നരേന്ദ്രമോഡി ഭരണകൂടത്തെ അമ്പരപ്പിക്കുകയും അപരിഹാര്യമായി തുടരുകയും ചെയ്യുന്ന കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലും സമചിത്തതയോടെ ചിന്തിക്കാന്‍ ഭരണകൂടം സന്നദ്ധമാകുന്നില്ല. കാര്‍ഷിക കരിനിയമങ്ങള്‍ എന്നതുപോലെ എല്ലാ പാര്‍ലമെന്ററി ജനാധിപത്യ മര്യാദകളെയും നടപടിക്രമങ്ങളെയും കാറ്റില്‍പറത്തി ഏകപക്ഷീയമായി പാസാക്കിയെടുത്ത നാല് ലേബര്‍ കോഡുകള്‍ നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം കൂടുതല്‍ പ്രക്ഷുബ്ദമായ പ്രക്ഷോഭങ്ങളിലേക്കും സമാധാനപൂര്‍ണമായ ജനജീവിതത്തിനു കനത്ത വെല്ലുവിളിയായും മാറും.
രാജ്യത്തിന്റെ മാത്രമല്ല ലോകത്തിന്റെയാകെ ശ്രദ്ധാകേന്ദ്രമായി മാറിയ കര്‍ഷകപ്രക്ഷോഭം രാഷ്ട്രതലസ്ഥാനത്തിന്റെ പടിവാതിലുകളില്‍ തിളച്ചുമറിയുമ്പോഴും കോര്‍പ്പറേറ്റ് വിടുപണിക്കുള്ള വ്യഗ്രത തല്‍ക്കാലത്തേക്ക് നിര്ത്തിവയ്ക്കാന്പോലും സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ജനുവരി 20ന് തൊഴില്‍ മന്ത്രാലയം വിളിച്ചുകൂട്ടിയ യോഗത്തില്‍ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ജനാധിപത്യ വിരുദ്ധമായി പാര്‍ലമെന്റ് പാസാക്കിയ നാല് ലേബര്‍ കോഡുകളും തിരസ്കരിക്കുന്നതായി ആവര്‍ത്തിച്ച് അറിയിച്ചു.
വിവാദ ലേബര്‍ കോഡുകള്‍ നടപ്പാക്കുന്നതിന് ആവശ്യമായ ചട്ടങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ പേരിലാണ് തൊഴില്‍മന്ത്രാലയം ട്രേഡ് യൂണിയനുകളുടെ യോഗം വിളിച്ചുചേര്‍ത്തത്. അന്താരാഷ്ട്ര തൊഴില്‍ മാനദണ്ഡങ്ങളും ത്രികക്ഷി കൂടിയാലോചനാ കീഴ്വഴക്കങ്ങളും അന്താരാഷ്ട്ര തൊഴില്‍ സംഘടനാ (ഐഎല്‍ഒ) ഉടമ്പടികളും കാറ്റില്‍പറത്തിയാണ് പാര്‍ലമെന്റ് ലേബര്‍ കോഡ് പാസാക്കിയത്. ഐഎല്‍ഒ ഉടമ്പടിയില്‍ ഒപ്പുവച്ച രാഷ്ട്രമെന്നനിലയില്‍ ലേബര്‍കോഡും അവ പാസാക്കിയ രീതിയും ആഗോളതലത്തില്‍ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. ഒരു നൂറ്റാണ്ടിലേറെക്കാലത്തെ പോരാട്ടങ്ങളുടെ ഫലമായി 40 തൊഴില്‍നിയമങ്ങളുടെ അട്ടിമറിയായിരുന്നു നാല് ലേബര്‍ കോഡുകള്‍.
നാല് ലേബര്‍ കോഡില്‍ മൂന്നും രാജ്യസഭ പാസാക്കിയത് പ്രതിപക്ഷ അംഗങ്ങളുടെ അഭാവത്തിലാണ്. കര്‍ഷകവിരുദ്ധ കരിനിയമങ്ങള്‍ മതിയായ ചര്‍ച്ചകൂടാതെ പാസാക്കുന്നതിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരെ സഭയില്‍ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. അതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഒന്നടങ്കം സഭ ബഹിഷ്കരിച്ച അവസരത്തിലാണ് വിവാദ ലേബര്‍ കോഡുകള്‍ ഏകപക്ഷീയമായി പാസാക്കിയെടുത്തത്. രാജ്യത്തെ അമ്പതു കോടി വരുന്ന തൊഴിലാളികളുടെ ജീവിതത്തെയാകെ ബാധിക്കുന്ന നിയമങ്ങളാണ് ഇത്തരത്തില്‍ പാസാക്കിയെടുത്തത്. ജനസംഖ്യയില്‍ മൂന്നിലൊന്നിലേറെ വരുന്ന തൊഴിലാളികളെ സംബന്ധിച്ച് നിര്‍ണായക പ്രാധാന്യമുള്ള നിയമങ്ങള്‍ പാസാക്കുന്നതിനു മുമ്പ് ട്രേഡ് യൂണിയന് നേതൃത്വവുമായി കൂടിയാലോചിക്കാനോ പൊതുജനാഭിപ്രായം ആരായാനോ മോഡി ഭരണകൂടം തയ്യാറായില്ല. കാര്‍ഷിക കരിനിയമങ്ങള്‍ എന്നതുപോലെ ഇവിടെയും തൊഴിലാളികളോടല്ല തങ്ങളുടെ പ്രതിബദ്ധത എന്നവര്‍ തെളിയിക്കുകയായിരുന്നു.
