Monday
24 Jun 2019

ജൂലിയന്‍ അസാന്‍ജെയുടെ അറസ്റ്റ്: മാധ്യമ സ്വാതന്ത്ര്യത്തിന് ഏറ്റ കനത്ത തിരിച്ചടി

By: Web Desk | Saturday 13 April 2019 8:00 AM IST


മാധ്യമ സ്വാതന്ത്ര്യത്തിന് ഏറ്റ കനത്ത തിരിച്ചടിയായി വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയുടെ അറസ്റ്റിനെ ലോകം വിലയിരുത്തുന്നു. ഏഴുവര്‍ഷമായി അഭയം നല്‍കിയ ഇക്വഡോര്‍ സര്‍ക്കാര്‍ രാഷ്ട്രീയാഭയം പിന്‍വലിച്ചതോടെയാണ് ലണ്ടനിലെ മെട്രോ പൊളിറ്റന്‍ പൊലീസ് അസാന്‍ജെയെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.

ഇക്വഡോറില്‍ റഫാല്‍ കൊറിയ സര്‍ക്കാര്‍ മാറി ലെനിന്‍ മൊറേനോ രണ്ട് വര്‍ഷങ്ങള്‍ മുമ്പ് അധികാരത്തില്‍ വന്നതോടെയാണ് അസാന്‍ജെയ്‌ക്കെതിരെയുള്ള കരുനീക്കങ്ങള്‍ സജീവമായത്. അസാന്‍ജെയ്ക്കുള്ള സംരക്ഷണം തുടരുമെന്നും പൗരത്വം നല്‍കുമെന്നും പ്രഖ്യാപിച്ച ലെനിന്‍ മൊറേനോ ആഭ്യന്തര രാഷ്ട്രീയത്തില്‍ വലതുപക്ഷത്തേക്ക് ചായുകയും അമേരിക്കയുമായി അടുക്കുകയും ചെയ്തതോടെയാണ് അസാന്‍ജെയുടെ അറസ്റ്റിലേക്കും വിചാരണയിലേക്കും കാര്യങ്ങള്‍ നീങ്ങിയത്. മൊറേനോ സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം അസാന്‍ജെയ്ക്ക് നിഷേധിച്ചിരുന്നു. പരസ്പര ധാരണ ലംഘിച്ച് ചില പ്രസ്താവനകള്‍ നടത്തി എന്നതായിരുന്നു ചൂണ്ടിക്കാട്ടിയ ന്യായീകരണം. പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഏക കണ്ണിയായിരുന്ന ഇന്റര്‍നെറ്റ് നിഷേധിക്കപ്പെട്ടതോടെ ലണ്ടനിലെ ഇക്വഡോര്‍ എംബസിയിലെ ഒരു മുറിയില്‍ തടവുകാരനെപ്പോലെയായി അസാന്‍ജെ. പുറത്തിറങ്ങിയാല്‍ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്യുമെന്ന അവസ്ഥ.

അടുത്തിടെ മൊറേനോ സര്‍ക്കാരിനെതിരെ അഴിമതിയാരോപണങ്ങളും മറ്റും ഉയര്‍ന്നതോടെ സ്ഥിതി കൂടുതല്‍ വഷളായി. അസാന്‍ജെ രാഷ്ട്രീയ അഭയം സംബന്ധിച്ച ധാരണകള്‍ ലംഘിക്കുന്നതായി മൊറേനോ പരാതിപ്പെട്ടു. എംബസിയിലെ അസാന്‍ജെയുടെ പ്രവര്‍ത്തനങ്ങള്‍പോലും ഇക്വഡോര്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്നതായും ആക്ഷേപമുയര്‍ന്നു. ഇക്വഡോര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായത് അവരുടെ അമേരിക്കന്‍ വിധേയത്വം വര്‍ധിപ്പിച്ചു. ഐഎംഎഫ് ഇക്വഡോറിനെ സഹായിക്കാനെത്തിയതോടെ അമേരിക്കന്‍ ബന്ധം കൂടുതല്‍ ദൃഢമാക്കി.

ഇത്തരം അന്താരാഷ്ട്ര പശ്ചാത്തലത്തില്‍ അമേരിക്കയെ കൂടുതല്‍ പ്രീതിപ്പെടുത്താന്‍ അസാന്‍ജെയ്ക്ക് നല്‍കിയ അരാഷ്ട്രീയ അഭയം പിന്‍വലിക്കാന്‍ മൊറേനോ തയ്യാറാവുകയായിരുന്നു.

അമേരിക്കയുടെ കണ്ണിലെ കരടാണ് ഓസ്‌ട്രേലിയക്കാരനായ മാധ്യമപ്രവര്‍ത്തകന്‍ ജൂലിയന്‍ അസാന്‍ജെ. അമേരിക്ക ഇറാഖിലും അഫ്ഗാനിസ്ഥാനിലും നടത്തിയ യുദ്ധം സംബന്ധിച്ചുള്ള രഹസ്യവിവരങ്ങള്‍ വിക്കിലീക്‌സ് പുറത്തുവിട്ടതാണ് ഇതിന് പ്രധാനകാരണം. അമേരിക്കയുടെ യുദ്ധകുറ്റകൃത്യങ്ങളുടെ ഭീകരത ലോകം അറിഞ്ഞത് വിക്കിലീക്‌സ് പുറത്തുവിട്ട ഈ കേബിളുകളിലൂടെയായിരുന്നു. 2010ലാണ് രണ്ടു ഘട്ടങ്ങളിലായി ഏഴ് ലക്ഷത്തോളം രഹസ്യരേഖകള്‍ വിക്കിലീക്‌സ് പുറത്തുവിട്ടത്. അമേരിക്കന്‍ സൈന്യത്തിന്റെ ക്രൂരമായ മുഖം ലോകത്തെ ബോധ്യപ്പെടുത്തുന്നതോടൊപ്പം അമേരിക്കന്‍ വിദേശനയത്തിന്റെ കറുത്ത മുഖവും ഈ കേബിളുകള്‍ വെളിപ്പെടുത്തി. തുടര്‍ന്ന് അസാന്‍ജെയെ അവര്‍ വേട്ടയാടി.

