Web Desk

January 02, 2021, 5:00 am

ചരിത്രത്തിൽ ഇടംപിടിച്ച കേരള നിയമസഭ

Janayugom Online

നിയമനിർമ്മാണപ്രവർത്തനങ്ങൾക്കൊപ്പം ദേശീയതലത്തിലും രാജ്യാന്തരമായും നടക്കുന്ന സംഭവവികാസങ്ങൾ അപഗ്രഥിക്കുന്നതിലും സംസ്ഥാനത്തെ ജനങ്ങളുടെ വികാരം പ്രതിഫലിപ്പിക്കുന്ന വേദിയായി മാറുന്നതിനും സംസ്ഥാന നിയമസഭ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. അത്തരമൊരു നടപടിയിലൂടെ കേരള നിയമസഭയുടെ ചരിത്രത്തിൽ ഇടംപിടിച്ച ദിനമായിരുന്നു 2020 ‍‍ഡിസംബർ 31. ഒരുമാസത്തിലധികമായി ഡൽഹിയിൽ കൊടും തണുപ്പത്ത് പ്രക്ഷോഭമിരിക്കുന്ന കർഷകർക്കൊപ്പമാണ് സംസ്ഥാനമെന്ന പ്രമേയം അംഗീകരിക്കുന്നതിന് മാത്രമായിട്ടായിരുന്നു പ്രസ്തുതസമ്മേളനം ചേർന്നത്. കർഷകരോടുള്ള ആഭിമുഖ്യത്തിന്റെ കാര്യത്തിൽ ഏറ്റവുമധികം ശ്രദ്ധ പുലർത്തുന്ന സംസ്ഥാനമാണ് കേരളം. കർഷകനുവേണ്ടിയുള്ള സമരങ്ങളിലൂടെയാണ് കേരളത്തിന്റെ ഇന്നലെകൾ തിളച്ചുമറിഞ്ഞത്. കാർഷിക പ്രശ്നങ്ങളും ഭൂസംബന്ധമായ വിഷയങ്ങളും സമന്വയിപ്പിച്ചാണ് കേരളത്തിലെ സ്വാതന്ത്ര്യസമരംപോലും മുന്നേറിയതെന്ന് ചരിത്രം പരിശോധിച്ചാൽ വ്യക്തമാകും.

അന്നത്തെ കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രധാന ജീവനോപാധി കൃഷിയായിരുന്നുവെന്നതുതന്നെയാണ് അതിനുകാരണം. ബ്രിട്ടീഷുകാർ ഇന്ത്യവിടുക എന്നതിനൊപ്പം തന്നെ കൃഷിഭൂമി കർഷകന് എന്ന മുദ്രാവാക്യവും കേരളത്തിൽ മുഴങ്ങിയിരുന്നുവെന്നോർക്കുക. അത്തരം പോരാട്ടങ്ങളിലൂടെ വളർന്നുവന്ന ചരിത്ര പശ്ചാത്തലമുള്ളതുകൊണ്ടാണ് കേരളപ്പിറവിക്കു ശേഷം അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് — ഇടതുപക്ഷ സർക്കാരുകൾ കർഷക ജനവിഭാഗത്തിന് മുഖ്യപരിഗണന നല്കിയത്. 1957 ലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ നടപടികൾ ആരംഭിക്കുകയും 1970 ജനുവരി ഒന്നിന് സി അച്യുതമേനോന്റെ നേതൃത്വത്തിലുള്ള സർക്കാർ യാഥാർത്ഥ്യമാക്കുകയും ചെയ്ത ഭൂപരിഷ്കരണ നിയമം അതിന്റെ ഉത്തമ ഉദാഹരണമായിരുന്നു. ഭൂമിയുടെ അവകാശം ജന്മിമാരിൽ നിന്ന് കൈവശക്കാരിലേക്ക് മാറ്റിക്കൊണ്ട് ഭൂപരമായ വികേന്ദ്രീകരണമാണ് യാഥാർത്ഥ്യമാക്കിയത്. ഇതോടെ കേരളത്തിലെ കാർഷികമേഖലയുടെ മുഖച്ഛായതന്നെ മാറി. പിന്നീട് നമ്മുടെ കാർഷിക പരിഗണന മാറിയെന്നതു വസ്തുതയാണ്.

