Web Desk

March 07, 2021, 4:00 am

ബന്ധനത്തിലാകുന്ന മാധ്യമങ്ങൾ

Janayugom Online

വിഷം നിറച്ച കപ്പ് സോക്രട്ടീസിനു നൽകിയ ശേഷം രണ്ടു ഉപാധികളാണ് ശത്രുക്കൾ മുന്നോട്ടുവച്ചത്. മരണം വരിക്കാം അല്ലെങ്കിൽ രാജ്യഭ്രഷ്ടനാകുക.‘വിമർശകരെ ജീവിക്കാൻ അനുവദിക്കുകയും സ്വതന്ത്രമായി സംസാരിക്കാൻ അവർക്ക് അവസരമുണ്ടാകുകയും വേണം. നവീന സംഹിതകൾ രൂപപ്പെടേണ്ടതുണ്ട്. സ്വാതന്ത്ര്യമില്ലെങ്കിൽ ഒന്നേയുള്ളു വഴി, അത് ജീവിക്കുവാനുള്ളതല്ല’, എന്ന് വ്യക്തമാക്കി സോക്രട്ടീസ് വിഷക്കപ്പ് കൈയ്യിലെടുത്തു. രാജ്യത്തിന്റെ ഭരണഘടനയുടെ ആമുഖം മതേതര സ്വഭാവവും സോഷ്യലിസ്റ്റ് ലക്ഷ്യങ്ങളുമുള്ള ജനാധിപത്യ രാജ്യവും വാഗ്ദാനം ചെയ്യുന്നു. രാജ്യത്തെ രൂപപ്പെടുത്താൻ ഉതകുന്ന ഭരണകൂടത്തെ തെരഞ്ഞെടുക്കാനുള്ള അവകാശവും ജനങ്ങളിൽ നിക്ഷിപ്തമാണ്. എന്നാൽ ഈ സവിശേഷതകൾ കൈമോശപ്പെടാനുള്ള സാധ്യതകൾ എല്ലായ്പ്പോഴും നിലനിൽക്കുകയും ചെയ്യുന്നു. രാജ്യനിർമ്മാണത്തിൽ എല്ലാവരും പങ്കാളികളാകുന്നു, എന്നാൽ ഒരോരുത്തരിലും ലക്ഷ്യങ്ങൾ വ്യത്യസ്തമാണ്. വ്യാഖ്യാനങ്ങളും വേറിട്ടതാണ്.

