February 8, 2023 Wednesday

മിഥ്യാഭിമാന ബോധവും അഹന്തയും കൈവെടിയാനുള്ള അവസരം

Janayugom Webdesk
April 9, 2020 5:00 am

ട്രംപിന്റെ ഭീഷണിക്കു വഴങ്ങി ഹൈഡ്രോക്സിക്ലോറോക്വിന്‍ യുഎസിലേക്ക് കയറ്റുമതി ചെയ്യാന്‍ മോഡിഭരണകൂടം നിര്‍ബന്ധിതമായി. ലോകത്തെയാകെ ഗ്രസിച്ചിരിക്കുന്ന കോറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആ തീരുമാനത്തെ സ്വാഗതം ചെയ്യുമ്പോള്‍ തന്നെ അത് ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ ഭരണകൂട ദൗര്‍ബല്യത്തെയും രാഷ്ട്രീയ പക്വതയുടെ അഭാവത്തെയുമാണ് തുറന്നുകാട്ടുന്നത്. മലേറിയ പ്രതിരോധത്തിന് ഉപയോഗിച്ചുവരുന്ന വളരെ ചെലവുകുറഞ്ഞ മരുന്ന് എന്നതിലുപരി ഹൈഡ്രോക്സിക്ലോറോക്വിന്‍ സന്ധിവാത രോഗികള്‍ സ്ഥിരമായി ഉപയോഗിച്ചുവരുന്ന മരുന്നുകൂടിയാണ്. ഈ മരുന്നിന്റെ ലോകത്തെ മൊത്തം ഉല്പാദനത്തിന്റെ എഴുപതു ശതമാനവും ഇന്ത്യയില്‍ നിന്നാണ്. ഹൈഡ്രോക്സിക്ലോറോക്വിന്‍ കോവിഡ് ബാധിതരെ ചികിത്സിക്കുകയും പരിചരിക്കുകയും ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതിരോധ മരുന്നായി ഉപയോഗിക്കണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് നിര്‍ദ്ദേശിച്ചിരുന്നു. അതിനെതുടര്‍ന്ന് ആദ്യം അതിന്റെ കയറ്റുമതി നിയന്ത്രണവും മാര്‍ച്ച് 25 ന് നിരോധനവും ഏര്‍പ്പെടുത്തി. വെന്റിലേറ്ററുകള്‍, വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍, സാനിറ്റൈസര്‍ എന്നിവയ്ക്കു പുറമെ സാധാരണ വേദനാ സംഹാരിയായ പാരസെറ്റമോള്‍ അടക്കം 25 ഔഷധ കയറ്റുമതിയാണ് ഇന്ത്യന്‍ ഭരണകൂടം വീണ്ടുവിചാരമോ ദൂരക്കാഴ്ചയോ കൂടാതെ നിരോധിച്ചത്. നൂറ്റിമുപ്പതുകോടിയില്‍പ്പരം ജനങ്ങളുള്ള രാജ്യത്തിന് സ്വന്തം ആവശ്യങ്ങള്‍ ഇത്തരം ഒരു ആരോഗ്യ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ അവഗണിക്കാവുന്നതല്ല. എന്നാല്‍ ലോകത്ത് ഏറ്റവുമധികം ജനറിക് മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ‘ലോകത്തിന്റെ ഫാര്‍മസി’ എന്ന് പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്യുന്ന ഒരു രാഷ്ട്രം പൊടുന്നനെ ഏര്‍പ്പെടുത്തിയ കയറ്റുമതി നിരോധനം, മറ്റു പല തീരുമാനങ്ങളിലും എന്നപോലെ, വീണ്ടുവിചാരമില്ലാത്തതും നിരുത്തരവാദപരവുമായിരുന്നു.

