Web Desk

February 06, 2021, 5:37 am

അടച്ചു പൂട്ടേണ്ടിവരുമോ അടുക്കളകൾ

Janayugom Online

ഫെബ്രുവരി ഒന്നിന് കേന്ദ്ര മന്ത്രി നിർമ്മലാ സീതാരാമൻ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പെട്രോളിനും ഡീസലിനും ലിറ്ററിന് യഥാക്രമം 2.5, 4 രൂപ വീതം സെസ് ചുമത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ വില വർധനവ് ഉപഭോക്താക്കളെ ബാധിക്കാതിരിക്കുന്നതിന് എക്സൈസ് നികുതിയിൽ കുറവ് വരുത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു. അതിന്റെ തൊട്ടടുത്തദിവസം ഇതേകോളത്തിൽ വിലവർധനയുണ്ടാകില്ലെന്ന മന്ത്രിയുടെ പ്രഖ്യാപനം ഫലവത്താകുവാൻ പോകുന്നില്ലെന്ന് കുറിച്ചിരുന്നതാണ്.

എണ്ണക്കമ്പനികൾ പ്രതിദിനം വില കയറ്റുന്നതാണ് അതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. മന്ത്രിയുടെ വാക്കുകൾക്ക് രണ്ടു ദിവസത്തെ ആയുസ് പോലുമില്ലെന്ന് തെളിയിച്ചുകൊണ്ട് രണ്ടാം തവണയും കമ്പനികൾ പാചകവാതകത്തിന്റേത് ഉൾപ്പെടെ വില ഉയർത്തിയിരിക്കുകയാണ്. ഇന്നലെ പെട്രോൾ ലിറ്ററിന് 30 പൈസ, ഡീസൽ 32 പൈസ വീതമാണ് കമ്പനികൾ വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാന തലസ്ഥാനത്ത് പെട്രോൾ ലിറ്ററിന് 88.83 രൂപയും ഡീസലിന് 82.96 രൂപയുമായി. അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായിരിക്കുന്ന നേരിയ വില വർധനയാണ് ഇപ്പോഴത്തെ വില കൂട്ടലിന് കാരണമായി കമ്പനികൾ വിശദീകരിക്കുന്നത്. കഴിഞ്ഞ ദിവസം പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വർധിപ്പിച്ചിരുന്നു. ജനുവരിയിൽ മാത്രം പത്തുതവണയാണ് ഇന്ധന വിലയിൽ വർധനയുണ്ടായത്.

ഇതിന് പുറമേ ഗാർഹിക പാചകവാതക സിലിണ്ടറിനും വില ഉയർത്തിയിരുന്നു. ഇതോടെ ഒരു പാചകവാതക സിലിണ്ടറിന്റെ വില 726 രൂപയായി ഉയർന്നിരിക്കുകയാണ്. ഡിസംബർ ഒന്നിന് ശേഷമുള്ള രണ്ടു മാസത്തിനിടെ 4.5 രൂപയോളമാണ് ഒരു ലിറ്റർ പെട്രോളിന് വില ഉയർത്തിയിരിക്കുന്നത്. ഡീസലിന് ഇത് അഞ്ചുരൂപയിലധികവുമാണ്. കൂടാതെ ഈ കാലയളവിനിടയിൽ ഗാർഹിക പാചക വാതകത്തിന് 125 രൂപയാണ് വർധിപ്പിച്ചത്. ഒക്ടോബറിലും നവംബറിലും വില ഉയർത്തിയിരുന്നില്ല. ആ മാസങ്ങളിൽ ചില സംസ്ഥാനങ്ങളിൽനിയമസഭാ തെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പുകളും നടക്കുന്നുവെന്നതായിരുന്നു അതിന് കാരണം. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ തന്നെ കമ്പനികൾ വില ഉയർത്തുകയും ചെയ്തു. സർക്കാരും കമ്പനികളും പരസ്പര ധാരണയോടെയാണ് വില കയറ്റുന്നതെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു. ഏപ്രിൽ മെയ് മാസങ്ങളിൽ രാജ്യത്ത് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നതിനാൽ ആ ഘട്ടത്തിൽ വില ഉയർത്താൻ സാധിക്കില്ലെന്നതുകൊണ്ട് അതുകൂടി കണക്കിലെടുത്ത് വരുംദിവസങ്ങളിൽ പ്രതിദിന വിലഉയർത്തൽ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ധന വില എന്നും സർക്കാരിന്റെയും കമ്പനികളുടെയും കൊള്ളലാഭത്തിന്റെ ഉറവിടമാണ്.

