നിയമമനുസരിച്ചല്ല ഭരണം: ഭരണമനുസരിച്ചാണ് നിയമം

Web Desk
Posted on December 26, 2018, 11:17 pm

രണത്തെയും ഭരണകര്‍ത്താക്കളെയും വിമര്‍ശിക്കുന്നത് കുറ്റകരമല്ല. എന്നല്ല, അത് ജനാധിപത്യത്തിന്റെ മര്‍മം തന്നെയാണ്. എന്നാല്‍, ഇന്ത്യയില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ നേരിടാന്‍ ഭരണകൂടങ്ങള്‍ പുതിയ ഉപദ്രവരീതികളും തടസങ്ങളും കണ്ടുപിടിക്കുന്ന തിരക്കിലാണ്. കൊലയാളികളെ വിട്ട് കൊന്നുകളയുന്ന രീതി വളരെ പഴയതല്ല. അപകീര്‍ത്തി കേസടക്കം നിയമത്തിലെ പഴുതുകളെ ദുരുപയോഗപ്പെടുത്തുന്നതാണ് മറ്റൊരു സമ്പ്രദായം. നിയമത്തെ പരിഹാസ്യമായ തരത്തില്‍ വളച്ചൊടിക്കുന്നതാണ് ഇപ്പോള്‍ മണിപ്പൂരില്‍ തുടക്കം കുറിച്ചിരിക്കുന്ന ശൈലി. കിഷോര്‍ ചന്ദ് വാങ് ഖൈം എന്ന പത്രപ്രവര്‍ത്തകനെ മുഖ്യമന്ത്രി ബിരേന്ദര്‍സിങ്ങിനെ അധിക്ഷേപിച്ച് ‘ഫെയ്‌സ്ബുക്ക്’ ല്‍ കുറിപ്പിട്ടതിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് ഒരു കൊല്ലത്തേക്ക് തടവിലിട്ടിരിക്കുന്നു.

നിയമമനുസരിച്ച് ഭരണം നടത്തുന്നതിനു പകരം ഭരണം നടത്തുന്നതിനൊപ്പിച്ച് നിയമം തിരഞ്ഞുപിടിക്കുകയാണ് മണിപ്പൂര്‍ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. മണിപ്പൂര്‍ സര്‍വകലാശാലയില്‍ നാല് മാസം നീണ്ട വിദ്യാര്‍ഥി പ്രക്ഷോഭങ്ങളോട് മുഖ്യമന്ത്രി പുലര്‍ത്തിയ അടിച്ചമര്‍ത്തല്‍ സമീപനം വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. അദ്ദേഹത്തെയും ഭരണകക്ഷിയായ ബിജെപിയെയും വിമര്‍ശിക്കുന്ന ‘ഫെയ്‌സ്ബുക്ക്’ പോസ്റ്റുകള്‍ക്കെതിരെപോലും കടുത്ത നടപടികളാണ് എടുത്തത്. സര്‍വകലാശാലയില്‍ സാധാരണ നില പുനഃസ്ഥാപിക്കണമെന്ന ആവശ്യം ചില ശകാരവാക്കുകളുടെ അകമ്പടിയോടെ കുറിച്ച പത്രപ്രവര്‍ത്തകനെ അന്ന് അറസ്റ്റ് ചെയ്തിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ ഇതിനെതിരെ രംഗത്തിറങ്ങി; മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റ്, വാങ്‌ഖൈമിന്റെ മോശം ഭാഷയുടെ പേരില്‍ ഖേദമറിയിക്കുകയും ചെയ്തു. കിഷോര്‍ ചന്ദിനെ അഞ്ചു ദിവസം ജുഡിഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിക്കുകയാണ് ബിരേന്ദര്‍ സിങ്ങ് ചെയ്തത്. അതു കഴിഞ്ഞതോടെ രണ്ടാം അറസ്റ്റ് നടന്നു. ജഡ്ജി സ്വാഭാവികമായും അദ്ദേഹത്തിന് ജാമ്യമനുവദിച്ചു. എന്നാല്‍ പുറത്തുവന്ന് 24 മണിക്കൂറിനകം അദ്ദേഹത്തെ മൂന്നാം വട്ടവും അറസ്റ്റ് ചെയ്തു. നിയമമനുസരിച്ച് വീണ്ടും കിഷോര്‍ ചന്ദിന് ജാമ്യം ലഭിച്ചേക്കുമെന്നതുകൊണ്ട് ഇക്കുറി അറസ്റ്റ് ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) അനുസരിച്ചായിരുന്നു.