ഭക്ഷ്യവിളകളെക്കാൾ നാണ്യവിളകൾക്കാണ് പ്രാമുഖ്യം ലഭിച്ചത്. അതിന്റെ പിന്നിൽ സാമ്പത്തികമായ കാരണങ്ങളുണ്ടായിരുന്നു. എ­ന്നാ­ൽ എല്ലാ കാലത്തും കർഷകരെ ഹൃദയത്തോ­ട് ചേർത്തുപിടിക്കുന്ന സമീപനമാണ് ഇടതുപക്ഷ സർക്കാരുകളും പൊതുസമൂഹവും സ്വീകരിച്ചുപോന്നിട്ടുള്ളത്. അത് കേരളത്തിന്റെ പോയകാലത്തോടുള്ള പൊക്കിൾക്കൊടി ബന്ധത്തിൽ നിന്നുണ്ടാകുന്നതാണ്. അതേവികാരമാണ് കഴിഞ്ഞ ദിവസം ന­മ്മുടെ നിയമസഭയും പ്രകടിപ്പിച്ചിരിക്കുന്നത്. ഒരുവർഷം മുമ്പ് ഇ­തേ ദിവസം ചേർന്ന സമ്മേളനത്തിലായിരുന്നു പൗരത്വ നിയമഭേദഗതി പിൻവലിക്കണ­മെന്നാവശ്യപ്പെടുന്ന പ്രമേയം സംസ്ഥാ­ന നിയമസഭ അംഗീകരിച്ചത്. ആ സമ്മേളനത്തിൽ ബിജെപി അംഗം ഒ രാജഗോപാലിന്റെ എതിർപ്പോടെയായിരുന്നു പ്രമേയം അംഗീകരിച്ചത്. എന്നാൽ ഇത്തവണ രാജ്യത്തിന്റെയാകെ പിന്തുണ നേടിയ കർഷസമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുള്ള പ്രമേയം ബിജെപി അംഗത്തിന്റെ കൂടി പിന്തുണയോടെയായിരുന്നു പാസാക്കിയത് എന്നതാണ് ഈ സമ്മേളനത്തെ വ്യത്യസ്തമാക്കിയത്. നിയമസഭയില്‍ നടക്കുന്ന ചര്‍ച്ചകള്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഏറെ സഹായകരമാകും. കൂട്ടായ ചര്‍ച്ചകളുണ്ടായാലെ തീരുമാനങ്ങളുണ്ടാകൂ എന്നും സഭയിൽ പറ‍ഞ്ഞ അദ്ദേഹം പ്രമേയത്തിലെ ചില പരാമർശങ്ങളോട് എതിർപ്പുണ്ടെന്നും അറിയിച്ചിരുന്നു.

കക്ഷിനേതാക്കളുടെ ചർച്ചകൾക്കുശേഷം പ്രമേയം വോട്ടിനിട്ടപ്പോൾ എതിർപ്പ് രേഖപ്പെടുത്തുന്നതിനും അദ്ദേഹം തയ്യാറായില്ല. സമ്മേളനം അവസാനിച്ച ശേഷം മാധ്യമങ്ങളെ കണ്ട് തന്റെ ഭാഗം വിശദീകരിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വിശദീകരണത്തിൽ എല്ലാം അടങ്ങിയിട്ടുണ്ട്. സഭയിൽപറഞ്ഞതിന് വ്യക്തമായ രേഖകളുള്ളതുമാണ്. അതുപ്രകാരം സഭ ഒറ്റക്കെട്ടായാണ് പ്രമേയം അംഗീകരിച്ചിരിക്കുന്നത്. പക്ഷേ തന്റെ രാഷ്ട്രീയനേതൃത്വത്തിന്റെ എതിർപ്പുകാരണമായിരിക്കാം പിന്നീട് സഭയ്ക്കു പുറത്ത് അദ്ദേഹം നിലപാടുമാറ്റുകയുണ്ടായി. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലനില്പിന്റെ പ്രശ്നമാണ്. എന്നാൽ ഈ വിഷയത്തിൽ അനാവശ്യമായി സ്പീക്കറെ വലിച്ചിഴക്കാനാണ് അദ്ദേഹത്തിന്റെ പാർട്ടിയുടെ ചില നേതാക്കൾ തയ്യാറായിരിക്കുന്നത്. പ്രമേയം അംഗീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സ്പീക്കർ കൃത്യമായി പാലിച്ചിട്ടുണ്ടെന്ന് ചാനലുകൾ പ്രക്ഷേപണം ചെയ്ത സഭാനടപടികളിൽ നിന്ന് വ്യക്തമാണ്.

പ്രമേയത്തെ അനുകൂലിക്കുന്നവർ, എതിർക്കുന്നവർ എന്ന് ആരാഞ്ഞ ശേഷമാണ് സഭ അംഗീകരിച്ചതായി സ്പീക്കര്‍ അറിയിച്ചത്. ഓരോ വ്യക്തിയോടും നിലപാട് ചോദിക്കുന്ന പതിവില്ല. മാത്രവുമല്ല തന്റെ നിലപാട് സഭാസമ്മേളനത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ അദ്ദേഹം വിശദീകരിച്ചിരുന്നതുമാണ്. എന്നിട്ടും സ്പീക്കറെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് തങ്ങൾക്ക് സംഭവിച്ച ജാള്യത മറയ്ക്കുന്നതിനുള്ള ശ്രമമായേ കരുതാൻ കഴിയൂ. പക്ഷേ ഇതുകൊണ്ടൊന്നും സഭാസമ്മേളനത്തിന്റെ ചരിത്രപരമായ പ്രാധാന്യം ഇല്ലാതാക്കുന്നതിന് സാധിക്കില്ല.