February 9, 2023 Thursday

സഖാവ് ലെനിൻ, അനശ്വരനായ വഴികാട്ടി

Janayugom Webdesk
April 26, 2020 5:10 am

ചരിത്രത്തിന്റെ ഗതി മാറ്റിയ സഖാവ് ലെനിന്റെ 150-ാം ജന്മവാർഷികമാണ് കടന്ന്പോയത്. റഷ്യയിലെ സർ ചക്രവർത്തിമാരുടെ സ്വേച്ഛാധിപത്യ ഭരണത്തിന് അറുതിവരുത്തിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ആ സമൂഹത്തിൽ നിലനിന്നിരുന്ന വർഗ വിവേചനത്തിന് അറുതിവരുത്താനുള്ള സുപ്രധാന കാൽവെയ്പായിരുന്നു അത്. തൊഴിലാളി വർഗം, മറ്റ് അധഃസ്ഥിത വിഭാഗങ്ങൾ എന്നിവരെ സംബന്ധിച്ചിടത്തോളം ഇത് തികച്ചും ആശ്വാസമായി. ഈ വിഭാഗമാണ് ഒരു ജനതയെ സാമൂഹ്യവും സാമ്പത്തികവുമായി ഊർജ്ജസ്വലരായി സൂക്ഷിച്ചുപോന്നത്. അർഹമായ വേതനം കൂടാതെ തങ്ങളുടെ കഴിവുകൾ മുതലാളിത്ത സംവിധാനത്തെ നിലനിർത്താൻ അവർക്ക് അധ്വാനിക്കേണ്ടി വന്നിരുന്നു. അവരുടെ കഴിവുകൾ ഉപയോഗിക്കുന്നതിന് അനുസരിച്ചുള്ള വേതനം ലഭിക്കണമെന്ന ആവശ്യം അവർ ഉന്നയിച്ചു.

സമാനമായ സ്ഥിതി­വിശേഷമാണ് ഇപ്പോൾ ഇന്ത്യയിൽ സംജാതമായിരിക്കുന്നത്. കയ്യിൽ കാശില്ലാതെ, തൊഴിൽ നഷ്ടപ്പെട്ട്, കാൽനടയായി അഞ്ച് കോടി കുടിയേറ്റ തൊഴിലാളികളാണ് സ്വന്തം നാടുകളിലേയ്ക്ക് തിരിച്ചുപോകാൻ നിർബന്ധിതമായത്. ഇനി ഒരിക്കലും തിരിച്ചുവരാൻ കഴിയില്ലെന്ന മനോനിലയുമായാണ് ഇവരുടെ പലായനം. എന്നാൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വികാസത്തിന് ഇവരുടെ സാന്നിദ്ധ്യം അനിവാര്യമാണ്. നേരത്തെതന്നെ മാന്ദ്യത്തിന്റെ പാതയിലായിരുന്ന സമ്പദ്‌വ്യവസ്ഥ ലോക്ഡൗണിൽ ആകെ തകർന്നടിഞ്ഞു. തൊഴിലിന്റെ ലഭ്യത, വൈദഗ്ധ്യങ്ങൾക്ക് അനുസരിച്ചുള്ള തൊഴിൽ എന്നീ കാരണങ്ങൾകൊണ്ടല്ല തൊഴിലാളികളുടെ കുടിയേറ്റം ഉണ്ടായത്. അതിജീവനത്തിനായാണ് അവർ വിവിധ സംസ്ഥാനങ്ങളിൽ കുടിയേറിയത്. എന്നാൽ കൊറോണ വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി അവരുടെ ഭാവിയെ അപകടകരമായ വിധത്തിൽ തുറിച്ചു നോക്കുന്നു. ഇതോടെ ഭരണസംവിധാനത്തിലുള്ള അവരുടെ വിശ്വാസം നഷ്ടപ്പെട്ടു. നിലവിലുള്ള സംവിധാനത്തിന് അവരെ ആവശ്യമാണെന്ന് ബോധ്യമുണ്ടെങ്കിലും അവരെ സംരക്ഷിക്കാൻ ആരുമില്ല.

