March 30, 2023 Thursday

സുഗന്ധം പൊഴിക്കുന്ന സ്വരമാധുരി

Janayugom Webdesk
February 6, 2023 5:00 am

ഇന്ത്യയുടെ വാനമ്പാടിയായ ലത മങ്കേഷ്കർ അന്തരിച്ച് ഒരുവർഷം പൂർത്തിയാകുന്നതിന്റെ തലേന്നാണ് മലയാളികൾക്ക് മറക്കാനാവാത്ത എത്രയോ ഗാനങ്ങൾ സമ്മാനിച്ച ഗായിക വാണി ജയറാം കടന്നുപോയത്. മലയാളികളെ സംബന്ധിച്ച് ഇരുവർക്കുമുള്ള പ്രത്യേകത ഇതരസംസ്ഥാനത്തു ജനിച്ച് മലയാളത്തിന്റെ പ്രിയപ്പെട്ടവരായി തീർന്നുവെന്നതാണ്. മധ്യപ്രദേശിലെ ഇൻഡോറിലായിരുന്നു ലതയുടെ ജനനമെങ്കിൽ വാണി തമിഴ്‌നാട്ടിലെ വെല്ലൂരിൽ നിന്നാണ് പാടിത്തുടങ്ങിയത്. മലയാളത്തിനൊപ്പം വിവിധ ഭാഷകളിൽ പാടി, വാണി ആസ്വാദകരുടെ ഹൃദയം കവർന്നു. ഇളംപ്രായത്തിൽതന്നെ ആ സ്വരമാധുരി ആസ്വാദകരെ അനുഭൂതിയുടെ തലങ്ങളിലെത്തിച്ചു. അതുകൊണ്ടാണ് എട്ടാം വയസിൽ ആകാശവാണിയിൽ പാടുന്നതിന് അവസരമുണ്ടായത്. മദ്രാസ് ആകാശവാണി സ്റ്റേഷനിലായിരുന്നു അത്. ജനിച്ചത് തമിഴ്‌നാട്ടിലായിരുന്നുവെങ്കിലും 1971ൽ ചലചിത്രത്തിൽ ആദ്യമായി പാടുന്നത് ഹിന്ദിയിലായിരുന്നു, വസന്ത് ദേശായിയുടെ സംഗീതത്തിൽ ‘ഗുഡ്ഡി’ എന്ന ചിത്രത്തിലെ ‘ബോലേ രേ പപ്പി’ എന്ന ഗാനം. ഹിന്ദിയിൽ ഇരിപ്പുറപ്പിച്ച ഗായികയായി വാണിയുടെ പിറവി കുറിച്ചതായിരുന്നു ആ ചലചിത്രം.

 


ഇതുകൂടി വായിക്കു; സലില്‍ ചൗധരി മലയാളിന് നല്‍കിയ ശബ്ദമാധുരി: ‘പപ്പി ഹരാ’ മുതല്‍ ‘ഓലഞ്ഞാലി’ വരെ…


ഗുഡ്ഡിയിലെ ഗാനത്തിന് അഞ്ച് അവാർഡുകളാണ് വാണിക്കു ലഭിച്ചത്. പിന്നീട് നൗഷാദ്, മദൻ മോഹൻ, ഒ പി നയ്യാർ, ആർ ഡി ബർമൻ, കല്യാൺജി ആനന്ദ്ജി, ലക്ഷ്മികാന്ത് പ്യാരേലാൽ, ജയ്ദേവ് തുടങ്ങിയവരുടെ സംഗീതത്തിന് ശബ്ദം നല്‍കുകയും മുഹമ്മദ് റഫി, മുകേഷ്, മന്നാഡേ എന്നിവരോടൊപ്പം പാടുകയും ചെയ്ത അവർ 1974ൽ ചെന്നൈയിലേക്ക് താമസം മാറ്റിയതിനുശേഷമാണ് ദക്ഷിണേന്ത്യൻ ഭാഷാചിത്രങ്ങളിലും സജീവമായത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, തെലുങ്ക്, മറാത്തി, ഒഡിയ, ഗുജറാത്തി, ഹര്യാന്‍വി, അസമീസ്, തുളു, ബംഗാളി ഭാഷാ സിനിമകളിലും പാടിയ അവർ എം എസ് വിശ്വനാഥൻ, എം ബി ശ്രീനിവാസൻ, കെ വി മഹാദേവൻ, എം കെ അർജുനൻ, ജെറി അമൽദേവ്, സലിൽ ചൗധരി, ഇളയരാജ, എ ആർ റഹ്‌മാൻ എന്നിവര്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ ആലപിച്ചു.

