കശ്മീർ: പൈൻമരങ്ങളിലെ തീക്കാറ്റ്

Web Desk
Posted on August 03, 2020, 5:00 am

പൈൻ മരങ്ങളും ചിനാർ മരങ്ങളും ദാൽ തടാകവും കശ്മീരിന്റെ പര്യായമാണ്. കശ്മീരിലെ മഞ്ഞുമലകളും ആപ്പിൾ തോട്ടങ്ങളും ലോകത്തിന്റെ ആകർഷണ കേന്ദ്രങ്ങളുമാണ്. കശ്മീരില്ലാതാകുന്നത് രാജ്യത്തിന്റെ മസ്തിഷ്കം നഷ്ടമാകുന്നതുപോലെയാണെന്ന് മുൻഗാമികൾ പറഞ്ഞുവച്ചിട്ടുമുണ്ട്. ഇങ്ങനെയെല്ലാം ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര താഴ്‌വരയാക്കിയ കശ്മീരിനെ ആ അർത്ഥത്തിൽ നഷ്ടമായിട്ട് ഒരു വർഷമാകുന്നു. മോഡിസർക്കാരിന്റെ രണ്ടാം വരവിന്റെ ആദ്യ ആഘോഷം അധികാരത്തിലേറിയതിന്റെ മൂന്നാം മാസത്തെ ആദ്യദിനങ്ങളിൽ, കൃത്യമായിപറഞ്ഞാൽ 2019 ഓഗസ്റ്റ് അഞ്ചിന് കശ്മീരിനെ വരിഞ്ഞുകെട്ടിയിട്ടുകൊണ്ടായിരുന്നു.

ഇപ്പോഴും ചുരുട്ടിക്കെട്ടിയ, അടച്ചുപൂട്ടിയ അവസ്ഥയിൽ നിന്ന് കശ്മീർ പുറത്തു കടന്നിട്ടില്ല. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ് ആ ഭൂപ്രദേശത്തെ ഛിന്നഭിന്നമാക്കി ഒരു വർഷമാകുന്നതിന്റെ കണക്കെടുപ്പുകൾ വന്നു നിറഞ്ഞു തുടങ്ങിയിട്ടുണ്ട്. കോവിഡിന്റെ പേരിലുള്ള രാജ്യവ്യാപക ലോക്ഡൗൺ എന്ന പ്രഖ്യാപനം കേൾക്കുന്നതിന് എട്ടുമാസങ്ങൾക്ക് മുമ്പ് കശ്മീരിലെ 1.36 കോടി ജനങ്ങൾ അടച്ചുപൂട്ടിയ അവസ്ഥയിലായി. കോവിഡ് ലോക്ഡൗണിൽ ഇതര പ്രദേശങ്ങളിലെ ജനങ്ങൾക്ക് ലഭ്യമായിരുന്ന ഇന്റര്‍നെറ്റ് പോലും ഇല്ലാതെയായിരുന്നു കശ്മീരിന്റെ പൂട്ടിക്കെട്ടൽ. ഇപ്പോഴും ആ അവസ്ഥയ്ക്ക് മാറ്റമുണ്ടായിട്ടില്ല.

ജമ്മു കശ്മീരിന് പ്രത്യേകപദവി അനുവദിച്ചിരുന്ന ഭരണഘടനാ അനുച്ഛേദങ്ങളായ 370, 35 എ എന്നിവ റദ്ദാക്കിയതിലൂടെ ഗുരുതരമായ സാമൂഹ്യ സാമ്പത്തിക പ്രത്യാഘാതങ്ങളാണ് അനുഭവിക്കുന്നത്. തദ്ദേശവാസികൾക്ക് സ്വത്ത് ഉൾപ്പെടെയുള്ള പരിരക്ഷ അനുവദിച്ചിരുന്ന 35 എ വകുപ്പ് റദ്ദാക്കിയതിലൂടെ കോർപ്പറേറ്റുകൾ ഉൾപ്പെടെയുള്ള ഭൂമി മാഫിയ വിനോദ സഞ്ചാര പ്രാധാന്യം മനസിലാക്കി വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടുന്നത് സാമൂഹ്യ, പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഭരണഘടനാ പദവികൾ റദ്ദാക്കുന്നതിലൂടെ വികസനത്തിന്റെ കുത്തൊഴുക്കുണ്ടാകുമെന്നായിരുന്നു കേന്ദ്ര ബിജെപി സർക്കാരിന്റെ വിശദീകരണം.

