Web Desk

January 19, 2021, 5:00 am

ഭാവികേരളത്തിന് ദിശാബോധം നല്‍കുന്ന ചുവടുവയ്പ്

Janayugom Online

ഭാവികേരളത്തിന്റെ സൃഷ്ടിക്ക് ദിശാബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഒരു രാജ്യാന്തര സമ്മേളനത്തിന് തയ്യാറെടുക്കുന്നു. ‘ഭാവി വീക്ഷണത്തോടെ കേരളം’ എന്ന പേരില്‍ ഫെബ്രുവരി ഒന്നുമുതല്‍ മൂന്നുവരെ ഓണ്‍ലെെനായി നടക്കുന്ന സമ്മേളനം മാറിക്കൊണ്ടിരിക്കുന്ന ലോക പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് ഏറെ പ്രതീക്ഷ നല്‍കുന്ന കൂട്ടായ ആലോചനാസംരംഭം ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്.

സംസ്ഥാനത്തെ ജനജീവിതവുമായി ബന്ധപ്പെട്ട ഒന്‍പത് സുപ്രധാന മേഖലകളില്‍ നടപ്പാക്കേണ്ട പരിപാടികള്‍ക്ക് രൂപംനല്‍കാന്‍ സമ്മേളനത്തിനു കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സമ്മേളനത്തിന് മുന്നോടിയായി ഈ മാസം 27, 28 തീയതികളില്‍ കൃഷി, മൃഗസംരക്ഷണം എന്നീ അടിസ്ഥാന മേഖലകളെപ്പറ്റിയും 24, 27 തീയതികളില്‍ സോഫ്റ്റ്‌വേര്‍, ഹാര്‍ഡ്‌വേര്‍ എന്നീ രംഗങ്ങളെപ്പറ്റിയും വിഷയബന്ധിത ചര്‍ച്ചകള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

ഉന്നതവിദ്യാഭ്യാസം, ആധുനിക വ്യവസായ സാധ്യതകള്‍, നെെപുണ്യ വികസനം, മത്സ്യബന്ധനം-കൃഷി-മൃഗസംരക്ഷണം എന്നിവയുടെ ആധുനികവല്ക്കരണം, ടൂറിസം, വിവരസാങ്കേതിക വിദ്യ, ഇ‑ഗവേണന്‍സ് എന്നിവയ്ക്ക് പുറമെ തദ്ദേശഭരണം, ഫെഡറലിസം, വികസനോന്മുഖ ധനവിനിയോഗം എന്നീ വിഷയങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചാവിധേയമാകും. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളുടെ നിലവാരം ഉയര്‍ത്തുന്നതിനുള്ള ചര്‍ച്ചകളും സമ്മേളനത്തിന്റെ പരിഗണനാവിഷയങ്ങളാകുമെന്നാണ് ആസൂത്രണ ബോര്‍ഡിന്റെ പത്രക്കുറിപ്പ് വിശദീകരിക്കുന്നത്. അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക, പ്രകൃതിദുരന്തങ്ങളും കോവിഡ് മഹാമാരിയും സൃഷ്ടിച്ച സാമ്പത്തിക തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പ്രതിസന്ധികളെ അതിജീവിക്കാനും വളര്‍ച്ച ഉറപ്പുവരുത്താനുമുള്ള പദ്ധതികള്‍ക്കും പ്രവര്‍ത്തന പരിപാടികള്‍ക്കും സമ്മേളനം ഊന്നല്‍ നല്കുമെന്നാണ് സമ്മേളന പരിപാടികള്‍ വിശദീകരിക്കുന്നത്.

