Web Desk

September 04, 2020, 5:00 am

മോഡി മറന്ന ചെറുപ്പക്കാര്‍ പ്രതിഷേധച്ചൂളയിൽ

Janayugom Online

ഇന്ത്യ കണ്ട ഏറ്റവും മോശം പ്രധാനമന്ത്രിയാണ് നരേന്ദ്രമോഡി എന്ന് രാജ്യത്തെ ചെറുപ്പക്കാർ ഒന്നടങ്കം പറയാൻ തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ട്വിറ്ററിൽ തരംഗമായി തുടരുന്നത് മോഡിക്കും ബിജെപി സർക്കാരിനും എതിരെയുള്ള ചെറുപ്പക്കാരുടെ പ്രതിഷേധസ്വരമാണ്. തൊഴിലില്ലായ്മയാണ് പ്രതിഷേധങ്ങൾക്കാധാരം. നിരവധിപേർ പ്രതിഷേധത്തോടൊപ്പം ജീവിതപ്രതിസന്ധിയും രേഖപ്പെടുത്തി മരണത്തെ പുല്കി. തൊഴിലില്ലായ്മയുടേതെന്ന പോലെ തൊഴിലില്ലാതെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം പെരുകുന്നതും അമ്പരപ്പിക്കുകയാണ്.

ക്രൈം റെക്കോഡ്സ് ബ്യൂറോ ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ട് പറയുന്നത് 2019ൽ 2,851 പേർ തൊഴിലില്ലാത്തതിന്റെ പേരിൽ സ്വയം ജീവനൊടുക്കി എന്നാണ്. 1,39,123 പേരാണ് 2019ൽ ആകെ ആത്മഹത്യ ചെയ്തത്. 2018നെ അപേക്ഷിച്ച് 3.4 ശതമാനത്തിന്റെ വർധനവാണിത്. 2018ൽ 2,741 പേരാണ് തൊഴിലില്ലായ്മയുടെ പേരിൽ ആത്മഹത്യചെയ്തത്. 2019ൽ ആത്മഹത്യ ചെയ്ത 2,851 പേരിൽ 62 പേർ 18 വയസിന് താഴെയും 1,366 പേർ 18നും 30നും ഇടയിൽ പ്രായമുള്ളവരും 1,055 പേർ 30നും 40നും ഇടയിൽ പ്രായമുള്ളവരും ആണെന്നാണ് ക്രൈം റെക്കോഡ്സ് ബ്യൂറോ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. 313 പേർ 45നും 60നും ഇടയിലുള്ളവരും തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടി ആത്മാഹൂതി ചെയ്തവരുമാണ്. ഇന്ത്യയിൽ തൊഴിലില്ലായ്മ നിരക്ക് കുത്തനെ കൂടുന്നുവെന്ന് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി(സിഎംഐഇ) റിപ്പോർട്ട് വ്യക്തമാക്കുമ്പോൾ തന്നെയാണ് 10.1 ശതമാനം പേർ തൊഴിലില്ലാതെ ആത്മഹത്യ ചെയ്യുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നത്.

ജൂലൈ മാസത്തേക്കാൾ വലിയ വർധനവാണ് ഓഗസ്റ്റ് മാസത്തിലെ തൊഴിലില്ലായ്മ നിരക്കിൽ വന്നിരിക്കുന്നത്. ജൂലൈയിൽ 9.15 ശതമാനമായിരുന്നുവെങ്കിൽ ഓഗസ്റ്റിൽ അത് 9.83 ആയി ഉയര്‍ന്നിരിക്കുന്നു. നഗരം കേന്ദ്രീകരിച്ച് പത്തിൽ ഒരാൾക്ക് ജോലിയില്ലെന്നാണ് സിഎംഐഇ റിപ്പോർട്ട്. ഗ്രാമീണ മേഖലയിലും തൊഴിലില്ലായ്മ നിരക്ക് കൂടുന്നു. ജൂലൈയിൽ 6.66 ശതമാനം ആയിരുന്നു ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ എങ്കിൽ ഓഗസ്റ്റിൽ 7.65 ആയി വർധിച്ചു. ദേശീയ തൊഴിലില്ലായ്മ നിരക്ക് 7.22 ‑7.76 ശതമാനത്തിനിടയിലായിരുന്നു. കോവിഡ് പ്രതിസന്ധി ഇന്ത്യയെ ബാധിക്കാന്‍ തുടങ്ങും മുമ്പുള്ള മാസങ്ങളേക്കാൾ മോശമാണ് ഓഗസ്റ്റ് മാസത്തേത്. ശരാശരി 7.43 എന്നതിൽ നിന്ന് ഇപ്പോൾ 8.35 ശതമാനമായി വർധിച്ചുവെന്നത് ഇതിന്റെ അപകടം ചൂണ്ടിക്കാട്ടുന്നു. ബാങ്ക് വായ്പയും മറ്റും സ്വീ­കരിച്ച് സ്വയംതൊഴിൽ കണ്ടെത്തി ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന ലക്ഷോപലക്ഷം ചെറുപ്പക്കാരും ഇപ്പോൾ പെരുവഴിയിലേക്കിറങ്ങുകയാണ്. കോവിഡ്-ലോക്­ഡൗ­­ൺ പശ്ചാത്തലത്തി­ൽ ഏർപ്പെടുത്തിയ മൊറോട്ടോറിയം കാലാവധി പിന്‍വലിച്ചതാണ് തൊഴിലുണ്ടായിരുന്നവരെയും പ്രതിസന്ധിയിലാക്കിയിട്ടുള്ളത്. മൊറോട്ടോറിയവും പിഴപ്പലിശയും ഒരുമിച്ച് കൊണ്ടുപോകാനാവില്ലെന്ന വിശദീകരണത്തോടെയാണ് റിസർവ് ബാങ്ക് ഈ കടുംകൈയ്ക്കൊരുങ്ങിയത്.

