March 21, 2023 Tuesday

കശ്മീർ: എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കണം

Janayugom Webdesk
March 14, 2020 5:00 am

ബിജെപി സർക്കാരിന്റെ ജനാധിപത്യവിരുദ്ധവും ഭരണഘടനാ തത്വങ്ങൾ ലംഘിക്കുന്നതുമായ മറ്റൊരു നടപടിയായിരുന്നു കശ്മീരിനുള്ള പ്രത്യേകാവകാശങ്ങൾ എടുത്തുകളഞ്ഞ തീരുമാനം. മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നതും പൗരാവകാശങ്ങൾ അനുവദിക്കാത്തതുമായ ഒട്ടേറെ നടപടികൾ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിന് ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കുന്ന തീരുമാനം വരുന്നതിന്റെ തലേന്ന് രാത്രി മുതൽ തന്നെ നിരവധി രാഷ്ട്രീയ — സാമൂഹ്യ — മനുഷ്യാവകാശ സംഘടനാ നേതാക്കളെയും പ്രവർത്തകരെയും തടവിലാക്കിയാണ് തുടങ്ങിയത്. ഫറൂഖ് അബ്ദുള്ള, മെഹബൂബ മുഫ്തി, ഒമർ അബ്ദുള്ള എന്നീ മുൻ മുഖ്യമന്ത്രിമാരും ബിജെപി ഇതര ജനപ്രതിനിധികളും നേതാക്കളും പ്രവർത്തകരുമെല്ലാം അക്കൂട്ടത്തിൽപ്പെടുന്നു. 5161 പേരെയാണ് സംസ്ഥാനത്ത് ആകെ തടങ്കലിലോ വീട്ടുതടവിലോ ആക്കിയത്. പ്രത്യേക പദവി എടുത്തുകളയുകയും ജമ്മു കശ്മീരിനെ വിഭജിക്കുകയും ചെയ്തതിനെതിരെ വലിയ പ്രതിഷേധങ്ങളൊന്നും തന്നെ കശ്മീരിലുണ്ടായില്ലെന്നായിരുന്നു എല്ലായ്‌പോഴും കേന്ദ്രസർക്കാർ ആവർത്തിച്ചുകൊണ്ടിരുന്നത്. എന്നാൽ ഡിസംബർ മൂന്നിന് ലോക്‌സഭയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്ഡി നൽകിയ മറുപടിയനുസരിച്ച് അറസ്റ്റ് ചെ­യ്തവരിലെ ഭൂരിപക്ഷവും പ്രതിഷേധത്തിൽ പങ്കെടുത്തവരും കല്ലേറ് നടത്തിയവരുമാണ്. അ­തിനർത്ഥം സമാധാനപരമായിരുന്നു കശ്മീരിന്റെ പരിവർത്തനം എന്ന കേ­ന്ദ്രവാദം പൊള്ളയായിരുന്നുവെന്നാണ്. പ്ര­മു­ഖ നേതാക്കളുൾപ്പെടെ പലരോടും ഭീകരവാദികൾ, ആഗോള കുറ്റവാളികൾ എന്നിവരോടെന്ന പോലെയാണ് പെരുമാറിയതെന്ന ആ­രോപണം കോ­ടതികളിൽ പോലും എത്തിയിരുന്നു. കുറേ പേരെ വിട്ടയച്ചുവെങ്കിലും അഞ്ഞൂറിലേറെപ്പേർ ഇ­പ്പോഴും കശ്മീരിൽ തടവിലാണ്.

അക്കൂട്ടത്തിൽ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയും രാജ്യസഭാംഗവുമായ ഫറൂഖ് അബ്ദുള്ളയുടെ വീട്ടുതടങ്കൽ പിൻവലിച്ചുകൊണ്ട് ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. ആദ്യ ദിവസം തന്നെ തടവിലാക്കപ്പെട്ട ഫറൂഖ് അബ്ദുള്ളയുടെ മേൽ സെപ്റ്റംബറിൽ 1978 ലെ പൊതു സുരക്ഷാനിയമം ചുമത്തുകയും തടങ്കൽ നീട്ടിക്കൊണ്ടുപോകുകയുമായിരുന്നു. വിചാരണകൂടാതെ ഒരാളെ ആറുമാസം വരെ തടവിൽ പാർപ്പിക്കാൻ വ്യവസ്ഥയുള്ളതാണ് പൊതുസുരക്ഷാനിയമം. ഓഗസ്റ്റിൽ തടവിലാക്കപ്പെട്ട ഫറൂഖ് അബ്ദുള്ള ഉൾപ്പെടെയുള്ള ചില നേതാക്കളുടെ പേരിൽ സെപ്റ്റംബർ 15 നാണ് പൊതുസുരക്ഷാ നിയമം അനുസരിച്ചുള്ള കുറ്റം ചുമത്തി തടവ് മൂന്ന് മാസത്തേയ്ക്ക് ദീർഘിപ്പിക്കുന്നത്. പിന്നീട് ഡിസംബർ 13 ന് തടവ് മൂന്നുമാസത്തേയ്ക്കകൂടി ദീർഘിപ്പിച്ചു. പ്രസ്തുത മൂന്നുമാസം പൂർത്തിയായ ശേഷം വീണ്ടും തടവ് നീട്ടിയ ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറപ്പെടുവിച്ചത്. എന്തായാലും ഫറൂഖ് അബ്ദുള്ളയെ വിട്ടയക്കാൻ തീരുമാനിച്ചിരിക്കുന്നു.