അസാന്‍ജെയ്ക്കുള്ള രാഷ്ട്രീയ അഭയം റദ്ദാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരിട്ടുതന്നെ മൊറേനോയില്‍ സമ്മര്‍ദം ചെലുത്തി. പ്രതിരോധമന്ത്രാലയത്തിന്റെ രേഖകള്‍ പുറത്തുവിട്ടതിന് അസാന്‍ജെയെ വിചാരണചെയ്യാനാണ് അമേരിക്കയുടെ പദ്ധതി. ലൈംഗിക അപവാദക്കേസില്‍ കുടുങ്ങിയ അസാന്‍ജെയെ സ്വീഡന് കൈമാറാന്‍ ബ്രിട്ടീഷ് കോടതി വിധിച്ചപ്പോഴാണ് 2010ല്‍ അസാന്‍ജെ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയംപ്രാപിച്ചത്. സ്വീഡന് കൈമാറിയാല്‍ അവര്‍ അമേരിക്കയ്ക്ക് കൈമാറുമെന്നതിനാലായിരുന്നു ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്. റഫാല്‍ കൊറിയയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വവിരുദ്ധ സര്‍ക്കാരായിരുന്നു അന്ന് ഇക്വഡോറില്‍ അധികാരത്തിലുണ്ടായിരുന്നത്.
അസാന്‍ജെയെ അമേരിക്കയ്ക്ക് വിട്ടുനല്‍കാന്‍ ബ്രിട്ടന്‍ തയ്യാറാകുമോ എന്നതും പ്രസക്തമാണ്. ജോണ്‍ പില്‍ഗറെപ്പോലുള്ള പ്രശസ്ത മാധ്യമപ്രവര്‍ത്തകര്‍ അസാന്‍ജെയെ അമേരിക്കയ്ക്ക് വിട്ടുനല്‍കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയുടെ അറസ്റ്റ് പത്രസ്വാതന്ത്ര്യത്തിന്റെ ഇരുണ്ട നിമിഷമാണെന്ന് അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി മുന്‍ ഉദ്യോഗസ്ഥനും സൈബര്‍ ആക്ടിവിസ്റ്റുമായ എഡ്വേഡ് സ്‌നോഡനും ചൂണ്ടിക്കാട്ടി.. അസാന്‍ജെയുടെ സ്വാതന്ത്ര്യത്തിനായി യുഎന്‍ സമീപകാലത്ത് വരെ ഇടപെടലുകള്‍ നടത്തിയിരുന്നെന്നും സ്‌നോഡന്‍ പറഞ്ഞു.
അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിയുടെയും സിഐഎയുടെയും പ്രവര്‍ത്തനങ്ങളില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റും ഇന്റര്‍നെറ്റ് സുരക്ഷാ ഉദ്യോഗസ്ഥനുമായിരുന്നു എഡ്വേര്‍ഡ് ജോസഫ് സ്‌നോഡന്‍. മൈക്രോസോഫ്റ്റ്, യാഹൂ, ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, സ്‌കൈപ്പ്, യുട്യൂബ്, ആപ്പിള്‍ എന്നിവയടക്കം ഒന്‍പത് അമേരിക്കന്‍ ഇന്റര്‍നെറ്റ് സ്ഥാപനങ്ങളുടെ സെര്‍വറുകളും ഫോണ്‍ സംഭാഷണങ്ങളും അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനകള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത പുറത്തുകൊണ്ടു വന്നത് സ്‌നോഡനായിരുന്നു. അമേരിക്കന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട ഏറ്റവും വലിയ രഹസ്യചോര്‍ച്ചയായിരുന്നു ഇത്. തുടര്‍ന്ന് ഹോങ്കോങ്ങില്‍ അഭയം തേടിയ സ്‌നോഡനെ കൈമാറണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. അതിനിടെ സ്‌നോഡന്‍ മോസ്‌കോയിലേക്ക് കടന്നു. റഷ്യയുടെ താല്‍ക്കാലിക അഭയത്തിലാണ് ഇപ്പോള്‍ സ്‌നോഡന്‍.
അസാന്‍ജിന്റെ വിമര്‍ശകര്‍ ആഹ്ലാദിക്കുന്നുണ്ടാവും പക്ഷെ ഇത് പത്രസ്വാതന്ത്ര്യത്തിന്റെ ഇരുണ്ട നിമിഷങ്ങളാണ്. സ്‌നോഡന്‍ വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തനത്തിന്റെ പേരില്‍ അസാന്‍ജെയെ വേട്ടയാടുന്ന ബ്രിട്ടീഷ് അമേരിക്കന്‍ നയങ്ങള്‍ക്കെതിരെ ലോകമെങ്ങും കനത്ത പ്രതിഷേധം ഉയരുകതന്നെ വേണം