തിരിച്ചടവ് മുടങ്ങിയ വായ്പകൾ കിട്ടാക്കടമായി തീര്‍ച്ചപ്പെടുത്തി നടപടികളെടുക്കരുതെന്ന സുപ്രീം കോടതിയുടെ ഇടക്കാല വിധി ആശ്വാസമാണെങ്കിലും മുന്നിൽ വന്നുനിൽക്കുന്ന സാഹചര്യത്തെ എങ്ങനെ തരണം ചെയ്യണമെന്നതാണ് ഇവിടെയും ചെറുപ്പക്കാരെ അലട്ടുന്നത്. ജിഡിപി നിരക്കിൽ ലോകത്തെ ഏറ്റവും മോശമാണ് ഇന്ത്യ. സമ്പദ്‌വ്യവസ്ഥയുടെ സ്ഥിതി അതീവഗുരുതരവും. ഈ രണ്ട് സാഹചര്യങ്ങൾ നിലനില്‍ക്കുന്ന ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ നിരക്ക് ഇനിയും കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് പരിഹാരം കാണേണ്ട കേന്ദ്ര സർക്കാർ രാജ്യത്തെ യുവജനങ്ങളെയും തൊഴിലാളികളെയും ദ്രോഹിച്ചുകൊണ്ടിരിക്കുകയുമാണ്. റയിൽവേ ഉൾപ്പെടെ പൊതുമേഖലാസ്ഥാപനങ്ങളെല്ലാം വിറ്റഴിക്കുന്നു. റിക്രൂട്ട്മെന്റ് പ്രക്രിയയാകെ താറുമാറായി. നിലവിലെ ഒഴിവുകൾ നികത്തുന്നതിലാകട്ടെ വലിയ അഴിമതിയും. ഇതിനെതിരെ പ്രതിഷേധങ്ങൾ കനപ്പെടുകയാണ്. കഴിഞ്ഞ ദിവസം നരേന്ദ്രമോഡിക്കും കേന്ദ്രസർക്കാരിന്റെ സ്വകാര്യവല്ക്കരണത്തിനും എതിരെ ട്വിറ്ററിലൂടെ പ്രതിഷേധം തുടങ്ങിയ യുവാക്കൾക്ക് ഉള്ള തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിൽ കഴിയുന്ന ലക്ഷക്കണക്കിനാളുകളുടെ പിന്തുണകൂടി ലഭിച്ചിരിക്കുകയാണ്.

സ്റ്റാഫ് സെലക്ഷൻ കമ്മിഷന്റെ പട്ടികയിൽ സ്ഥാനംപിടിച്ചിരിക്കുന്ന ചെറുപ്പക്കാരാണ് കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം വ്യാപിപ്പിച്ചിരിക്കുന്നത്. ‘സ്റ്റോപ്പ് പ്രൈവറ്റേസേഷൻ, സേവ് ഗവൺമെന്റ് ജോബ്’ എന്നാണവരുടെ മുദ്രാവാക്യം. പൊതുമേഖലാ സ്ഥാപനങ്ങളടക്കം സ്വകാര്യമേഖലയ്ക്ക് വില്പന നടത്തി തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്ന നരേന്ദ്രമോഡി സർക്കാരിനെതിരെയുള്ള വലിയ പടപ്പുറപ്പാടായാണ് ഇതിനെ കാണാനാവുക. സ്വകാര്യവല്ക്കരണത്തിനെതിരെ രാജ്യത്തെ കേന്ദ്ര ട്രേഡ് യൂണിയനുകളും ഫെ‍ഡറേഷനുകളും അസോസിയേഷനുകളുമെല്ലാം ശക്തമായ സമരരംഗത്താണ്. അതിനിടെയാണ് രാഷ്ട്രീയം മറന്ന് ജീവിതം മുഖ്യമാക്കി ചെറുപ്പക്കാരൊന്നടങ്കം നവമാധ്യമങ്ങളിലൂടെയും പൊതുവേദിയിലൂടെയും കച്ചവട ഭരണത്തിനെതിരെ കൊടിവീശുന്നത്. വരാനിരിക്കുന്ന യോജിച്ച മുന്നേറ്റത്തിന് തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് ഇവരുടെ വീറും വാശിയും കരുത്തായി മാറണം.