August 19, 2022 Friday

ആനമുടി മുതല്‍ അടിമലത്തുറ വരെ

Janayugom Webdesk
February 10, 2020 5:00 am

കേരളത്തെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്ന ഭൂമാഫിയ അനുഭവത്തില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാതെ പുതിയ രൂപത്തിലും ഭാവത്തിലും അവരുടെ വൃത്തികെട്ട ശിരസ് വീണ്ടും ഉയര്‍ത്തുന്നു. അത്തരത്തിലുള്ള ഏറ്റവും പുതിയ കഥ വരുന്നത് അടിമലത്തുറയില്‍ നിന്നുമാണ്. ഇത്തവണ അവര്‍ വിശ്വാസത്തിന്റെയും മതത്തിന്റെയും തിരുവസ്ത്രം അണിഞ്ഞാണ് രംഗപ്രവേശം. അടിമലത്തുറ ലത്തീന്‍ കത്തോലിക്കാ പള്ളി വികാരിയും പള്ളിക്കമ്മിറ്റിയുമാണ് ഇവിടെ കേന്ദ്ര കഥാപാത്രങ്ങള്‍. അര ഏക്കര്‍ റവന്യൂ ഭൂമിയടക്കം മൊത്തം പതിനൊന്നേക്കര്‍ തീരഭൂമിയാണ് മത്സ്യതൊഴിലാളികളുടെ പേരില്‍ കയ്യേറിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലാ കളക്ടര്‍ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ട് അനുസരിച്ച് ഈ ഭൂമാഫിയ മൂന്നും അഞ്ചും സെന്റ് വീതം പ്ലോട്ടുകളാക്കി 266 കുടുംബങ്ങള്‍ക്ക് പുറമ്പോക്ക് ഭൂമി വിറ്റ് കോടികള്‍ കെെവശപ്പെടുത്തി.

കയ്യേറ്റഭൂമിയില്‍ വിശാലമായ കണ്‍വന്‍ഷന്‍ സെന്ററും മാർക്കറ്റും കുടിവെള്ള വിതരണ പദ്ധതിയും നടപ്പാക്കി. ഇതെല്ലം കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രകൃതിദുരന്തങ്ങളില്‍ വീടു നഷ്ടപ്പെട്ട മത്സ്യതൊഴിലാളികളുടെ പേരിലാണ് അരങ്ങേറിയത്. കയ്യേറ്റവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തടയാന്‍ എത്തിയ റവന്യൂ അധികൃതരെയും നേരിട്ട് അന്വേഷണത്തിന് എത്തി­യ കളക്ടറെയും മത്സ്യതൊഴിലാളികളുടെ പേരില്‍ തടയാനും ശ്രമങ്ങളുണ്ടായി. കയ്യേറ്റ ഭൂമിയിറ്റല്‍ കണ്‍വന്‍ഷന്‍ സെന്ററിന് പുറമെ 167 വീടുകളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലാണ്. മതത്തിന്റെ പേരില്‍ നടക്കുന്ന കയ്യേറ്റം തടയാന്‍ ഗവണ്മെന്റ് മുതിര്‍ന്നേക്കില്ലെന്ന കണക്കുകൂട്ടലിലാണ് ഭൂമാഫിയയുടെ പ്രവര്‍ത്തനം. സര്‍ക്കാരിന്റെ പ്രകൃതിദുരന്ത പുനരധിവാസ പദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് പ്രചരിപ്പിച്ച് രാഷ്ട്രീയ പ്ര­തിരോധം സൃഷ്ടിക്കാനുള്ള പദ്ധതിയും പില്‍ക്കാലത്ത് നിയമസാധുത നേ­ടാമെന്ന കണക്കുകൂട്ടലും കയ്യേറ്റത്തിന് പിന്നിലുണ്ട്.