വിമർശനങ്ങളോടുള്ള അസഹിഷ്ണുതയും വർധിക്കുപ്പോൾ ജനാധിപത്യം പ്രതിസന്ധിയിലാകുന്നു. ഇതിന് ഉദാഹരണമാണ് ഡിജിറ്റൽ വാർത്താസ്ഥാപനങ്ങൾ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, ഒടിടി പ്രസരണ സംവിധാനങ്ങൾ എന്നിവയെ സർക്കാർ എങ്ങനെയായിരിക്കും നിയന്ത്രിക്കുക എന്ന് വ്യക്തമാക്കുന്ന 2021 ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങൾ. ഡിജിറ്റൽ വാർത്താവീഡിയോ സംപ്രേക്ഷണങ്ങൾക്കും വാർത്താ പ്രസിദ്ധീകരണങ്ങൾക്കും മൂക്കുകയറിടാൻ ഈ നിയമങ്ങൾക്കാകും. ജനങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാൻ ഇത് വഴിയാകും. രാജ്യം മേന്മകൊണ്ടിരുന്ന വൈവിധ്യങ്ങളെ അത് ഇല്ലാതാക്കും. അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കും. ഭരണകൂടം ശിരസിനു പിന്നിൽ ശ്വസിക്കുമ്പോൾ അഭിപ്രായ സ്വാതന്ത്ര്യം സ്വേച്ഛമല്ലാതെ വെറും പുറംമോടി മാത്രമാകും. ശാസ്ത്രീയവും സാങ്കേതികവുമായ മുന്നേറ്റങ്ങളുടെ ഉയരങ്ങളിൽ രാജ്യം നിലകൊള്ളുമ്പോൾ ഡിജിറ്റൽ മാധ്യമങ്ങൾ തനതായ സ്വഭാവം ആർജ്ജിച്ചിരിക്കുന്നു. അതിവേഗതയിലുള്ള വിതരണത്തിലൂടെ വാർത്തയും കാഴ്ചയും സാധ്യമാക്കുന്ന ആശയങ്ങളുടെ കൈമാറ്റം നടക്കുന്നു. സ്വതന്ത്ര ഭാഷണത്തിലൂടെയും ഇത് പൂർത്തിയാകുന്നു. അവയ്ക്ക് കടിഞ്ഞാണിടുന്നത് രാജ്യത്ത് കേട്ടുകേഴ്വിയില്ലാത്തതാണ്. മാധ്യമങ്ങളുടെ പാകതയിലുള്ള വിശ്വാസവും വിവരങ്ങൾ കൈമാറുന്നതിൽ സ്വയം പുലർത്തുന്ന നിയന്ത്രണവും എന്നാൽ വ്യത്യസ്തമായ നിലപാട് സ്വീകരിക്കാനും അതിൽ നിലനിൽക്കാനുമുള്ള അനുവാദം രാജ്യത്തിന്റെ പാരമ്പര്യമായിരുന്നു.

പുതിയ നിയമങ്ങളെ മൃദുസ്പർശ മേൽനോട്ട സംവിധാനമായാണ് കേന്ദ്ര ഭരണകൂടം അവതരിപ്പിക്കുന്നത്. സ്വഭാവം പുരോഗമനപരവും ഉദാരവുമാണ്, സർക്കാർ മാധ്യമങ്ങൾ ആവർത്തിക്കുന്നു. ക്രിയാത്മകത ‍ഇല്ലാതാക്കും, അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കും തുടങ്ങിയ ജനങ്ങളുടെ ആശങ്ക ദുരീകരിക്കുമെന്നും കേന്ദ്രം ആവർത്തിക്കുന്നു. എന്നാൽ ഇത്തരം വലിയ വർത്തമാനങ്ങൾക്കിടയിൽ ഈ നിയമങ്ങൾ ഡിജിറ്റൽ വാർത്താ പ്രസാധകരെയും വീഡിയോ പ്രചാരകരെയും ത്രിതല നിയന്ത്രണ ഘടനയ്ക്ക് വിധേയപ്പെട്ട് പ്രവർത്തിക്കാൻ നിർബന്ധിതരാക്കും. സർക്കാർ സമിതി മേൽത്തട്ടിൽ കാര്യങ്ങൾ നിയന്ത്രിക്കും.
ഗൗരവമായ ആശങ്കകൾ 2000ലെ വിവരസാങ്കേതിക വിദ്യ നിയമവുമായി ബന്ധപ്പെട്ടും നിലനിൽക്കുന്നു. ഡിജിറ്റൽ വാർത്താ മാധ്യമങ്ങളെയും ഈ നിയന്ത്രണ സംവിധാനത്തിന്റെ കൈക്കുമ്പിളിലേക്ക് കൊണ്ടുവന്നിരിക്കുന്നു. ഇതിനായുള്ള നിയമനിർമ്മാണം ഇനിയും വരാനിരിക്കുന്നതേയുള്ളു എന്നതും ഗൗരവമാണ്. ത്രിതല നിയന്ത്രണ സംവിധാനത്തിന് അതിന്റേതായ ചതിക്കുഴികളേറെയാണ്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കെതിരായ പരാതികൾ ഏറ്റെടുക്കാനുള്ള സംവിധാനം നൈതികമായ നിയമസംഹിതയുമായി ചേർന്നാണ്. മാധ്യമപ്രവർത്തകരുടെ പെരുമാറ്റം കേബിൾ ടിവി ശൃംഖല നിയന്ത്രണ നിയമത്തിന്റെ പരിധിയിലേക്ക് എത്തിച്ചിരിക്കുന്നു.

