Web Desk

February 08, 2020, 3:00 am

പ്രാതികൂല്യങ്ങളിലും ആത്മവിശ്വാസം പകര്‍ന്നുനല്‍കുന്ന ബജറ്റ്

Janayugom Online

രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന കടുത്ത സാമ്പത്തിക മാന്ദ്യത്തെയും ഭയജനകമായ രാഷ്ട്രീയ അന്തരീക്ഷത്തെയും തിക‌ഞ്ഞ മനസാന്നിധ്യത്തോടെയും ആത്മവിശ്വാസത്തോടെയും നേരിടാനുള്ള കേരളത്തിന്റെ നിശ്ചയദാര്‍ഢ്യത്തെയാണ് 2020–21 സാമ്പത്തിക വര്‍ഷത്തെ കേരള ബജറ്റ് പ്രതിനിധീകരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ ഉറവിടം കേന്ദ്രഭരണാധികാരം കയ്യാളുന്ന നിഷേധാത്മക രാഷ്ട്രീയമാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് ബജറ്റ് പ്രസംഗത്തിന്റെ ആമുഖത്തില്‍ വിലയിരുത്തുന്നു. കേന്ദ്ര ഭരണകൂടത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടും അവരുടെ സാമ്പത്തിക ഭാവനാവൈകല്യവും പരസ്പര പൂരകങ്ങളാണെന്ന് അവര്‍ ആവര്‍ത്തിച്ചു തെളിയിച്ചുകൊണ്ടിരിക്കുന്നു. അവിടെയാണ് ഉന്നത മാനവികതയില്‍ അധിഷ്ഠിതമായ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ രാഷ്ട്രീയ കാഴ്ചപ്പാടും അതില്‍ നിന്ന് ഉദ്ഭൂതമാകുന്ന ജനക്ഷേമവും സന്തുലിത വികസനത്തില്‍ ഉന്മുഖമായ സാമ്പത്തിക കര്‍മ്മപദ്ധതിയും ഉരുത്തിരിയുന്നത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ഈ ബജറ്റ് കഴിഞ്ഞ മൂന്ന് ബജറ്റുകളുടെയും പിന്തുടര്‍ച്ച മാത്രമല്ല അത് മുന്നോട്ടുവയ്ക്കുന്ന സാമ്പത്തിക കാഴ്ചപ്പാടിന്റെ കാലോചിതമായ നവീകരണവുമാണ് . അത് എന്‍ഡിഎ സര്‍ക്കാര്‍ വാശിയോട് പിന്തുടരുന്ന ജനവിരുദ്ധ കോര്‍പ്പറേറ്റ് മുതലാളിത്ത അനുകൂല സാമ്പത്തിക നയസമീപനങ്ങളോടുള്ള ശക്തമായ വിയോജിപ്പും അതിനെതിരായ ചെറുത്തുനില്‍പ്പിന്റെ യുക്തിഭദ്രമായ ജനകീയ ആഖ്യാനവുമായി മാറുന്നു. കേന്ദ്ര ഭരണകൂട നയങ്ങളും ബജറ്റും കോര്‍പ്പറേറ്റുകളെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിക്കുമ്പോള്‍ കേരളം സമൂഹത്തിന്റെ ഏറ്റവും താഴെത്തലത്തിലുള്ള ദശലക്ഷക്കണക്കിനു ജനങ്ങളെയും നാടിന്റെ വികസനത്തെയും ഊര്‍ജ്ജസ്വലമായ ഒരു സമ്പദ്ഘടനയെയുമാണ് സംസ്ഥാന ബജറ്റില്‍ ഉറപ്പിച്ചു നിര്‍ത്തുന്നത്. ക്ഷേമ പെന്‍ഷനുകള്‍ നൂറുരൂപകണ്ട് വര്‍ധിപ്പിച്ച് 1,300 രൂപയാക്കി ദശലക്ഷക്കണക്കിന് സാധാരണക്കാരില്‍ സാധാരണക്കാരെയാണ് ബജറ്റ് സാമൂഹ്യ സുരക്ഷാ വലയത്തില്‍ ഉള്‍ക്കൊള്ളുന്നത്.

