March 29, 2023 Wednesday

പുരമെരിക്കുന്നവർക്ക് ഇന്ത്യ കൂട്ടുനിൽക്കരുത്

Janayugom Webdesk
March 31, 2021 4:00 am

ഫെബ്രുവരി ഒന്നിന് അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത സൈനിക ഭരണകൂടം നിഷ്ഠുരവും മനുഷ്യത്വ രഹിതവുമായ നടപടികളാണ് ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യത്തിന്റെ പുനഃസ്ഥാപനത്തിനായുള്ള അതിശക്തമായ പ്രക്ഷോഭങ്ങൾ അട്ടിമറിനടന്നതിന് പിന്നാലെ തന്നെ രാജ്യത്ത് ശക്തി പ്രാപിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ച് അധികാരം കയ്യിലൊതുക്കിയ സൈന്യം പ്രതിഷേധങ്ങളെ ഉരുക്കുമുഷ്ടികളും വെടിയുണ്ടകളും കൊണ്ട് നേരിടുന്നതിനാണ് തീരുമാനിച്ചത്. ജനാധിപത്യത്തിന് പ്രാധാന്യം നല്കുന്ന ലോക രാഷ്ട്രങ്ങളിൽ പലതും മ്യാൻമറിലെ സൈനിക നടപടികളെ അപലപിക്കുകയും ഉപരോധവും വ്യാപാര നിഷേധവുമൊക്കെ പ്രഖ്യാപിച്ചുവെങ്കിലും സൈന്യം പിടിവാശിയിൽ തുടരുകയാണ്. അതിനിടെയാണ് സായുധസേനാ ദിനമായ ശനിയാഴ്ച രാജ്യത്തുണ്ടായ പ്രതിഷേധത്തിൽ പങ്കെടുത്ത നൂറോളം പേരെ വെടിവച്ചിട്ടത്. 120 പേർ ആ ഒരു ദിനം മാത്രം കൊല്ലപ്പെട്ടുവെന്ന അനൗദ്യോഗിക റിപ്പോർട്ടുകളുമുണ്ടായിരുന്നു. മൂന്ന് ദിവസം പിന്നിടുമ്പോൾ പിന്നീട് കണ്ടെത്തിയതും ആശുപത്രികളിൽ മരിച്ചവരെയും ചേർത്ത് മരണസംഖ്യ 141 ആയിരിക്കുന്നു. ഇതോടെ രണ്ടുമാസത്തോളമായി തുടരുന്ന പ്രതിഷേധത്തിന് നേരെയുള്ള സൈനിക നടപടികളിൽ അഞ്ഞൂറിലധികം പേരാണ് രക്തസാക്ഷികളായിരിക്കുന്നത്.

