Web Desk

April 26, 2021, 4:00 am

‘മന്‍കി ബാത്ത്’ എന്ന ക്രൂര തമാശ

Janayugom Online

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രതിമാസ റേഡിയോ പരിപാടി, മന്‍കി ബാത്തിന് അരോചകമായ ഒരു ഹാസ്യാനുകരണ പരിപാടിയെക്കാള്‍ പ്രാധാന്യം കടുത്ത മോഡി ഭക്തന്മാര്‍ പോലും നല്കുന്നുണ്ടാവില്ല. ഇന്നലെ അത് എല്ലാ സീമകളെയും ലംഘിച്ച് ഇന്ത്യന്‍ ജനതയ്ക്കുനേരെ ഒരു ക്രൂര തമാശയുടെ രൂപം കെെവരിച്ചത് യാദൃശ്ചികമല്ല. കോവിഡ് 19ന്റെ രണ്ടാം വരവില്‍ പരിഭ്രാന്തിയിലായ ഇന്ത്യന്‍ ജനതയ്ക്ക് ആത്മവിശ്വാസം പകര്‍ന്നുനല്‍കുക എന്നതായിരുന്നുവത്രെ പ്രധാനമന്ത്രിയുടെ ലക്ഷ്യം. ‘കോവിഡ് 19ന്റെ ഒന്നാം തരംഗത്തെ വിജയകരമായി നേരിട്ട ഇന്ത്യ നിറഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു, പക്ഷെ ഈ കൊടുങ്കാറ്റില്‍‍ നാം ആകെ ആടിയുലഞ്ഞിരിക്കുന്നു’- അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെയല്ല, മറിച്ച് പതറിപ്പോയ നരേന്ദ്രമോഡിയുടെ ആത്മവിശ്വാസ തകര്‍ച്ചയാണ് ആ വാക്കുകളില്‍ പ്രതിധ്വനിച്ചത്. തുടര്‍ന്നുള്ള മോഡിയുടെ വാക്കുകള്‍ ഒരു ജനതയെ ആകെ കബളിപ്പിക്കാനുള്ള പാഴ്‌ശ്രമമായിരുന്നു. ‘അര്‍ഹരായവര്‍‌‘ക്ക് എല്ലാം സൗജന്യ വാക്സിന്‍ നല്‍കുമെന്ന വാഗ്ദാനം അദ്ദേഹം ആവര്‍ത്തിച്ചു.

സൗജന്യ വാക്സിന് അര്‍ഹരായവര്‍ ജനസംഖ്യയില്‍ ഏതാണ്ട് 60 ശതമാനത്തോളം വരുന്ന 45 വയസിനു മുകളിലുള്ളവരാണെന്ന് അദ്ദേഹം നേരത്തെ പറഞ്ഞുവച്ചിട്ടുണ്ടെന്നത് ഓര്‍ക്കുക. 45 വയസിനു താഴെയുള്ള, രാജ്യത്തിന്റെ ഭാവിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന, പൗരന്മാര്‍ സ്വന്തം ചെലവില്‍ പ്രതിരോധ വാക്സിനേഷന്‍ നടത്തണമെന്ന് അവരെയും സംസ്ഥാനങ്ങളെയും ഭംഗ്യന്തരേണ ഓര്‍മ്മിപ്പിക്കുകയായിരുന്നു പ്രധാനമന്ത്രി. ബിഹാറിലും പശ്ചിമബംഗാളിലും തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ നല്കുമെന്ന് മോഡി ഭരണകൂടം നല്കിയ വാഗ്ദാനത്തിന്റെ ലംഘനം കൂടി അതുവഴി മോഡി ആവര്‍ത്തിച്ചു. മോഡി സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങള്‍ തകര്‍ത്ത സംസ്ഥാന സമ്പദ്ഘടനകള്‍ ജനസംഖ്യയില്‍ പകുതിയോളം വരുന്ന പുത്തന്‍ തലമുറയ്ക്ക് ജീവന് സുരക്ഷ ഉറപ്പുവരുത്താന്‍ അന്യായവിലയ്ക്ക് വാക്സിന്‍ വാങ്ങി നല്കേണ്ടിവരുമെന്ന ഓര്‍മ്മപ്പെടുത്തല്‍കൂടി ആയിരുന്നു പ്രധാനമന്ത്രി നല്കിയത്. മോഡി സര്‍ക്കാരിന്റെ വാക്സിന്‍ നയത്തിനും വിവേചനപൂര്‍ണമായ വിലയ്ക്കും എതിരെ ഉയര്‍ന്ന വ്യാപകമായ എതിര്‍പ്പുകള്‍ക്കും പ്രതിഷേധത്തിനും പുല്ലുവില കല്പിക്കുന്ന ധാര്‍ഷ്ട്യം കൂടിയാണ് പ്രധാനമന്ത്രിയുടെ വാക്കുകളിലൂടെ പുറത്തുവന്നത്.

