Monday
18 Feb 2019

വികസനക്കുതിപ്പിലേക്ക് നിക്ഷേപക സംഗമം

By: Web Desk | Monday 11 February 2019 10:47 PM IST

നിക്ഷേപങ്ങള്‍ പച്ചപിടിക്കാത്ത നാടെന്ന ദുഷ്‌പ്പേര് തുടച്ചുനീക്കിയ കേരളം ആഗോളതലത്തില്‍ തന്നെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന ഖ്യാതി നേടിയെടുത്തിരിക്കുകയാണ്. ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാരുകള്‍ തുടക്കം കുറിച്ച് ഫലപ്രാപ്തിയിലെത്തിച്ച ഒട്ടേറെ പദ്ധതികളും കൂട്ടായ പരിശ്രമങ്ങളും തൊഴിലാളികളുടെ പങ്കാളിത്തവുമെല്ലാം കേരളത്തെ നിക്ഷേപകരുടെ മനസ്സില്‍ ഇടംനേടാന്‍ വഴിയൊരുക്കിയിട്ടുണ്ട്. എല്ലാത്തിലുമുപരി കഴിഞ്ഞ രണ്ടരവര്‍ഷമായി അധികാരത്തിലുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ നയസമീപനങ്ങളും വ്യവസായ സംരംഭകരെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ പ്രേരകമായിട്ടുണ്ട്.
കൊച്ചിയില്‍ ഇന്നലെ നടന്ന നിക്ഷേപക സംഗമമായ ‘ അസെന്‍ഡ്’ ആ ദിശയിലുള്ള നല്ലൊരു ചുവടുവെയ്പാണ്. പേരു സൂചിപ്പിക്കുന്നതുപോലെ വ്യവസായ രംഗത്തെ കുതിപ്പിനും വളര്‍ച്ചയ്ക്കും ശക്തിപകരുന്ന ചര്‍ച്ചകളും തീരുമാനങ്ങളുമാണ് ഈ നിക്ഷേപക സംഗമത്തില്‍ ഉണ്ടായതെന്നത് വ്യവസായ കേരളത്തിന്റെ മുന്നേറ്റം ആഗ്രഹിക്കുന്ന ഏവരെയും ആഹഌദിപ്പിക്കുന്നു. കേരളത്തില്‍ കോടികളുടെ നിക്ഷേപം നടത്തി വ്യവസായ സംരംഭങ്ങളുമായി വരുന്നവരെ ശത്രുക്കളായി കാണുന്ന സമീപനം മാറണമെന്നും അവര്‍ നമ്മുടെ നാടിനെയും ജനങ്ങളെയാകെയും സഹായിക്കാന്‍ വരുന്നവരാണെന്ന ചിന്താഗതി വളര്‍ന്നുവരണമെന്നും ‘അസെന്‍ഡ്’ ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത് മാറുന്ന നാടിന്റെ പ്രതിഫലനമാണ്. പരമ്പരാഗതവും അല്ലാത്തതുമായ വ്യവസായ സംരംഭങ്ങളുമായി നഗരങ്ങളിലും ഗ്രാമങ്ങളിലും എത്തുന്ന സംരംഭകര്‍ നാടിനെ ചൂഷണം ചെയ്യാന്‍ വരുന്നവരാണെന്ന തെറ്റായ ചിന്താഗതി അറിഞ്ഞോ അറിയാതെയോ ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടിരിക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയടക്കം ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും വരെ അത്തരമൊരു ധാരണയുണ്ടായിരുന്നു. അത് തിരുത്തിയേ മതിയാവൂ എന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ വ്യവസായസംരംഭകരെ കൂടുതലായി കേരളത്തിലേക്ക് ആകര്‍ഷിക്കുമെന്നതില്‍ സംശയമില്ല.

