Web Desk

January 13, 2020, 5:10 am

ദൃഷ്ടിവിസ്മയങ്ങള്‍ക്ക് അപ്പുറം നിയമലംഘകര്‍ക്ക് താക്കീത്

Janayugom Online

നിലവിലുള്ള നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി കെട്ടിയുയര്‍ത്തിയ മരടിലെ നാല് പാര്‍പ്പിട സമുച്ചയങ്ങളും രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ അന്തിമവിധിയുടെ അടിസ്ഥാനത്തില്‍ ഇന്നലെയോടെ സ്ഫോടനത്തില്‍ പൊളിക്കുന്നത് പൂര്‍ത്തിയായി. നമുക്ക് ഏറെ പരിചിതമല്ലാത്ത ഒരു നടപടി എന്നതിനാല്‍ അസാധാരണമായ ഒരു വിസ്മയക്കാഴ്ച എന്ന നിലയിലാണ് അത് ആഘോഷിക്കപ്പെട്ടത്. ഒരു ദൃഷ്ടിവിസ്മയം എന്നതിനപ്പുറം നാടിന്റെ പാരിസ്ഥിതിക നിലനില്‍പ്പിനെ വെല്ലുവിളിച്ച് കെട്ടിഉയര്‍ത്തിയ നിയമലംഘനത്തിന്റെയും ഉദ്യോഗസ്ഥ‑രാഷ്ട്രീയ അഴിമതിയുടെയും പ്രതീകങ്ങളാണ് തകര്‍ക്കപ്പെട്ടത്. ആ വസ്തുത അര്‍ഹിക്കുന്ന ഗൗരവത്തോടെ ഉള്‍ക്കൊള്ളാന്‍ നമുക്കായിട്ടുണ്ടോ എന്ന ചോദ്യം ഇനിയും ഉത്തരം കിട്ടാതെ അവശേഷിക്കുന്നു. ആ പാര്‍പ്പിട സമുച്ചയങ്ങള്‍ ഭവനങ്ങളാക്കി മാറ്റിയവരുടെ വേദനയില്‍ പങ്കുചേരുമ്പോള്‍ തന്നെ, നാടിന്റെ സുരക്ഷിത നിലനില്‍പ്പിനെപ്പറ്റി യാതൊരു ചിന്തയും കൂടാതെ ലാഭത്തില്‍ മാത്രം കണ്ണുനട്ട് നടത്തുന്ന നിയമലംഘന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് ഈ സംഭവം കനത്ത താക്കീതാണ് നല്‍കുന്നത്.

തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ച് കെട്ടിപ്പടുത്ത നാല് സമുച്ചയങ്ങളുടെ തകര്‍ക്കലോടെ അവസാനിക്കുന്ന പ്രക്രിയക്കല്ല തുടക്കം കുറിച്ചിരിക്കുന്നതെന്നാണ് സൂചനകള്‍. നിര്‍മ്മാണ‑റിസോര്‍ട്ട് മാഫിയകളുടെ വിഹാരരംഗമായി മാറിയ മൂന്നാറിലെ നിര്‍മ്മിതികള്‍‍ പൊളിച്ചുനീക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ്. നിയമം ലംഘിച്ച് വേമ്പനാട്ട് കായലിലെ നെടിയതുരുത്തില്‍ നിര്‍മ്മിച്ച സപ്തനക്ഷത്ര കാപിക്കോ റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ സുപ്രീംകോടതിയുടെ അന്തിമവിധി ഉണ്ടായതും ഇക്കാലയളവിലാണ്. വന്‍നിക്ഷേപം നടത്തി പടുത്തുയര്‍ത്തിയ ഈ നിര്‍മ്മിതികള്‍ പൊളിച്ചുനീക്കുന്നത് നിക്ഷേപകര്‍ക്കും അതിന്റെ ഗുണഭോക്താക്കള്‍ക്കും വേദനാജനകം തന്നെ. പക്ഷെ, വന്‍ലാഭം നല്‍കുന്ന ഇത്തരം ‘വികസന’ സംരംഭങ്ങളെക്കാള്‍ സുപ്രധാനമാണ് മനുഷ്യന്റെയും ആവാസവ്യവസ്ഥയുടെയും നിലനില്‍പ്പെന്ന യാഥാര്‍ത്ഥ്യം അവഗണിക്കപ്പെട്ടുകൂട. മരടിലെയും മൂന്നാറിലെയും പാണാവള്ളിയിലെയും നിയമലംഘനങ്ങളുടെയും അഴിമതികളുടെയും പ്രതീകങ്ങളായ നിര്‍മ്മിതികള്‍ ഒറ്റപ്പെട്ടവയല്ല. നിയമത്തെയും മനുഷ്യരെയും പ്രകൃതിയെയും നോക്കുകുത്തികളാക്കി തലയുയര്‍ത്തി നില്‍ക്കുന്ന ആയിരക്കണക്കിനു നിര്‍മ്മിതികളാണ് സംസ്ഥാനത്തുടനീളം ഉള്ളത്. അവയിലേറെയും പണക്കൊഴുപ്പിന്റെയും അഴിമതിയുടെയും പിന്‍ബലത്തിലാണ് കെട്ടിപ്പടുക്കപ്പെട്ടത്. അത്തരം നിയമലംഘനങ്ങള്‍ പലതും സ്വാധീനശക്തിയുടെയും നിയമേതര പരിഗണനകളുടെയും അടിസ്ഥാനത്തിലാണ് തുടര്‍ന്നും നിലനില്‍ക്കുന്നത്.

