Friday
20 Sep 2019

സാമ്പത്തികവല്‍ക്കരണത്തിലേക്ക്

By: Web Desk | Saturday 18 May 2019 10:26 PM IST


കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രാജ്യത്ത് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ 88 ലക്ഷം പേരുടെ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പത്ത് മടങ്ങ് കുറവ്. 2016-17ല്‍ രാജ്യത്ത് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ 1.06 കോടി വര്‍ധനയുണ്ടെന്നാണ് മോഡി സര്‍ക്കാര്‍ വാദിച്ചത്. അതിന് തൊട്ട് മുമ്പുള്ള വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം കൂടുതല്‍ പേര്‍ റിട്ടേണ്‍ ഫയല്‍ ചെയ്തുവെന്ന്. അത് നോട്ട് പിന്‍വലിച്ച വര്‍ഷമായിരുന്നു. സാമ്പത്തിക തകര്‍ച്ചയുടെയും ജനങ്ങുടെ ആവശ്യകത ഏറെ കുറഞ്ഞ വര്‍ഷവുമായിരുന്നു 2017. നോട്ട് പിന്‍വലിക്കല്‍ കാരണമായ തൊഴിലില്ലായ്മ, പട്ടിണി, പരിവട്ടം, സാമ്പത്തിക തകര്‍ച്ച എന്നിവയുടെ വര്‍ഷമായിരുന്നു അത്.

എന്നാല്‍ തൊട്ടടുത്ത വര്‍ഷങ്ങളില്‍ നികുതിദായകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ നാല് വര്‍ഷങ്ങളെ അപേക്ഷിച്ച് നേരത്തെ ആദായ നികുതി ഫയല്‍ ചെയ്തിരുന്നവരില്‍ വലിയൊരുഭാഗം ഇക്കുറി റിട്ടേണ്‍ ഫയല്‍ ചെയ്തില്ല. അവരുടെ സാമ്പത്തിക തകര്‍ച്ചയാണ് ഇതിനുള്ള മുഖ്യകാരണം. നോട്ട്പിന്‍വലിക്കല്‍ നടപടിയെ തുടര്‍ന്ന് ചെറുകിട- ഇടത്തരം വ്യവസായശാലകള്‍ അടച്ചുപൂട്ടി. ചില സാഹചര്യങ്ങളില്‍ വന്‍കിട വ്യവസായ ശാലകള്‍ക്കുപോലും താഴുവീണു. ബിജെപി സര്‍ക്കാരിന്റെ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നികുതി ഒടുക്കാന്‍ കഴിയാത്തവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. തൊഴില്‍ നഷ്ടപ്പെട്ടതാകാം ഇതിനുള്ള കാരണം. കൂടാതെ വരുമാനം കുറഞ്ഞു, അതിന്റെ ഭാഗമായി സാമ്പത്തിക ഇടാപാടുകള്‍ കുറഞ്ഞതും ഇതിനുള്ള മുഖ്യകാരണങ്ങളായി. വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ചാ നിരക്ക് 0,1 ശതമാനം താഴ്ന്നു. കഴിഞ്ഞ 21 മാസത്തിനിടെയുള്ള ഏറ്റവും വലിയ കുറവാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഉല്‍പ്പാദന മേഖലയില്‍ 3.5 ശതമാനം കുറവുണ്ടായി. മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 6.6 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇത് 7.2 ശതമാനമായിരുന്നു. സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം, സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ എന്നിവയുടെ കണക്കുകള്‍ പ്രകാരം 2018 ജൂണില്‍ എട്ട് ശതമാനമായിരുന്നു മൊത്തം ആഭ്യന്തര ഉല്‍പ്പാദനം. രാജ്യത്തെ നിക്ഷേപ സാഹചര്യം കുടുതല്‍ വികലമാകുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ നിക്ഷേപത്തില്‍ 32 ശതമാനം കുറവുണ്ടെന്നും ഇവര്‍ വിലയിരുത്തുന്നു. 30,000 കോടി രൂപയുടെ കുറവാണ് നിക്ഷേപത്തില്‍ ഉണ്ടായത്.