വാക്സിന്‍ വിലയെപ്പറ്റിയും വാക്സിന്‍ ലഭ്യതയെപ്പറ്റിയും ജനങ്ങള്‍ക്ക് പ്രതീക്ഷയും ആത്മവിശ്വാസവും പകര്‍ന്നുനല്കുന്നതില്‍ പരാജയപ്പെട്ട പ്രധാനമന്ത്രി മഹാമാരിയെ നേരിടാന്‍ ‘ഭാരതീയ വെെജ്ഞാനിക സമ്പത്ത്’ എന്ന് ഊറ്റംകൊള്ളുന്ന ചില്ലറ അടവുകളെപ്പറ്റി ജനങ്ങളെ ഓര്‍മ്മിപ്പിക്കാനും തന്റെ കലാപരിപാടിയില്‍ അവസരം കണ്ടെത്തി. ഇത്തവണ അത് ഗോമൂത്രവും ചാണകവുമാകാത്തത് മഹാഭാഗ്യം. കോവിഡ് 19നെ നേരിടാന്‍ ‘പ്രാണായാമം’ പരിശീലിക്കേണ്ടതിന്റെ പ്രാധാന്യം പൗരന്മാരെ ബോധ്യപ്പെടുത്തേണ്ട നിയോഗം ഇത്തവണ മുംബെെയില്‍ നിന്നുള്ള ഡോ. ശശാങ്ക് ജോഷിക്കായിരുന്നു. ‘റെംഡിസിവറിന് വേണ്ടി പരക്കം പായേണ്ട യാതൊരു ആവശ്യവുമില്ല. അതിന് പരിമിതമായ പങ്കെ നിര്‍വഹിക്കാനുള്ളു. അതുതന്നെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആയിരിക്കണം’- അദ്ദേഹം പറഞ്ഞു. കോവിഡ് 19 ചികിത്സയില്‍ റെംഡിസിവര്‍ ഫലശൂന്യമാണെന്ന് ലോക ആരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുള്ളത് നടപ്പാക്കാന്‍ വിസമ്മതിച്ച സര്‍ക്കാരിന്റെ നായകസ്ഥാനത്താണ് മോഡി. ഡോ. ജോഷി ഒരു പടികൂടി മുന്നോട്ടുപോയി പ്രാണായാമത്തിന് ശ്വാസകോശശേഷി വര്‍ധിപ്പിക്കാനുള്ള കഴിവുകൂടി വിശദീകരിക്കുന്നു. 

മോഡിയുടെ അടുത്ത ഉപദേശം കുടുംബ ഡോക്ടര്‍മാരെക്കുറിച്ചാണ്. കുടുംബ ഡോക്ടര്‍ പോയിട്ട് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സേവനം പോലും നിഷേധിക്കപ്പെട്ട അനേകകോടി മനുഷ്യരുള്ള രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ഇത്തരം പരാമര്‍ശങ്ങള്‍ നീറോ ചക്രവര്‍ത്തിയെപ്പോലും ലജ്ജിപ്പിക്കുന്ന അതിക്രൂര തമാശയായി മാത്രമെ ലോകം വിലയിരുത്തു. കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ രാഷ്ട്രതലസ്ഥാനത്ത്, പ്രധാനമന്ത്രിയുടെ മൂക്കിന് താഴെ പ്രാണവായു കിട്ടാതെ ഡസന്‍ കണക്കിന് മനുഷ്യരാണ് പിടഞ്ഞുമരിച്ചത്. ഓക്സിജന്റെ അഭാവത്തില്‍ രോഗികള്‍ക്ക് ആശുപത്രികളില്‍ പ്രവേശനം നിഷേധിക്കുന്നു, ആശുപത്രികള്‍ അടച്ചുപൂട്ടലിനെ നേരിടുന്നു. സംസ്കരിക്കാന്‍ ഇടമില്ലാതെ ശവശരീരങ്ങള്‍ കുന്നുകൂടുന്നു. 

അത്തരമൊരു സാഹചര്യത്തിലും പ്രാണായാമത്തെപ്പറ്റിയും കുടുംബ ഡോക്ടറെപ്പറ്റിയും മനസാന്നിധ്യത്തോടെ സംസാരിക്കാന്‍ ഹിറ്റ്ലറെയും ലജ്ജിപ്പിക്കുന്ന ഹൃദയകാഠിന്യമുള്ള ഒരു ഫാസിസ്റ്റിനേ കഴിയൂ. രാജ്യം നേരിടുന്ന അസാധാരണവും അത്യന്തം ഗുരുതരവുമായ ആരോഗ്യ അടിയന്തിരാവസ്ഥയും അഭൂതപൂര്‍വമായ മനുഷ്യദുരന്തവും മന്‍കി ബാത്ത് പോലെയുള്ള പതിവ് തട്ടിപ്പുകള്‍കൊണ്ട് മറികടക്കാമെന്ന വ്യാമോഹം അക്ഷന്തവ്യമായ ഭരണകൂട ക്രൂരതയാണ്. ഔദ്യോഗിക കണക്കുകള്‍ക്കപ്പുറം വന്‍തോതിലുള്ള ജീവനാശമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മന്‍കി ബാത്തുകൊണ്ട് മറയ്ക്കാനാവാത്തത് അധികാരംകൊണ്ട് തമസ്കരിക്കാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. വസ്തുതകള്‍ പുറത്തു കൊണ്ടുവരുന്ന ട്വിറ്റര്‍ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതും യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നുകാണിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ യു പി മുഖ്യന്‍ ഉയര്‍ത്തുന്ന ഭീഷണികളുമെല്ലാം ആടിയുലയുന്ന ഭരണകൂടത്തെയാണ് അടയാളപ്പെടുത്തുന്നത്.