തന്റെ സ്വതന്ത്രവും പുരോഗമനാത്മകവുമായ സാമ്പത്തികശാസ്ത്ര നിലപാടുകൊണ്ട് ശ്രദ്ധേയനായ നൊബേല്‍ പുരസ്കാര ജേതാവ് ജോസഫ് സ്റ്റിഗ്ലിറ്റ്സ്, ലോക ആരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥന്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, സാമ്പത്തിക ആസൂത്രണ വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന രാജ്യാന്തര സമ്മേളനം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കേരളത്തെ സംബന്ധിച്ച് വ്യക്തവും പ്രതീക്ഷാനിര്‍ഭരവുമായ ഒരു പരിപ്രേക്ഷ്യം മുന്നോട്ടുവയ്ക്കുമെന്ന് ആശിക്കാം. അനീതികള്‍ നിറഞ്ഞതും ഭ്രാന്താലയ സമാനവുമായിരുന്ന കേരളത്തെ മാറ്റിമറിച്ച നവോത്ഥാന ധാരയുടെയും ഐക്യ കേരളത്തിന്റെ കഴിഞ്ഞ ആറര പതിറ്റാണ്ടു കാലങ്ങളിലൂടെ നാം സൃഷ്ടിച്ച ജനാധിപത്യ കേരളമാതൃകയുടെ നേട്ടങ്ങളെ നിലനിര്‍ത്തിയും ശക്തിപ്പെടുത്തിയും മുന്നോട്ടുപോകാന്‍ ഉതകുന്നതായിരിക്കണം അത്തരം കര്‍മ്മപരിപാടി. മലയാളനാടിന്റെ നവോത്ഥാന നേട്ടങ്ങള്‍ അമൂല്യവും അനുകരണീയവും ആണെന്നതില്‍ തര്‍ക്കമില്ല.

എന്നാല്‍ അവയ്ക്കുമേല്‍ നിഴല്‍ വീഴ്ത്തുന്ന പ്രതിലോമതയുടെ കടന്നുകയറ്റവും യാഥാസ്ഥിതികത്വത്തിന്റെ വ്യാപനശ്രമങ്ങളും അവഗണിക്കാവുന്നതല്ല. അതിനെ ശക്തമായി പ്രതിരോധിക്കാതെ ഭൗതികവളര്‍ച്ച അസാധ്യവും അര്‍ത്ഥശൂന്യവുമാവും. കേരളത്തിന്റെ ഭൗതിക ജീവിതത്തില്‍ വന്‍മാറ്റങ്ങള്‍ക്കു കാരണമായ ഭൂപരിഷ്കരണം, വിദ്യാഭ്യാസം, ആരോഗ്യരംഗങ്ങളിലെ പുരോഗതി എന്നിവയെപ്പറ്റി ശരാശരി മലയാളി ഊറ്റം കൊള്ളുമ്പോഴും ആ രംഗങ്ങളിലെ അപര്യാപ്തതകളെ മറികടക്കാനും അവയ്ക്ക് കൂടുതല്‍ കരുത്തുപകരാനുമുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ വേഗതയും കരുത്തും ആര്‍ജിക്കേണ്ടിയിരിക്കുന്നു. തൊഴില്‍ അവസരങ്ങളെയും നെെപുണ്യത്തെയും പറ്റി സംസാരിക്കുമ്പോള്‍ തന്നെ മലയാളിയുടെ തൊഴില്‍ സംസ്കാരത്തില്‍ അവശ്യം ആവശ്യം വേണ്ട മാറ്റങ്ങളെ പറ്റിയും നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

തൊഴില്‍രംഗത്ത് പരസ്പര ബഹുമാനത്തിലും വേതന‑പ്രതിഫല നിര്‍ണയത്തില്‍ നീതിബോധത്തില്‍ അധിഷ്ഠിതമായ ജനാധിപത്യവല്‍ക്കരണവും അനിവാര്യമായിരിക്കുന്നു. സാങ്കേതികവിദ്യയും നെെപുണ്യവും വിജ്ഞാനവും നാടിന്റെയും ജനതയുടെയും വളര്‍ച്ചയിലും വികാസത്തിലും എത്രത്തോളം നിര്‍ണായകമാണോ അത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നതാണ് വിവേകപൂര്‍ണവും ഉന്നതവുമായ സാമൂഹ്യ അവബോധം. സമൂഹത്തിന്റെ ഭൗതിക വളര്‍ച്ചയ്ക്ക് ശാസ്ത്രജ്ഞര്‍ക്കും സാമ്പത്തിക വിദഗ്ധര്‍ക്കും സാങ്കേതിക പ്രതിഭകള്‍ക്കും എത്രത്തോളം പങ്കുവഹിക്കാനാകുമോ തത്തുല്യമോ, അതിലധികമോ സംഭാവന സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ചിന്തകര്‍ക്കും നിര്‍വഹിക്കാനാവും. ഇരുധാരകളും പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിക്കുമ്പോഴേ സാമൂഹിക സംഘര്‍ഷങ്ങള്‍ പരമാവധി ഒഴിവാക്കി സ്വരച്ചേര്‍ച്ചക്കും സാമൂഹിക, സാമ്പത്തിക സമന്വയത്തിന് ഏറെ സാധ്യതയുമുള്ള സമൂഹമായി നമുക്ക് വളരാനാവൂ.