എന്നാൽ ഒരു വർഷമായി അടഞ്ഞുകിടക്കുന്ന കശ്മീരിന്റെ സാമൂഹ്യജീവിതം മാത്രമല്ല സമ്പദ്ഘടനയാകെ കുത്തഴിഞ്ഞും തകർന്നും കിടക്കുകയാണ് ഇപ്പോഴും. കശ്മീരിന്റെ പ്രധാന വരുമാനമാർഗങ്ങളെല്ലാം അടഞ്ഞു. രാജ്യത്തെ ആപ്പിൾ ഉല്പാദനത്തിന്റെ 70 ശതമാനത്തിലധികവും നടക്കുന്നത് കശ്മീർ താഴ്‌വരയിലാണ്. 8,000 കോടി രൂപയുടെ പ്രതിവർഷ വിപണനമാണ് ഇതുവഴി സംസ്ഥാനത്ത് നടന്നിരുന്നത്. കൃഷിക്കാരുൾപ്പെടെ 33 ലക്ഷം പേർ ആപ്പിൾ മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്നവരാണ്. ആപ്പിൾ വിളവെടുപ്പ് നടക്കാതെപോയതിനെ തുടർന്ന് വിവിധ കണക്കുകൾ പ്രകാരം 700 മുതൽ 1000 കോടി രൂപയുടെ നഷ്ടമാണ് കഴിഞ്ഞ വർഷത്തെ വിളവെടുപ്പ് കാലത്തുണ്ടായത്.

ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയാണ് വിളവെടുപ്പ്കാലം. ഈ വർഷത്തെ വിളവെടുപ്പ് ആരംഭിക്കാറായിരിക്കുന്നു. ഇത്തവണയും സ്ഥിതി വ്യത്യസ്തമാകില്ലെന്നാണ് തോട്ടമുടമകളും വ്യാപാരികളും കരുതുന്നത്. കശ്മീരിന്റെ മറ്റൊരു പ്രധാന വരുമാനമാർഗമാണ് വിനോദ സഞ്ചാരമേഖല. ഇതിന്റെ നഷ്ടക്കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ വർഷം 9,100 കോടി രൂപയുടെ നഷ്ടമാണ് വിലയിരുത്തപ്പെടുന്നത്. 1.4 ലക്ഷം പേർക്ക് ഈ മേഖലയിൽ തൊഴിൽ നഷ്ടമുണ്ടായി. പരമ്പരാഗത, വ്യവസായ മേഖലയിലുണ്ടായ നഷ്ടം കൂടി ചേരുമ്പോൾ ഇത്രമേൽ തകർന്നൊരു കാലം വിഭജനത്തിന്റെ ഘട്ടത്തിൽ പോലും ഉണ്ടായിട്ടുണ്ടാവില്ലെന്നാണ് മുതിർന്നവർ പറയുന്നത്. എന്നിട്ടും അവർ കശ്മീരിന്റെ വികസനമായിരുന്നു ലക്ഷ്യമെന്നാണ് പറഞ്ഞുകൊണ്ടേയിരിക്കുന്നത്.

