ഇടിക്കൂട്ടിലെ താരമായി മേരി കോം നില്‍ക്കുമ്പോള്‍

Web Desk
Posted on November 25, 2018, 10:20 pm

ന്ത്യയുടെ കായിക ചരിത്രത്തില്‍ അപൂര്‍വതയായി മാറുകയാണ് മേരി കോം എന്ന വനിത. ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണം തന്റെ പേരില്‍ ചേര്‍ത്ത് അവള്‍ ലോകത്തുതന്നെ ആ നേട്ടം കരസ്ഥമാക്കുന്ന ഇതിഹാസ താരമായിരിക്കുന്നു. 48 കിലോഗ്രാം വിഭാഗത്തിലാണ് ആറാം തവണ മേരി കോം സ്വര്‍ണം ഇടിക്കൂട്ടില്‍ നിന്ന് ഇടിച്ചെടുത്ത് ലോക റെക്കോഡ് സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്. വനിതാ ബോക്‌സിങില്‍ ഇതുവരെ ആര്‍ക്കും നേടാനാകാത്ത അംഗീകാരത്തിന്റെ നെറുകയിലാണ് മേരിയിപ്പോള്‍.

അയര്‍ലന്‍ഡിന്റെ കാത്തി ടെയ്‌ലറെന്ന കായികതാരത്തിന്റെ അഞ്ചു സ്വര്‍ണമെന്ന റെക്കോഡ് പഴങ്കഥയാക്കിയാണ് മണിപ്പൂരില്‍ നിന്നുള്ള ഇന്ത്യന്‍താരം ഈ ബഹുമതിക്ക് അര്‍ഹയായത്. ആറ് ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണമെന്ന ക്യൂബയുടെ ഇതിഹാസ താരം ഫെലിക്‌സ് സാവണിന്റെ റെക്കോഡിന് ഒപ്പവും അവരെത്തി. 2002, 2005, 2006, 2008, 2010 എന്നീ വര്‍ഷങ്ങളിലാണ് മേരി കോം ഇതിന് മുമ്പ് ലോക മത്സരത്തില്‍ സ്വര്‍ണം നേടിയത്. 2001 ലെ ആദ്യ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും നേടി. 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി വെങ്കലം നേടിയിട്ടുണ്ട്.

മണിപ്പൂരിലെ ചുര്‍ച്ചന്‍പൂര്‍ ജില്ലയിലെ കുഗ്രാമത്തിലായിരുന്നു 1983 മാര്‍ച്ച് ഒന്നിന് ഈ 35 കാരിയുടെ ജനനം. ദരിദ്ര കര്‍ഷക കുടുംബത്തിലായിരുന്നു ജനനമെന്ന സാഹചര്യവുമായി അവള്‍ ഇപ്പോള്‍ എത്തി നില്‍ക്കുന്ന ഔന്നത്യത്തെ താരതമ്യം ചെയ്യുമ്പോള്‍ തീര്‍ച്ചയായും കഠിനാധ്വാനത്തിന്റെ ജീവിതഗാഥയാണ് വേര്‍തിരിച്ചെടുക്കാനാവുക. അതിര്‍ത്തി സംസ്ഥാനങ്ങളിലൊന്നായ മണിപ്പൂരില്‍ പിറന്ന് രാജ്യത്തിന്റെ കായിക ഭൂപടത്തിലേക്ക് നടന്നെത്തുകയെന്നതുതന്നെ അത്യപൂര്‍വതയാണ്. അങ്ങനെ ഉന്നതങ്ങളിലേക്കുള്ള യാത്രയ്ക്കിടയില്‍ അപാരമായ നിശ്ചയദാര്‍ഢ്യവും ആവശ്യമാണ്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഇന്ത്യയുടെ യശസ് ബോക്‌സിങ് റിങ്ങില്‍ നിന്നുകൊണ്ട് വാനോളമുയര്‍ത്തിയ മേരി കോം വ്യത്യസ്തമായ കായികപാഠങ്ങളും നമ്മുടെ പുതിയ തലമുറകള്‍ക്കു നല്‍കുന്നുണ്ട്.
സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കം നില്‍ക്കുന്ന സാഹചര്യങ്ങളെയാണ് അവര്‍ അതിജീവിച്ചത്. ബാല്യത്തിലേ അവള്‍ ഇടിക്കൂട്ടിനെ സ്‌നേഹിച്ചു. വീട്ടിലെ സാഹചര്യങ്ങള്‍ അനുകൂലമായിരുന്നില്ലെങ്കിലും അവളിലെ നിശ്ചയദാര്‍ഢ്യം മുന്നോട്ടുപോകാനുള്ള പ്രചോദനമായി. അതുകൊണ്ടുതന്നെ സംസ്ഥാനതലത്തിലും ദേശീയ തലങ്ങളിലുമുള്ള മത്സരങ്ങള്‍ക്കപ്പുറം ആഗോള മത്സരങ്ങളിലും മാറ്റുരയ്ക്കാന്‍ അവള്‍ക്ക് സാധിച്ചു. ജീവിതത്തിന്റെ തുടക്കത്തില്‍ വെല്ലുവിളികള്‍ നേരിട്ടുവെങ്കിലും ഇടിക്കൂട്ടില്‍ അവള്‍ക്ക് വിജയം തുടര്‍ക്കഥയായി. നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറിയാല്‍ കൈയെത്തിപ്പിടിക്കാവുന്നതാണ് ഏത് വിജയങ്ങളുമെന്ന പാഠമാണ് സ്വന്തം ജീവിതത്തിലൂടെ മേരി നല്‍കുന്നത്.

