January 27, 2023 Friday

ജനത്തെ വിധിക്കു വിട്ടുനല്‍കുന്ന മന്‍ കി ബാത്ത്

Janayugom Webdesk
March 30, 2020 5:05 am

കോവിഡ് ദുരന്തത്തെ പ്രതിരോധിക്കുന്നതിന് ആവശ്യമായ നയപരിപാടികളും പ്രവര്‍ത്തന തന്ത്രങ്ങളും ആവിഷ്കരിക്കുന്നതില്‍ നരേന്ദ്രമോഡി നേതൃത്വം നല്‍കുന്ന ബിജെപി-എന്‍ഡിഎ സര്‍ക്കാരിന് ഗുരുതരമായ വീഴ്ചകളും പാളിച്ചകളും സംഭവിച്ചുവെന്ന് കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങള്‍ അസന്നിഗ്ധമായി തെളിയിക്കുന്നു. ജമ്മു-കശ്മീര്‍ മുതല്‍ കേരളംവരെ രാജ്യത്തുടനീളം പണിയെടുക്കുന്ന ദശലക്ഷക്കണക്കിനു കുടിയേറ്റ തൊഴിലാളികളുടെ കൂട്ട പലായനവും പലായന ശ്രമവും വ്യാപകമായ അസ്വസ്ഥതകളുമാണ് അതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മഹാനഗരങ്ങളില്‍ നിന്നും മൂന്ന് ദിവസം മുമ്പ് ആരംഭിച്ച പലായനം രാഷ്ട്ര തലസ്ഥാനത്തും ലക്‌നൗവിലും ശക്തവും ക്രൂരവുമായ പൊലീസ് ഇടപെടല്‍ ക്ഷണിച്ചുവരുത്തുന്ന കലാപ സമാനമായ അന്തരീക്ഷമാണ് സൃഷ്ടിച്ചത്. അത് പെട്ടെന്ന് നിയന്ത്രണവിധേയമാവുമെന്നും അപ്രത്യക്ഷമാവുമെന്നും പ്രതീക്ഷിക്കാനാവില്ല.

അതിന്റെ അനുരണനമെന്നോണവും, ഒരുപക്ഷെ ആസൂത്രിതവുമായ, സംഭവമാണ് ഇന്നലെ കോട്ടയത്തെ പായിപ്പാട് അരങ്ങേറിയത്. അതാവട്ടെ അടച്ചുപൂട്ടലിന്റെയും സാമൂഹ്യഅകലം പാലിക്കലിന്റെയും ലക്ഷ്യത്തെതന്നെ തകര്‍ക്കാന്‍ മതിയായവയാണ്. എന്നാല്‍, അത്യന്തം ആപത്കരമായ ഈ സംഭവ വികാസത്തിന്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ ചുമലില്‍ കെട്ടിയേല്‍പ്പിക്കാനുള്ള പാഴ്ശ്രമമാണ് ബിജെപി വൃത്തങ്ങളില്‍ നിന്ന് ഉണ്ടായത്. ശനിയാഴ്ച ഡല്‍ഹി നഗരത്തെ പിടിച്ചുലച്ച പലായനത്തിന്റെ ഉത്തരവാദിത്തം കേജ്‌രിവാള്‍ സര്‍ക്കാരിന്റെ പരാജയമാണെന്ന് വരുത്തിതീര്‍ക്കാനാണ് ബിജെപിയുടെ ഡല്‍ഹി, യുപി, ദേശീയ നേതൃത്വങ്ങളും സംഘപരിവാര്‍ ജിഹ്വകളായി മാറിയ ദൃശ്യമാധ്യമങ്ങളും ശ്രമിച്ചത്. സമാനമായ രീതിയില്‍ പായിപ്പാട്ടെ സംഭവത്തിന്റെ പേരില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്താനാണ് നാവുവളച്ചാല്‍ നുണമാത്രം പറയുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും അദ്ദേഹത്തിന്റെ സ്തുതിപാഠകവൃന്ദവും ശ്രമിച്ചത്. കോവിഡ് മഹാമാരി സംബന്ധിച്ച വ്യക്തമായ സൂചനകളും മുന്നറിയിപ്പുകളും ലോകാരോഗ്യ സംഘടന ഇന്ത്യയടക്കം ലോകരാജ്യങ്ങള്‍ക്കെല്ലാം നല്‍കിയിരുന്നു. യഥാസമയം ജനങ്ങള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കുന്നതിനോ മുന്‍കരുതല്‍ സ്വീകരിക്കുന്നതിനോ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജ്ജീകരിക്കുന്നതിനോ കേന്ദ്രസര്‍ക്കാര്‍ തയാറായില്ല.

