ഭരണഘടനയ്ക്കുനേരെ കൂടുതല്‍ കടന്നാക്രമണം

Web Desk
Posted on February 09, 2019, 10:44 pm

അയോധ്യ വിഷയത്തില്‍ തങ്ങള്‍ ആഗ്രഹിച്ചത് നേടിയെന്ന് ഉറപ്പാക്കിയ ശേഷം രാജ്യത്തെ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ തകര്‍ക്കുന്ന ശ്രമങ്ങള്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കി. രണ്ടാഴ്ച മുമ്പ് ബാബറി മസ്ജിദിന് ചുറ്റുമുള്ള ഭൂമിയുടെ ഒരു ഭാഗം കൈമാറാനുള്ള ആശയം മുന്നോട്ടുവച്ചു. ഇതില്‍ കൂടുതലായി ആശങ്കപ്പെടേണ്ടതില്ല. രാജ്യത്തെ മതേതര പാര്‍ട്ടികള്‍ ഇതില്‍ മൗനം പാലിച്ചു അല്ലെങ്കില്‍ മോഡി സര്‍ക്കാരിന്റെ തീരുമാനത്തെ ശിരസാവഹിച്ചു. ഹിന്ദുത്വശക്തികള്‍ ആഗ്രഹിച്ചതും ഇതുതന്നെയാണ്.
ഭൂമി കൈമാറുന്ന വിഷയത്തില്‍ മറ്റ് പാര്‍ട്ടികളുടെ നിലപാട് ഹിന്ദുത്വ ശക്തികള്‍ക്ക് സഹായകമായി. ഇതോടെ ബാബറി മസ്ജിദിന് ചുറ്റുമുള്ള ഭൂമി രാം ന്യാസിന് കൈമാറാനാണ് തീരുമാനം. ബാബറി മസ്ജിദ് തകര്‍ക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് അന്നത്തെ കല്യാണ്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ രാം ന്യാസിന് അനുവദിച്ച ഭുമിയാണിത്. ബാബറി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന സ്ഥലം ഒഴികെ ചുറ്റുമുള്ള മറ്റെല്ലാ ഭൂമിയും തങ്ങളുടെ ഉടമസ്ഥതയിലെന്നാണ് ഹിന്ദു സംഘടനകളുടെ വാദം. എന്നാല്‍ ഇത് ശരിയല്ല. ഇങ്ങനെയുള്ള വാദഗതികളെ ആരും ചോദ്യം ചെയ്യാനില്ലാത്തപ്പോള്‍ തെറ്റായ വാദങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്ന അവസ്ഥയുണ്ടാകുന്നു.
തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്ന കാര്യത്തില്‍ തങ്ങള്‍ക്ക് തിടുക്കമില്ലെന്നാണ് വിശ്വഹിന്ദു പരിഷത് പറയുന്നത്. തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചുവെന്നും എപ്പോള്‍ വേണമെങ്കിലും ക്ഷേത്രം നിര്‍മ്മിക്കാന്‍ കഴിയുമെന്നുമാണ് ഇവരുടെ ധാരണ.
അയോധ്യയിലെ ഭൂമിയില്‍ അവകാശം സ്ഥാപിച്ചശേഷം സര്‍ക്കാരിന്റെ ആശിര്‍വാദത്തോടെ സവര്‍ക്കറുടെ ദ്വിരാഷ്ട്ര സിദ്ധാന്തം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പരോക്ഷമായി നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ബിജെപി നേതൃത്വത്തിന്റെ എതിര്‍പ്പുകള്‍ അവഗണിച്ച് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ രജിസ്റ്റര്‍ സംവിധാനം അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. യഥാര്‍ഥത്തില്‍ ഇതിലൂടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളുടെ അസ്തിത്വത്തെ ഇല്ലാതാക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. അയല്‍രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പൗരത്വം നല്‍കുന്നതിലൂടെ ഹിന്ദുത്വ മേധാവിത്തം അടിച്ചേല്‍പ്പിക്കുകയാണ് മോഡി സര്‍ക്കാരിന്റെ തന്ത്രം. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര കുടിയേറ്റക്കാര്‍ക്കാണ് പൗരത്വം നല്‍കുന്നത്. ഇത് സവര്‍ക്കറുടെ ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ ആധുനിക പതിപ്പാണ്. പൗരത്വ രജിസ്റ്ററിനെതിരെയുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ എതിര്‍പ്പ് വിജയിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ ഭരണഘടനയുടെ മേലുള്ള കനത്ത പ്രഹരമാകും. മതത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വം രാജ്യത്തെ ഭരണഘടന അനുവദിക്കുന്നില്ല. ഇത് ഭരണഘടനയുടെ മതേതര സംവിധാനത്തെ നശിപ്പിക്കും.
