Monday
25 Mar 2019

ഖഷോഗിയുടെ കൊലപാതകം ആഗോള പ്രസക്തി ആര്‍ജിക്കുന്നു

By: Web Desk | Tuesday 23 October 2018 10:21 PM IST


സൗദി അറേബ്യന്‍ പത്രപ്രവര്‍ത്തകന്‍ ജമാല്‍ അഹമ്മദ് ഖഷോഗിയുടെ കൊലപാതകം സംബന്ധിച്ച ദുരൂഹതയുടെ ചുരുളഴിയാനിരിക്കുന്നതേയുള്ളു. ഇസ്താംബൂളിലെ കോണ്‍സുലേറ്റില്‍ ഒക്‌ടോബര്‍ രണ്ടിന് പ്രവേശിച്ച സൗദി വിമതന്‍ അവിടെ നടന്ന മല്‍പ്പിടിത്തത്തില്‍ കൊല്ലപ്പെട്ടുവെന്ന് രണ്ടാഴ്ചകള്‍ക്കു ശേഷമാണ് സൗദി അറേബ്യ സമ്മതിച്ചത്. കോണ്‍സുലേറ്റില്‍ വന്ന ഖഷോഗി സ്വതന്ത്രനായി തിരിച്ചുപോയെന്നും അയാളുടെ തിരോധാനത്തെപ്പറ്റി തങ്ങള്‍ക്ക് അറിവില്ലെന്നുമുള്ള നിരന്തര നിഷേധത്തിനൊടുവിലാണ് കോണ്‍സുലേറ്റിനുള്ളില്‍ അയാള്‍ കൊല്ലപ്പെട്ടുവെന്ന് സൗദി അറേബ്യ സമ്മതിക്കുന്നത്. യു എസിന്റെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും നിരന്തര സമ്മര്‍ദ്ദത്തിനും തുര്‍ക്കിയും അതിന്റെ പ്രസിഡന്റ് എര്‍ദോഗനും ഉയര്‍ത്തിയ വെല്ലുവിളിക്കും മുമ്പില്‍ നിവൃത്തിയില്ലാതെ വന്ന ഘട്ടത്തിലാണ് സൗദിക്ക് വഴങ്ങേണ്ടിവന്നത്. നയതന്ത്ര വൃത്തങ്ങളിലെ പതിവ് സമ്മര്‍ദ്ദങ്ങള്‍ക്ക് അപ്പുറം പശ്ചിമേഷ്യയിലെയും വിശിഷ്യാ അറബ് ഇസ്‌ലാമിക ലോകത്തെയും രാഷ്ട്രീയ ബലതന്ത്രത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമായ സംഭവവികാസമായി ഖഷോഗിയുടെ കൊലപാതകം മാറിയിരിക്കുന്നു. സൗദി അറേബ്യയും അതിന്റെ കിരീടാവകാശി മൊഹമ്മദ് ബിന്‍ സാല്‍മാനും ഇസ്‌ലാമിക ലോകത്ത് കൈവരിച്ച പ്രാമാണ്യത്തെയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ചോദ്യം ചെയ്യുന്നതും ദുര്‍ബലപ്പെടുത്തുന്നതും. അത് യുഎസിന്റെയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും പശ്ചിമേഷ്യന്‍ ഇസ്‌ലാമിക ലോകത്തെ സ്വാധീനത്തിലും ഗണ്യമായ ക്ഷതമുണ്ടാക്കുമെന്നുമാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. റിയാദിനും കിരീടാവകാശി സാല്‍മാനും ഇസ്താംബുള്‍ കോണ്‍സുലേറ്റില്‍ അരങ്ങേറിയ കൊലപാതകത്തില്‍ യാതൊരു പങ്കുമില്ലെന്ന വാദത്തിന്റെ അടിത്തറ ഇളകിയിരിക്കുന്നു. വഞ്ചകനായ ഒരു ജനറല്‍, വിമതനെ രാജ്യത്ത് തിരിച്ചുകൊണ്ടുവരാന്‍ നടത്തിയ ശ്രമം പാളിയതാണെന്ന വാദം ആരും മുഖവിലയ്‌ക്കെടുക്കില്ല. അടുത്തകാലത്ത് ഭരണത്തിന്റെ സമസ്ത രംഗങ്ങളെയും കൈപ്പിടിയിലൊതുക്കിയ സാല്‍മാന്റെ അറിവുകൂടാതെ അത്തരമൊരു നടപടി അസാധ്യമാണ്. കൃത്യനിര്‍വഹണത്തിനായി ചാര്‍ട്ടര്‍ ചെയ്ത രണ്ടു വിമാനങ്ങള്‍ ഇസ്താംബൂളിലേക്ക് പറന്നുവെന്നത് അത്യുന്നത ഭരണനേതൃത്വത്തില്‍ ഗൂഢാലോചനയിലും അതിന്റെ നടത്തിപ്പിലും സാല്‍മാന്‍ രാജകുമാരന്റെ പങ്കിന് അടിവരയിടുന്നു.
