ജാലിയന്‍ വാലാബാഗ്; ശതാബ്ദി വേളയിലെ തിരിച്ചറിവുകള്‍

Web Desk
Posted on April 12, 2019, 8:00 am

സ്വാതന്ത്ര്യകാംക്ഷികളായ ആയിരങ്ങളുടെ ചോരചീന്തിയ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികമാണ് നാളെ. നിരായുധരായ ജനങ്ങള്‍ക്കു നേരെ വെടിയുതിര്‍ത്ത് ബ്രിട്ടീഷ് പട്ടാളം നടത്തിയ കൂട്ടക്കൊലയുടെ ശതാബ്ദി വേളയില്‍ ജാലിയന്‍വാലാബാഗ് സംഭവത്തില്‍ അഗാധമായ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന തിരുത്തലുകളുടെയും ഏറ്റുപറച്ചിലുകളുടെയും ആരംഭമായി കരുതിയാല്‍ സ്വാഗതാര്‍ഹമാണ്.

1919ലെ ജാലിയന്‍ വാലാബാഗ് ദുരന്തം ഇന്ത്യയില്‍ ബ്രിട്ടീഷ് ചരിത്രത്തില്‍ സംഭവിച്ച ലജ്ജാകരമായ കളങ്കമാണെന്ന് തെരേസാ മേ പാര്‍ലമെന്റില്‍ പറഞ്ഞു. 1997ല്‍ ജാലിയന്‍ വാലാബാഗ് സന്ദര്‍ശിക്കുന്നതിനു മുമ്പ് എലിസബത്ത് രാജ്ഞി അഭിപ്രായപ്പെട്ടതുപോലെ, ഇന്ത്യയിലെ ബ്രിട്ടീഷ് ചരിത്രവുമായി ബന്ധപ്പെട്ട അസ്വസ്ഥതപ്പെടുത്തുന്ന സംഭവമാണിത്. കൂട്ടക്കൊലയില്‍ സംഭവിച്ചതെന്താണെന്ന് ബോധ്യമുണ്ട്. അന്നവിടെ അങ്ങനെ സംഭവിച്ചതിലും അതുണ്ടാക്കിയ ദുരിതങ്ങള്‍ക്കും സഹനങ്ങള്‍ക്കും അഗാധമായി ഖേദിക്കുന്നു.
ഇന്ന് ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള ബന്ധം സഹകരണത്തിന്റെയും പങ്കാളിത്തത്തിന്റെയും അഭിവൃദ്ധിയുടെയും സുരക്ഷിതത്വത്തിന്റെയും ആണെന്നുള്ള വസ്തുത ഏറെ സന്തോഷിപ്പിക്കുന്നു, ബ്രിട്ടീഷ് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പൂര്‍ണ്ണമായൊരു മാപ്പുപറച്ചിലിന് ബ്രിട്ടീഷ് പ്രധാനമന്ത്രി തയ്യാറായില്ല എന്നത് കാണാതിരുന്നു കൂടാ. പൂര്‍വ്വികരുടെ മാപ്പര്‍ഹിക്കാത്ത, വെറി പൂണ്ട ചെയ്തികളില്‍ വര്‍ത്തമാന ഭരണകൂടങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന്റെ ഭാഗമായി അനിവാര്യമായ തിരുത്തലുകള്‍ വരുത്തി മാതൃക കാട്ടേണ്ടതുണ്ട്. വെറും ഖേദപ്രകടനത്തില്‍ ഒതുക്കാതെ ഇക്കാര്യത്തില്‍ പൂര്‍ണ്ണവും കൂടുതല്‍ വ്യക്തവും അസന്നിഗ്ധവുമായ ക്ഷമാപണമാണ് വേണ്ടതെന്ന് മുഖ്യ പ്രതിപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ നേതാവ് ജെറമി കോര്‍ബിന്‍ തെരേസാ മേയുടെ പ്രസ്താവനയെ തുടര്‍ന്ന് ആവശ്യപ്പെട്ടതും ശ്രദ്ധേയമാണ്. കൂട്ടക്കൊലയുടെ ശതാബ്ദി വേളയില്‍ ബ്രിട്ടന്‍ ഔദ്യോഗികമായി മാപ്പുപറയണമെന്ന വിഷയം എംപിമാര്‍ ചര്‍ച്ചചെയ്തതിനെ തുടര്‍ന്നുള്ള ദിവസമായിരുന്നു തെരേസാ മേയുടെ ഖേദപ്രകടനം.

2013ല്‍ രാജ്യം സന്ദര്‍ശിച്ചിരുന്ന അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊല അത്യന്തം ലജ്ജാകരമെന്ന് പറഞ്ഞിരുന്നെങ്കിലും ഇന്ത്യന്‍ ജനതയോട് നിരുപാധികം മാപ്പ് അപേക്ഷിക്കാന്‍ തയ്യാറായില്ല. 1997ല്‍ എലിസബത്ത് രാജ്ഞി ജാലിയന്‍ വാലാബാഗ് സന്ദര്‍ശിച്ച് പുഷ്പചക്രം അര്‍പ്പിച്ചിരുന്നു. പക്ഷെ ഇരകളുടെ എണ്ണം ഇന്ത്യ പെരുപ്പിച്ച് പറയുകയാണെന്ന കൂടെയുണ്ടായിരുന്ന ഫിലിപ്പ് രാജകുമാരന്റെ പരാമര്‍ശം വലിയ വിവാദമായി.

