Monday
24 Jun 2019

കെ എം മാണിക്ക് ആദരാഞ്ജലികള്‍

By: Web Desk | Wednesday 10 April 2019 8:30 AM IST


രനൂറ്റാണ്ടോളം തന്ത്രങ്ങളുടെയും വിവാദങ്ങളുടെയും തോഴനായിരുന്ന കെ എം മാണിയുടെ വേര്‍പാട് കേരള രാഷ്ട്രീയത്തില്‍ വലിയ വിടവ് സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. തന്ത്രജ്ഞനായ രാഷ്ട്രീയക്കാരനെന്നതിനൊപ്പം തന്നെ മികച്ച പാര്‍ലമെന്റേറിയനും നിയമജ്ഞനുമായിരുന്നു അദ്ദേഹം. ചെറിയ പ്രായത്തില്‍ രാഷ്ട്രീയപ്രവേശം നേടുകയും നിയമസഭാ സാമാജികന്‍, മന്ത്രി എന്നിങ്ങനെ നിലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത അദ്ദേഹത്തിന് അതുകൊണ്ടുതന്നെ റെക്കോഡുകള്‍ പലതാണ്.

ഏറ്റവും കൂടുതല്‍ കാലം കേരള നിയമസഭാംഗം, ഏറ്റവും കൂടുതല്‍ മന്ത്രിസഭകളിലെ അംഗം (പത്ത് മന്ത്രിസഭകളിലാണ് അദ്ദേഹം അംഗമായിരുന്നത്), തുടര്‍ച്ചയായി 11 നിയമസഭകളില്‍ അംഗമായ വ്യക്തി, ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി, ഏറ്റവും കൂടുതല്‍ തവണ ഒരേ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധി എന്നിങ്ങനെ അദ്ദേഹത്തിന്റെ റെക്കോഡുകള്‍ പലതാണ്. 1964ല്‍ രൂപീകൃതമായ പാലാ മണ്ഡലത്തില്‍ നിന്നാണ് കെ എം മാണി തുടര്‍ച്ചയായി വിജയിച്ചത്. നിയമസഭയുടെ ചരിത്രത്തില്‍ ബജറ്റ് വായിച്ചവതരിപ്പിക്കാതെ പാസാക്കേണ്ടി വന്ന ചരിത്രവും കെ എം മാണിയുടെ പേരിലാണ് കുറിക്കപ്പെട്ടത്.
ഒട്ടുമിക്ക വകുപ്പുകളും കൈകാര്യം ചെയ്തിട്ടുള്ള മന്ത്രിയും ദീര്‍ഘകാലം നിയമസഭാംഗവുമെന്ന നിലയില്‍ മികച്ച പാര്‍ലമെന്റേറിയനും ഭരണാധികാരിയുമാണെന്ന് അദ്ദേഹത്തെ അടയാളപ്പെടുത്താവുന്നതാണ്. റവന്യു – ധനകാര്യം, നിയമം ഉള്‍പ്പെടെ പല വകുപ്പുകളും അദ്ദേഹം കയ്യാളി. അവിടെയെല്ലാം തന്റേതായ കയ്യൊപ്പു ചാര്‍ത്തുന്ന വിധമുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിനും അദ്ദേഹത്തിനായി.

മാണിസാര്‍, പാലായിലെ മാണിക്യം എന്നിങ്ങനെ അനുയായികളാല്‍ വിളിപ്പേരു വീണ അദ്ദേഹം കമ്മ്യൂണിസ്റ്റ് വര്‍ഗീകരണത്തിന് പകരമായ കര്‍ഷക വര്‍ഗമെന്ന പുതിയ വിഭാഗത്തെയും അതുമായി ബന്ധപ്പെട്ട് കര്‍ഷക വര്‍ഗ സിദ്ധാന്തവും അവതരിപ്പിച്ചു. തന്ത്രങ്ങളും കുതന്ത്രങ്ങളും പയറ്റി രാഷ്ട്രീയനേട്ടങ്ങള്‍ കൈവരിച്ച അദ്ദേഹത്തിന് എതിരാളികളാല്‍ പരിഹാസപ്പേരുകളുമുണ്ടായി. പക്ഷേ അവയെയും നിര്‍മമനായി നേരിട്ട കെ എം മാണി സ്വതസിദ്ധമായ ശൈലികളെ കൈവിടാന്‍ തയ്യാറായില്ല.