അറബ് ഇസ്‌ലാമിക ലോകത്തിന്റെ ആധിപത്യത്തിനു വേണ്ടി സൗദി അറേബ്യയും തുര്‍ക്കിയും നടത്തിവരുന്ന മത്സരം പുതിയ ഘട്ടത്തിലേക്കാണ് പ്രവേശിക്കുന്നത്. ഇന്നലെ തുര്‍ക്കിയുടെ പ്രസിഡന്റ് റിസെപ് തയ്യിപ് എര്‍ദോഗന്‍ പാര്‍ലമെന്റില്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ സൗദി ഭരണകൂടത്തിനെതിരായ കടന്നാക്രമണം തന്നെയായിരുന്നു. സാല്‍മാന്‍ രാജകുമാരന്റെ പേര് ഒരിക്കല്‍പോലും പരാമര്‍ശിക്കാതെ സംഭവത്തില്‍ ഉത്തരവാദിയായ ഉന്നതനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യമാണ് എര്‍ദോഗന്‍ ഉയര്‍ത്തിയിരിക്കുന്നത്. തുര്‍ക്കിയുടെ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന തുറുപ്പുചീട്ടുകള്‍ മുഴുവന്‍ പുറത്തെടുക്കാതെ അതീവ കൗശലത്തോടെയാണ് എര്‍ദോഗന്റെ നീക്കം. അതിന്റെ ലക്ഷ്യമാകട്ടെ സാല്‍മാന്‍ രാജകുമാരനെ ദുര്‍ബലപ്പെടുത്തുകയെന്നതു മാത്രമല്ല കഴിയുമെങ്കില്‍ രാജപദവിയില്‍ എത്തുന്നത് തടയുക എന്നതുകൂടിയാണ്. ഇന്നലെതന്നെയാണ് റിയാദില്‍ നടക്കുന്ന ‘മരുഭൂമിയിലെ ദാവോസ്’ എന്ന് വിശേഷിപ്പിക്കുന്ന സാമ്പത്തിക ഉച്ചകോടിക്ക് തുടക്കം കുറിക്കുന്ന പ്രഖ്യാപനവും. സൗദിയുടെ സാമ്പത്തിക ശക്തിക്ക് കൂടുതല്‍ കരുത്തുപകരുമെന്ന് കരുതപ്പെട്ടിരുന്ന ഉച്ചകോടിയില്‍ നിന്ന് പാശ്ചാത്യശക്തികള്‍ ഏറെയും വിട്ടുനില്‍ക്കും. യു എസ് ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്ന സൗദിയുമായുള്ള ആയുധ കരാറില്‍ നിന്ന് പിന്മാറില്ലെന്ന് ട്രംപ് പറയുമ്പോഴും അതിനെതിരെ പ്രസിഡന്റിനുമേല്‍ കടുത്ത സമ്മര്‍ദ്ദമാണ് വളര്‍ന്നുവന്നിരിക്കുന്നത്. അവസാന നാളുകളില്‍ ‘വാഷിങ്ടണ്‍പോസ്റ്റി’നുവേണ്ടി എഴുതിക്കൊണ്ടിരുന്ന ഖഷോഗിയുടെ കൊലപാതകം യുഎസ് മാധ്യമങ്ങളെയും പൊതുജനാഭിപ്രായത്തെയും തെല്ലൊന്നുമല്ല സ്വാധീനിച്ചിട്ടുള്ളത്. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ തന്നെ സെനറ്റര്‍മാരടക്കം ശക്തമായ ഒരു വിഭാഗം സൗദിയുമായുള്ള ആയുധ ഇടപാടിനെ നിശിതമായി എതിര്‍ത്ത് രംഗത്തുവന്നിട്ടുണ്ട്. അത് സൗദിയുടെ ആയുധ സമാഹരണത്തെ മാത്രമല്ല യു എസ് ആയുധ നിര്‍മാണ വ്യവസായത്തെയും അസ്വസ്ഥമാക്കുന്നു.
പശ്ചിമേഷ്യയില്‍ സൗദിയും അബുദാബിയും കെയ്‌റോ(ഈജിപ്റ്റ്)യും ഉള്‍പ്പെട്ട മൂവര്‍ സംഘവും അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന എര്‍ദോഗന്‍ നേതൃത്വം നല്‍കുന്ന തുര്‍ക്കി, ഖത്തര്‍ കൂട്ടുകെട്ടും തമ്മിലുള്ള ബലതന്ത്രത്തെ ബാധിക്കും. സൗദി കൂട്ടുകെട്ടിനെ ദുര്‍ബലമാക്കുക എന്നതാണ് എര്‍ദോഗന്റെ ലക്ഷ്യം. ഇരുചേരികളുടെയും ബലാബലത്തില്‍ എന്തുതന്നെ സംഭവിച്ചാലും അത് മേഖലയിലെ യുഎസിന്റെ മേധാവിത്വ ശ്രമങ്ങളെയും ബാധിക്കും. യമനില്‍ വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന വംശീയാധിഷ്ഠിത യുദ്ധം, മേഖലയില്‍ ഇറാന്റെ പങ്ക് എന്നിവയിലും ഈ ചേരിപ്പോര് പ്രതിഫലിക്കാതിരിക്കില്ല. ഇന്ത്യയുടെ ഇന്ധന സുരക്ഷ, സാമ്പത്തിക ഭദ്രത, പ്രവാസി ഇന്ത്യക്കാരുടെ ഭാവി എന്നിവയും ഈ സംഭവികാസങ്ങളുടെ പരിണാമ പ്രക്രിയയില്‍ നിര്‍ണായകമാവും. ഖഷോഗിയുടെ കൊലപാതകത്തില്‍ നടക്കുന്ന അന്താരാഷ്ട്ര തലത്തിലുള്ള അന്വേഷണവും അതിന്റെ കണ്ടെത്തലുകളും ആഗോള നയതന്ത്ര ബന്ധങ്ങളിലും സാമ്പത്തിക താല്‍പര്യങ്ങളിലും സുരക്ഷാസംവിധാനങ്ങളിലും ഏറെ പ്രസക്തമായി മാറുകയാണ്.