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമായ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല 1919 ഏപ്രില്‍ 13നായിരുന്നു. സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം സ്വാതന്ത്ര്യകാംക്ഷികളായ ആയിരങ്ങളാണ് ബ്രിട്ടീഷ് പൊലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയര്‍ ജനറല്‍ റെജിനാള്‍ഡ് ഇ എച്ച് ഡയറിന്റെ ക്രൂരതയ്ക്ക് ഇരയായത്. സമാനതകളില്ലാത്ത ഈ ക്രൂരതയില്‍ ബ്രിട്ടന്‍ മാപ്പു പറയണമെന്ന് രാജ്യം പൊതുവിലും സിഖ് ജനസമൂഹം പ്രത്യേകിച്ചും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു.

1919 ഏപ്രില്‍ 13 ന് ഒരു കലാപത്തെക്കുറിച്ച് സൂചന കിട്ടിയെന്ന് പറഞ്ഞ് ജനറല്‍ ഡയര്‍ എല്ലാത്തരത്തിലുള്ള യോഗങ്ങളും നിരോധിച്ചു. സ്ത്രീകളും കുട്ടികളും അടക്കം ഇരുപതിനായിരത്തിനടുത്തു വരുന്ന ആള്‍ക്കൂട്ടം 13ന് അമൃത്സറിലെ ജാലിയന്‍ വാലാബാഗില്‍ വിളവെടുപ്പു വസന്തോത്സവമായ വൈശാഖി ആഘോഷത്തിന് ഒത്തുചേര്‍ന്നതും ഇതേ ദിവസമാണ്. വിവരം അറിഞ്ഞ ഡയര്‍ തന്റെ ഗൂര്‍ഖാ റെജിമെന്റുമായി അവിടേക്കു നീങ്ങി. യാതൊരു പ്രകോപനവുമില്ലാതെ ജനക്കൂട്ടത്തിനുനേരെ വെടിവയ്ക്കാന്‍ അദ്ദേഹം പട്ടാളക്കാരോട് ഉത്തരവിട്ടു. പുറത്തേക്കുള്ള ഇടുങ്ങിയ കവാടങ്ങളില്‍ കേന്ദ്രീകരിച്ച് കേണല്‍ ഡയറിന്റെ സൈന്യം തങ്ങളുടെ കൈവശമുള്ള വെടിക്കോപ്പ് തീരുന്നതുവരെ 1650 റൗണ്ട് വെടിയുതിര്‍ത്തു. തിരയുടെ ഒഴിഞ്ഞ പൊതികളുടെ കണക്കെടുത്ത് ഇത് സ്ഥിരീകരിച്ചു. ബ്രിട്ടീഷുകാരുടെ ഔദ്യോഗിക കണക്കുകളനുസരിച്ച് 379 പേര്‍ കൊല്ലപ്പെട്ടു. ആയിരത്തിലധികം ആളുകള്‍ക്ക് പരുക്കേറ്റു. എന്നാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പഞ്ചാബ് സബ് കമ്മിറ്റിയുടെ അന്വേഷണം ആയിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.
ഡയര്‍ ഉദ്യോഗത്തില്‍ നിന്നും പുറത്താക്കപ്പെട്ടു. ബ്രിട്ടനില്‍ ഒരു വിഭാഗത്തിനു മുമ്പില്‍ ഡയര്‍ ഒരു നായകനായി മാറി. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യം കുറിക്കുന്നതിലേക്ക് നയിക്കപ്പെട്ട ചില സംഭവങ്ങളിലൊന്നായി ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയെ ചരിത്രം രേഖപ്പെടുത്തുന്നു.

ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും നാണംകെട്ട സംഭവമെന്നും രാക്ഷസീയം എന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ വിശേഷിപ്പിച്ച മനുഷ്യക്കുരുതിയില്‍ അതിന്റെ ഉറങ്ങാത്ത ഓര്‍മ്മകളിരമ്പുന്ന ശതാബ്ദി വേളയില്‍ ഇന്ത്യന്‍ ജനതയോട് സ്പഷ്ടമായ മാപ്പുപറച്ചിലായിരുന്നു ബ്രിട്ടന്‍ നടത്തേണ്ടിയിരുന്നത്. പുരോഗമന ജനസമൂഹത്തിന് ചേര്‍ന്നത് അത്തരം ചെയ്തികളായിരുന്നു. അങ്ങനെ ചരിത്രം പുതിയ തലമുറയുടെ മനസ്സില്‍ അനീതികളെ ചോദ്യം ചെയ്യാനുള്ള ഊര്‍ജമായി തീരണം.