അതുകൊണ്ടാണ് കർഷകരെ സഹായിക്കാനെന്ന പേരിൽ പെട്രോളിനും ഡീസലിനും സെസ് ചുമത്തുന്നതിന് കേന്ദ്രസർക്കാർ ബജറ്റിലൂടെ തീരുമാനിച്ചത്. നികുതി ചുമത്തി ഓരോ വർഷവും ലക്ഷക്കണക്കിന് കോടി രൂപയാണ് സർക്കാർ ഖജനാവിലേക്ക് എത്തിക്കുന്നത്. രാജ്യത്ത് ഒരു നികുതി ഘടനയെന്ന പേരിൽ ചരക്കു സേവന നികുതി (ജിഎസ്‌ടി) നടപ്പിലാക്കിയെങ്കിലും പെട്രോളിയം ഉല്പന്നങ്ങളുടെ കാര്യത്തിൽ ഇപ്പോഴും പരോക്ഷ നികുതിസമ്പ്രദായം തുടരുകയാണ് കേന്ദ്രം ചെയ്യുന്നത്. ഇവയെ ജിഎസ്‌ടി പരിധിയിൽകൊണ്ടുവരണമെന്ന് സംസ്ഥാന സർക്കാരുകളും വിവിധ പാർട്ടികളും നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അതിന് സന്നദ്ധമാകുന്നില്ല. അതിനുള്ള പ്രധാനകാരണം സർക്കാരിന് ഇതുവഴി ലഭിക്കുന്ന ഭീമമായ വരുമാനം തന്നെയാണ്. ഇക്കാരണത്താൽ കമ്പനികളുടെ കൊള്ളയ്ക്ക് സർക്കാർ കൂട്ടുനില്ക്കുകയും ചെയ്യുന്നു. 2011-12 വർഷത്തിൽ ഇന്ധന നികുതിയിനത്തിൽ രണ്ടു ലക്ഷത്തിലധികം കോടി രൂപയാണ് എക്സൈസ് തീ‌രുവ ഇനത്തിൽ ലഭിച്ചതെങ്കിൽ കഴിഞ്ഞ സാമ്പത്തിക വർഷം അത് 5.5 ലക്ഷം കോടതിയലധികമായി ഉയർന്നു. ഈയിനത്തിലുള്ള നികുതി വരുമാനത്തിന്റെ 80 ശതമാനത്തിലധികം ഇന്ധനവിലയിൽനിന്ന് ലഭിക്കുന്നുവെന്നാണ് കണക്ക്. അതുകൊണ്ടാണ് പെട്രോളിയം ഉല്പന്നങ്ങളെ ചരക്കുസേവന നികുതി പരിധിയിൽ കൊണ്ടുവരുന്നതിന് തടസം നില്‍ക്കുന്നത്. 50 രൂപയ്ക്ക് പെട്രോളും ഡീസലും കിട്ടുന്നതിനുള്ള സാഹചര്യം ഒരുക്കുമെന്ന് പ്രഖ്യാപിച്ചവരായിരുന്നു കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ.

പെട്രോളിയം ഉല്പന്നങ്ങളുടെ വിലനിർണയാധികാരം കമ്പനികൾക്ക് നല്കിയതിനെ എതിർത്തവരുമായിരുന്നു അവർ. എന്നാൽ എല്ലാ ദിവസവും വില ഉയർത്താനുള്ള അധികാരം കമ്പനികൾക്ക് നല്കി നികുതി വരുമാനത്തിന്റെ കൊള്ളലാഭം നേടുന്നവരായി അവർ മാറിയിരിക്കുന്നു. ഈ വില വർധന സാധാരണക്കാർക്കുമേൽ ഉണ്ടാക്കുന്ന ബാധ്യത പലവിധത്തിലാണ്. പാചകവാതക ഉപയോഗത്തിലൂടെ നമ്മുടെ അടുക്കളകൾ ഇതിന്റെ നേരിട്ടുള്ള പ്രത്യാഘാതം നേരിടുന്നു. വാഹന ഉടമകളും അത് നേരിടുന്നുണ്ട്. ഇതിന് പുറമേ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ വാഹനമില്ലാത്തവരും അവശ്യസാധന വിലക്കയറ്റത്തിലൂടെ ഇതിന്റെ പ്രത്യാഘാതം നേരിട്ടനുഭവിക്കുന്നവരാണ്. എല്ലാ വസ്തുക്കൾക്കും ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ഒരു ജനവിഭാഗമെന്ന നിലയിൽ ഇന്ധന വിലവർധന അവയുടെ വിലക്കയറ്റത്തിന് കാരണമാകുമെന്നതിൽ സംശയമില്ല. അതുകൊണ്ട് ഒന്നുകിൽ കമ്പനികളെ നിലയ്ക്കു നിർത്തുക, അല്ലെങ്കിൽ നികുതി പിൻവലിക്കാനോ കുറയ്ക്കാനോ തയ്യാറാവുക. സർക്കാർ ഇതിന് സന്നദ്ധമാകുന്നില്ലെങ്കിൽ സാധാരണക്കാരുടെ അടുക്കളകൾ പൂട്ടേണ്ട സ്ഥിതിയാണ് സൃഷ്ടിക്കപ്പെടുക.