Saturday
23 Feb 2019

ദ്രവീഡിയന്‍ ആത്മബോധത്തെ ഉയര്‍ത്തിപ്പിടിച്ച കലൈഞ്ജര്‍

By: Web Desk | Tuesday 7 August 2018 10:20 PM IST


മിഴ് രാഷ്ട്രീയത്തിന്‍റെയും സിനിമയുടെയും തമിഴ്‌നാട്ടിലെ ദ്രവീഡിയന്‍ ആത്മബോധത്തിന്‍റെയും പര്യയായമായിരുന്നു ഇന്ന് അന്തരിച്ച എം കരുണാനിധി. മുത്തുവേല്‍ കരുണാനിധിയെന്നായിരുന്നു മുഴുവന്‍ പേരെങ്കിലും കലൈഞ്ജര്‍ എന്ന വിളിപ്പേരിലാണ് അദ്ദേഹം പ്രശസ്തനായത്. കലൈഞ്ജര്‍ എന്ന വാക്കിന്‍റെ അര്‍ഥം കലാകാരന്‍ എന്നായിരുന്നു. സിനിമയിലും രാഷ്ട്രീയത്തിലും ദ്രവീഡിയന്‍ ബോധതലത്തിലും തന്‍റെ പ്രാവീണ്യം തെളിയിച്ചുവെന്നതാണ് കരുണാനിധിയെ വ്യതിരിക്തനാക്കുന്നത്. രാഷ്ട്രീയത്തെയും കലയേയും സാഹിത്യത്തേയും സമഞ്ജസമായി കൊണ്ടു നടക്കാന്‍ അദ്ദേഹത്തിനായി. നാടകത്തിലും കവിതയിലും സാഹിത്യത്തിലും തല്‍പരനായൊരു വിദ്യാര്‍ഥിയായിരുന്നു ബാല്യ – കൗമാര പ്രായത്തിലെ കരുണാനിധി. സ്‌കൂള്‍ പഠന കാലത്ത് അതുകൊണ്ടുതന്നെ സ്റ്റുഡന്റ്‌സ് ക്ലബ്ബുകളിലേയും കലാപരിപാടികളിലേയും സ്ഥിര സാന്നിധ്യമായിരുന്നു അദ്ദേഹം. അതേകാലത്താണ് തന്‍റെ പതിനാലാം വയസില്‍ ജസ്റ്റിസ് പാര്‍ട്ടി നേതാവായിരുന്ന അഴഗിരിസാമിയുടെ പ്രസംഗത്തില്‍ ആകൃഷ്ടനാവുകയും ആവേശം കൊള്ളുകയും ചെയ്ത ആ കൗമാരക്കാരന്‍ പൊതുരംഗത്തേയ്ക്കുമെത്തുന്നത്.

വിദ്യാര്‍ഥിയായിരിക്കേ തന്നെ പൊതുപ്രവര്‍ത്തനരംഗത്തെത്തി യുവാക്കളായ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിദ്യാര്‍ഥി ക്ലബ്ബുകള്‍ രൂപീകരിച്ച് അതിന്‍റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ കരുണാനിധി, പിന്നീട് ദ്രാവിഡ മുന്നേറ്റത്തിന്‍റെ ഭാഗമായി സംസ്ഥാനാടിസ്ഥാനത്തില്‍ രൂപം കൊണ്ട ആള്‍ സ്റ്റുഡന്റ്‌സ് ക്ലബ്ബിന്‍റെ പ്രവര്‍ത്തകനായി മാറി. കൗമാര കാലത്തു തന്നെ പൊതുപ്രവര്‍ത്തനത്തിന് എത്തിയെങ്കിലും യഥാര്‍ഥത്തില്‍ ഉത്തരേന്ത്യന്‍ അധിനിവേശത്തെ എതിര്‍ത്തിരുന്ന തമിഴ്ജനതയുടെ വികാരത്തോടൊപ്പം നിന്നാണ് കരുണാനിധിയുടെ ആദ്യ സമരപ്രവേശമുണ്ടാകുന്നത്. ഡാല്‍മിയയുടെ സിമന്റ് ഫാക്ടറി സ്ഥാപിക്കപ്പെടുന്നതോടെ കല്ലുകുഡിയെന്നും കല്ലഗുഡിയെന്നും അറിയപ്പെട്ടിരുന്ന പ്രദേശത്തിന്‍റെ പേരുമാറ്റാനുള്ള ശ്രമത്തിനെതിരായിരുന്നു കല്ലുകുഡി പ്രക്ഷോഭമെന്നറിയപ്പെട്ടിരുന്ന പ്രസ്തുത സമരം നടന്നത്. ഡാല്‍മിയാപുരം എന്ന് പേരു മാറ്റാനായിരുന്നു നീക്കം. റയില്‍വേ സ്റ്റേഷന്‍റെ പേരു മാറ്റിയതിന് മുകളില്‍ കടലാസ് പതിച്ച് മറയ്ക്കുന്നതുള്‍പ്പെടെയുള്ള പ്രക്ഷോഭം സ്വതസിദ്ധമായ തമിഴ് രീതിയില്‍ സംഘര്‍ഷാത്മകമാവുകയും രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഈ പ്രക്ഷോഭത്തില്‍ പങ്കെടുത്ത കരുണാനിധിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയുണ്ടായി. ഇതോടെയാണ് ദ്രവീഡിയന്‍ മുന്നേറ്റത്തെ വ്യത്യസ്തമായ രീതിയില്‍ നയിച്ച മറ്റൊരു തമിഴ് നേതാവിന്റെ പിറവി. ഡിഎംകെ എന്ന പാര്‍ട്ടിയുടെ പ്രസിഡന്റായി പത്തുതവണ തെരഞ്ഞെടുക്കപ്പെട്ട കരുണാനിധി 1969 നും 2011 നുമിടയില്‍ അഞ്ചു തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചു.
രാഷ്ട്രീയത്തിന്റെ തിരക്കുകള്‍ക്കിടയിലും സിനിമയില്‍ തിരക്കഥാ രംഗത്തും സാഹിത്യരംഗത്തും അദ്ദേഹം തന്റെ കഴിവുകള്‍ അടയാളപ്പെടുത്തിക്കൊണ്ടിരുന്നു. നിരവധി തിരക്കഥകളാണ് ആ തൂലികയില്‍ നിന്ന് പിറന്നുവീണത്. കവിതകളും ലേഖനങ്ങളും നാടകങ്ങളും മറ്റുമായി നൂറിലധികം പുസ്തകങ്ങളും അദ്ദേഹത്തില്‍ നിന്ന് തമിഴ് സാഹിത്യത്തിന് ലഭിച്ചു. സിനിമയില്‍ ഉറ്റ തോഴനായിരുന്ന എം ജി രാമചന്ദ്രനുമായി ചേര്‍ന്ന് അദ്ദേഹം നിരവധി സിനിമകള്‍ ചെയ്തു. എന്നാല്‍ പിന്നീട് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുമായി കരുണാനിധിയുടെ കടുത്ത എതിരാളിയായി എംജി ആര്‍ മാറുന്നതിനും തമിഴക രാഷ്ട്രീയവും സിനിമയും സാക്ഷിയായി.