കഴിഞ്ഞ ദിവസമാണ് സിപിഐ ഉൾപ്പെടെയുള്ള ഇടതുപാർട്ടികളുടെയും മറ്റ് പ്രമുഖ രാഷ്ട്രീയപാർട്ടികളുടെയും നേതാക്കൾ ജമ്മു കശ്മീരിലെ മുഴുവൻ രാഷ്ട്രീയ നേതാക്കളെയും വിട്ടയക്കണമെന്ന് സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നത്. മൂന്ന് മുൻ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, മെഹബൂബ മുഫ്തി, ഒമർ അബ്ദുള്ള എന്നിവരെ സംബന്ധിച്ച് പൊതുസുരക്ഷാ നിയമം ചുമത്തി തടവിൽ വയ്ക്കേണ്ടുന്ന തരത്തിലുള്ള പൂർവ്വ ചരിത്രങ്ങളൊന്നുമില്ല. എന്നിട്ടും ഒരു നിയമത്തിന്റെയും പിൻബലമില്ലാതെ തടവിൽ പാർപ്പിക്കുകയാണ്. യഥാർത്ഥത്തിൽ ഈ ത‍ടവിൽ പാർപ്പിക്കലിലൂടെ മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും അനുവദിക്കാതെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുക മാത്രമല്ല ബിജെപി ചെയ്യുന്നത്. ഇവരുടെ അറസ്റ്റിലൂടെ സ്വയംബോധ്യപ്പെടുത്താനാകാത്ത വഞ്ചന കൂടിയാണ് ബിജെപി കാട്ടിയത്. കാരണം ഈ മൂന്നുപേരെയും കൂടെച്ചേർത്ത് ബിജെപി കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണം നടത്തിയിട്ടുണ്ട്. താൽക്കാലിക ലാഭത്തിനുവേണ്ടി ആരുമായും കൂട്ടുകൂടുകയും തള്ളിപ്പറയുകയും ചെയ്യുന്ന വൃത്തികെട്ട കളികളാണ് ഇക്കാര്യത്തിൽ ബിജെപിയിൽ നിന്നുണ്ടായത്. ‍കശ്മീരിനെ സംബന്ധിച്ച ബിജെപി സർക്കാരിന്റെ എല്ലാ നിലപാടുകളും നടപടികളും ജനാധിപത്യ മാനദണ്ഡങ്ങൾ, മൗലികാവകാശങ്ങൾ, പൗരസ്വാതന്ത്ര്യങ്ങൾ എന്നിവയ്‌ക്കെതിരായ കടന്നാക്രമണങ്ങളാണ്. വിയോജിപ്പുകൾ ആവശ്യമെങ്കിൽ വിലങ്ങുവച്ചും തടങ്കലിൽ പാർപ്പിച്ചും തടയുമെന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ നൽകപ്പെട്ടത്.

ജമ്മു കശ്മീരിലെ സ്ഥിതി പൂർണമായും സാധാരണമാണെന്ന പ്രധാനമന്ത്രി മോഡിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ആവർത്തിച്ചുള്ള പ്രസ്താവനകൾ പെരുംനുണകളാണെന്നാണ് ഇതെല്ലാം തുറന്നുകാട്ടുന്നത്. ഈ സാഹചര്യങ്ങളിൽ, പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഭരണഘടനയുടെ പവിത്രത ഉറപ്പുവരുത്തുന്നതിനും എല്ലാ പൗരന്മാരെയും വിട്ടയക്കേണ്ടതുണ്ട്. ഫറൂഖ് അബ്ദുള്ളയ്ക്കൊപ്പം മറ്റു മുൻമുഖ്യമന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ, സാമൂഹ്യ — മനുഷ്യാവകാശ പ്രവർത്തകർ എന്നിവരെയെല്ലാം ഉടൻ വിട്ടയക്കുന്നതിനുള്ള വിവേകപൂർണ്ണമായ നടപടികൾ കേന്ദ്രസർക്കാരിൽ നിന്നുണ്ടാകണം. നമ്മുടെ ജനാധിപത്യ പ്രക്രിയയുടെ അവിഭാജ്യ ഘടകമായി കശ്മീരി സഹോദരങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും പൂർണമായും സംരക്ഷിക്കപ്പെടുന്നതിനുള്ള തീരുമാനങ്ങളും അടിയന്തരമായും സ്വീകരിക്കപ്പെടണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.