Saturday
16 Feb 2019

മുണ്ടുമുറുക്കി മുന്നേറുന്ന കേരളം

By: Web Desk | Thursday 7 February 2019 10:02 PM IST

നുവരി 31 ന് സംസ്ഥാന നിയമസഭയില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിനെ കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച പ്രധാന ആരോപണം പ്രളയ സെസ് പിരിക്കാനുള്ള തീരുമാനമായിരുന്നു. നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയത്തിന്റെ ദുരിതത്തില്‍ നിന്ന് കേരളത്തെ കരകയറ്റുന്നതിനുള്ള കര്‍മ പരിപാടികള്‍ക്ക് ധനം കണ്ടെത്തുന്നതിനുള്ള മാര്‍ഗമായാണ് രണ്ടുവര്‍ഷത്തേക്ക് സെസ് പിരിക്കുന്നതിനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
എന്നാല്‍ അതുവഴി കേരളത്തില്‍ വന്‍ വിലക്കയറ്റവും ജനജീവിതത്തിന് ദുരിതങ്ങളും വിതയ്ക്കുമെന്ന കുപ്രചരണമാണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും അഴിച്ചുവിട്ടത്. ഏതുസാഹചര്യത്തിലായിരുന്നു പ്രസ്തുത തീരുമാനമുണ്ടായതെന്ന് വിലയിരുത്തുക പോലും ചെയ്യാന്‍ കുപ്രചാരകര്‍ തയ്യാറായില്ല. ഫെഡറല്‍ സംവിധാനത്തിന് നിരക്കാത്ത വിധത്തില്‍ സംസ്ഥാനത്തെ പൂര്‍ണമായും കയ്യൊഴിയുന്ന സമീപനങ്ങള്‍ മാത്രമല്ല സാമ്പത്തികസഹായം ലഭിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തടയുന്ന നിലപാട് പോലും സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍. പ്രളയത്തിന് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാവികസേന അതിന്റെ ചെലവായ 102 കോടി രൂപ അടക്കയ്ണമെന്നാവശ്യപ്പെട്ട സാഹചര്യം. ഇവയെല്ലാമാണ് പ്രളയ സെസ് പിരിക്കുന്നതിന് സംസ്ഥാനസര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത്.

എന്നാല്‍ കുപ്രചരണങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് സെസ് തല്‍ക്കാലം പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ബജറ്റിനെ കുറിച്ചുള്ള ചര്‍ച്ചയുടെ മറുപടിയില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. തീര്‍ച്ചയായും ഇത് സര്‍ക്കാരിന് മുന്നില്‍ വലിയ വെല്ലുവിളിയാണ് എന്ന കാര്യത്തില്‍ സംശയമില്ല. പ്രളയം യാഥാര്‍ഥ്യമായിരുന്നു, അതില്‍ നിന്നുള്ള പുനര്‍നിര്‍മാണവും യാഥാര്‍ഥ്യമാക്കേണ്ടതുണ്ട്. അതിന് പ്രതിജ്ഞാബദ്ധതയോടെ മുന്നോട്ടുപോകുകയാണ് സര്‍ക്കാര്‍. അങ്ങനെയൊരു സാഹചര്യത്തിലും സെസ് ഒഴിവാക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. എങ്കിലും മുണ്ടുമുറുക്കിയുടുത്ത് കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടി വരുന്ന അവസ്ഥയിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍.