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം, ഡല്‍ഹിയിലെ‍ വര്‍ഗീയ കലാപം‍‍, മധ്യപ്രദേശിലെ‍ കുതിരക്കച്ചവടം‍ തുടങ്ങിയ പതിവ് അട്ടിമറിപ്പണികളില്‍ വ്യാപൃതരായിരുന്നു മോഡിയും സംഘവും. ആ കുത്സിത വൃത്തികളെല്ലാം പൂര്‍ത്തിയാക്കി മാര്‍ച്ച് 20ന് പ്രധാനമന്ത്രി ‘ജനതാ കര്‍ഫ്യൂ’ പ്രഖ്യാപനം നടത്തുമ്പോഴേയ്ക്കും കാര്യങ്ങള്‍ കെെവിട്ടുകഴിഞ്ഞിരുന്നു. തുടര്‍ന്ന് രാജ്യം അടച്ചുപൂട്ടലിലേക്ക്. രാജ്യത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പൊടുന്നനെ നിശ്ചലമാക്കിയ അടച്ചുപൂട്ടലിന് തയാറെടുക്കാന്‍ പട്ടിണിപ്പാവങ്ങളും സാധാരണക്കാരുമായ മഹാഭൂരിപക്ഷത്തിനും തെല്ലും അവസരം ലഭിച്ചില്ല. സമ്പൂര്‍ണ അടച്ചുപൂട്ടലിലേക്ക് നീങ്ങാന്‍, ഒരുപക്ഷെ കേരളം ഒഴിച്ച്, ഒരു സംസ്ഥാനങ്ങളും തയാറായിരുന്നില്ല. കോര്‍പ്പറേറ്റുകളെയും സമ്പന്ന നികുതിദായകരെയും സംബന്ധിക്കുന്നതും പുറമ്പോക്ക് ജനതയ്ക്കും വേണ്ടിയുള്ള രണ്ട് പാക്കേജ് പ്രഖ്യാപനങ്ങള്‍, ധനമന്ത്രിയില്‍ നിന്നും ഉണ്ടായി. ദശലക്ഷക്കണക്കിനു വരുന്ന കുടിയേറ്റ തൊഴിലാളികള്‍ പരമ്പരാഗത തൊഴില്‍ മേഖലയിലെ കോടാനുകോടികള്‍ തുടങ്ങി ദുരിത ജീവിതങ്ങള്‍ക്കുമേല്‍ അടച്ചുപൂട്ടലും പാക്കേജ് പ്രഖ്യാപനങ്ങളും ഇടിത്തീപോലെയാണ് നിപതിച്ചത്.

രോഗപ്രതിരോധത്തിന് മഹാമാരിക്കു മുന്നില്‍ അടച്ചുപൂട്ടലല്ലാതെ കരണീയമായ മറ്റ് മാര്‍ഗമില്ല. അടിയന്തിര സാഹചര്യത്തെ നേരിടാന്‍ വെെദ്യശാസ്ത്രപരമോ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലോ യാതൊരു തയാറെടുപ്പും കൂടാതെയാണ് ആ നടപടികളിലേക്ക് നീങ്ങിയത്. വേണ്ടത്ര മുന്നറിയിപ്പും തയാറെടുപ്പുകള്‍ക്ക് സമയവും ലഭിച്ചിട്ടും ഒരു ജനതയാകെ വെറുംകയ്യോടെ മഹാമാരിയിലേക്ക് തള്ളിവിട്ടതിന്റെ സമ്പൂര്‍ണ ഉത്തരവാദിത്തം മോഡി സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. സര്‍ക്കാരും പ്രധാനമന്ത്രിയും കുറ്റകരമായ സ്വന്തം വീഴ്ചകള്‍ തിരിച്ചറിയാതിരിക്കുകയോ അഥവ, അങ്ങനെ നടിക്കുകയോ ആണെന്നാണ് ‘മന്‍ കി ബാത്ത്’ വ്യക്തമാക്കുന്നത്. അതില്‍ രണ്ടാമത്തേതാവണം കൂടുതല്‍ ശരി. ‘വീട്ടിലിരിക്കേണ്ടിവന്ന’ ദേശവാസികളോടുള്ള അദ്ദേഹത്തിന്റെ ക്ഷമാപണം വിദഗ്ധമായ ഒരു പ്രഭാഷണശെെലി മാത്രമാണ്. തെരുവാധാരമായി വിശന്നുവലഞ്ഞും ദാഹിച്ചും ദേശീയപാതകളിലൂടെ പലായനം ചെയ്യുന്ന പതിനായിരക്കണക്കിന് വരുന്ന ദരിദ്രനാരായണന്മാരോട് ഖേദംപോലും പ്രകടിപ്പിക്കാന്‍ ശ്രമിക്കാത്ത രാഷ്ട്രീയ ഔദ്ധത്യത്തിന്റെ മൂര്‍ത്തിമദ്ഭാവമാണ് മോഡി. കോവിഡ് മഹാമാരിയെ അതിജീവിക്കാന്‍ ജനങ്ങളും സംസ്ഥാനങ്ങളിലെ ജനകീയ സര്‍ക്കാരുകളും അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങുകയേ നിവൃത്തിയുള്ളുവെന്നാണ് മന്‍ കി ബാത്ത് നല്‍കുന്ന ക്രൂര സന്ദേശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.