കുടിയേറ്റക്കാരായ തൊഴിലാളികൾ ഇപ്പോൾ രൂക്ഷമായ വെല്ലുവിളിയാണ് നേരിടുന്നത്. തങ്ങളുടെ കഴിവിന് അനുസരിച്ചുള്ള തൊഴിലുകളാണ് അവർ തേടുന്നത്. ത­ങ്ങളെ കൂടാതെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടില്ലെന്നും ഇ­വർക്ക് ബോ­­ധ്യമുണ്ട്. തങ്ങളുടെ ആ­വശ്യങ്ങ­ൾ അംഗീകരിക്കാൻ അധികാരികൾ തയ്യാറാകില്ലെന്ന കാര്യവും ഇവർക്കറിയാം. ഇതാണ് നിലവിലുള്ള സംവിധാനത്തിന്റെ പ്ര­ത്യേകത. കൊറോണ മഹാമാരിയാണ് പ്രശ്നങ്ങ­ൾ സുവ്യക്തമാ­ക്കി­യ­തും വെ­ല­്ലുവിളികൾ രൂക്ഷമാക്കിയതും. തൊഴിൽ ലഭ്യതയിലെ കുറവ് തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുന്നുവെന്ന് മാത്രമല്ല തകർന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയെ കരകയറ്റാൻ കഴിയാത്ത അവസ്ഥയിലുമെത്തിച്ചു. ജോലിയിൽ നിന്നും വിട്ടുനിൽക്കാൻ യുഎസിലെ എല്ലാ തൊഴിലാളികളും രണ്ടാം ലോകയുദ്ധാനന്തര സാഹചര്യത്തിൽ തീരുമാനിച്ചിരുന്നു. ശമ്പളം 18 ശതമാനം വർധിപ്പിച്ചശേഷമാണ് ജോലിയിൽ തിരികെ പ്രവേശിക്കാൻ അവർ തയ്യാറായത്.

സമാനമായ സാഹചര്യമാണ് ഇപ്പോൾ വന്നു ചേർന്നിരിക്കുന്നത്. എന്നാൽ വേതന വർധന ഉൾപ്പെടെയുള്ള കാര്യങ്ങൾ അവകാശപ്പെടാനുള്ള കെല്പ് രാജ്യത്തെ കുടിയേറ്റ തൊഴിലാളികൾക്കില്ല. സാമ്പത്തിക വികാസ പ്രക്രിയയിൽ തങ്ങളുടെ പങ്ക് നിസ്തുലമാണെന്ന തിരിച്ചറിവ് ഈ പാവപ്പെട്ട തൊഴിലാളികൾക്കില്ല. തൊഴിൽ മേഖലയിലെ ഇവരുടെ അസാന്നിധ്യം വിനാശം സൃഷ്ടിക്കുമെന്ന ബോധ്യവും ഇവർക്കില്ലെന്നതാണ് വാസ്തവം. തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്നു. ഭക്ഷണം, പാർപ്പിടം, കുടിവെള്ളം, ആരോഗ്യ പരിപാലന സംവിധാനങ്ങൾ എന്നിവ ഇവർക്ക് അന്യമാണ്. തങ്ങളുടെ കുടുംബത്തിന് കുറച്ച് പണം അയക്കാൻ പോലും ഇപ്പോൾ അവർക്കാവുന്നില്ല. കൊറോണ പ്രതിരോധത്തിന് ആവശ്യമായ മാസ്കുകൾ, സാനിറ്റൈസറുകൾ എന്നിവയൊന്നും ഇവർക്ക് ലഭിക്കുന്നില്ല. ഇപ്പോഴും ജോലികൾ തുടരുന്ന കുടിയേറ്റ തൊഴിലാളികൾക്ക് രോഗപ്രതിരോധ സംവിധാനങ്ങളില്ല. അടച്ചു­പൂട്ടലിൽപ്പെട്ടവർക്ക് ഭക്ഷണത്തിന് പോലും വകയില്ലാത്ത അവസ്ഥ. ഇതിൽ നിന്നൊക്കെയുള്ള മോചനത്തിന് ശമ്പള വർധനവാണ് അനിവാര്യം. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനം 0.4 ശതമാനമായി ചുരുങ്ങി.

കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങൾക്കിടെ ആദ്യമായിട്ടാണ് സാമ്പത്തിക രംഗം ഇത്രമാത്രം തകർന്നടിഞ്ഞത്. കഴിഞ്ഞ രണ്ട് വർഷമായി രാജ്യത്തെ സമ്പദ്‌വ്യവസ്ഥ രൂക്ഷമായ മാന്ദ്യം നേരിടുന്നു. ഇപ്പോൾ ഉണ്ടായ മഹാമാരി ഈ പ്രതിസന്ധി രൂക്ഷമാക്കി. ലോക്ഡൗണിൽ ഗണ്യമായ റവന്യു നഷ്ടമാണ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജ് തികച്ചും അപര്യാപ്തമാണ്. നേരത്തെതന്നെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കഴിയുമായിരുന്നു. വാങ്ങൽശേഷിയിലുള്ള കുറവ്, തൊഴിൽ നഷ്ടം, വേതനം വെട്ടിക്കുറയ്ക്കൽ, കൊറോണ ഉയർത്തുന്ന ഭീഷണി തുടങ്ങിയ കാര്യങ്ങൾ ജനങ്ങളുടെ മനോഗതിയെ പോലും സ്വാധീനിച്ചു. സമൂഹത്തിൽ ഇപ്പോഴുള്ള പ്രതിസന്ധിയെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമങ്ങളും തുടരുന്നു. ജാതി, വർഗ വിവേചനങ്ങൾ തല ഉയർത്തുന്നു. നിസാരമായ വിഷയങ്ങൾ പോലും വർഗീയവൽക്കരിക്കപ്പെടുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.