Monday
22 Apr 2019

കര്‍ണാടക പരീക്ഷണത്തിന്റെ കാലിക രാഷ്ട്രീയ പ്രസക്തി

By: Web Desk | Wednesday 7 November 2018 10:26 PM IST


ര്‍ണാടക ഉപതെരഞ്ഞെടുപ്പുഫലം മോഡി സര്‍ക്കാരിനെതിരായ വിലയിരുത്തലല്ലെന്ന ബിജെപി നേതൃത്വത്തിന്റെ പ്രതികരണം കൗതുകം ഉണര്‍ത്തുന്നതാണ്. അത് ഫലത്തില്‍ ബിജെപി പാളയത്തിലുണ്ടാക്കിയ ഞെട്ടലും ജാള്യതയും മറച്ചുവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമാണ്. ദക്ഷിണേന്ത്യയിലേക്കുള്ള തങ്ങളുടെ പ്രവേശനകവാടമായി ബിജെപി കരുതിപ്പോന്ന കര്‍ണാടകത്തില്‍ അവരെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ജനതാദള്‍ (എസ്), കോണ്‍ഗ്രസ് കൂട്ടുകെട്ടിന് കഴിഞ്ഞു. എന്നു മാത്രമല്ല, അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ കര്‍ണാടകത്തില്‍ നിന്ന് ഭരണമുന്നണിയെ പരാജയപ്പെടുത്തി ഒരു സീറ്റുപോലും കരസ്ഥമാക്കാന്‍ ബിജെപിക്ക് ആവില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് തെരഞ്ഞെടുപ്പുഫലം നല്‍കുന്നത്. മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്കും രണ്ട് അസംബ്ലി സീറ്റുകളിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുമാത്രമെ ബിജെപിയില്‍ നിന്നും പിടിച്ചെടുക്കാന്‍ ഭരണമുന്നണിക്ക് കഴിഞ്ഞുള്ളു. ബാക്കി നാലിലും നിലവിലുള്ള പാര്‍ട്ടികള്‍ അവരവരുടെ സീറ്റുകള്‍ നിലനിര്‍ത്തി. എന്നാല്‍, വിജയിച്ച സീറ്റുകളിലെ ഭരണമുന്നണിയുടെ ഭൂരിപക്ഷവും ബിജെപി നിലനിര്‍ത്തിയ ഏക സീറ്റിലെ ദയനീയ പ്രകടനവും വരാന്‍പോകുന്ന പൊതു തെരഞ്ഞെടുപ്പില്‍ കര്‍ണാടകം സംഘ്പരിവാറിനായി കാത്തുവച്ചിരിക്കുന്നത് എന്തായിരിക്കുമെന്ന് വരച്ചുകാട്ടാന്‍ മതിയായതാണ്. അത് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ അഞ്ച് സംസ്ഥാനങ്ങളിലും തുടര്‍ന്നുനടക്കുന്ന പൊതുതെരഞ്ഞെടുപ്പിലും പ്രതിഫലിക്കാതിരിക്കില്ല. അതിലുമുപരി ഈ ഫലങ്ങള്‍ ബിജെപി ദുര്‍ഭരണത്തിനെതിരെ രാജ്യത്താകെ ജനാധിപത്യ, മതനിരപേക്ഷ ശക്തികളുടെ ഒരു പൊതുവേദി ഉയര്‍ന്നുവരേണ്ടതിന്റെ ആവശ്യകതയും അടിവരയിടുന്നു. ഏതെങ്കിലും ചില സൂചനകളുടെയോ തെറ്റായ കണക്കുകൂട്ടലുകളുടെയോ അടിസ്ഥാനത്തില്‍ അമിത ആത്മവിശ്വാസം വച്ചുപുലര്‍ത്തുന്നതും അതിരുകടന്ന അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതും ജനങ്ങളാല്‍ വെറുക്കപ്പെട്ട മോഡി ഭരണകൂടത്തിന്റെ അധികാര തുടര്‍ച്ചയെന്ന ദുരന്തത്തിലേക്കായിരിക്കും രാജ്യത്തെ നയിക്കുക എന്നത് ബന്ധപ്പെട്ട എല്ലാവര്‍ക്കും തിരിച്ചറിയാനുള്ള അവസരമാണ് കര്‍ണാടക ഭരണമുന്നണിയുടെ രൂപീകരണവും അതിന്റെ കരുതലോടെയുള്ള തുടര്‍ച്ചയും കാട്ടിത്തരുന്നത്.

