Thursday
21 Mar 2019

രാജ്യം തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുമ്പോള്‍

By: Web Desk | Sunday 10 March 2019 10:36 PM IST


കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് പുതിയ ലോക്‌സഭയെ തെരഞ്ഞെടുക്കുന്നതിനുള്ള തീയതികള്‍ പ്രഖ്യാപിച്ചിരിക്കുന്നു. തൊണ്ണൂറ് കോടി ജനങ്ങളാണ് ഇത്തവണ ജനവിധി നല്‍കുന്നതിനായി കാത്തിരിക്കുന്നത്. അതില്‍ തന്നെ 8.4 കോടി പുതിയ വോട്ടര്‍മാരാണ്. പത്ത് ലക്ഷത്തിലധികം വോട്ടെടുപ്പ് കേന്ദ്രങ്ങളാണ് രാജ്യത്താകെ സജ്ജീകരിക്കുകയെന്നാണ് തീയതികള്‍ പ്രഖ്യാപിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ അറിയിച്ചിരിക്കുന്നത്.

ഏപ്രില്‍ പതിനൊന്നിന് ആരംഭിക്കുകയും ഏഴ് ഘട്ടങ്ങളിലായി മെയ് 19 ന് അവസാനിക്കുകയും ചെയ്യുന്ന രീതിയിലാണ് തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 11, 18, 23, 29, മെയ് 6, 12, 19 എന്നിങ്ങനെയാണ് ഏഴ് ഘട്ടങ്ങള്‍. ഏപ്രില്‍ 23 ന് മൂന്നാം ഘട്ടത്തിലാണ് കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 23 ന് വോട്ടെണ്ണല്‍ നടക്കും.
ലോകത്തെ ഏറ്റവുമധികം ജനങ്ങള്‍ ഭാഗഭാക്കാവുന്ന തെരഞ്ഞെടുപ്പാണ് ലോക്‌സഭയിലേക്ക് നടക്കുന്നത്. ഭൂമിശാസ്ത്രത്തിലും വോട്ടര്‍മാരുടെ എണ്ണത്തിലുമുള്ള വലിപ്പം കൊണ്ടും മാത്രമല്ല ഏഴ് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തേണ്ട സ്ഥിതിയുണ്ടായത്. രാജ്യത്തെ സുരക്ഷിതത്വവും ഇത്തരമൊരു തീരുമാനത്തിന് കാരണമായെന്ന് കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
തീയതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നുകഴിഞ്ഞു. ഇത്തവണത്തെ തെരഞ്ഞെടുപ്പിനുള്ള ഏറ്റവും വലിയ പ്രത്യേകത എല്ലാ വോട്ടെടുപ്പ് കേന്ദ്രങ്ങളിലും വിവി പാറ്റ് ഉപയോഗിക്കുന്നുവെന്നുള്ളത് തന്നെയാണ്. വോട്ടിങ് യന്ത്രങ്ങള്‍ക്ക് ജിപിഎസ് നിരീക്ഷണമുണ്ടായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. തീര്‍ച്ചയായും സ്വാഗതാര്‍ഹമായ കാര്യമാണിവ. സമീപകാലത്ത് നടന്ന ചില തെരഞ്ഞെടുപ്പ് വിധികളുടെ അടിസ്ഥാനത്തിലാണ് വോട്ടിങ് യന്ത്രത്തിന്റെ സുതാര്യതയെയും സുരക്ഷിതത്വത്തെയും കുറിച്ചുള്ള സംശയങ്ങള്‍ വര്‍ധിച്ചത്.

അത് വലിയ ചര്‍ച്ചാ വിഷയമാകുകയും ചെയ്തു. യന്ത്രങ്ങളില്‍ ക്രമക്കേട് നടത്താമെന്ന ആരോപണവും ഉയരുകയുമുണ്ടായി. സാങ്കേതിക വിദ്യയുടെ അനന്തസാധ്യതകള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയെ വേഗത്തിലാക്കുന്നുവെന്നുമുള്ളതാണ് വോട്ടിങ് യന്ത്രങ്ങളുടെ ഉപയോഗത്തിന് കാരണമായത്. മുന്‍കാലങ്ങളില്‍ കടലാസ് ബാലറ്റുമായി നടന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ടെടുപ്പും എണ്ണലും വളരെയധികം സമയനഷ്ടമുണ്ടാക്കുന്ന നടപടികളായിരുന്നു. ബാലറ്റുകളുടെ അച്ചടിയും വിതരണവും പോലും വലിയ സമയനഷ്ടമുണ്ടാക്കുന്ന പ്രക്രിയയായിരുന്നു. നിശ്ചിത സമയത്ത് വോട്ടെടുപ്പ് പൂര്‍ത്തിയാക്കുന്നതിന് സാധ്യമാകുന്നില്ലെന്ന് മാത്രമല്ല എണ്ണലിന് രണ്ടും മൂന്നും ദിവസമെടുക്കുന്ന സ്ഥിതിയുമായിരുന്നു. ഇതിന് അറുതി വരുത്താന്‍ വോട്ടിങ് യന്ത്രങ്ങളുടെ കടന്നുവരവോടെ സാധിച്ചുവെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ സാങ്കേതികവിദ്യ കൂടുതല്‍ പുരോഗമിച്ചതോടെ ക്രമക്കേടുകള്‍ക്കും ദുരുപയോഗത്തിനുമുള്ള സാധ്യത വര്‍ധിച്ചുവെന്നാണ് വിദഗ്ധര്‍ പോലും അഭിപ്രായപ്പെടുന്നത്.

