ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ ചുവരെഴുത്ത് വായിക്കാതിരിക്കരുത്

Web Desk
Posted on March 25, 2019, 11:13 pm

രാജ്യത്തെ സുപ്രധാനമായ തെരഞ്ഞെടുപ്പിന്റെ ആരവം തുടങ്ങിക്കഴിഞ്ഞു. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയെന്ന നിര്‍ണായകമായ രാഷ്ട്രീയ ദൗത്യം നിര്‍വഹിക്കപ്പെടേണ്ട തെരഞ്ഞെടുപ്പാണിത്. പ്രസ്തുത രാഷ്ട്രീയ ലക്ഷ്യം ഏറ്റവും ആദ്യവും സമൂര്‍ത്തമായും ഇന്ത്യന്‍ സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ച പാര്‍ട്ടിയാണ് സിപിഐ. 2015ല്‍ പുതുച്ചേരിയിലും 2018 ല്‍ കൊല്ലത്തും നടന്ന പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തില്‍ ഇക്കാര്യം വളരെ വ്യക്തമായി സൂചിപ്പിക്കുകയും അതിനനുസരിച്ച് ഇടതു — മതേതര — ജനാധിപത്യ ശക്തികളുടെ കൂട്ടായ്മ വളര്‍ന്നുവരണമെന്ന് ആഹ്വാനം ചെയ്യുകയുമുണ്ടായി.  2015 ലെ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ തെരഞ്ഞെടുപ്പിന്റെ അടുത്ത് എത്തിയിരുന്നില്ലെങ്കിലും 2014 ല്‍ അധികാരത്തിലെത്തിയ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ ഫാസിസത്തിന്റേതാണെന്നും അതിനെതിരെ വിശാല സമരവേദി വളര്‍ന്നുവരേണ്ടതുണ്ടെന്നുമാണ് വിലയിരുത്തിയത്. 2018 ല്‍ കൊല്ലത്ത് പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് എത്തുമ്പോള്‍ രാജ്യത്തിന് മുന്നില്‍ ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുമെന്ന സാഹചര്യം കൂടിയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വിശാല സമരവേദിക്കൊപ്പം തെരഞ്ഞെടുപ്പ് ധാരണകളുമുണ്ടാകേണ്ടതുണ്ടെന്നും വിലയിരുത്തുകയുണ്ടായി.
കേവലമായ അധികാര കൈമാറ്റത്തിനപ്പുറം നയപരമായ മാറ്റങ്ങള്‍ കൂടി സാധ്യമാക്കുന്ന ഭരണമാണ് സാധ്യമാക്കേണ്ടതെന്ന നിലപാടിനായിരുന്നു മുന്‍തൂക്കം. അതിന് വേണ്ടിയുള്ള നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ക്ക് നിര്‍ണായക പങ്കാളിത്തമുള്ള ലോക്‌സഭയുണ്ടാകണമെന്ന കാഴ്ചപ്പാടിനും പൊതുസ്വീകാര്യതയുണ്ടായി.

ബിജെപിയുടെ ജനവിരുദ്ധമായ സാമ്പത്തിക സാമൂഹ്യ നയങ്ങള്‍ക്കും മതേതരത്വവും ഭരണ ഘടനാമൂല്യങ്ങളും തകര്‍ക്കുകയും വിദ്വേഷം വളര്‍ത്തുകയും ചെയ്യുന്ന സമീപനങ്ങള്‍ക്കുമെതിരെ 2015 ലെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ യോജിച്ച സമരവേദി കെട്ടിപ്പടുക്കുന്നതിന് പാര്‍ട്ടി പരിശ്രമിക്കുകയും അതിന്റെ അടിസ്ഥാനത്തിലുള്ള സമരങ്ങള്‍ വളര്‍ന്നുവരികയുമുണ്ടായി. സംയുക്ത തൊഴിലാളി സമരങ്ങളും ദേശീയ പണിമുടക്കുകളും സംയുക്ത കര്‍ഷക പ്രക്ഷോഭങ്ങളും യുവജന വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ യോജിച്ച സമരങ്ങളും അതിന്റെ ഭാഗമായി രാജ്യത്തുണ്ടായി. അതല്ലാതെയുള്ള സമരങ്ങളും വിവിധ രൂപങ്ങളില്‍ നടന്നു. കര്‍ഷകര്‍ സ്വയം സംഘടിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രംഗത്തിറങ്ങി. സ്വതന്ത്ര സംഘടനകളുടെയും സാമൂഹ്യ — എന്‍ജിഒ സംഘടനകളുടെയും നേതൃത്വത്തിലുള്ള സമരങ്ങളും രാജ്യത്തുണ്ടായി.  അതിന്റെ അടുത്തഘട്ടമെന്ന നിലയില്‍ തെരഞ്ഞെടുപ്പ് വേളയില്‍ സംഭവിക്കേണ്ടിയിരുന്നത് ബിജെപിയെ പരാജയപ്പെടുത്തുന്നതിനുള്ള സഖ്യങ്ങളും ധാരണകളുമുണ്ടാവുകയെന്നതായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് അക്കാര്യത്തിലും വ്യക്തമായ നിലപാടാണ് മുന്നോട്ടുവച്ചത്. ദേശീയതലത്തിലുള്ള സഖ്യം സാധ്യമല്ലെന്നും അതാത് പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് രൂപം കൊള്ളേണ്ടതാണെന്നുമായിരുന്നു അത്.
എന്നാല്‍ നിര്‍ണായകമായ തെരഞ്ഞെടുപ്പിന്റെ ചുവരെഴുത്ത് വായിക്കാന്‍ പല പ്രതിപക്ഷ പാര്‍ട്ടികളും സന്നദ്ധമായില്ലെന്നാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

