നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബെെഡനെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അഭിനന്ദിച്ചു. ബെെഡന്റെ വിജയം ‘യുഎസ് ജനാധിപത്യത്തിന്റെ കരുത്തിനെയും ജനാധിപത്യ പാരമ്പര്യത്തേയുമാണ് സാക്ഷ്യപ്പെടുത്തുന്നതെന്ന്’ മോഡി വിശേഷിപ്പിച്ചു. സന്ദര്‍ഭത്തിന്റെ ഔപചാരികതയ്ക്കും ഇന്ത്യ‑യുഎസ് ഉഭയകക്ഷി ബന്ധത്തിന്റെ പ്രാധാന്യത്തിനും തികച്ചും അനുയോജ്യമാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍. മോഡി തന്റെ യുഎസ് സന്ദര്‍ശനവേളയിലും തുടര്‍ന്ന് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനവേളയിലും യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് നടത്തിയ അനാവശ്യവും അനുചിതവുമായ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ വേണം അദ്ദേഹത്തിന്റെ ഇപ്പോഴത്തെ വാക്കുകള്‍ വിലയിരുത്തപ്പെടാന്‍. 2019 ഒക്ടോബറില്‍ ഹുസ്റ്റണിലും തുടര്‍ന്ന് ഫെബ്രുവരിയില്‍ അഹമ്മദാബാദിലും ഇരുവരും പങ്കെടുത്ത പരിപാടികളില്‍ ‘അബ്കി ബാര്‍ ട്രംപ്’ എന്ന മോഡിയുടെ ഉദ്ഘോഷങ്ങള്‍ മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ മോഡി നടത്തിയ നഗ്നമായ ഇടപെടലായാണ് വിലയിരുത്തപ്പെട്ടിരുന്നത്.
ഇപ്പോഴത്തെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും അതിന്റെ ഫലവും ചരിത്രത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. ജോ ബെെഡന്റെ തെരഞ്ഞെടുപ്പ് വിജയം മോഡി മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ നടത്തിയ അനുചിത ഇടപെടലിന്റെയും നയതന്ത്രരാഹിത്യത്തിന്റെയും നാണംകെട്ട ദൃഷ്ടാന്തമായി ചരിത്രത്തില്‍ സ്ഥാനംപിടിച്ചു. ഭരണാധികാരികളുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കും ഭാവനയ്ക്കും അതീതമാണ് ജനങ്ങളുടെ രാഷ്ട്രീയ നിശ്ചയദാര്‍ഢ്യമെന്നാണ് സംഭവഗതികള്‍ തെളിയിക്കുന്നത്. ട്രംപിനെയും നരേന്ദ്രമോഡിയെയും ഒരേ തൂവല്പക്ഷികളാക്കി മാറ്റിയത് ഇരുവരും പിന്തുടര്ന്നുവന്ന ഭിന്നിപ്പിന്റെയും വിഭാഗീയതയുടെയും രാഷ്ട്രീയമാണ്. വെെവിധ്യമാര്‍ന്ന വംശീയ, സാംസ്കാരിക, ഭാഷാ പശ്ചാത്തലമുള്ള കുടിയേറ്റ രാഷ്ട്രമാണ് യുഎസ്. അതിന്റെ ഐക്യത്തേയും സങ്കീര്‍ണവും ലോലവുമായ സാമൂഹ്യ ബന്ധങ്ങളെയും ഇത്രമേല്‍ പിടിച്ചുലച്ച മറ്റൊരു കാലഘട്ടം ട്രംപ് ഭരണത്തിലെന്നപോലെ ആധുനികകാലത്ത് മറ്റൊന്ന് ഉണ്ടാവില്ല. സമാനമായ സ്ഥിതിവിശേഷമാണ് മോഡി ഭരണത്തില്‍ ഇന്ത്യക്കും സാക്ഷ്യം വഹിക്കേണ്ടി വന്നിരിക്കുന്നത്. ഇരുനേതാക്കളെയും പരസ്പരം അടുപ്പിച്ചിരുന്ന സമവാക്യം മറ്റൊന്നാവാന്‍ വഴിയില്ല.