ധാർമ്മികതയാർന്ന നിയമസംഹിതയുടെ പശ്ചാത്തലത്തിൽ ചിന്തിക്കുമ്പോൾ, പ്രത്യേക ലാക്കോടെ ചില നിയന്ത്രണ സംവിധാനങ്ങൾ കൊണ്ടുവരുമ്പോൾ അത് വിഷമയമെന്ന് കരുതേണ്ടിവരും. പുതിയ നിയമം അനുസരിച്ച് പ്രസിദ്ധീകരിക്കപ്പെട്ട ഉള്ളടക്കത്തിൽ പരാതി ഉയർന്നാൽ പ്രസാധകൻ രൂപപ്പെടുത്തിയ പരാതി പരിഹാര സംവിധാനത്തിന് ആക്ഷേപങ്ങൾ കൈമാറാം. എന്നാൽ പരാതി പരിഹാര ഉദ്യോഗസ്ഥന് പരാതി സമർപ്പിച്ചശേഷം മാത്രമേ നടപടികൾ തുടരാനാകൂ. അവിടെ പരാതിക്ക് പരിഹാരമാകുന്നില്ലെങ്കിൽ പ്രസാധകരുടെ സ്വയംനിയന്ത്രണ സംവിധാനത്തിന്റെ പരിധിയിലേക്ക് നീങ്ങും. തുടർന്ന് ഉയർന്ന തലമായ സർക്കാർ മേൽനോട്ട സമിതിയിലേക്കും. വിവിധ വകുപ്പുകളുടെ സമിതികൾ പരാതി പരിഹാരത്തിനായി നിയോഗിക്കപ്പെടും. ഡിജിറ്റൽ പ്രസാധകർക്ക് പലതലങ്ങളിലുമുള്ള ഇടപെടലുകൾക്ക് വിധേയപ്പെടേണ്ടിവരും. ദുരുപയോഗത്തിനും വഴിയൊരുക്കും.

സാമൂഹ്യ മാധ്യമങ്ങളും നിയന്ത്രണങ്ങൾക്ക് വിധേയമാകും. ഇതിനായും ഉദ്യോഗസ്ഥർ നിയമിക്കപ്പടും. നിയമങ്ങളുടെ ഏകോപനത്തിനായി മേൽത്തട്ടിൽ നോഡൽ ഓഫീസർ ഉണ്ടാകും. പരാതി പരിഹാര ഉദ്യോഗസ്ഥനു പുറമേയാണിത്. വാട്ട്സ്ആപ്പ് തുടങ്ങിയ മാധ്യമങ്ങളിലൂടെ പരക്കുന്ന വ്യാജ വാർത്തകളുടെ ഉറവിടം കണ്ടെത്താനും നിയന്ത്രിക്കാനും ഒരുകൂട്ടം നിയമങ്ങൾ എന്ന് ഭരണകൂടം ആവർത്തിക്കുമ്പോൾ, നിലവിൽ ഇതിനായി ഉചിതമായ നിയമങ്ങൾ നിലനിൽക്കുന്നുവെന്നതും അറിയണം. വിവേചനത്തോടെ നിയമങ്ങൾ ഉപയോഗിക്കുകയാണ് വേണ്ടത്. അഭിപ്രായ സ്വതന്ത്ര്യം പ്രതിക്കൂട്ടിലാകുമ്പോൾ ദുരന്തങ്ങൾ ആവർത്തിക്കുകയും അത് ജനാധിപത്യത്തെ ദുർബലമാക്കുകയും ചെയ്യും. ഇത് മറച്ചുവച്ചിട്ടുകാര്യമില്ല.