ഇതോടൊപ്പം തന്നെ സുപ്രധാനമായ ഇടുക്കി പാക്കേജും നിരവധി നികുതി ഇളവുകളും പ്രഖ്യാപിച്ചിരിക്കുകയാണ് ധനമന്ത്രി. ഇടുക്കിക്ക് പ്രത്യേകമായി 5,000 കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സര്‍ക്കാരിനെ വിവിധ നിലകളില്‍ സഹായിച്ചുകൊണ്ടിരിക്കുന്ന വിഭാഗത്തിനുള്ള ആനുകൂല്യങ്ങളില്‍ വര്‍ധന വരുത്താനും തീരുമാനിച്ചിട്ടുണ്ട്. എസ് സി പ്രമോട്ടര്‍മാരുടെ വേതനം 10000 രൂപയും എസ് ടി പ്രമോട്ടര്‍മാരുടേത് 12500 രൂപയുമായി ഉയര്‍ത്തി. ഏകാധ്യാപക വിദ്യാലയം വോളണ്ടിയര്‍മാരുടെ പ്രതിമാസ ശമ്പളം 18500 രൂപ, പ്രീ-പ്രൈമറി ടീച്ചര്‍മാരുടേത് 11000 രൂപ, ആയമാരുടേത് 6500 രൂപ എന്നിങ്ങനെയായി വര്‍ധിപ്പിച്ചു. കൈത്താങ്ങ് പദ്ധതിയിലെ വോളന്റിയര്‍മാരുടെ അലവന്‍സ് 1500 രൂപയാക്കിയപ്പോള്‍ ക്രഷ് വര്‍ക്കര്‍മാരുടെ പ്രതിമാസ അലവന്‍സ് 4000 രൂപയായും ഹെല്‍പ്പര്‍മാരുടേത് 2000 രൂപയായും ഉയര്‍ത്തി. അങ്കണവാടി വര്‍ക്കര്‍മാരുടെ വേതനം കേന്ദ്രസര്‍ക്കാര്‍ വരുത്തിയ വര്‍ധനയടക്കം 10,000 രൂപയില്‍ നിന്നും 12,000 രൂപയായും ഹെല്‍പര്‍മാരുടേത് 7000 രൂപയില്‍ നിന്ന് 8000 രൂപയായും കൂട്ടി. ആശാവര്‍ക്കര്‍മാരുടെ വേതനം 4500 രൂപ, പരമാവധി ഇന്‍സെന്റീവിന്റെ പരിധി 2000 ല്‍ നിന്ന് 3000 രൂപ എന്നിങ്ങനെ വര്‍ധിപ്പിച്ചു. ഡിഡിയുജികെവൈ കോഡിനേറ്റര്‍മാരുടെ വേതനം 18000 രൂപയായും എന്‍ആര്‍എല്‍എം ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരുടേത് 22000 രൂപയായും എംകെഎസ്പി ബ്ലോക്ക് കോ-ഓഡിനേറ്റര്‍മാരുടേത് 15000 രൂപയായും വര്‍ധിപ്പിച്ചു. ഇതിന് പുറമേ എല്‍ഡിഎഫ് സര്‍ക്കാര്‍ പുതിയതായി തസ്തികകള്‍ സൃഷ്ടിച്ചും ഒഴിവുകള്‍ നികത്തിയും ഒരുലക്ഷത്തോളം പേര്‍ക്ക് ജോലി ലഭ്യമാക്കുകയും ചെയ്തു.

ഈ വിധത്തില്‍ കൂടുതല്‍ ബാധ്യതകള്‍ ഏറ്റെടുത്തുള്ളതാണ് സംസ്ഥാനത്തിന്റെ നിലവിലെ ബജറ്റ്. തീര്‍ച്ചയായും അധികവരുമാനം കണ്ടെത്തുന്നതിനുള്ള പുതിയ മാര്‍ഗങ്ങള്‍ സര്‍ക്കാരിന് തേടേണ്ടതുണ്ട്. അതില്‍ സുപ്രധാനം ചെലവ് ചുരുക്കുക എന്നതായിരിക്കും. നിത്യനിദാന ചെലവുകള്‍ക്കൊപ്പം പ്രളയ പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തിനും തുക കണ്ടെത്തേണ്ടി വരുമെന്നത് സര്‍ക്കാരിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ വളരെ വലുതായിരിക്കും.
ഇതൊക്കെയാണെങ്കിലും ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുമെന്നും ആരുടെയും ഒരാനുകൂല്യവും തടയില്ലെന്നുമുള്ള കര്‍ശന നിലപാട് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ കിഫ്ബിയിലൂടെ ധനസമാഹരണം നടത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇവയെല്ലാംതന്നെ മുണ്ടുമുറുക്കിയുടുത്ത് മുന്നോട്ടുപോകുന്ന ഒരു സംസ്ഥാനത്തെയാണ് നമ്മുടെ മുന്നിലെത്തിക്കുന്നത്. പ്രതിബദ്ധതയുള്ള സര്‍ക്കാരിന് കീഴില്‍ മുന്നേറാന്‍ കഴിയുമെന്നത് ആത്മവിശ്വാസവുമാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിരന്തരമുള്ള അവഗണന മാത്രമല്ല ദ്രോഹനടപടികളും അതിനോട് കുടപിടിക്കുന്ന പ്രതിപക്ഷ സമീപനങ്ങളുമെല്ലാമുള്ളപ്പോള്‍ ആ ആത്മവിശ്വാസത്തിന് കാരണമാകുന്നത് കേരളം കൂടെ നില്‍ക്കുമെന്നതിനാലാണ്. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ഒരുമിച്ച് നിന്ന നമ്മള്‍ അക്കാര്യത്തില്‍ സര്‍ക്കാരിനൊപ്പം കൂടെച്ചേര്‍ന്നു തന്നെ നില്‍ക്കേണ്ടതുണ്ട്.