കാര്‍ഷിക മേഖലയാകെ തകര്‍ന്നു. കാര്‍ഷിക, പച്ചക്കറി ഉല്‍പ്പാദന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഉല്‍പ്പാദന ചെലവുപോലും കിട്ടാത്തതിനെ തുടര്‍ന്ന് പച്ചക്കറികള്‍ കര്‍ഷകര്‍ നശിപ്പിക്കുന്നു. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് നഗരപ്രദേശങ്ങളില്‍ പോലും ന്യായമായ വില ലഭിക്കുന്നില്ല. ഇത് കാര്‍ഷിക മേഖലയുടെ പ്രതിസന്ധി കൂടതല്‍ രൂക്ഷമാക്കുന്നു. എണ്ണ, ഊര്‍ജ്ജം എന്നീ മേഖലകളിലെ പണപ്പെരുപ്പം അവശ്യസാധനങ്ങളുടെ വിലവര്‍ധനയ്ക്ക് കാരണമാകുന്നു. അതിനൊപ്പം സാമ്പത്തിക തകര്‍ച്ചയുടെ ആക്കവും ഇത് വര്‍ധിപ്പിക്കുന്നു. കാര്‍ഷിക മേഖലയിലെ ഈ പ്രതിസന്ധി സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളേയും പ്രതിസന്ധിയിലാക്കുന്നു.
സാമ്പത്തിക നയങ്ങള്‍ രൂപീകരിക്കുന്നതിന് ചില്ലറ വ്യാപാര മേഖലയിലെ പണപ്പെരുപ്പമാണ് ആര്‍ബിഐ ആധാരമാക്കുന്നത്. അടുത്തിടെ പലിശാ നിരക്ക് ആറുശതമാനമായി ആര്‍ബിഐ കുറച്ചിരുന്നു. ഇന്ധനം, ഭക്ഷണം എന്നീ മേഖലയിലുള്ള പണപ്പെരുപ്പത്തിന്റെ തോത് കുറയുമെന്ന പ്രതീക്ഷയിലാണ് ആര്‍ബിഐ പലിശാ നിരക്ക് വെട്ടിക്കുറച്ചത്.

ആര്‍ബിഐ പലിശാ നിരക്ക് വെട്ടിക്കുറച്ചതിന്റെ അടിസ്ഥാനത്തില്‍ ബാങ്കിങ് ഇതരധനകാര്യ സ്ഥാപനങ്ങള്‍ വിവിധ സെക്യൂരിറ്റികളിലൂടെ 26000 കോടി രൂപ സമാഹരിച്ചു. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ടര മടങ്ങ് കൂടുതല്‍ തുകയാണ്. നിക്ഷേപം സ്വീകരിക്കുന്നത് ഉള്‍പ്പെടെയുള്ള ബാങ്കിംഗ് ഇടപാടുകള്‍ നടത്താനുള്ള ലൈസന്‍സ് ഇവര്‍ക്കില്ല. ഐഎല്‍ആന്റ്എഫ്എസിന്റെ തകര്‍ച്ചയ്ക്കുശേഷം ബാങ്കിംഗ് ഇതര സാമ്പത്തിക സ്ഥാപനങ്ങള്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്.

സമാനമായ രീതിയിലാണ് 2008ല്‍ അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തത്. പണയ കമ്പോളത്തില്‍ നിന്നായിരുന്നു പ്രതിസന്ധിയുടെ ഉത്ഭവം. പാര്‍പ്പിടം, വാഹനങ്ങള്‍, വ്യവാസായം എന്നിവയ്ക്ക് വായ്പ നല്‍കുന്നത് ബാങ്കിംഗ്് ഇതര ധനകാര്യസ്ഥാപനങ്ങളാണ്. എന്നാല്‍ ഇപ്പോള്‍ നഗരപ്രദേശങ്ങളില്‍ ആവശ്യക്കാര്‍ക്ക് വായ്പകള്‍ ലഭിക്കുന്നില്ല. ഇതിനൊപ്പം പൊതുമേഖലയും തകര്‍ന്നടിയുന്നു. ഇത് ഗുരുതരമായ അപകടമാണ് സൂചിപ്പിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ആര്‍ബിഐ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും ഫലവത്താകുന്നില്ല.
ഉപയോഗമില്ലാത്ത ആസ്തികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുമേഖലാ സ്ഥാപനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ വിവരം നല്‍കിയില്ലെങ്കില്‍ ബജറ്റ് വിഹിതം റദ്ദാക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിക്കുകയാണുണ്ടായത്.

മോഡി സര്‍ക്കാര്‍ പിന്തുടരുന്ന വലതുപക്ഷ വ്യതിയാന നയങ്ങള്‍ വ്യാവസായിക, സാമ്പത്തിക മേഖലകളില്‍ പ്രകടമാണ്. രാജ്യത്ത് ആദ്യമായാണ് വലതുപക്ഷ വ്യതിയാനം പിന്തുടരുന്ന സര്‍ക്കാര്‍ ഒറ്റയ്ക്കുള്ള ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തിയത്. ഈ സര്‍ക്കാര്‍ പിന്തുടരുന്ന സാമ്പത്തിക നയങ്ങളില്‍ ഈ വലതുപക്ഷ വ്യതിയാനം പ്രകടമാണ്. ഇപ്പോള്‍ സാമ്പത്തികവല്‍ക്കരണം എന്ന ദിശയിലേക്കാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പ്രയാണം. മുലധനങ്ങള്‍ തമ്മിലുള്ള പോരാട്ടങ്ങള്‍ക്ക് വഴിയൊരുക്കി ആഗോള സാമ്പത്തിക കുത്തകകളും.

Related News