ഇതിന് പുറമേയാണ് മനുഷ്യാവകാശ ലംഘനങ്ങളുടെയും കരിനിയമങ്ങൾ ഉപയോഗിച്ചുള്ള അടിച്ചമർത്തലുകളുടെയും ദുരിതങ്ങൾ. നേരത്തേ വിന്യസിച്ചിരുന്നവർക്കൊപ്പം 38,000 അധിക സേനയെയാണ് കശ്മീരിലേയ്ക്ക് കേന്ദ്ര സർക്കാർ പറഞ്ഞയച്ചത്. ഇവരും ഗവർണറുടെ നേതൃത്വത്തിലുള്ള ഭരണ സംവിധാനങ്ങളും ചേർന്ന് ജനങ്ങളെയാകെ വരിഞ്ഞുകെട്ടി. നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (യുഎപിഎ), പൊതുസുരക്ഷാ നിയമം (പിഎസ്എ) എന്നിവ കശ്മീരിന്റെ ജീവിതത്തെ ചങ്ങലയ്ക്കിടുന്നതിനുള്ള ഉപകരണങ്ങളാക്കി മാറ്റി. നിയമലംഘകർ, കല്ലേറു നടത്തിയവർ എന്നിവർക്കൊപ്പം ബിജെപി വിരുദ്ധ രാഷ്ട്രീയ പാർട്ടികളിലെയും സാമൂഹ്യപ്രസ്ഥാനങ്ങളിലെയും നേതാക്കൾ അടക്കം 6605 പേരെയാണ് തടവിലാക്കിയത്. 144 കുട്ടികളെയും തടവിലാക്കി. നേതാക്കളിൽ പലരേയും ഇപ്പോഴും വിട്ടയച്ചിട്ടില്ല.

നാനൂറിലധികം പേർ ഇപ്പോഴും വീട്ടുതടങ്കലിലോ ജയിലിലോ കഴിയുകയാണ്. സ്കൂളുകളും കോളജുകളും മാസങ്ങൾ അടഞ്ഞുകിടന്നതു വഴി ഒരു തലമുറയുടെ വിദ്യാഭ്യാസം അലങ്കോലമായി. ഇന്റർനെറ്റ് സംവിധാനങ്ങൾ പൂർണമായും നിരോധിച്ചുകൊണ്ട് വാർത്താ വിതരണ സംവിധാനങ്ങളാകെ അന്യമാക്കി. അവിടത്തെ ജനങ്ങൾക്കു മാത്രമല്ല, അവിടെയുള്ളവരെക്കുറിച്ചറിയാനുള്ള മറ്റുള്ളവരുടെ അവസരവും തടഞ്ഞു. ഇത് കേവലം വാർത്താ വിനിമയത്തിന്റെ തലത്തിൽ മാത്രമല്ല ബാധിച്ചത്. വ്യാപാര — വ്യവസായ മേഖലയിലും പ്രത്യാഘാതങ്ങളുണ്ടാക്കി. കശ്മീരിനെ വെട്ടിമുറിച്ചാണ് സമാധാനമുണ്ടാക്കിയതെന്ന് അവർ അവകാശപ്പെടുന്നു.

മനുഷ്യരെ ജീവിക്കാനനുവദിക്കാതെ അവർ വികസനത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടേയിരിക്കുന്നു. ഒന്നുമറിയാൻ അവസരം നല്കാതെ അവിടെ നന്മകൾ പൂക്കുന്നുവെന്ന് അവർ കൊട്ടിഘോഷിക്കുന്നു. ചുവന്ന ആപ്പിളിന് പകരം കർഷകരുടെ ചുവന്ന കണ്ണീരാണ് ഒഴുകുന്നത്. ഭീകരരുടെ വെടിയുണ്ടകൾ കുറഞ്ഞെന്ന് അവർ പറയുന്നുണ്ട്, പക്ഷേ പൈൻ മരങ്ങൾക്ക് അവിടെ തീപിടിക്കുകയാണ്. കശ്മീരിന്റെ മഹത്വത്തെകുറിച്ച്, നന്മകളെ കുറിച്ച് ഇനി കഥകളും കവിതകളുമുണ്ടായെന്നിരിക്കില്ല. കശ്മീരിലെ സുന്ദരികളെക്കുറിച്ച് മനോഹരമായ പ്രണയഗാനങ്ങളും. കശ്മീർ വംശവിദ്വേഷത്തിന്റെ ഇരയായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഒരുവർഷത്തിന്റെ ബാക്കിപത്രമിതാണ്.