരത്തിലെത്തിക്കാന്‍ പര്യാപ്തമായ മാറ്റമാണോ എന്നതിന്റെ പരീക്ഷണമായിരിക്കും ഒരുപക്ഷേ ബ്രിട്ടീഷ് പാര്‍ലമെന്റ് തെര‍ഞ്ഞെടുപ്പില്‍ കാണാനാവുക.

ജനാധിപത്യ സ്ഥാപനങ്ങളുടെ ശിഥിലീകരണം, വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടങ്ങി അടിസ്ഥാന മേഖലകളുടെ കോര്‍പ്പറേറ്റ് വല്‍ക്കരണവും കച്ചവടവല്‍ക്കരണവും; വംശീയതയും തീവ്രദേശീയതയും വലതുപക്ഷത്തിന്റെ സാര്‍വത്രിക മുഖമുദ്രയായി മാറി. അതിനെതിരായ ചെറുത്തുനില്‍പിനെ പ്രതിനിധാനം ചെയ്യുന്ന പുത്തന്‍ ഇടതുപക്ഷത്തിന്റെ കരുത്തും പ്രസക്തിയുമാണ് പരീക്ഷിക്കപ്പെടുന്നത്. ജെറമി കോര്‍ബിന്റെ നേതൃത്വത്തില്‍ ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്ന പ്രവര്‍ത്തന പരിപാടി (മാനിഫസ്റ്റോ) വലതുപക്ഷ യാഥാസ്ഥിതിക ശക്തികളേയും കോര്‍പ്പറേറ്റുകളെയും തെല്ലൊന്നുമല്ല വിറളി പിടിപ്പിച്ചിരിക്കുന്നത്. ബ്രിട്ടീഷ് റയില്‍വെ അടക്കം സ്വകാര്യവല്‍ക്കരിക്കപ്പെട്ട സേവനങ്ങള്‍ പൊതുമേഖലയില്‍ തിരികെ കൊണ്ടുവരുമെന്നും ദേശീയ ആരോഗ്യ സേവനത്തെ സ്വകാര്യ കോര്‍പ്പറേറ്റ് താല്‍പര്യങ്ങളുടെ പിടിയില്‍ നിന്നു മോചിപ്പിക്കുമെന്നുമുള്ള വാഗ്ദാനം സാമാന്യ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. അതുകൊണ്ടുതന്നെ യഹൂദവിരോധവും മറ്റും ആരോപിച്ച് കോര്‍ബിനും ലേബറിനുമെതിരെ പൊതുവികാരം ഇളക്കിവിടാന്‍ തീവ്രയത്നമാണ് നടന്നുവരുന്നത്. യാഥാസ്ഥിതിക ജൂത നേതൃത്വവും പള്ളിയും കോര്‍പ്പറേറ്റ് മാധ്യമങ്ങളും തീവ്രവലതുപക്ഷ ദേശീയതയും അവിടെ കൈകോര്‍ക്കുന്നു. ഈ സഹസ്രാബ്ദത്തിന്റെ ആദ്യ കാല്‍നൂറ്റാണ്ടില്‍ ഇടതുപക്ഷത്തിന്റെ സ്ഥാനം നിര്‍ണയിക്കുന്ന നിര്‍ണായക പോരാട്ടമായി ബ്രിട്ടീഷ് പാര്‍ലമെന്റ് തെര‍ഞ്ഞെടുപ്പ് മാറുകയാണ്.