Thursday 5, August 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

June 05, 2021, 4:00 am

പ്രതീക്ഷയും ആത്മവിശ്വാസവും ആശ്വാസവും പകരുന്ന പുതുക്കിയ ബജറ്റ്

Janayugom Online

ലോകത്ത് മറ്റെല്ലായിടത്തും എന്നതുപോലെ കേരളത്തിലെയും ജനജീവിതത്തെ കടുത്ത പ്രതിസന്ധിയിലും ദുരിതത്തിലുമാക്കിയ ആരോഗ്യ അടിയന്തരാവസ്ഥയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. കോവിഡ് 19 മഹാമാരിയുടെ അതിരൂക്ഷമായ രണ്ടാം തരംഗത്തെ അതിജീവിക്കുകയും മൂന്നാം തരംഗത്തെ തടയുകയോ അതിന്റെ ആഘാതം പരമാവധി ലഘൂകരിക്കുകയോ എന്നതാണ് സംസ്ഥാന ഭരണകൂടം നേരിടുന്ന വെല്ലുവിളി. ആ വെല്ലുവിളി ഏറ്റെടുക്കാന്‍ ഭരണസംവിധാനത്തെയും സമൂഹത്തെയും ആകെ സജ്ജമാക്കുക എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ 2021–22 ലേക്കുള്ള പുതുക്കിയ ബജറ്റിന്റെ ദൗത്യം. ‘എല്ലാത്തിനും മുമ്പെ ആരോഗ്യം’ അഥവാ ‘ഒന്നാമത് ആരോഗ്യം’ എന്ന ഉറച്ച നിലപാടാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പുതുക്കിയ ബജറ്റില്‍ അവലംബിച്ചിരിക്കുന്നത്. ഈ വര്‍ഷാരംഭത്തില്‍ തന്റെ മുന്‍ഗാമി അവതരിപ്പിച്ച സമഗ്ര ബജറ്റില്‍ മുന്‍കൂട്ടിക്കാണാന്‍ കഴിയാതിരുന്ന കോവിഡ് 19 രണ്ടാം തരംഗത്തിന്റെ വരവും മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്കകളുമാണ് പുതുക്കിയ ബജറ്റ് അനിവാര്യമാക്കിയത്. അങ്ങേയറ്റം പ്രതികൂലമായ ആരോഗ്യ പ്രതിസന്ധിയെയും സാമ്പത്തിക വെല്ലുവിളികളെയും മുറിച്ചുകടക്കാനുള്ള ധീരവും ഭാവനാപൂര്‍ണവുമായ ചുവടുവയ്പായി അതിനെ കാണണം.

ഭരണനിര്‍വഹണത്തിന്റെയും ജനജീവിതത്തിന്റെയും ഏതാണ്ട് എല്ലാ മേഖലകളെയും പരാമര്‍ശിക്കുന്ന പുതുക്കിയ ബജറ്റ് മഹാമാരിയെ പ്രതിരോധിക്കുന്നതിലും പ്രകൃതിയുടെ കനത്ത ആഘാതങ്ങള്‍ക്ക് നിരന്തരം ഇരയായിക്കൊണ്ടിരിക്കുന്ന തീരദേശത്തെ സംരക്ഷിക്കുന്നതിലും തൊഴിലും വരുമാനവും അതുവഴി പൊതുസാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്തുന്നതിലും ഊന്നല്‍ നല്കിയിരിക്കുന്നു എന്നത് തികച്ചും സ്വാഭാവികം. അഭൂതപൂര്‍വമായ പ്രതിസന്ധികളുടെ നടുവില്‍ ജനങ്ങള്‍ക്ക് ഭാരമാകുമായിരുന്ന നികുതി നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി ‘ആരോഗ്യ രക്ഷയ്ക്കുള്ള തന്ത്രത്തെ വികസന തന്ത്രമാക്കി’ മാറ്റുകയായിരുന്നു പുതുക്കിയ ബജറ്റ്.