സര്‍ക്കാര്‍ സര്‍വീസിലെ പരിമിതമായ ഒഴിവുകള്‍ നികത്തിക്കൊണ്ടു മാത്രം സംസ്ഥാനം അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മയ്ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയില്ലെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. ബിരുദവും ബിരുദാനന്തര ബിരുദവും മാത്രമല്ല, മാനേജ്‌മെന്റ് പഠനത്തിലും കമ്പ്യൂട്ടര്‍ സയന്‍സിലും ഇതര എന്‍ജിനീയറിംഗ് ശാഖകളിലും ഉള്‍പ്പെടെ പ്രഫഷണല്‍ യോഗ്യത നേടിയ യുവതീ യുവാക്കളുടെ എണ്ണം വര്‍ഷംതോറും പെരുകുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് യുവസംരംഭകരുടെ സ്റ്റാര്‍ട്ടപ്പ് യൂണിറ്റുകളെയും ചെറുകിട വ്യവസായ യൂണിറ്റുകളെയും നാം സ്വാഗതം ചെയ്യേണ്ടത്.

ചെറുകിട യൂണിറ്റുകള്‍ മുഖേന ഈ വര്‍ഷം അരലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ അറിയിച്ചത് തൊഴിലില്ലായ്മ തുടച്ചുനീക്കുന്നതിലേക്കുള്ള നല്ലൊരു ചുവടുവെയ്പാണ്. നടപ്പു സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് 36,000 ചെറുകിട വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്ന വ്യവസായ മന്ത്രി ഇ പി ജയരാജന്റെ വാക്കുകളുമായി കൂട്ടിച്ചേര്‍ത്തു വായിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ വ്യാപ്തി ബോധ്യമാവുന്നത്.

ലോകത്തിന്റെ ഏതു മൂലയില്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നവും വിറ്റഴിക്കാന്‍ നിര്‍മ്മാതാക്കള്‍ കാണുന്ന ആദ്യ വിപണികളിലൊന്ന് കേരളമാണ്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നമായാലും ചൈനീസ് ഉല്‍പ്പന്നങ്ങളായാലും സ്ഥിതി ഭിന്നമല്ല. എന്നാല്‍ 94 ശതമാനം സാക്ഷരതയുള്ള, അഭ്യസ്തവിദ്യരായ യുവതീയുവാക്കളുള്ള നമ്മുടെ കേരളത്തില്‍ എന്തുകൊണ്ട് അത്തരം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചു കൂട? പ്രളയദിനങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങളിലും പ്രളയാനന്തര ദിനങ്ങളിലെ വീണ്ടെടുക്കലിലും യുവതയുടെ ധീരതയും കര്‍മ്മ ശേഷിയും കണ്ടറിഞ്ഞ സമൂഹം അത്തരമൊരു ചോദ്യം ഉന്നയിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ആ ദിശയിലൊരു നല്ല മാറ്റത്തിനു കൂടി തുടക്കം കുറിക്കുകയാണ് ‘അസെന്‍ഡ് കേരളം 2019’ എന്ന പേരില്‍ നടത്തിയ സംരംഭക പ്രോത്സാഹന സംഗമം.