ബിജെപിക്കെതിരായ രാഷ്ട്രീയ നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലെന്ന് പറയുമ്പോഴും തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ സമാനമനസ്‌കരായ മറ്റുകക്ഷികളുമായി സീറ്റുകളുടെ കാര്യത്തില്‍ നീക്കുപോക്ക് നടത്താനും വിട്ടുവീഴ്ച ചെയ്യാനും പല പാര്‍ട്ടികളും തയ്യാറായില്ല. പ്രധാന സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍, ഡല്‍ഹി, പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങിയ ഇടങ്ങളിലെല്ലാം ഈ വീഴ്ചകള്‍ സംഭവിച്ചതായി കാണാം.
ഇപ്പോഴത്തെ സുപ്രധാന രാഷ്ട്രീയ സാഹചര്യത്തില്‍ നിര്‍ണായക പങ്കുവഹിക്കേണ്ട കോണ്‍ഗ്രസ് പോലും സങ്കുചിതമായ പ്രാദേശിക താല്‍പര്യങ്ങളും നിക്ഷിപ്തതാല്‍പര്യങ്ങളും ഉപേക്ഷിക്കാന്‍ തയ്യാറായില്ല. എല്ലാ കക്ഷികളെയും കൂട്ടിയോജിപ്പിക്കുന്നതിനുള്ള മുന്‍കൈ അവരുടെ ഭാഗത്തുനിന്നുണ്ടായില്ലെന്നു മാത്രമല്ല അമിതമായ ആത്മവിശ്വാസത്തോടെയുള്ള നിലപാടുകള്‍ പല സംസ്ഥാനങ്ങളിലും സഖ്യചര്‍ച്ചകള്‍ പോലും അസാധ്യമാക്കി. ചര്‍ച്ചകള്‍ നടന്നിടത്താകട്ടെ യാഥാര്‍ഥ്യബോധമില്ലാത്ത അവകാശവാദങ്ങളും മറ്റു പാര്‍ട്ടികളുടെ വലിപ്പച്ചെറുപ്പങ്ങള്‍ അംഗീകരിക്കാതെയുള്ള സമീപനങ്ങളും കാരണം ലക്ഷ്യപ്രാപ്തിയിലെത്തിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു. ഇപ്പോഴത്തെ രാഷ്ട്രീയ യുദ്ധത്തില്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായത് വലിയ വീഴ്ചയാണെന്ന് മാത്രമല്ല പ്രതികൂല സാഹചര്യവുമാണുണ്ടായിരിക്കുന്നത്. ഇനിയും പ്രതീക്ഷകള്‍ അസ്ഥാനത്തല്ല. മുന്‍കാല അനുഭവങ്ങള്‍ പരിശോധിച്ചാല്‍ തെരഞ്ഞെടുപ്പിന് ശേഷമുള്ള ധാരണകളുടെയും പൊതുപരിപാടികളുടെയും അടിസ്ഥാനത്തിലുള്ള സഖ്യത്തിന് അധികാരത്തിലെത്താനുള്ള സാഹചര്യങ്ങള്‍ തന്നെയാണ് രാജ്യത്ത് നിലവിലുള്ളത്.