കര്‍ണാടകയിലെ ഭരണമുന്നണിയുടെ സംഘടിത ജനശക്തിക്കു മുന്നില്‍ ബിജെപി-സംഘ്പരിവാര്‍ രാഷ്ട്രീയത്തിനും അവരുടെ പിന്തുണയുള്ള പണക്കൊഴുപ്പിനും മാഫിയ സംഘങ്ങളുടെ പേശിബലത്തിനും പിടിച്ചുനില്‍ക്കാനാവില്ലെന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് ബല്ലാരി ലോക്‌സഭാ സീറ്റിലെ കോണ്‍ഗ്രസിന്റെ വിജയം. തങ്ങളുടെ ശക്തികേന്ദ്രമെന്ന് അവര്‍ ഊറ്റംകൊണ്ടിരുന്ന അവിടെ 2,43,161 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വരത്തന്‍ എന്ന് അവര്‍ അധിക്ഷേപിച്ച കോണ്‍ഗ്രസ് പുതുമുഖം വി എസ് ഉഗ്രപ്പ ബിജെപി സ്ഥാനാര്‍ഥിയെ അക്ഷരാര്‍ഥത്തില്‍ നിലംപരിശാക്കിയത്. ബിജെപിയുടെ സംസ്ഥാനത്തെ ഏറ്റവും കരുത്തനായ നേതാവായി കണക്കാക്കപ്പെടുന്ന ബി എസ് യദ്യൂരപ്പ 2014ല്‍ 3,63,305 വോട്ടുകള്‍ക്ക് വിജയിച്ച ശിവമോഗയില്‍ മകന്‍ ബി വൈ രാഘവേന്ദ്രക്ക് അമ്പതിനായിരത്തില്‍ താഴ്ന്ന ഭൂരിപക്ഷംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു എന്നതും സംഘ്പരിവാറിന്റെ പൊതുതെരഞ്ഞെടുപ്പ് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിക്കുന്നു. ഭരണമുന്നണി വിജയിച്ച രണ്ട് അസംബ്ലി സീറ്റുകളിലും ശ്രദ്ധേയമായ പ്രകടനമാണ് കോണ്‍ഗ്രസ്, ജെഡി(എസ്) മുന്നണി കാഴ്ചവച്ചത്. കര്‍ണാടക ലോക്‌സഭയിലേക്ക് തെരഞ്ഞെടുത്തയക്കുന്നത് 28 അംഗങ്ങളെയാണ്. അതെല്ലാം തന്നെ വിജയിക്കാനാകുമെന്ന ആത്മവിശ്വാസമാണ് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ വേറിട്ടുമല്‍സരിച്ച്, സര്‍ക്കാര്‍ രൂപീകരണത്തോടെ മാത്രം മുന്നണിയായി മാറിയ ഇരുപാര്‍ട്ടികളും യോജിച്ചുനിന്നാല്‍ കര്‍ണാടകത്തില്‍ മികവുറ്റ പ്രകടനം കാഴ്ചവയ്ക്കാനാവുമെന്ന് കണക്കുകള്‍ പകല്‍പോലെ വ്യക്തമാക്കുന്നു. കര്‍ണാടകത്തിലെ ഭരണമുന്നണിയുടെ പ്രകടനം രാജ്യത്തെ ജനാധിപത്യ മതനിരപേക്ഷ ശക്തികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നുനല്‍കുമെന്നതില്‍ സംശയമില്ല. ആ മാതൃക രാജ്യത്തിന്റെ ഇതരഭാഗങ്ങളിലേക്കും വിശിഷ്യ യുപിയടക്കം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും പകര്‍ത്തുക എന്നതാണ് യഥാര്‍ഥ വെല്ലുവിളി.

ഇന്ത്യന്‍ ജനാധിപത്യം അഭിമുഖീകരിക്കുന്ന ഏറ്റവും കനത്ത വെല്ലുവിളി തെരഞ്ഞെടുപ്പു സമ്പ്രദായത്തിന്റെ പ്രാകൃതാവസ്ഥയാണ്. ജനങ്ങളുടെ സമ്മതിദാനത്തെ അതിന്റെ അര്‍ഥത്തിലും വ്യാപ്തിയിലും പ്രതിഫലിപ്പിക്കുന്ന തെരഞ്ഞെടുപ്പു രീതിയും ജനപ്രാതിനിധ്യ സംവിധാനവുമല്ല നിലനില്‍ക്കുന്നത്. ന്യൂനപക്ഷ വോട്ടുകള്‍ കരസ്ഥമാക്കുന്ന പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും ഭൂരിപക്ഷം സീറ്റുകളും കയ്യാളാവുന്ന കാലഹരണപ്പെട്ട ഒന്നാണ് അത്. ഗണ്യമായ വോട്ടും ജനപിന്തുണയും തെളിയിക്കുന്ന പാര്‍ട്ടികള്‍ക്കുപോലും പ്രാതിനിധ്യം ഫലത്തില്‍ നിഷേധിക്കപ്പെടുന്ന വിരോധാഭാസമായി അത് പരിണമിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ധ്രുവീകരണവും വോട്ടുകളുടെ ശിഥിലീകരണവും ഉറപ്പുവരുത്തി വോട്ട് ബാങ്ക് രാഷ്ട്രീയത്തിലൂടെ അധികാരം കയ്യാളുകയും അത് നിലനിര്‍ത്തുകയുമാണ് അടിസ്ഥാന രാഷ്ട്രതന്ത്രമെന്ന് വന്നിരിക്കുന്നു. അതിന് അറുതിവരുത്തി ജനാഭിലാഷത്തെ യഥാര്‍ഥത്തില്‍ പ്രതിഫലിപ്പിക്കാന്‍ പര്യാപ്തമായ തെരഞ്ഞെടുപ്പ് പരിഷ്‌കാരം നിലവില്‍ വരുംവരെ ജനാധിപത്യം, മതനിരപേക്ഷത, ഭരണഘടനയുടെ കേന്ദ്രീയത എന്നിവയില്‍ ഊന്നിയുള്ള വിശാല രാഷ്ട്രീയ വേദികളും സഖ്യങ്ങളും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതീവ പ്രസക്തി അര്‍ഹിക്കുന്നു.