ഹിന്ദിയിലെ പെരുമയാണ് അവരെ മലയാളത്തിലേക്ക് നയിച്ചത്. സലിൽ ചൗധരിയാണ് വാണിയെ ആദ്യമായി മലയാളത്തിൽ പാടിക്കുന്നത്. 1973ൽ സ്വപ്നം എന്ന ചലച്ചിത്രത്തിൽ ഒഎൻവിയുടെ വരികൾക്ക് സംഗീതസംവിധാനം നിർവഹിച്ച സലിൽ ചൗധരിയാണ് മലയാളത്തിന് പരിചയപ്പെടുത്തുന്നത്. ‘സൗരയൂഥത്തിൽ വിടർന്നോരു കല്യാണ സൗഗന്ധികമേ’ എന്നു തുടങ്ങുന്ന ഗാനം മലയാളി ഗാനാസ്വാദകരുടെ മുഴുവൻ മനസിൽ സുഗന്ധം പരത്തുന്ന പാട്ടുകാരിയായി വാണിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. സംഗീതജ്ഞയായ അമ്മയായിരുന്നു മകൾക്ക് വാക്കുറയ്ക്കും മുമ്പ് കലൈവാണിയെന്ന പേരിടുന്നത്. വാക്കുറയ്ക്കുകയും വളരുകയും ചെയ്യവേ ആ പേരിനെ അന്വർത്ഥമാക്കി അവൾ വിവിധ ഭാഷകളിൽ സംഗീതം പെയ്തുനിറച്ചു. 1970കളിലാണ് മലയാളത്തിലെ വാണിയുടെ ആദ്യഗാനങ്ങളുണ്ടാകുന്നത്. അപ്പോഴേയ്ക്കവർ വിവാഹം ചെയ്ത് വാണി ജയറാമായിരുന്നു. നാലുപതിറ്റാണ്ടിനിപ്പുറവും മലയാളിക്ക് മൂളി നടക്കാനുള്ളത്രയും മനോഹാരിതയോടെയാണ് അന്നവർ പാടിയത്. 1975ൽ പുറത്തിറങ്ങിയ ചിത്രങ്ങളായ ബാബുമോനിലെ ‘പദ്മതീർത്ഥക്കരയിൽ…’, രാഗത്തിലെ ‘നാടൻപാട്ടിലെ മൈനാ…’, ‘എന്റെ കയ്യിൽ പൂത്തിരി…’ ‘(സമ്മാനം), ‘ആഷാഢമാസം ആത്മാവിൽ മോഹം.…’(യുദ്ധഭൂമി), ‘സീമന്ത രേഖയിൽ ചന്ദനം ചാർത്തിയ.…’ (ആശീർവാദം), ‘സപ്തസ്വരങ്ങളാടും…’ ’ (ശംഖുപുഷ്പം), ‘നാദാപുരം പള്ളിയിലെ…’ (തച്ചോളി അമ്പു), ‘മനസിൻ മടിയിലെ മാന്തളിരിൻ…’ (മാനത്തെ വെള്ളിത്തേര്) മലയാളി ഇപ്പോഴും മൂളിപ്പോകുന്ന പാട്ടുകൾ ഒഴുകിപ്പടരുന്നു.

 


ഇതുകൂടി വായിക്കു;  വാണി ജയറാം: ശബ്ദമാധുര്യം കൊണ്ട് അനശ്വരതയാർജ്ജിച്ച ഗായികയെന്ന് മുഖ്യമന്ത്രി


ദശകങ്ങൾക്കുശേഷമാണ് വാണി മലയാളത്തിലേക്ക് രണ്ടാംവരവ് നടത്തിയത്; 2014ൽ പി ജയചന്ദ്രനൊപ്പം ‘ഓലഞ്ഞാലിക്കുരുവി…’ എന്ന ഗാനം ആലപിച്ചുകൊണ്ട്. പ്രായം കൗമാര യൗവനങ്ങൾ പിന്നിട്ടിരുന്നെങ്കിലും ആ സ്വരമാധുരിക്കു മാത്രം പ്രായവ്യത്യാസമുണ്ടായില്ല. അതിനാൽത്തന്നെ എഴുപതുകളിൽ അവരുടെ പാട്ടുകേട്ട മുതിർന്നവരും രണ്ടാം വരവിൽ കേട്ട പുതുതലമുറയും ഒരുപോലെ വാണിയുടെ ആരാധകരായി. ‘മാനത്തെ മാരിക്കുറുമ്പേ…’ (പുലിമുരുകൻ), ‘പൂക്കൾ പനിനീർ പൂക്കൾ…’ (ആക്ഷൻ ഹീറോ ബിജു), ‘പെയ്തലിഞ്ഞ നിമിഷം…’ (ക്യാപ്റ്റൻ) തുടങ്ങിയവയും രണ്ടാം വരവിലെ പാട്ടുകളാണ്. 19 ഭാഷകളിലായി 10,000ത്തിലധികം ഗാനങ്ങൾ ആലപിച്ചു. 1975, 1980, 1991 എന്നീ വർഷങ്ങളിൽ ദേശീയ പുരസ്കാരവും ഗുജറാത്ത്, ഒഡിഷ, തമിഴ്‌നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായിക അവാർഡുകളും അവര്‍ക്ക് ലഭിച്ചു.
അഞ്ചു ദശകത്തിലധികം നീണ്ട ഗാനസപര്യയിലൂടെ കോടിക്കണക്കിന് ആസ്വാദകരുടെ മനംകവര്‍ന്നു. വിവിധ ഭാഷകളിലെ ഗാനാസ്വാദകരുടെ മനസില്‍ പതിഞ്ഞ ഒട്ടേറെ പാട്ടുകള്‍ അവശേഷിപ്പിച്ചാണ് വാണി ജയറാം വിടവാങ്ങിയത്. ആലാപനത്തിന്റെ ആ സ്വരമാധുരി എക്കാലവും നിലനില്‍ക്കുമെന്നതില്‍ സംശയമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.