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ നിര്‍മ്മാണത്തെ തുടര്‍ന്ന് പുതുതായി രൂപംകൊണ്ട തീരത്താണ് കയ്യേറ്റം നടന്നിട്ടുള്ളത്. എപ്പോള്‍ വേണമെങ്കിലും കടലെടുക്കാവുന്ന, അത്യന്തം പരിസ്ഥിതിലോല പ്രദേശത്താണ് കയ്യേറ്റം നടന്നിരിക്കുന്നത്. തീരദേശ പരിപാലന ചട്ടങ്ങളൊ കെട്ടിട നിര്‍മ്മാണ ചട്ടമോ പാലിക്കാതെയുള്ള നിര്‍മ്മാണ പ്ര­വര്‍ത്തനമാണ് നടന്നിട്ടുള്ളത്. പ്രകൃതിദുരന്തങ്ങള്‍ക്ക് ഇരയായവര്‍ക്കുള്ള പുനരധിവാസ പദ്ധതി നടപ്പാക്കുന്നില്ലെന്ന് ആരോപിച്ചാണ് കയ്യേറ്റ നാടകം നടത്തിയിട്ടുള്ളത്. ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് നടപ്പാക്കിവരുന്ന ഭവന നിര്‍മ്മാണ പദ്ധതി അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കയ്യേറ്റമെന്ന് ലത്തീന്‍ കത്തോലിക്കാ സഭയുടെയും മത്സ്യതൊഴിലാളി സംഘടനകളുടെയും നേതാക്കള്‍ തന്നെ ആരോപിക്കുന്നു. കളക്ടര്‍ കയ്യേറ്റം സംബന്ധിച്ചു നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്.

കയ്യേറ്റവും നിയമലംഘനവും കര്‍ശനമായി നേരിടുമെന്നാണ് റവന്യൂമന്ത്രി പറഞ്ഞിട്ടുള്ളത്. തീരദേശത്തെ നിയമലംഘനങ്ങളുടെ ഗതി എന്താവുമെന്ന് മരടിലെ ഫ്ലാറ്റ് സമുച്ചയവും കുട്ടനാട്ടെ സപ്ത നക്ഷത്ര റിസോര്‍ട്ട് കാത്തിരിക്കുന്ന അന്ത്യവും നമുക്ക് കാട്ടിത്തരുന്നുണ്ട്. അടിമലത്തുറയില്‍ നടന്നിരിക്കുന്നത് കേവലം കയ്യേറ്റവും നിയമലംഘനവും മാത്രമല്ല, ഭൂമാഫിയക്ക് വലിയ വില നല്‍കി ഭൂമി വാങ്ങി ജീവിതകാലത്തെ അധ്വാനംകൊണ്ട് നേടിയതെല്ലാം ചെലവഴിച്ച് വീട് നിര്‍‍മ്മിച്ചവരോടുള്ള വഞ്ചനകൂടിയാണ്. ഇത്തരം മാഫിയാ സംഘങ്ങള്‍ സഭയുടെയും സ്വാധീനത്തിന്റെയും പേരില്‍ രക്ഷപ്പെടാന്‍ അനുവദിച്ചുകൂട. അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും വഞ്ചിക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്താനും അര്‍ഹമായ ശിക്ഷ വാങ്ങിനല്‍കാനും ജനകീയ ഭരണകൂടത്തിന് ഉത്തരവാദിത്തവും ബാധ്യതയും ഉണ്ട്.

എല്‍ഡിഎഫ് ഗവണ്മെന്റ് അക്കാര്യത്തില്‍ അറച്ചുനില്‍ക്കില്ലെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. ആനമുടി മുതല്‍ അടിമലത്തുറവരെ കാല്‍ച്ചുവട്ടിലാക്കി വിഹരിക്കുന്ന ഭൂമാഫിയയെ നിലയ്ക്കുനിര്‍ത്താന്‍ സമയം അതിക്രമിച്ചിരിക്കുന്നു. കേരളം ഇന്നു നേരിടുന്ന പാരിസ്ഥിതിക ദുരന്തങ്ങള്‍ക്ക് വലിയൊരളവ് ഉത്തരവാദികള്‍ ഇത്തരം മാഫിയകളാണ്. ഭൂമിക്കും പ്രകൃതിക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും സാധാരണ പൗരന്മാരെ വഞ്ചിച്ച് നടത്തുന്ന പകല്‍ക്കൊള്ളയ്ക്കും വിരാമമിടാന്‍ കടുത്ത ഭരണകൂട നടപടികള്‍ കൂടിയേ തീരൂ. അടിമലത്തുറ അതീവ പരിസ്ഥിതിലോല മേഖലയാണ്. കഴിഞ്ഞകാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ അത്തരം ഇടങ്ങള്‍ മനുഷ്യവാസ കേന്ദ്രങ്ങളാക്കി മാറ്റുന്നത് ദുരന്തങ്ങള്‍ക്ക് ചുവപ്പ് പരവതാനി വിരിക്കുന്നതിനു തുല്യമാണ്. അതുകൊണ്ടുതന്നെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ സത്വര നടപടികള്‍ക്ക് തയ്യാറാവണം.

Eng­lish Sum­ma­ry: janayu­gom edi­to­r­i­al about land mafia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.