ജനങ്ങളില്‍ നിന്ന് മറച്ചുവയ്ക്കപ്പെട്ട ഭരണാധികാരികളുടെ എല്ലാ സാമ്പത്തിക ഇടപാടുകളും കൊടുക്കല്‍ വാങ്ങലുകളും ജനാധിപത്യ വിരുദ്ധവും ജനങ്ങളില്‍ സംശയം ജനിപ്പിക്കുന്നതുമാണ്. അതുകൊണ്ടുതന്നെയാണ് സാമ്പത്തിക ഇടപാടുകളിലെ സമ്പൂര്‍ണ സുതാര്യത ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്നായി മാറുന്നത്. നരേന്ദ്രമോഡി സര്‍ക്കാര്‍ സാമ്പത്തിക ഇടപാടുകളിലെ സുതാര്യത അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല എല്ലാക്കാര്യത്തിലും അത് ലംഘിച്ചുപോരുന്നതായാണ് അനുഭവം. രാഷ്ട്ര സമ്പദ്ഘടനയുടെ അടിത്തറയിളക്കിയ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട വ്യക്തമായ കണക്കുകള്‍ രാജ്യത്തിനു മുമ്പാകെ വെയ്ക്കാന്‍ മോഡി സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ലെന്നു മാത്രമല്ല അതിനുവേണ്ടിയുള്ള എല്ലാ ആവശ്യങ്ങളെയും നിരന്തരം പ്രതിരോധിക്കുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പ് സംഭാവനകള്‍ സുതാര്യമാക്കുന്നതിന്റെ പേരില്‍ ആവിഷ്കരിച്ച തെരഞ്ഞെടുപ്പ് ബോണ്ട് സംവിധാനം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകള്‍ സംബന്ധിച്ച വിവരങ്ങള്‍ സമ്പൂര്‍ണമായി തമസ്കരിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നുവെന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നു. ഭരണകക്ഷിയുടെയും അതിന്റെ നേതാക്കളുടെയും വഴിവിട്ട സാമ്പത്തിക ഇടപാടുകള്‍ക്ക് കുടപിടിക്കുക എന്നതാണ് മോഡി ഭരണകൂടത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം എന്ന നിലയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തിയിരിക്കുന്നു.
അതിനുവേണ്ടി ഭരണഘടനയേയും നിയമവ്യവസ്ഥയേയും കാലങ്ങളായി നിലനിന്നുപോന്ന കീഴ്വഴക്കങ്ങളെയും ലംഘിക്കാന്‍ തനിക്കും താന്‍ നേതൃത്വം നല്കുന്ന ഭരണകൂടത്തിനും യാതൊരു മനഃസാക്ഷിക്കുത്തുമില്ലെന്നും നരേന്ദ്രമോഡി ആവര്‍ത്തിച്ചു തെളിയിക്കുന്നു. അതിന്റെ ഏറ്റവും പുതിയ അധ്യായമാണ് കൊറോണ മഹാമാരിയുടെ മറവില്‍ പി എം കെയേഴ്സ് ഫണ്ട് (അടിയന്തര സാഹചര്യങ്ങളില്‍ പൗരന്മാര്ക്ക് ആശ്വാസവും സഹായവും എത്തിക്കാനുള്ള പ്രധാനമന്ത്രിയുടെ നിധി-പ്രൈമിനിസ്റ്റേഴ്സ് സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്റ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍സ് ഫണ്ട്.) പൗരന്മാര്ക്ക് പ്രകൃതിദുരന്തം പോലെയുള്ള അടിയന്തര സാഹചര്യങ്ങളില്‍ സഹായമെത്തിക്കുന്നതിനുവേണ്ടി 1948 മുതല്‍ പ്രധാനമന്ത്രി ദേശീയ ആശ്വാസ നിധി (പ്രൈംമിനിസ്റ്റേഴ്സ് നാഷണല്‍ റിലീഫ് ഫണ്ട്- പിഎംഎന്‍ആര്‍എഫ്) നിലവിലുണ്ട്.
ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമായ കണക്കനുസരിച്ച് ആ നിധിയില്‍ ഇപ്പോള്‍ 3,800.44 കോടി രൂപ അവശേഷിക്കുന്നുമുണ്ട്. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി അഭ്യര്‍ത്ഥിക്കുന്ന പക്ഷം രാജ്യത്തിനകത്തും പുറത്തുമുള്ള ആര്‍ക്കും ആ നിധിയിലേക്ക് സംഭാവന നല്‍കാവുന്നതാണ്. വസ്തുത അതായിരിക്കെ പിഎം കെയേഴ്സ് ഫണ്ട് (പ്രധാനമന്ത്രിയുടെ കരുതല്‍ നിധി) എന്ന പേരില്‍ പ്രധാനമന്ത്രി അധ്യക്ഷനും പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി, ധനമന്ത്രി എന്നിവര്‍ അംഗങ്ങളുമായി ഒരു ട്രസ്റ്റ് രൂപീകരിച്ചത് തികച്ചും ദുരൂഹമാണ്. ട്രസ്റ്റ് സംവിധാനത്തിന്റെ വേരുകള്‍ എത്തിനില്‍ക്കുന്നത് ഭരണസംവിധാനത്തിന് ഭാരമാകാതെ പൊതു താല്പര്യത്തിനുവേണ്ടി നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന സംഘടന എന്ന തത്വത്തിലാണ്.
ഇവിടെ ഭരണകൂട പ്രതിനിധികളെ മാത്രം ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ ഇതര സംവിധാനമാണ് രൂപം കൊണ്ടിരിക്കുന്നത്. പിഎംഎന്ആര്എഫിനു നിര്‍വഹിക്കാനാകാത്ത എന്തു ദൗത്യമാണ് ട്രസ്റ്റില്‍ നിക്ഷിപ്തമായിട്ടുള്ളത്? നിയമം അനുശാസിക്കും വിധം ട്രസ്റ്റ് രൂപീകരണത്തിന് അനിവാര്യമായ ട്രസ്റ്റ് ഡീഡ് അഥവാ പ്രമാണം പൊതുജനങ്ങള്‍ക്ക് പരിശോധിക്കാന്‍ എവിടെയും ഇതുവരെ ലഭ്യമല്ല. പൊതുജന താല്പര്യാര്ത്ഥം സ്വകാര്യ വ്യക്തികള്‍ അഥവാ പ്രവര്‍ത്തകര്‍ രൂപീകരിക്കുന്ന ട്രസ്റ്റ് അനിവാര്യമായും പൂര്‍ത്തിയാക്കേണ്ട നിയമനടപടികള്‍ ഏതെങ്കിലും പൂര്‍ത്തിയാക്കിയതായി യാതൊരു സൂചനപോലും പ്രധാനമന്ത്രി നടത്തിയ ഏതാനും ട്വീറ്റുകള്ക്കപ്പുറം നിലവില്‍ ലഭ്യമല്ല. ഭരണഘടനയുടെയും നിയമവാഴ്ചയുടെയും പൊതുജീവിതത്തില്‍ അനിവാര്യമായ നടപടിക്രമങ്ങളുടെയും നഗ്നമായ ലംഘനത്തിലൂടെയാണ് പി എം കെയേഴ്സ് ഫണ്ട് രൂപം കൊണ്ടിരിക്കുന്നത്. ട്രസ്റ്റിനെ സംബന്ധിച്ച് ലോകം അറിയുന്നത് മാര്‍ച്ച് 28 വൈകുന്നേരം 4.51ന് മോഡി നടത്തിയ ഒരു ട്വീറ്റിലൂടെയാണ്. തുടര്‍ന്നിങ്ങോട്ടുള്ള സംഭവങ്ങള്‍ ഓരോന്നും ചുരുളഴിക്കുന്നത് ഒരു ആസൂത്രിത ഗൂഢാലോചനയാണ്. മറിച്ചാണ് വസ്തുതയെങ്കില്‍ ട്രസ്റ്റിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍, അതിന്റെ രൂപീകരണം, അതിന് ഉപോദ്ബലകമായ നിയമങ്ങള്‍, നടപടിക്രമങ്ങള്‍ എന്നിവ സംബന്ധിച്ച വസ്തുതകള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ നിരത്താന്‍ പ്രധാനമന്ത്രി തയ്യാറാകണം. ജനങ്ങളുടെയും ഭരണകൂടത്തിന്റെയും പേരിലാണ് ട്രസ്റ്റെങ്കില് അതിന് ആര് അധികാരം നല്കിയെന്നു വ്യക്തമാക്കാനും പ്രധാനമന്ത്രിക്ക് ബാധ്യതയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.