നിക്ഷേപക സംഗമം എന്ന പേരില്‍ കോടികള്‍ ധൂര്‍ത്തടിച്ച് മുമ്പും ചിലര്‍ വലിയ മാമാങ്കങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും കേവലം നൂറു രൂപയുടെ പോലും നിക്ഷേപം വരാത്ത വിധം ആവിയായി പോവുകയായിരുന്നു അന്നത്തെ മാമാങ്കങ്ങള്‍. എന്നാല്‍ അതില്‍ നിന്നെല്ലാം ഭിന്നമായി പ്രായോഗിക തലത്തിലൂന്നിയ കാഴ്ചപ്പാടും നിയമങ്ങളില്‍ അടിമുടി വരുത്തിയ മാറ്റങ്ങളും സര്‍ക്കാര്‍ ഓഫീസുകള്‍ ജനസൗഹൃദമാക്കിയതും ഇപ്പോഴത്തെ നിക്ഷേപക സംഗമത്തെ ശ്രദ്ധേയമാക്കുന്നു. വാക്കും പ്രവൃത്തിയും രണ്ടല്ലെന്ന് തെളിയിച്ച സര്‍ക്കാരാണിതെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) പ്രസിഡന്റ് സന്ദീപ് സോമാനി ‘അസെന്‍ഡ്’ വേദിയില്‍ പ്രകീര്‍ത്തിച്ചത് ഒരുദാഹരണം മാത്രം.
നോക്കുകൂലി ഒഴിവാക്കാന്‍ ട്രേഡ് യൂണിയനുകള്‍ മുന്‍കൈയെടുത്തതും നിര്‍മ്മാണ സൈറ്റുകളില്‍ യൂണിയന്‍ പ്രാതിനിധ്യം ഉന്നയിച്ച് തടസങ്ങളുണ്ടാക്കി വന്ന പ്രവണത ഒഴിവാക്കാന്‍ യൂണിയനുകള്‍ സ്വയം സന്നദ്ധരായതുമെല്ലാം സംസ്ഥാനത്ത് നിക്ഷേപ സൗഹൃദാന്തരീക്ഷം രൂപപ്പെടുന്നതില്‍ ഘടകങ്ങളായിട്ടുണ്ട്.

‘അസെന്‍ഡ്’ ഉദ്ഘാടനത്തിനിടെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ചോദിച്ചു,ഇതുപോലൊരു നാടും മണ്ണും ലോകത്തെവിടെയുണ്ട്. ഇത്രമാത്രം സംസ്‌കാര സമ്പന്നര്‍ താമസിക്കുന്നിടം വേറെ എവിടെയുണ്ട്. ഇത്രയും സമാധാനം നിലനില്‍ക്കുന്ന പ്രദേശം മറ്റെവിടെയുണ്ട്? ശരിയാണ്. നിക്ഷേപ സൗഹൃദാന്തരീക്ഷത്തിനിണങ്ങിയ മണ്ണും മനുഷ്യനും മാത്രമല്ല അനുബന്ധ പശ്ചാത്തല സൗകര്യങ്ങളായ വൈദ്യുതിയും വെള്ളവും റോഡ്, റയില്‍, എയര്‍പോര്‍ട്ട് ശൃംഖലയുമെല്ലാം ഇവിടെയുണ്ട്. തൊഴിലില്ലായ്മ പരിഹരിക്കുന്നതില്‍ മാത്രമല്ല മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിലും പുതിയ സംരംഭങ്ങള്‍ക്ക് നിര്‍ണ്ണായക പങ്കുവഹിക്കാനാവും. ‘എയിംസി’നു വേണ്ടി കേന്ദ്രത്തിന്റെ പടിവാതില്‍ക്കല്‍ മുട്ടി മടുത്ത കേരളത്തിന് ആരോഗ്യ രംഗത്തും ‘ സിയാല്‍’ മോഡല്‍ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ ആ ദിശയിലാണ് നാം വിലയിരുത്തേണ്ടത്.
സമസ്ത മേഖലയിലും നാട് നവകേരളത്തിന് വഴിമാറുകയാണ്. വ്യവസായ മേഖലയുടെ കുതിപ്പിന് സാക്ഷ്യം വഹിക്കുകയാണ് കൊച്ചുകേരളം. വ്യവസായ സംരംഭങ്ങളുമായി വരുന്നവര്‍ക്കു മുന്നില്‍ നാം വഴിമുടക്കികളാവരുതെന്ന മുഖ്യമന്ത്രിയുടെ സന്ദേശം ഏറെ ചിന്തോദ്ദീപകമാണ്. പല കാര്യങ്ങളിലും മാറേണ്ട ശീലങ്ങളടക്കം മാറ്റിയെങ്കിലേ നവകേരള സൃഷ്ടി പൂര്‍ണതയിലെത്തൂ.