ചൂഷണത്തിന് വഴിയൊരുക്കുന്ന നിയമനിർമ്മാണങ്ങൾ

Web Desk
Posted on September 24, 2020, 5:00 am

കോർപ്പറേറ്റുകളുടെ ഇംഗിതത്തിന് വഴങ്ങിക്കൊണ്ട് തൊഴിലവകാശങ്ങൾ അവരുടെ കാൽക്കീഴിൽ അടിയറ വയ്ക്കുന്ന നിയമനിർമ്മാണത്തിന് കേന്ദ്ര സർക്കാരിന്റെ കാർമികത്വത്തിൽ രാജ്യസഭയും സാക്ഷിയായിരിക്കുന്നു. ലോക്‌സഭ നേരത്തേ അംഗീകരിച്ച നിയമത്തിന് ഇന്നലെ പ്രതിപക്ഷമില്ലാത്ത സമ്മേളനത്തിലാണ് രാജ്യസഭ അംഗീകാരം നല്കിയത്. എട്ട് അംഗങ്ങളെ സസ്പെൻഡ് ചെയ്ത് ജനാധിപത്യവധത്തിന് ശ്രമിച്ചതിനെതിരായ പ്രതിഷേധത്തെ തുടർന്നായിരുന്നു പ്രതിപക്ഷമില്ലാത്ത സഭാസമ്മേളനം സംഭവിച്ചത്.

കാർഷിക മേഖലയെ കോർപ്പറേറ്റുകളുടെയും വിപണിയുടെയും താൽപര്യങ്ങൾക്ക് പണയപ്പെടുത്തുകയും കാർഷികോല്പന്നങ്ങളുടെ കുത്തകസമ്പ്രദായത്തിനും പൂഴ്ത്തിവയ്പിനും വഴിയൊരുക്കുകയും ചെയ്യുന്ന കാർഷിക നിയമങ്ങളുടെ അംഗീകാരത്തിനെതിരെയായിരുന്നു പ്രതിപക്ഷ പ്രതിഷേധമുയർന്നത്. ലോക്‌സഭയിൽ തൊഴിൽ കോഡുകൾ അംഗീകരിക്കുന്നതിനെതിരെയും ശക്തമായ പ്രതിഷേധമാണുയർന്നിരുന്നത്. അത് മുൻകൂട്ടി കണ്ടുകൊണ്ട് പ്രക്ഷുബ്ധാവസ്ഥ സൃഷ്ടിക്കുന്നതിന് വഴിയൊക്കി പ്രതിപക്ഷത്തെ പുറത്തുനിർത്തിയാണ് രാജ്യസഭയിൽ ഇപ്പോൾ തൊഴിൽനിയമങ്ങളെ സംയോജിപ്പിച്ച് സംഹിതകളാക്കുന്ന നിയമനിർമ്മാണ പ്രക്രിയ പൂർത്തീകരിച്ചിരിക്കുന്നത്. ചർച്ചകൾക്കുപോലും അവസരം നല്കാതെയുള്ള നിയമനിർമാണ പ്രക്രിയ യഥാർത്ഥത്തിൽ ജനാധിപത്യത്തിന്റെ കുരുതിയാണ്. പ്രധാനപ്പെട്ട 44 തൊഴില്‍ നിയമങ്ങളെ സമൂലം പരിഷ്‌കരിച്ച് നാല് തൊഴിൽനിയമ സംഹിതകളായി (തൊഴിൽ കോഡുകൾ) ലയിപ്പിക്കുന്ന പദ്ധതിക്കാണ് നിയമ പരിരക്ഷയുണ്ടായിരിക്കുന്നത്.

വേജസ് കോഡ്, കോഡ് ഓണ്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്, ഇന്‍ഡസ്ട്രിയല്‍ കോഡ് ഓണ്‍ സോഷ്യല്‍ സെക്യൂരിറ്റി ആന്റ് വെല്‍ഫെയര്‍, കോഡ് ഓണ്‍ ഒക്യുപ്പേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്റ് വര്‍ക്കിംഗ് കണ്ടീഷന്‍സ് എന്നിവയാണ് നാല് കോഡുകള്‍. നിലവിലുളള തൊഴില്‍ നിയമങ്ങളെ നാലു വിഭാഗങ്ങളായി തിരിച്ചാണ് ഈ കോഡുകളില്‍ ലയിപ്പിച്ചിരിക്കുന്നത്. മിനിമം വേജസ് ആക്ട്, പേയ്‌മെന്റ് ഓഫ് വേജസ് ആക്ട്, ബോണസ് നിയമം, തുല്യ വേതന നിയമം എന്നിവ വേജസ് കോഡിലും തൊഴിലാളി സംഘടനാ നിയമം, വ്യവസായ തര്‍ക്കനിയമം എന്നിവ ഉൾപ്പെടെയുള്ള നിയമങ്ങള്‍ വ്യവസായ ബന്ധങ്ങള്‍ സംബന്ധിച്ച കോഡിലും എംപ്ലോയിസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ആക്ട്, പ്രൊവിഡന്റ് ഫണ്ട് ആക്ട്, എംപ്ലോയിസ് കോമ്പന്‍സേഷന്‍ ആക്ട് എന്നിവയടക്കം തൊഴിലാളികളുടെ ക്ഷേമത്തിനും സുരക്ഷക്കും പ്രാധാന്യം നല്‍കുന്ന 15 നിയമങ്ങള്‍ സോഷ്യല്‍ സെക്യൂരിറ്റി ആന്റ് വെല്‍ഫെയര്‍ എന്ന് പേരിട്ടിരിക്കുന്ന കോഡിലും ഉള്‍ച്ചേർത്തിരിക്കുന്നു.