കോവിഡ് പ്രതിരോധത്തില്‍ ഹൈഡ്രോക്സിക്ലോറോക്വിന്റെ അനുയോജ്യത സംബന്ധിച്ച് വൈദ്യശാസ്ത്ര രംഗത്ത് ഏകാഭിപ്രായമില്ല. യുഎസ് ആരോഗ്യ രംഗത്തെ ഉന്നതര്‍ തന്നെ ഈ മരുന്നിന്റെ ഉപയോഗത്തെപ്പറ്റിയും അതുണ്ടാക്കിയേക്കാവുന്ന പാര്‍ശ്വാഘാതത്തെപ്പറ്റിയും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. യുഎസില്‍ 29 ദശലക്ഷം ഹൈഡ്രോക്സിക്ലോറോക്വിന്‍ ഗുളികകളുടെ ശേഖരം ഉണ്ടെന്നും അതില്‍ സിംഹഭാഗവും ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്തതാണെന്നും ട്രംപ് അവകാശപ്പെടുന്നു. അതിനുപുറമെ യുഎസിലെ ഇന്ത്യ‑അമേരിക്കന്‍ സംരംഭകര്‍ ഏതാണ്ട് നാലു ലക്ഷം ഗുളികകള്‍‍ ലൂയിസിയാന സംസ്ഥാനത്തിന് പരീക്ഷണാര്‍ത്ഥം നല്‍കിക്കഴിഞ്ഞു. അവ വന്‍തോതില്‍ ഉല്പാദിപ്പിക്കാനുള്ള സന്നദ്ധതയും അവര്‍ അറിയിച്ചിട്ടുമുണ്ട്. പിന്നെ എന്തിനാണ് ഇന്ത്യയ്ക്ക് നേരെ ട്രംപിന്റെ ഭീഷണി? സമീപ ദിവസങ്ങള്‍ വരെ കോവിഡ് ബാധ ഒരു പ്രശ്നമേ അല്ലെന്നും അത് ഡമോക്രാറ്റുകള്‍ ഉയര്‍ത്തുന്ന വ്യാജഭീഷണിയാണെന്നുമാണ് ട്രംപ് പറഞ്ഞിരുന്നത്. ഇന്ന് യുഎസ് കൊറോണ ബാധയുടേയും കൂട്ടമരണത്തിന്റെയും ആഗോള കേന്ദ്രമായി മാറിയിരിക്കുന്നു. തെര‍ഞ്ഞെടുപ്പ് വര്‍ഷത്തില്‍ സ്വന്തം പദവി ഉറപ്പിക്കാന്‍ താന്‍ എന്തൊക്കെയോ ചെയ്യുന്നു എന്നു വരുത്തിതീര്‍ക്കാനുള്ള തത്രപ്പാടിലാണ് ട്രംപ്. ചൈനയുടെ പേരില്‍ ലോക ആരോഗ്യ സംഘടനക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചും സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തിയും ഭരണകൂട വീഴ്ചകളില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. ട്രംപ് മോഡിയുമായുള്ള സുഹൃദ്ബന്ധത്തെക്കുറിച്ച് ആണയിടുമ്പോള്‍ തന്നെ ഇന്ത്യയെന്ന സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കിനെതിരെ പരസ്യമായി ഭീഷണിമുഴക്കാന്‍ മുതിരുന്നുവെന്നത് ആഗോള നയതന്ത്ര മര്യാദകളുടെ നഗ്നമായ ലംഘനവും സാമ്രാജ്യത്വ ഔദ്ധത്വ പ്രകടനവുമാണ്. പ്രധാനമന്ത്രി മോഡിയാകട്ടെ ഒരു ‘ബനാന റിപ്പബ്ലിക്’ സാമന്തനെപ്പോലെ തന്റെ വിനീത വിധേയത്വം വഴി നൂറ്റിമുപ്പതു കോടിയില്‍പ്പരം ഇന്ത്യക്കാരുടെ ആത്മാഭിമാനത്തെയാണ് ചവിട്ടിമെതിക്കുന്നത്.

കൊറോണ ദുരന്തത്തിന്റെ ഈ ദിനങ്ങള്‍ ലോകമെമ്പാടും ജനതകളുടെ സാഹോദര്യവും ഐക്യദാര്‍ഢ്യവും ഉയര്‍ത്തിപ്പിടിക്കുക എന്നത് പ്രാഥമിക മാനവികതയാണ്. യുഎസ് ഇന്ത്യക്ക് ഈ ദിനങ്ങളില്‍ നല്‍കിയ സാമ്പത്തിക സഹായവും ചൈന അയച്ചു നല്‍കിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളും അവയുടെ പ്രതീകമാണ്. ദക്ഷിണേഷ്യന്‍ അയല്‍രാജ്യങ്ങളടക്കം ലോകത്തെവിടെയും കോവിഡ് പ്രതിരോധത്തിന് സാധ്യമായ സഹായമെത്തിക്കാന്‍ ഇന്ത്യയ്ക്ക് കഴിയണം, അതിന് തയ്യാറാവണം. ഇവിടെ മാറ്റം വരേണ്ടത് ഭരണകൂട മനോഭാവത്തിനാണ്. മഹാപ്രളയത്തിന്റെ ദിനങ്ങളില്‍ കേരളത്തിന് സഹായഹസ്തവുമായെത്തിയ സുഹൃദ് രാഷ്ട്രങ്ങളെ നിരാകരിച്ച മോഡി ഭരണകൂടത്തിന്റെ മിഥ്യാഭിമാനവും അഹന്തയും അസ്ഥാനത്താണെന്ന് തിരിച്ചറിയാന്‍ കൂടിയുള്ള അവസരമായി ഭരണകൂടം ഇപ്പോഴത്തെ സംഭവവികാസങ്ങളെ കാണണം.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.