സംസ്ഥാനത്തെ ജനസാമാന്യത്തിന് പ്രതീക്ഷയും ആത്മവിശ്വാസവും പകര്‍ന്ന് ബജറ്റിന്റെ കേന്ദ്രബിന്ദുവായി മാറുന്നത് 20,000 കോടി രൂപയുടെ കോവിഡ് പാക്കേജാണ്. ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനായി 2,800 കോടി രൂപ, ഉപജീവന പ്രതിസന്ധിയെ മറികടക്കാന്‍ നേരിട്ട് പണം നല്കുന്ന പദ്ധതികളുടെ കാര്യക്ഷമമായ നിര്‍വഹണത്തിനായി 8,900 കോടി രൂപ, സാമ്പത്തിക പുനരുജ്ജീവനത്തിനുതകുന്ന ലോണുകള്‍, പലിശ സബ്സിഡികള്‍ എന്നിവയ്ക്കായി 8,600 കോടി രൂപ എന്നിവ ഉള്‍പ്പെടുന്നതാണ് കോവിഡ് പാക്കേജ്. അരക്കോടിയിലധികം വരുന്ന കുടുംബങ്ങള്‍ക്ക് താങ്ങും തണലുമാകുന്ന ക്ഷേമ പെൻഷനുകള്‍ മുടങ്ങാതിരിക്കാനുള്ള മുൻകരുതല്‍ എല്‍ഡിഎഫ് സര്‍ക്കാരിന് സംസ്ഥാനത്തെ ജനങ്ങളോടുള്ള കരുതലിന്റെ സാക്ഷ്യപത്രമാണ്. കോവിഡ് പ്രതിരോധ വാക്സിനും അനുബന്ധ ചെലവുകള്‍ക്കുമായി 1,500 കോടി രൂപ വകയിരുത്തിയിരിക്കുന്നു. അവിടെയും വിമര്‍ശനങ്ങള്‍ക്ക് പഴുതുകണ്ടെത്താനുള്ള ശ്രമം, പാല്‍ചുരത്തുന്ന അകിടിലും ചോരകണ്ടെത്താനുള്ള കൊതുകിന്റെ കൗതുകം മാത്രം.

കേരളത്തിന്റെ തീരദേശ മേഖലയില്‍ ജനങ്ങളുടെ ജീവനും പാര്‍പ്പിടവും ജീവനോപാധികളും എക്കാലത്തും അരക്ഷിതമായിരുന്നു. എന്നാല്‍ കാലാവസ്ഥാവ്യതിയാനത്തിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ അവിടെ കനത്ത നാശമാണ് നിരന്തരം സൃഷ്ടിച്ചത്. അഞ്ചുവര്‍ഷങ്ങള്‍ കൊണ്ട് പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന ഏറെ പ്രതീക്ഷാനിര്‍ഭരവും പരിസ്ഥിതി സൗഹൃദപരവും കാലാതിവര്‍ത്തിയുമായ തീരസംരക്ഷണ പദ്ധതി ബജറ്റ് വിഭാവനം ചെയ്യുന്നു. 5,300 കോടി രൂപ ചെലവുവരുന്ന പദ്ധതിയില്‍ ഏറ്റവും ദുര്‍ബല പ്രദേശങ്ങള്‍ സംരക്ഷിക്കാന്‍ ആദ്യഘട്ടമായി 1,500 കോടി രൂപ കിഫ്ബി നല്കും. ജൂലൈ മാസത്തില്‍ തന്നെ ഈ പ്രവൃത്തി ടെന്‍ഡര്‍ ചെയ്യാനാവുമെന്നാണ് ബജറ്റ് പറയുന്നത്. ഇതിനുപുറമെയാണ് 6,500 കോടി രൂപയുടെ തീരദേശ ഹൈവേയും അനുബന്ധ പദ്ധതികളും.

അത്യന്തം പ്രതികൂലമായ സാഹചര്യങ്ങളിലും ദുര്‍ബല ജനവിഭാഗങ്ങള്‍ അടക്കം സാമ്പത്തിക അസ്ഥിരതയ്ക്ക് പെട്ടെന്ന് ഇരകളായി മാറാവുന്ന എല്ലാ വിഭാഗം ജനങ്ങള്‍ക്കും തൊഴില്‍ മേഖലകള്‍ക്കും തൊഴില്‍-വരുമാന സുരക്ഷിതത്വം ഉറപ്പുനല്കുന്ന വൈവിധ്യമാര്‍ന്ന പദ്ധതികളും പരിപാടികളും ബജറ്റ് വിഭാവനം ചെയ്യുന്നുണ്ട്. ബജറ്റ് പ്രഖ്യാപിക്കുന്ന നോളജ് മിഷൻ അഭ്യസ്തവിദ്യരും സാങ്കേതിക വൈദഗ്ധ്യം ആര്‍ജിച്ചവരുമായ ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ക്ക് പ്രതീക്ഷ നല്കുന്നു. അ‍ഞ്ചുവര്‍ഷം നീളുന്ന ജനകീയ ഭരണത്തിന് ശക്തമായ അടിത്തറപാകുകയും ഭാവിയെപ്പറ്റി പ്രതീക്ഷ നല്കുകയും ചെയ്യുന്ന ബജറ്റ് എന്ന് പുതുക്കിയ ബജറ്റിനെ നിസംശയം വിശേഷിപ്പിക്കാം.