അതുപോലെതന്നെ ജാതി – മത പരിഗണനകള്‍ വല്ലാതെ തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കുന്ന ഘടകങ്ങളായി മാറിയിട്ടുണ്ട്. അതിന് വഴിയൊരുക്കിയതില്‍ പ്രധാനമായും രാജ്യത്തെ പ്രമുഖ വലതുപക്ഷ പാര്‍ട്ടികള്‍ക്കെല്ലാം ഒരേ പങ്കാണുള്ളത്. സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതില്‍ കഴിവും അംഗീകാരവുമെന്നതിന് പകരം പലപ്പോഴും ജാതി – മത പരിഗണനകള്‍ക്ക് മുന്‍തൂക്കം ലഭിക്കുന്നു. അതിന്റെ ഫലമായി കൂടുതല്‍ കഴിവും പ്രാഗല്‍ഭ്യവുമുള്ളവര്‍ പുറത്തിരിക്കേണ്ടി വരുന്നു. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വലിയ പോരായ്മകളില്‍ ഒന്നാണിത്. ഈ പ്രശ്‌നത്തിനും പരിഹാരമാകുന്ന വിധത്തിലുള്ള പുതിയ പരിഷ്‌കരണങ്ങള്‍ തെരഞ്ഞെടുപ്പ് രംഗത്തുണ്ടായേ തീരൂ.

ഇതിനെല്ലാമൊപ്പം തന്നെ കടലാസ് ബാലറ്റുകള്‍ തിരികെ കൊണ്ടുവരണമെന്ന ആവശ്യം പോലും ശക്തമായി നിലനില്‍ക്കുകയാണ്. അതിന് സാധ്യമാകുന്നില്ലെങ്കില്‍ എല്ലാ പോളിങ് സ്റ്റേഷനുകളിലും വിവി പാറ്റ് നിര്‍ബന്ധമായും നടപ്പിലാക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ അതാണ് അംഗീകരിച്ചിരിക്കുന്നത്. ഇത് പൂര്‍ണമായ പരിഹാരമാകുമെന്ന് കരുതാനാവില്ലെങ്കിലും വോട്ടെണ്ണലിന് ശേഷം വിധിയില്‍ സംശയമുണ്ടാകുന്നുവെങ്കില്‍ വിവി പാറ്റിനെ താരതമ്യത്തിന് ആശ്രയിക്കാവുന്നതും അത് ദൂരീകരിക്കാവുന്നതുമാണ്.

തീര്‍ച്ചയായും തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും നീതിപൂര്‍വകവുമാകണമെങ്കില്‍ പ്രചരണരംഗത്തുണ്ടാകുന്ന പണക്കൊഴുപ്പ് ഇല്ലാതാക്കാന്‍ സാധിക്കണം. ധനാധിപത്യത്തിന്റേതാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പെന്നത് എല്ലാവരും അംഗീകരിച്ചുകഴിഞ്ഞതാണ്. പണക്കൊഴുപ്പില്‍ തെരഞ്ഞെടുപ്പിന്റെ ഘടന തന്നെ മാറിയ സ്ഥിതിയാണുള്ളത്. ഇപ്പോഴത്തെ നിരീക്ഷണ സംവിധാനങ്ങള്‍ ഫലപ്രദമല്ലെന്നത് വസ്തുതയാണ്. അതിനു പരിഹാരമായി തെരഞ്ഞെടുപ്പ് ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കുന്ന സാഹചര്യമുണ്ടാക്കുകയും അതോടൊപ്പം പ്രാതിനിധ്യ പങ്കാളിത്തമെന്ന സംവിധാനം കൂടി നടപ്പിലാക്കുകയും ചെയ്താല്‍ തെരഞ്ഞെടുപ്പ് കൂടുതല്‍ സമ്പുഷ്ടവും നീതിപൂര്‍വകവുമാക്കുന്നതിന് സാധിക്കും. ചില വിദേശരാജ്യങ്ങള്‍ സ്വീകരിച്ചിരിക്കുന്ന ഈ രീതി സുതാര്യമായ തെരഞ്ഞെടുപ്പിന് സഹായകവും കഴിവുള്ളവരെ തെരഞ്ഞെടുക്കുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതുമാണ്.