അവിടെയെല്ലാം മരടിന് സമാനമായ തകര്‍ക്കലുകള്‍ വേണമെന്ന് ആരും ആവശ്യപ്പെടില്ല. എന്നാല്‍ നിയമത്തെയും പ്രകൃതിയെയും സാധാരണ മനുഷ്യരേയും വെല്ലുവിളിച്ച് അത്തരം നിര്‍മ്മിതികള്‍ തുടരാനോ പുതിയ നിര്‍മ്മിതികള്‍ക്കോ കഴിയില്ലെന്ന താക്കീത് സുവ്യക്തമാണ്. കേരളത്തിന്റെ ഭൂപ്രകൃതിയുടെ സവിശേഷതകളെയും പാരിസ്ഥിതിക ലോലസ്വഭാവത്തെയും അവഗണിച്ച് നടത്തിയ വികസന വൈകൃതങ്ങളുടെ ദുരന്തത്തെ നാം മുഖാമുഖം കണ്ടുകഴിഞ്ഞതാണ്. ആ ദുരന്തമുഖങ്ങളില്‍ നാം നടത്തിയ വാചാലമായ പ്രസ്താവനകള്‍ പ്രളയജലം ഒഴിഞ്ഞുപോകുമ്പോള്‍ നിരര്‍‍ത്ഥകമായി മാറുന്നതിനും നാം സാക്ഷികളാണ്. അവയ്ക്ക് പരിഹാരം നിര്‍മ്മാണരംഗത്ത് വ്യാപകമായി നടക്കുന്ന നിയമലംഘനങ്ങളും അഴിമിതകളും വേരോടെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക മാത്രമാണ്. മരടില്‍ അനധികൃത നിര്‍മ്മാണത്തിന് ഒത്താശ ചെയ്ത ഏതാനും ഉദ്യോഗസ്ഥരെ കണ്ടെത്താനും നടപടികള്‍ക്ക് തുടക്കമിടാനും നമുക്ക് കഴിഞ്ഞു. എന്നാല്‍ അത്തരം അഴിമതികളുടെയും നിയമലംഘനങ്ങളുടെയും വേര് എത്തിനില്‍ക്കുന്നത് സംസ്ഥാനത്തെ ചില രാഷ്ട്രീയ താല്‍പര്യങ്ങളില്‍ ആണെന്നതും വിസ്മരിച്ചുകൂടാ. മരടില്‍ നടന്നത് രോഗലക്ഷണങ്ങള്‍ക്കുള്ള ചികിത്സയാണ്. രോഗകാരണം കണ്ടെത്തി നിര്‍മ്മാര്‍ജ്ജനം ചെയ്താല്‍ മാത്രമേ രോഗത്തെ പൂര്‍ണമായും തുടച്ചുനീക്കാനാവു. വളര്‍ച്ചയും വികാസവും നിക്ഷേപത്തിന്റെ വലിപ്പത്തേയും നിര്‍മ്മിതികളുടെ കെട്ടുകാഴ്ചകളെയും അടിസ്ഥാനമാക്കിയല്ല നിര്‍ണയിക്കേണ്ടത്. കേരളം ആഗോളതലത്തില്‍ ഒരു മാതൃകയായത് മേല്‍പ്പറഞ്ഞ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലല്ല. മറിച്ച് ഈ ഭൂപ്രദേശത്തെ അതിന്റെ തനിമയോടെ ഒട്ടൊക്കെ നിലനിര്‍ത്തിക്കൊണ്ട് മനുഷ്യവികാസ സൂചികയില്‍ നമുക്ക് കൈവരിക്കാനായ നേട്ടം കൊണ്ടാണ്. മലയാളിയുടെ ആയുര്‍ദൈര്‍ഘ്യം ഇന്നത്തെ നിലയില്‍ ഉറപ്പുവരുത്താനായത് പഞ്ച‑സപ്ത നക്ഷത്ര ആശുപത്രികള്‍ വഴി അല്ല. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും ലോകത്തിന്റെ മുന്‍നിരയില്‍ എത്തിയത് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബാഹുല്യം കൊണ്ടുമല്ല. പാര്‍പ്പിട അവകാശ സംരക്ഷണം സാധ്യമായത് ആഡംബര പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മ്മിച്ചായിരുന്നില്ല. ലക്ഷംവീടുകളെ ആര്‍ക്കാണ് വിസ്മരിക്കാനാവുക? അതുകൊണ്ടുതന്നെ ഈ നിര്‍ണായക സന്ധിയില്‍ മനുഷ്യരും പ്രകൃതിയും ആവാസവ്യവസ്ഥയും തമ്മിലുള്ള സന്തുല വികാസ പരിപ്രേക്ഷ്യമായിരിക്കും നമുക്ക് ഇണങ്ങുക.