പൗരത്വ രജിസ്റ്ററിനെതിരെയുള്ള പ്രതിഷേധം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ മാത്രം പ്രശ്‌നമാണെന്ന് മതേതര ശക്തികള്‍ കരുതരുത്. ഇത് രാജ്യത്തെ എല്ലാ ജനങ്ങളുടെമേലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. തനതായ പാരമ്പര്യങ്ങളും സംസ്‌കാരവും പിന്തുടരുന്ന നിരവധി വിഭാഗക്കാരാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വസിക്കുന്നത്. ഹിന്ദു വിവാഹരീതികളല്ല ഇവര്‍ പിന്തുടരുന്നത്. അവരുടെ പ്രത്യേകമായ വ്യക്തിഗത നിയമങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. ഇതിനെയൊക്കെ അവസാനിപ്പിക്കാനാണ് ഹിന്ദുത്വ ശക്തികള്‍ ശ്രമിക്കുന്നത്.
കൊല്‍ക്കത്തയിലെ ക്രമസമാധാന സംവിധാനം കയ്യിലെടുക്കാന്‍ സിബിഐ നടത്തിയ ശ്രമങ്ങളാണ് ഈയാഴ്ച ഭരണഘടനയുടെ മേലുണ്ടായ മറ്റൊരു ആക്രമണം. ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ഇരയായ ചിട്ടിഫണ്ട് ഉള്‍പ്പെടെ നിരവധി അഴിമതികളിലും കുംഭകോണങ്ങളിലും ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ടിട്ടുണ്ട്. കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ എത്തിയശേഷം അഴിമതിക്കേസില്‍ ഉള്‍പ്പെട്ട നിരവധി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. ഇവരില്‍ പലരും ഇപ്പോള്‍ ബിജെപി നേതാക്കളാണ്. ഈ അര്‍ഥത്തില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും ഒരുപോലെ കുറ്റക്കാരാണ്.
എന്നാല്‍ കൊല്‍ക്കത്ത പൊലീസ് കമ്മിഷണറെ അദ്ദേഹത്തിന്റെ വസതിയില്‍ ചോദ്യം ചെയ്യുന്നതിന് സിബിഐ ഉദ്യോഗസ്ഥരെ ഉയോഗിച്ച ബിജെപി സര്‍ക്കാരിന്റെ നടപടി അംഗീകരിക്കാന്‍ കഴിയില്ല. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ആജ്ഞാനുവര്‍ത്തി സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് എത്തിയപ്പോള്‍തന്നെ ഇത്തരത്തിലുള്ള വിനാശകരമായ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിച്ചതാണ്. ക്രമസമാധാനം സംസ്ഥാന വിഷയമാണ്, അതുകൊണ്ടുതന്നെ ഏത് തരത്തിലുള്ള പൊലീസ് നടപടിയും സംസ്ഥാന പൊലീസിന്റെ സഹായത്തോടെ ആകണമെന്നാണ് ചട്ടം.
ചോദ്യം ചെയ്യുന്നതിനായി സിബിഐ പൊലീസ് കമ്മിഷണറുടെ ഓഫീസിലേക്കാണ് നേരെ പോയത്. ഇതിനെ വിനാശകരമായ പ്രവൃത്തി എന്നുതന്നെ വ്യക്തമായി പറയാം. പരമോന്നത കോടതിപോലും ഈ നടപടി അംഗീകരിച്ചില്ല. സംസ്ഥാനങ്ങളില്‍ അധികാരത്തിലിരിക്കുന്ന പ്രദേശിക പാര്‍ട്ടികളോട് രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. എന്നാല്‍ സംഘപരിവാര്‍ ഉയര്‍ത്തുന്ന ഫാസിസ്റ്റ് ഭീഷണികളെ അവഗണിക്കാന്‍ കഴിയില്ല.
ബ്രിഗേഡ് ഗ്രൗണ്ടില്‍ ഇടത് പാര്‍ട്ടികളുടെ ചരിത്രസംഭവമായ റാലി സംഘടിപ്പിച്ച ദിവസമാണ് സിബിഐയെ വേണ്ടാത്ത പ്രവര്‍ത്തനങ്ങള്‍ക്കായി ബിജെപി ഉപയോഗിച്ചത്. മാധ്യമവാര്‍ത്തകളില്‍ നിന്നും റാലിയെ ഒഴിവാക്കുന്നതിനും അവഗണിക്കുന്നതിനുമാണ് ഈ ദിവസംതന്നെ ബിജെപി സിബിഐയെ ഉപയോഗിച്ച് ഈ നാടകം നടത്തിയത്. ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ ഇടതുപാര്‍ട്ടികള്‍ കൂടുതല്‍ ജാഗരൂകരാകണം. ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നതിനൊപ്പം ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നും നിഷ്‌കാസനം ചെയ്യാനും ഇടതുപാര്‍ട്ടികള്‍ പ്രതിജ്ഞാബദ്ധരാണ്.