‘രാജ്യസുരക്ഷയെ അപായപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍‘ക്കും ‘പൊതുക്രമസമാധാനം തകര്‍ക്കുന്നവര്‍‘ക്കുമെതിരെയാണ് ആ നിയമമെങ്കിലും വാങ്‌ഖെമിനെ അക്കൂട്ടത്തില്‍പ്പെടുത്തിയത്. അദ്ദേഹം അത്തരം കുറ്റങ്ങളുടെ അടുത്തുപോലും എത്തിയതുകൊണ്ടല്ല. ‘മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിന്റെ പാവയാണ്’ എന്ന് പറയുന്നത് ദേശസുരക്ഷയ്ക്ക് എതിരല്ലല്ലോ. എന്‍എസ്എ പ്രകാരമെടുക്കേണ്ട കേസല്ല എന്ന് ബോധ്യമുണ്ടായിട്ടും അത് പ്രകാരം തന്നെ അറസ്റ്റ് ചെയ്തത്, മുഖ്യമന്ത്രി ആദ്യമേ തീരുമാനിച്ച ശിക്ഷ ആ നിയമം വഴി നല്‍കാനാവും എന്നതിനാലാണ്. കിഷോര്‍ ചന്ദിന് മുഖ്യമന്ത്രി വിധിച്ച ശിക്ഷയായേ ഇതിനെ കാണാനാവൂ. ജാമ്യമോ വിചാരണയോ കൂടാതെ 365 ദിവസം ജയിലില്‍ പാര്‍പ്പിക്കാമെന്ന ‘സൗകര്യം’ മറ്റെവിടെ കിട്ടും? നിയമമനുസരിച്ചല്ല ഭരണം-ഭരണമനുസരിച്ചാണ് നിയമം.

ഒരു പത്ര പ്രവര്‍ത്തകനെ, ഒരു പൗരനെ, സര്‍ക്കാര്‍ വിമര്‍ശനത്തിന്റെ പേരില്‍ തടവിലാക്കി എന്നതിനെക്കാള്‍ ഗുരുതരമാണ് നിയമത്തെ സ്വന്തം വ്യക്തി-രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി ദുരുപയോഗം ചെയ്യാന്‍ അധികൃതര്‍ തയാറാകുന്നു എന്നത്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മാത്രം വിഷയമല്ല ഇതെന്നര്‍ഥം ‘ഞാനാണ് രാഷ്ട്രം’ എന്ന് ധാര്‍ഷ്ട്യത്തോടെ പ്രഖ്യാപിച്ച ഫ്രാന്‍സിലെ ലൂയി പതിനാലാമന്‍ ചക്രവര്‍ത്തിയെപ്പോലെ സ്വയം നിയമമായി ഒരു മുഖ്യമന്ത്രി മാറുകയാണ്. പൗരന്മാര്‍ക്ക് നല്‍കേണ്ട സുരക്ഷ ഇന്ന് നിയമത്തില്‍ നിന്ന് ലഭ്യമല്ലാത്ത ഉദാഹരണങ്ങള്‍ ഏറിവരുന്നു. കൊലയാളി പൊലീസുകാരെയും നേതാക്കളെയും ശിക്ഷിക്കാനാവാത്ത വിധം അയവുള്ള നിയമം, നിരപരാധികളെ വര്‍ഷങ്ങളോളം തടവിലിടുന്നു. ഇതുവരെ ഒളിച്ചും പതുങ്ങിയും നടന്നുവന്ന ഇത്തരം ചട്ട ദുരുപയോഗം മണിപ്പൂരില്‍ പരസ്യശൈലിയായി മാറിയിരിക്കുന്നു. നിരപരാധികളുടെ സുരക്ഷാ കവചം എന്നതില്‍ നിന്ന് സ്വേച്ഛാധിപതികളുടെ ആയുധമാവുകയാണ് നിയമം എന്നര്‍ഥം. എന്‍എസ്എ പോലുള്ള കരിനിയമങ്ങള്‍ നിര്‍മിക്കുമ്പോഴേ പലരും ചൂണ്ടിക്കാണിച്ച ദുരുപയോഗ സാധ്യത മണിപ്പൂരില്‍ നൂറു ശതമാനം തെളിയിക്കപ്പെട്ടിരിക്കുന്നു.

മാധ്യമസ്വാതന്ത്ര്യം ഉറപ്പുവരുത്താനാവശ്യമായ നടപടികള്‍ ഉടനെ ഉണ്ടാകണമെന്ന് ഈ സംഭവം നമ്മെ ബോധ്യപ്പെടുത്തുന്നു. ഒപ്പം, വ്യക്തിതാല്‍പര്യത്തിനും രാഷ്ട്രീയ സൗകര്യത്തിനും വേണ്ടി ഉപയോഗിക്കാന്‍ പാകത്തിലുള്ള എന്‍എസ്എ എന്ന കരിനിയമവും പിന്‍വലിക്കേണ്ട സമയമായി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ദേശ‑ദ്രോഹക്കുറ്റം ഇന്ന് രാഷ്ട്രീയ ആയുധമായിരിക്കേ ഇത്തരം നിയമങ്ങളും അവയുടെ ദുരുപയോഗ സാധ്യതയും ജനാധിപത്യ ക്രമത്തെ കൊഞ്ഞനം കുത്തുകയാണ്. കിഷോര്‍ ചന്ദ് തടങ്കലില്‍ കിടക്കുന്ന ഓരോ ദിവസവും മാധ്യമസ്വാതന്ത്ര്യം മാത്രമല്ല, ജനാധിപത്യ വ്യവസ്ഥയും തടങ്കലിലാക്കപ്പെടുകയാണ്. അടിയന്തരമായി ഇത് തിരുത്തിയേ പറ്റൂ.