വളരുംതോറും പിളരുക, പിളരുംതോറും വളരുകയെന്ന വാചകം പര്യായംപോലെ തന്റെ പാര്‍ട്ടിയുടെ ചരിത്രഗതികളിലുണ്ടായിട്ടും അത് ഒരു സിദ്ധാന്തമെന്നോണംതന്നെ അദ്ദേഹം കൊണ്ടുനടന്നു. പിളരുകയും തളരുകയും വീണ്ടും ഇതൊക്കെ ആവര്‍ത്തിക്കുകയും ചെയ്യുന്ന പാര്‍ട്ടിയായി കേരള കോണ്‍ഗ്രസ് മാറി. അത് കെ എം മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസില്‍ മാത്രം ഒതുങ്ങിയതുമില്ല. ആ പേരിലുള്ള എല്ലാ പാര്‍ട്ടികളുടെയും പ്രവര്‍ത്തന ശൈലിയായി അത് പരിണമിച്ചു. ഇതെല്ലാംകൊണ്ട് അക്കാര്യത്തിലും ഒരു സൈദ്ധാന്തികന്റെ പരിവേഷം തന്നെ ചിലരെങ്കിലും കെ എം മാണിക്കു ചാര്‍ത്തി നല്‍കാറുണ്ട്.
കേരള രാഷ്ട്രീയത്തില്‍ ഇത്രയധികം മന്ത്രിസഭകളില്‍ അംഗമാകുന്നതിന് അദ്ദേഹത്തിനായത് അധികാരത്തിനായുള്ള കൂടുമാറ്റങ്ങളും വിലപേശലുകളും കുതന്ത്രങ്ങളും കൊണ്ടുതന്നെയായിരുന്നു. മുന്നണിയധിഷ്ഠിതമായ കേരള രാഷ്ട്രീയചരിത്രത്തില്‍ കേരളകോണ്‍ഗ്രസ് എപ്പോഴൊക്കെ എവിടെയെല്ലാമാണ് നിലയുറപ്പിച്ചിരുന്നതെന്ന് പരിശോധിച്ചാല്‍ അത് വ്യക്തമാകും. മധ്യകേരളത്തിലെ ചില പോക്കറ്റുകളിലുള്ള തന്റെ അനുയായിവൃന്ദത്തെ ഉപയോഗിച്ചുള്ള ആ രാഷ്ട്രീയ പരീക്ഷണങ്ങളില്‍ പക്ഷേ, പരാജയപ്പെടാതിരിക്കാന്‍ എല്ലായ്‌പോഴും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഏറ്റവും ഒടുവില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചുകഴിഞ്ഞ ശേഷം മുന്നണിയെ കൈവിട്ടതും പിന്നീട് അതേ മുന്നണിയില്‍ ചേക്കേറിയതുെമല്ലാം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. അപ്പോഴൊന്നും കെ എം മാണി കുറ്റാരോപിതനായല്ല തന്ത്രശാലിയായാണ് വിലയിരുത്തപ്പെട്ടത്. അനുയായികളെക്കാള്‍ എതിരാളികളെ സൃഷ്ടിച്ച നേതാവായിരുന്നുവെങ്കിലും കേരളം മുഴുവന്‍ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു കെ എം മാണിയെ.
എല്ലായ്‌പോഴും വിവാദങ്ങളുടെയും തോഴനായിരുന്നു കെ എം മാണി. ഒടുവില്‍ 2015 നവംബറില്‍ അധികാരക്കസേര ഉപേക്ഷിച്ച് ഇറങ്ങേണ്ടിവന്നതും അത്തരം വിവാദത്തിന്റെ ഫലമായിട്ടായിരുന്നു. പിന്നീടുള്ള ആറുമാസക്കാലം മന്ത്രിയല്ലാതെ തന്നെ, വിയോജിപ്പുകളോടെയാണെങ്കിലും അദ്ദേഹം പക്ഷേ മുന്നണിയിലെ ചെറിയ ഒരു കക്ഷിയുടെ നേതാവെന്ന നിലയില്‍ പ്രസ്തുത ഭരണത്തെ പിന്നണിയില്‍ നിന്ന് നയിച്ചു. അതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അസാന്നിധ്യത്തിലും സാന്നിധ്യം രേഖപ്പെടുത്തുന്ന, തന്ത്രങ്ങളെ കുതന്ത്രങ്ങളാക്കുന്ന രാഷ്ട്രീയ ചാണക്യസൂത്രങ്ങളാണ് അദ്ദേഹത്തെയും പാര്‍ട്ടിയേയും കേരള രാഷ്ട്രീയത്തില്‍ നിലനിര്‍ത്തിയത്.

ഇതെല്ലാം കൊണ്ടുതന്നെ കെ എം മാണിയുടെ വിയോഗം സൃഷ്ടിച്ചേക്കാവുന്ന ശൂന്യത വളരെ വലുതായിരിക്കും. ഇത്രമേല്‍ തന്ത്രങ്ങളും വിവാദങ്ങളും കൊണ്ടുനടന്ന അദ്ദേഹത്തിന് സമനായ മറ്റൊരാളെ പ്രാദേശിക രാഷ്ട്രീയത്തില്‍ കണ്ടെത്തുക പ്രയാസമാണെന്നതിനാല്‍ കേരളകോണ്‍ഗ്രസും അതിലെ അംഗങ്ങളും എങ്ങനെ അതിജീവിക്കുമെന്നത് കണ്ടറിയേണ്ട കാര്യമാണ്. കേരള രാഷ്ട്രീയത്തിലെ അതികായനായ കെ എം മാണിക്ക് ആദരാഞ്ജലികള്‍.