Web Desk

January 28, 2021, 5:10 am

കര്‍ഷക പ്രക്ഷോഭത്തിന്റെ‍ അപ്രതിരോധ്യത വിളിച്ചറിയിച്ച പരേഡ്

Janayugom Online

കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരെ രാജ്യത്താകെ വളര്‍ന്നുവന്ന വന്‍ പ്രതിഷേധത്തിന്റെയും കര്‍ഷക രോഷത്തിന്റെയും പ്രകടനമാണ് റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രതലസ്ഥാനവും രാജ്യമാകെയും ദര്‍ശിച്ചത്. കര്‍ഷക സംഘടനകളും ഡല്‍ഹി പൊലീസും തമ്മിലുണ്ടാക്കിയ ധാരണയ്ക്ക് വിരുദ്ധമായി നിശ്ചിത പാതയില്‍ നിന്ന് വ്യതിചലിച്ച് ഒരു വിഭാഗം കര്‍ഷകര്‍ ചുവപ്പുകോട്ടയടക്കം തലസ്ഥാനനഗരത്തിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നടത്തിയ റാലിയും അനിഷ്ട സംഭവങ്ങളും മുഖ്യവിഷയത്തില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ മോഡി ഭരണകൂടവും ഭരണാനുകൂല മാധ്യമങ്ങളും ആയുധമാക്കി.

രണ്ട് മാസങ്ങളായി തലസ്ഥാനത്തിന്റെ അതിര്‍ത്തികളിലും രാജ്യത്തെമ്പാടും കര്‍ഷകസംഘടനകള്‍ തുടര്‍ന്നുവന്ന പ്രക്ഷോഭം മോഡി ഭരണകൂടത്തെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചുലച്ചു. പ്രക്ഷോഭം പ്രതിപക്ഷ പ്രേരിതമാണെന്നും അതിനുപിന്നില്‍ ഖലിസ്ഥാന്‍വാദികളും നഗര നക്സലുകളുമാണെന്നും വരുത്തിത്തീര്‍ക്കാന്‍ ഭരണകൂടം നടത്തിയ എല്ലാ ശ്രമങ്ങളും കര്‍ഷകരുടെ അച്ചടക്കത്തോടുകൂടിയതും സമാധാനപൂര്‍ണവുമായ പ്രക്ഷോഭം പരാജയപ്പെടുത്തി. കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ നിന്നും ഒരിഞ്ച് പിന്നോട്ടുപോകാന്‍ തയ്യാറായില്ലെന്നത് ഭരണവൃത്തങ്ങളുടെ കണക്കുകൂട്ടലുകള്‍ക്ക് അപ്പുറമായിരുന്നു. പ്രക്ഷോഭം ജനപിന്തുണ ആര്‍ജിക്കുകയും വിവിധ സംസ്ഥാന നിയമസഭകള്‍ കരിനിയമങ്ങള്‍ക്ക് എതിരെ പ്രമേയങ്ങള്‍ പാസാക്കുകയും ബദല്‍ നിയമനിര്‍മ്മാണം നടത്തുകയും ചെയ്തത് അവരെ വിറളിപിടിപ്പിച്ചു.

ജനവികാരം മനസിലാക്കുകയും കരിനിയമങ്ങളുടെ ഭരണഘടനാ സാധുത തന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്തതോടെ സുപ്രീംകോടതി പോലും സര്‍ക്കാരിനെ കയ്യൊഴിയാന്‍ നിര്‍ബന്ധിതമായി. പതിനെട്ട് മാസക്കാലത്തേക്ക് നിയമം മരവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായത് പരോക്ഷമായ പരാജയ സമ്മതം തന്നെ ആയിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ പ്രവേശിക്കുമെന്ന കര്‍ഷകരുടെ തീരുമാനം യാതൊരുതരത്തിലും തടയാനാവില്ലെന്നു വന്നതോടെയാണ് ‘കിസാന്‍ ഗണതന്ത്ര പരേഡിനു’ നിബന്ധനകളോടെയെങ്കിലും അനുമതി നല്‍കാന്‍ ഡല്‍ഹി പൊലീസ് നിര്‍ബന്ധിതമായത്.

കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസ് നല്‍കിയ അനുമതി യഥാര്‍ത്ഥത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പരോക്ഷമായ പരാജയ സമ്മതമായിരുന്നു. ഈ പശ്ചാത്തലത്തി­ല്‍ വേണം ഡല്‍ഹിയില്‍ ഐടിഒ‑യിലും ചുവപ്പുകോട്ടയിലും അരങ്ങേറിയ അനിഷ്ട സംഭവങ്ങള്‍ വിലയിരുത്തപ്പെടാന്‍. കര്‍ഷകരും പൊലീസും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം ട്രാക്ടര്‍ റാലി നിയന്ത്രിച്ച് തിരിച്ചുവിടുന്നതില്‍ ഡല്‍ഹി പൊലീസ് ദയനീയമായി പരാജയപ്പെട്ടു. നിശ്ചിതപാത വിട്ടും, നിബന്ധനകള്‍ ലംഘിച്ചും പരേഡ് നീങ്ങിയാല്‍ തങ്ങള്‍ നല്‍കിയ അനുമതി പിന്‍വലിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്കിയിരുന്നു. ഒരു ചെറുവിഭാഗം നിബന്ധനകള്‍ ലംഘിച്ചപ്പോള്‍ അത് തടയാനോ അനുമതി പിന്‍വലിക്കാനോ പൊലീസ് തയ്യാറായില്ല എന്നത് ജനുവരി ആറിന് യുഎസിലെ കാപിറ്റോളില്‍ നടന്ന അതിക്രമത്തോടെ താരതമ്യപ്പെടുത്താനാവൂ. കാപിറ്റോള്‍ പൊലീസിന്റെ ഒത്താശയോടെയാണ് വലതുപക്ഷ അക്രമികള്‍ അതിക്രമം നടത്തിയതെന്നും അതിന് പ്രസിഡന്റ് ട്രംപിന്റെ അനുഗ്രഹാശിസുകള്‍ ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ വ്യക്തമാണ്. സമാനമായ രീതിയില്‍ കേന്ദ്രസര്‍ക്കാരിന്റെയും ഡല്‍ഹി പൊലീസിന്റെ നിയന്ത്രണാധികാരമുള്ള കേന്ദ്ര ആഭ്യന്തര വകുപ്പിന്റെയും ഒത്താശയോടെ നടന്ന നാടകമാണ് ഡല്‍ഹിയില്‍ അരങ്ങേറിയ അനിഷ്ട സംഭവങ്ങള്‍ എന്ന് കരുതേണ്ടിവരും.

ബിജെപിയുടെ പഞ്ചാബിലെ ഗുരുദാസ്‌പൂരില്‍ നിന്നുമുള്ള എം പി സണ്ണി ദിയോളിന്റെ തെരഞ്ഞെടുപ്പുകാലത്തെ സന്തതസഹചാരിയായിരുന്നു ചുവപ്പുകോട്ടയിലെ നാടകങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ദീപ് സിദ്ദു. സണ്ണി ദിയോളിനും പ്രധാനമന്ത്രി നരേന്ദ്രമോഡിക്കു ഒപ്പമുള്ള സിദ്ദുവിന്റെ ചിത്രം ചുവപ്പുകോട്ടയിലെ സംഭവങ്ങളെ തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയുണ്ടായി. സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്തുന്ന ചെങ്കോട്ടയുടെ കൊത്തളത്തില്‍ സിഖ് മത പതാക ഉയര്‍ത്തുന്നതിന് മൂകസാക്ഷികളായി നില്‍ക്കുകയും കുറ്റവാളിയെ രക്ഷപ്പെടാന്‍ അനുവദിക്കുകയും ചെയ്ത ഡല്‍ഹി പൊലീസിന്റെ നടപടി അര്‍ത്ഥവത്താണ്. നിരപരാധികളെ കടന്നാക്രമിക്കുകയും വെടിവച്ചുകൊല്ലാന്‍ പോലും മടിക്കാത്ത ഡല്‍ഹി പൊലീസിന്റെ നിഷ്ക്രിയത്വം അമ്പരിപ്പിക്കുന്നതാണ്. പ്രക്ഷോഭത്തില്‍ ഏര്‍പ്പെ‍ട്ടിരിക്കുന്ന കര്‍ഷക സംഘടനകള്‍ പ്രസ്താവിച്ചവിധം അതിനുപിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ അറിവോടും അനുമതിയോടെയും, ഒരുപക്ഷെ പങ്കാളിത്തത്തോടെയും, നടന്ന വൃത്തികെട്ട ഗൂഢാലോചനയാണ് തുറന്നുകാട്ടപ്പെടുന്നത്.

റിപ്പബ്ലിക് ദിനത്തില്‍ നടന്ന കിസാന്‍ ഗണതന്ത്ര പരേഡ് കര്‍ഷക പ്രക്ഷോഭത്തിലെ നിര്‍ണ്ണായകമായ ഒരു ചുവടുവയ്പാണ്. അതിന്റെ ശോഭ കെടുത്താന്‍ നടന്ന ഗൂഢാലോചന പുറത്തുകൊണ്ടുവരണം. കേന്ദ്രസര്‍ക്കാര്‍ അതിനു തയ്യാറാവുന്നില്ലെങ്കില്‍ സ്വതന്ത്രവും നീതിപൂര്‍വവും സത്യസന്ധവുമായ അന്വേഷണത്തിന് പൗര സംഘടനകള്‍ തന്നെ മുന്നോട്ടുവരണം. കര്‍ഷകസമരത്തെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാരും ദല്ലാള്‍ പ്രകോപകരും നടത്തുന്ന ഏതു ശ്രമത്തെയും തടയാന്‍ കക്ഷി രാഷ്ട്രീയത്തിനും ആശയവെെജാത്യങ്ങള്‍ക്കും അതീതമായി പൗരസമൂഹവും ബഹുജന പ്രസ്ഥാനങ്ങളും സന്നദ്ധമാകണം. കര്‍ഷകപ്രക്ഷോഭം വിജയിക്കേണ്ടത് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ആവശ്യമാണ്. അത് രാജ്യത്തിന്റെയും ജനങ്ങളുടെയും നിലനില്പിന്റെ പ്രശ്നമാണ്.