യുഎസ് തെരഞ്ഞെടുപ്പില്‍ ട്രംപിനുണ്ടായ വന്‍ പരാജയം തന്റെ മുന്‍ഗണനകളെപ്പറ്റി പുനര്‍വിചിന്തനത്തിന് നരേന്ദ്രമോഡിയെ പ്രേരിപ്പിക്കുമോ എന്ന് കാത്തിരുന്നു കാണുകയെ നിവൃത്തിയുള്ളു. പുതിയ സാഹചര്യത്തില്‍ ഇന്ത്യ‑യുഎസ് ബന്ധങ്ങള്‍ ക്രിയാത്മകമായി പുനര്‍നിര്‍വചിക്കാന്‍ കഴിയണമെന്നാണ് ഇരുരാജ്യങ്ങളിലെയും ജനങ്ങളും ലോകമെമ്പാടുമുള്ള സമാധാനപ്രേമികളും ഒരുപോലെ ആഗ്രഹിക്കുന്നത്. നിയുക്ത പ്രസിഡന്റ് എന്ന നിലയില്‍ ബെെഡനും പ്രധാനമന്ത്രി മോഡിയും അടിവരയിട്ട മുന്‍ഗണനകള്‍ തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. കോവിഡ് മഹാമാരിയുടെ കെടുതികളുടെ ഏറ്റവുംവലിയ ഇരകളായ രണ്ട് രാഷ്ട്രങ്ങള്‍ അതിനെ യോജിച്ച് പ്രതിരോധിക്കുക എന്നതുതന്നെയാണ് സത്വരം നേരിടേണ്ട വെല്ലുവിളി. രണ്ടരലക്ഷത്തിലധികം മരണവുമായി യുഎസ് ആണ് ഒന്നാം സ്ഥാനത്തെങ്കില്‍ തൊട്ടുപിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്ന ചെലവില്‍ പ്രതിരോധ വാക്സിന് കണ്ടെത്തുന്നത് രണ്ട് ജനതകള്‍ക്കു മാത്രമല്ല ലോകത്തിനുതന്നെ ഏറെ ആശ്വാസവും പ്രതീക്ഷയും നല്‍കും.
ട്രംപ് ഭരണകൂടം പിന്മാറിയ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരീസ് കരാറില്‍ യുഎസിനെ തിരികെ കൊണ്ടുവരാന്‍ ബെെഡന് പ്രതിജ്ഞാബദ്ധമാണ്. മനുഷ്യരാശിക്കാകെ ഭീഷണിയായി മാറിയിരിക്കുന്ന കാലാവസ്ഥാവ്യതിയാനത്തെ നേരിടാനുള്ള ആഗോള യത്നത്തില്‍ ഇരുരാജ്യങ്ങളുടെയും കൂട്ടായ്മക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കാനാവും. ഏറെ വഷളായ ഇന്ത്യ‑പസഫിക് മേഖലയില്‍ സാധാരണനില പുനഃസ്ഥാപിക്കുക എന്നതാണ് മറ്റൊരു മുന്‍ഗണന. ആഗോള രാഷ്ട്രീയ ബലതന്ത്രത്തില്‍ വന്ന വലിയ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മേഖലയില്‍ സമാധാനവും തുല്യതയുടെ അടിസ്ഥാനത്തില്‍ നീതിപൂര്‍വമായ വാണിജ്യ അന്തരീക്ഷവും പുനഃസ്ഥാപിക്കുന്നതില്‍ ഇരുരാജ്യങ്ങള്‍ക്കും സുപ്രധാന പങ്കാണ് നിര്‍വഹിക്കാനുള്ളത്. നരേന്ദ്രമോഡി സര്‍ക്കാരിന്റെ ആഭ്യന്തര നയങ്ങള്‍ വിമര്‍ശനാത്മകമായി നോക്കിക്കാണുന്ന ഭരണസംവിധാനമായിരിക്കും ബെെഡന്റെ നേതൃത്വത്തില്‍ നിലവില്‍ വരിക. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബാഹ്യ ഇടപെടലുകള്‍ ഒരു കാരണവശാലും അനുവദിച്ചുകൂടെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല. എന്നിരിക്കിലും ആഗോളരംഗത്തെ സുപ്രധാന ശക്തികളില്‍ ഒന്നെന്ന നിലയ്ക്ക് ഇന്ത്യക്ക് സ്വന്തം കാര്യങ്ങളില്‍ സാര്‍വത്രിക മൂല്യങ്ങള്‍ അവഗണിച്ച് മുന്നോട്ടുപോകാന്‍ കഴിയില്ല.