ഫാക്ടറി നിയമവും ഖനന നിയമവും ഉൾപ്പെടെ 13 നിയമങ്ങള്‍ ഒക്യുപ്പേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്റ് വര്‍ക്കിംഗ് കണ്ടീഷൻ എന്ന പേരിലുള്ള കോഡിലും ഉൾപ്പെടുത്തിയിരിക്കുന്നു. വേജസ് കോഡ് നേരത്തേതന്നെ അംഗീകരിച്ചിരുന്നു. ഇതിന് പുറമേയാണ് മൂന്ന് തൊഴിൽകോഡുകൾ ഇന്നലെ രാജ്യസഭ അംഗീകരിച്ചതോടെ നടപ്പിലാകാൻ പോകുന്നത്. വേജസ് കോഡ് പ്രകാരം ബോണസ് നല്കുന്നതിനുള്ള വ്യവസ്ഥ 20ലധികം തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ മാത്രമായി പരിമിതപ്പെടും. നേരത്തെയുണ്ടായിരുന്ന നിയമത്തിൽ ഇങ്ങനെയൊരു വ്യവസ്ഥയുണ്ടായിരുന്നുവെങ്കിലും അതിൽ ചട്ടങ്ങൾ രൂപീകരിക്കുമ്പോൾ മാറ്റം വരുത്തുവാൻ സംസ്ഥാന സർക്കാരിന് കഴിയുമായിരുന്നു. അതനുസരിച്ച് കേരളത്തിൽ ബോണസ് വ്യവസ്ഥ പത്തിൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്കായി മാറ്റം വരുത്തിയിരുന്നു. എന്നാൽ പുതിയ വേജസ്‍ കോഡിൽ അങ്ങനെയൊരു വ്യവസ്ഥയുണ്ടായിരുന്നില്ല. അതുപോലെ തൊഴിൽ നിയമലംഘനങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള പിഴശിക്ഷ പ്രത്യേക ഉദ്യോഗസ്ഥ സംവിധാനത്തെ ഉപയോഗിച്ച് ഇളവുകൾ നല്കുന്നതിനുള്ള അധികാരവും നല്കി.

ഇന്നലെ അംഗീകരിച്ച തൊഴിൽ കോഡുകളുടെ അടിസ്ഥാനത്തിൽ 300 തൊഴിലാളികളുള്ള സംരംഭം അടച്ചുപൂട്ടുന്നതിന് അംഗീകാരത്തിന്റെ ആവശ്യമില്ല. അതുപോലെ തന്നെ തൊഴിൽ സമയത്തിൽ മാറ്റം വരുത്തുകയും ചെയ്യുന്നു. കൂടാതെ നിശ്ചിത കാലയളവിലേക്കുള്ള തൊഴിൽ എന്ന വ്യവസ്ഥയിലൂടെ കരാർ തൊഴിൽ ചൂഷണത്തിന് നിയമ പരിരക്ഷ നല്കുകയും ചെയ്തിരിക്കുന്നു. ഇത് ഒരു ആനുകൂല്യവും നല്കാതെ കരാർ വ്യവസ്ഥയിൽ തൊഴിലെടുപ്പിക്കുന്നതിനുള്ള വഴിയൊരുക്കുമെന്ന കാര്യത്തിൽ സംശയമില്ല. മിക്കവാറും എല്ലാ തൊഴിലാളി സംഘടനകളും ഈ നിയമസംഹിതകൾക്കെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്നലെ കേന്ദ്ര തൊഴിലാളി സംഘടനകൾ ദേശവ്യാപക പ്രതിഷേധവും സംഘടിപ്പിക്കുകയുണ്ടായി. വാണിജ്യ — വ്യവസായ സംരംഭങ്ങളുടെ കേന്ദ്ര സംഘടനയായ ഫിക്കി പോലുള്ള സംഘടനകളാണ് നിയമനിർമ്മാണത്തെ സ്വാഗതം ചെയ്തിരിക്കുന്നതെന്നത് മനസിലാക്കിയാൽ തന്നെ നിയമനിർമ്മാണം ആരുടെ താല്പര്യത്തിന് അനുസൃതമാണെന്ന് വ്യക്തമാകും. വ്യവസായങ്ങൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്രസർക്കാരും വിശദീകരിക്കുന്നുണ്ട്.

അതിനർത്ഥം തൊഴിലാളികളുടെ അവകാശങ്ങളെ ഇല്ലാതാക്കി ഉടമകൾക്ക് കൂടുതൽ ചൂഷണത്തിന് അവസരം നല്കുകയാണ് ഇതുകൊണ്ട് സർക്കാർ ലക്ഷ്യംവയ്കുന്നതെന്നു തന്നെയാണ്. കാർഷികനിയമം കർഷകരെ എന്നപോലെ തന്നെ തൊഴിലാളികളെ പട്ടിണിയിലേക്കും ചൂഷണത്തിലേക്കും തള്ളിവിടുന്ന നിയമ നിർമാണത്തിനാണ് കേന്ദ്ര സർക്കാർ സന്നദ്ധമായിരിക്കുന്നത്. ഇതിനെതിരായ ചെറുത്തുനില്പ് എല്ലാ കോണുകളിൽ നിന്നും ഉണ്ടാകേണ്ടതുണ്ട്.