തെന്നിന്ത്യയിലെ ഒരു സംസ്ഥാനരാഷ്ട്രീയത്തെ ദേശീയ രാഷ്ട്രീയത്തിന്റെ നിര്‍ണായക പങ്കാളിയാക്കുന്നതിന് പലവട്ടം കരുണാനിധിക്കു സാധിച്ചിട്ടുണ്ട്. അങ്ങനെ ദേശീയ അധികാരത്തിന്റെ പങ്കുപറ്റുമ്പോഴും എതിര്‍ക്കേണ്ട തീരുമാനങ്ങളോടും നിലപാടുകളോടും വിട്ടുവീഴ്ച ചെയ്തതുമില്ല. എന്നുമാത്രമല്ല അവയെ ചോദ്യം ചെയ്ത് പുറത്തിറങ്ങാനും അദ്ദേഹത്തിലെ രാഷ്ട്രീയ നേതാവ് മടികാട്ടിയില്ല. സ്വന്തം സംസ്ഥാനത്തിന്റെയും ഭാഷയുടെയും ജനങ്ങളുടെയും താല്‍പര്യങ്ങളും അഭിമാനബോധവും ചോദ്യം ചെയ്‌പ്പെടുമ്പോഴെല്ലാം അദ്ദേഹത്തിലെ കര്‍ക്കശക്കാരനായ നേതാവിനെയാണ് നമുക്ക് കാണാനായിരുന്നത്.
ദ്രവീഡിയന്‍ ആത്മബോധത്തെ അതിവൈകാരികമായ തലത്തിലേക്ക് നയിക്കുന്നതില്‍ അവിടത്തെ രാഷ്ട്രീയത്തിന് വലിയ പങ്കുണ്ട്. അത് പലപ്പോഴും ഉത്തരേന്ത്യന്‍ വിരുദ്ധതയായും ഹിന്ദി വിരോധമായും പരിണമിച്ചിട്ടുമുണ്ട്. ആ നിലയില്‍ ഡിഎംകെയെ പതിറ്റാണ്ടുകളോളം നയിച്ച നേതാവായിരുന്നു കരുണാനിധി. അതോടൊപ്പം തന്‍റെ രാഷ്ട്രീയ പാര്‍ട്ടിയെ കുടുംബവൃത്തത്തിനകത്ത് കെട്ടിയിടാന്‍ ശ്രമിച്ചതും അതിനു വേണ്ടി അധികാരസ്ഥാനങ്ങളെ ഉപയോഗപ്പെടുത്തിയതും ചരിത്രത്തിലെ വൈരുദ്ധ്യമാകാം.

സ്വത്വബോധത്തെ കുറിച്ച് പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുകയും പ്രാദേശികവും ആത്മബോധപരവുമായ ചിന്തകള്‍ക്ക് ശക്തി കൂടുകയും ചെയ്യുമ്പോള്‍ രാഷ്ട്രീയക്കാരന്‍, തിരക്കഥാ കൃത്ത്, സാഹിത്യകാരന്‍ എന്നതിനെല്ലാമൊപ്പം ദ്രവീഡിയന്‍ ആത്മബോധത്തെയും തമിഴ് ഭാഷയുടെ മേന്മകളെയും കൊണ്ടാടിയ വ്യക്തിയായിട്ടുകൂടി കരുണാനിധിയെ ചരിത്രം അടയാളപ്പെടുത്തുമെന്നതില്‍ സംശയമില്ല.