അവരുടെ വിധേയത്വം കോര്‍പ്പറേറ്റ് യജമാനന്മാരോടാണ്. മാത്രമല്ല, പൊതുമണ്ഡലത്തില്‍ ലഭ്യമാക്കിയ ലേബര്‍ കോഡുകളുടെ കരട് തികച്ചും വ്യത്യസ്തമായിരുന്നു എന്നത് കേന്ദ്ര സര്‍ക്കാരിന്റെ കാപട്യത്തേയും തികച്ചും വഞ്ചനാപരമായ നിലപാടിനെയുമാണ് തുറന്നുകാട്ടുന്നത്. മൂന്ന് ലേബര്‍ കോഡുകള്‍ സംബന്ധിച്ചും പാര്‍ലമെന്റിന്റെ സ്ഥിരം സമിതികള്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ എല്ലാം തന്നെ സര്‍ക്കാര്‍ അവജ്ഞാപൂര്‍വം അവഗണിച്ചു. ഈ പശ്ചാത്തലത്തിലാണ് തൊഴിലാളികള്‍ അപ്പാടെ തിരസ്കരിച്ച വിവാദ ലേബര്‍ കോഡുകള്‍ നടപ്പിലാക്കുന്നത് നിര്‍ത്തിവക്കണമെന്നും ഐഎല്‍ഒ നിഷ്കര്‍ഷിക്കും വിധം ദ്വികക്ഷി, ത്രികക്ഷി ചര്‍ച്ചകള്‍ക്ക് തയ്യാറാവണമെന്നും കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെടുന്നത്. ജനുവരി 20നു തൊഴില്‍ മന്ത്രാലയം വിളിച്ചുകൂട്ടിയ കൂടിയാലോചന യഥാര്‍ത്ഥത്തില്‍ കൂടിയാലോചനയല്ല, അതിന്റെ പേരില്‍ നടന്ന പ്രഹസനം മാത്രമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇന്ത്യന്‍ ലേബര്‍ കോണ്‍ഫ്രന്‍സ് വിളിച്ചുകൂട്ടാന്‍ വിസമ്മതിച്ച തൊഴില്‍ മന്ത്രാലയമാണ് കൂടിയാലോചന നാടകവുമായി രംഗപ്രവേശം ചെയ്തിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
രാജ്യത്തെ കര്‍ഷകരും തൊഴിലാളികളും മോഡി സര്‍ക്കാരുമായി മുഖാമുഖത്തിന് നിര്‍ബന്ധിതരായിരിക്കുന്നു. നിരവധി ദേശീയ പണിമുടക്കുകള്‍ നടത്തിയിട്ടും യാതൊരു ചര്‍ച്ചക്കും സന്നദ്ധമാവാതിരുന്ന കേന്ദ്ര ഭരണകൂടം കേന്ദ്ര ട്രേഡ് യൂണിയനുകളുമായി ചര്‍ച്ചക്ക് തയ്യാറായത് യാദൃശ്ചികമല്ല. കര്‍ഷക പ്രക്ഷോഭം മോഡി സര്‍ക്കാരിനെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചുലച്ചിരിക്കുന്നു. കരിനിയമങ്ങള്‍ പിന്‍വലിക്കാതെ തങ്ങള്‍ മടങ്ങില്ലെന്ന നിശ്ചയദാര്‍ഢ്യത്തിലാണ് കര്‍ഷകര്‍. സമാനമായ അവസ്ഥ തൊഴിലാളിരംഗത്തും സംജാതമാകുന്നതിനെപ്പറ്റി അവര്‍ ഭയപ്പെടുന്നു. തൊഴിലാളികളും കര്‍ഷകരും കൈകോര്‍ക്കുന്നത് മോഡി ഭരണകൂടത്തിന്റെ അവസാനത്തിന്റെ ആരംഭമായിരിക്കും. ഭരണകൂടത്തിന് മുന്നില്‍ മറ്റ് പോംവഴികള്‍ ഒന്നുമില്ല, കരിനിയമങ്ങള്‍ പിന്‍വലിക്കുകയല്ലാതെ.