സാഹചര്യങ്ങളെ പല വിധത്തിലാണ് അവര്‍ തിരുത്തിക്കുറിച്ചതെന്ന് ആ ജീവിതം പരിശോധിച്ചാല്‍ വ്യക്തമാകും. മേരി കോം എന്ന 35 കാരിയായ സ്ത്രീ ഈ വിജയം കുറിക്കുമ്പോള്‍ സമകാലിക സന്ദര്‍ഭങ്ങളില്‍ ആ പരിശോധന കൂടുതല്‍ പ്രസക്തമാവുകയും ചെയ്യുന്നുണ്ട്. ആര്‍ത്തവം അശുദ്ധമാണെന്നും വിവാഹത്തോടെ സ്ത്രീ ഒതുങ്ങിക്കൂടണമെന്നും പ്രസവത്തോടെ സ്ത്രീ ദുര്‍ബലയാകുന്നുവെന്നുമുള്ള യാഥാസ്ഥിതിക കാഴ്ചപ്പാടുകള്‍ വീണ്ടും വീണ്ടും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. സ്ത്രീ പുരുഷ സമത്വമെന്ന സങ്കല്‍പ്പത്തെ പഴഞ്ചന്‍ കാലത്തേക്ക് തിരികെ കൊണ്ടുപോകാനുള്ള യത്‌നങ്ങളും നടക്കുന്നു. സ്ത്രീ ശാക്തീകരണത്തെ അപഹസിക്കാനുള്ള തീവ്ര യത്‌നങ്ങളും പ്രാകൃത വിചാരധാരകളുടെ സമകാലിക ഉപജ്ഞാതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഇവിടെയാണ് ആര്‍ത്തവമുണ്ടെങ്കിലും അബലയല്ലെന്ന് മേരി തെളിയിക്കുന്നത്. മേരി ഇപ്പോള്‍ എത്തിനില്‍ക്കുന്നത് കാത്തി ടെയ്‌ലറെന്ന അയര്‍ലാന്‍ഡുകാരിയുടെ റെക്കോഡിനെ മറികടന്ന് ക്യൂബന്‍താരം ഫെലിക്‌സ് സാവണിനൊപ്പമാണ്. ഫെലിക്‌സ് എന്ന പുരുഷന് തുല്യമാണ് മേരി കോം എന്നര്‍ഥം.

സ്ത്രീശക്തിയുടെ ഈ അടയാളപ്പെടലെല്ലാം ഉണ്ടായെങ്കിലും വിശ്രമിക്കാന്‍ സന്നദ്ധയല്ലെന്ന പ്രഖ്യാപനവും മേരി നടത്തിയിരിക്കുന്നു. അടുത്ത ടോക്കിയോ ഒളിമ്പിക്‌സില്‍ മത്സരിക്കുകയും മെഡല്‍ നേടുകയുമാണ് ലക്ഷ്യമെന്ന് മേരി പറഞ്ഞിട്ടുണ്ട്. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒളിമ്പിക്‌സ് നടക്കാനിരിക്കുന്നത്. അവിടെ 48 കിലോ വിഭാഗത്തിലല്ല 51 കിലോ വിഭാഗത്തിലാണ് മേരിക്ക് മത്സരിക്കേണ്ടത്. കൂടുതല്‍ കരുത്തും ആകാരപരമായ വ്യത്യാസങ്ങളുമുള്ളവരെയാണ് അവിടെ നേരിടേണ്ടിവരിക. അതുകൊണ്ടുതന്നെ വിജയം അത്രത്തോളം അരികെയായിരിക്കണമെന്നില്ല. ആറു സ്വര്‍ണം നേടിയവള്‍ക്ക് അത്രയും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായില്ലെങ്കില്‍ പേരുദോഷത്തിന് കാരണമായേക്കാം. എങ്കിലും മത്സരിക്കാനുള്ള സന്നദ്ധത അവര്‍ പ്രഖ്യാപിച്ചിരിക്കുന്നു. അത് യഥാര്‍ഥത്തില്‍ നിശ്ചയദാര്‍ഢ്യത്തിന്റെ മറ്റൊരുദാഹരണം കൂടിയാണ്. സ്ത്രീയെക്കുറിച്ചുള്ള സമകാലിക ജല്‍പ്പനങ്ങളെ തിരുത്തുക കൂടിയാണ് മേരി കോം. ഇന്ത്യയുടെ യശസ് ലോകത്തിന് മുന്നില്‍ ഉയര്‍ത്തിയ മേരി കോം എല്ലാംകൊണ്ടും അഭിനന്ദനമര്‍ഹിക്കുന്നു, ഒപ്പം മാതൃകയാവുകയും ചെയ്യുന്നു.