അതേസമയം അനര്‍ഹരെയും ഒന്നിലധികം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നവരെയും ഒഴിവാക്കി പട്ടിക ശുദ്ധീകരിക്കാനും ഖജനാവിന്റെ മേല്‍ വരുന്ന അമിതഭാരം ഒഴിവാക്കാനും അര്‍ഹരെ ഉള്‍ക്കൊള്ളാനും ബജറ്റ് ശ്രദ്ധചെലുത്തുന്നു. വിലക്കയറ്റത്തിന്റെ‍ ദുര്‍ദിനങ്ങളില്‍ വിശപ്പില്ലാത്ത കേരളമെന്ന ആശയം ആലപ്പുഴയിലെ അനുഭവവിജയത്തില്‍ നിന്നും സംസ്ഥാനമാകെ വ്യാപിക്കുകയാണ്. ഇരുപത്തിയഞ്ച് രൂപയ്ക്ക് ഭക്ഷണം നല്‍കുന്ന 1000 ഹോട്ടലുകളാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്. മഹാഭൂരിപക്ഷം വരുന്ന സ്ത്രീത്തൊഴിലാളികളടക്കം പതിനായിരങ്ങള്‍ പണിയെടുക്കുന്ന കയര്‍, കശുഅണ്ടി, കൈത്തറി, ഖാദി, മത്സ്യബന്ധനം തുടങ്ങി പരമ്പരാഗത മേഖലകള്‍ക്ക് ബജറ്റ് ഏറെ ആശ്വാസം പകരുന്നു. കടുത്ത പ്രതിസന്ധി നേരിടുന്ന റബര്‍ അടക്കം വാണിജ്യ വിളകള്‍ക്കും നെല്‍കൃഷിക്കും പച്ചക്കറി കൃഷിക്കും കോഴിവളര്‍ത്തലടക്കം ഭക്ഷ്യമേഖലയ്ക്കും സംസ്ഥാനത്തിന്റെ സാമ്പത്തിക പരിമിതികള്‍ക്കപ്പുറം ബജറ്റ് പരിഗണന നല്‍കുന്നു. കിണറുകള്‍, കുളങ്ങള്‍, തോടുകള്‍ എന്നിവയുടെ ശുചീകരണവും അവയുടെ പുനരുദ്ധാരണവും ശ്രദ്ധേയമായ മുന്‍കൈകളാണ്. സംസ്ഥാനത്തിന്റെ വ്യവസായവല്‍ക്കരണവും തൊഴിലവസര സൃഷ്ടിക്കും ബജറ്റ് ഊന്നല്‍ നല്‍കുന്നു. രാജ്യത്ത് ഏറ്റവുമധികം ഔഷധങ്ങള്‍ വിറ്റഴിയുന്ന സംസ്ഥാനമെന്ന നിലയിലും ചികിത്സാ സൗകര്യങ്ങളുടെ സാര്‍വത്രിക ലഭ്യതയും കണക്കിലെടുത്ത് പൊതുമേഖലാ ഔഷധ നിര്‍മ്മാണ മേഖലയ്ക്ക് മുന്തിയ പരിഗണനയാണ് ബജറ്റ് നല്‍കിയിരിക്കുന്നത്. ഗ്രാമീണ റോഡുകള്‍ക്കും പൊതുമരാമത്ത് റോഡുകള്‍ക്കും ജലപാതകള്‍ക്കും മധ്യവേഗ റയില്‍ ഇടനാഴിക്കും ബജറ്റ് നല്‍കുന്ന പരിഗണന ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യമെന്ന അവകാശത്തിന് സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യമാണ് വെളിവാക്കുന്നത്.

സാമ്പത്തിക മാന്ദ്യത്തിന്റെയും വിഭവ പരിമിതിയുടെയും കാലത്ത് കിഫ്ബി പ്രതിനിധാനം ചെയ്യുന്ന നൂതനാശയം രാജ്യത്തിനാകെ മാതൃകയായി മാറുമെന്ന് സംശയാലുക്കള്‍പോലും അംഗീകരിക്കുന്നു. വിഭവ സമാഹരണത്തിനും അതിന്റെ കാര്യക്ഷമവും സമയബന്ധിതവുമായ വിനിയോഗത്തിനും ഉതകുംവിധം ജീവനക്കാരുടെ പുനര്‍വിന്യാസമടക്കം പല നടപടികളും ബജറ്റ് വിഭാവനം ചെയ്യുന്നു. സ്കൂളുകളുടെയും കലാശാലകളുടെ പ്രവര്‍ത്തനത്തിനും ആവശ്യമായ അധ്യാപക നിയമനത്തിനും ഊന്നല്‍ നല്‍കുമ്പോള്‍ തന്നെ സ്വകാര്യ മാനേജ്മെന്റുകള്‍ നിയമനത്തിന്റെ പേരില്‍ നടത്തുന്ന അധാര്‍മ്മിക നടപടികള്‍ക്ക് വിരാമമിടാനും ബജറ്റ് ശ്രദ്ധവയ്ക്കുന്നു. തികച്ചും പ്രതികൂലമായ സാഹചര്യങ്ങളിലും സമൂഹത്തിന്റെയും വ്യക്തികളുടെയും ഉത്തമ താല്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും നാടിന്റെയും സമൂഹത്തിന്റെയും വികസനസങ്കല്‍പങ്ങള്‍ക്ക് രൂപഭാവങ്ങള്‍ പകര്‍ന്നുനല്‍കാനും ബജറ്റിന് കഴിഞ്ഞിട്ടുണ്ട്. ഉന്നതമായ മാനവികതയില്‍ അടിയുറച്ച് രാഷ്ട്രീയ കാഴ്ചപ്പാടും തദനുസൃതമായ വികസന പരിപ്രേക്ഷ്യവുമാണ് 2020–21 ലെ സംസ്ഥാന ബജറ്റ് മുന്നോട്ടുവയ്ക്കുന്നതെന്ന് നിഷ്പക്ഷമതികള്‍ക്ക് നിസംശയം പറയാനാവും.

Eng­lish sum­ma­ry: janayu­gom edi­to­r­i­al about ker­ala budget2020