നീണ്ടകാലത്തെ പോരാട്ടത്തിന് ശേഷമായിരുന്നു മ്യാൻമറിൽ ജനാധിപത്യം സ്ഥാപിതമായത്. ബ്രിട്ടീഷ് ഇന്ത്യയിൽ നിന്ന് മോചനം നേടിയ ബർമ എന്ന രാജ്യം സ്വതന്ത്ര റിപ്പബ്ലിക്കായി ജനാധിപത്യഭരണസംവിധാനം നിലവിൽ വന്നുവെങ്കിലും 1962ൽ അട്ടിമറിയിലൂടെ സൈന്യത്തിന്റെ നിയന്ത്രണത്തിലാവുകയായിരുന്നു. ഇതിനെതിരായ പ്രക്ഷോഭം പിന്നീടുള്ള കാലത്തെ ബർമയെ പിടിച്ചുലച്ചതാണ്. ജനാധിപത്യത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ അടിച്ചമർത്താനുള്ള ശ്രമങ്ങൾ സൈനിക ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായെങ്കിലും ലോകത്താകെ നിന്നുള്ള ജനാധിപത്യ വിശ്വാസികളുടെ ഐക്യദാർഢ്യമാർജിച്ച പ്രക്ഷോഭം തുടരുകയും 2008ൽ വീണ്ടും ജനാധിപത്യം അംഗീകരിക്കുന്ന ഭരണഘടന നടപ്പിലാവുകയുമായിരുന്നു. പക്ഷേ പ്രസ്തുത ഭരണഘടനയിൽ അന്നത്തെ സൈനിക ഭരണകൂടത്തിന്റെ പിടിവാശിയെതുടർന്ന് ചില ജനാധിപത്യ വിരുദ്ധമായ പഴുതുകൾ കൂടി ഉൾച്ചേർക്കേണ്ടിവന്നു. പാർലമെന്റ് അംഗങ്ങളിൽ 25 ശതമാനം തെരഞ്ഞെടുക്കപ്പെടാതെ സൈന്യത്തിനായി സംവരണം ചെയ്യപ്പെടുമെന്ന വ്യവസ്ഥയായിരുന്നു അതിൽ പ്രധാനം. കൂടാതെ പ്രതിരോധം, രാജ്യാതിർത്തി എന്നീ മന്ത്രാലയങ്ങളുടെ നിയന്ത്രണം സൈന്യത്തിനായി നീക്കിവയ്ക്കണമെന്ന നിഷ്കർഷയുമുണ്ടായി. അതുകൊണ്ടുതന്നെ ജനാധിപത്യ പ്രക്രിയയിലും മ്യാൻമറിലെ ഭരണത്തിൽ സൈന്യത്തിന് സുപ്രധാനമായ സ്വാധീനം ചെലുത്തുവാൻ സാധിച്ചു. അതുകൊണ്ടുതന്നെ തെരഞ്ഞെടുക്കപ്പെട്ട ഭരണസംവിധാനത്തിലും ഇടക്കിടെ ഭരണ പ്രതിസന്ധികൾ സംഭവിക്കുകയും ചെയ്തു. അതിന്റെ ഒടുവിലാണ് ഫെബ്രുവരിയിലെ സൈനിക അട്ടിമറിയിലേയ്ക്ക് നയിക്കപ്പെടുകയും ചെയ്തത്. കഴിഞ്ഞ വർഷം നവംബറിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ചായിരുന്നു അട്ടിമറിക്ക് അവസരമൊരുക്കിയത്. അതിന് ശേഷം രാജ്യത്ത് ഉയർന്നുവന്ന പ്രക്ഷോഭങ്ങളെയാണ് ചോരയിൽ മുക്കിക്കൊല്ലുന്നതിനുള്ള ശ്രമങ്ങൾ സൈനിക ഭരണം നടത്തിക്കൊണ്ടിരിക്കുന്നത്.

മ്യാൻമറിലെ അട്ടിമറിക്കും അതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ നേരിടുന്ന സൈനിക ഭരണകൂടനടപടികൾക്കും എതിരെ ലോകരാജ്യങ്ങൾ ശക്തമായ നിലപാടുകളാണ് കൈക്കൊണ്ടത്. എന്നാൽ അയൽരാജ്യമായ മ്യാൻമറിൽ അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ സൈനിക ഭരണകൂടത്തോട് മൃദുസമീപനമാണ് ഇന്ത്യ സ്വീകരിക്കുന്നതെന്ന സംശയം ബലപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് നൂറുകണക്കിന് പേർ കൊല്ലപ്പെട്ട ശനിയാഴ്ച നടന്ന സായുധസേനാ ദിനത്തിൽ ഇന്ത്യ പ്രതിനിധിയെ അയച്ചത്. ദിനാചരണത്തിന് പ്രതിനിധികളെ അയച്ച എട്ടുരാജ്യങ്ങളിൽ ഒന്നായിരുന്നു ഇന്ത്യ. ബിജെപി ഭരിക്കുന്ന മണിപ്പൂരിലെ സർക്കാർ മ്യാൻമറിൽ നിന്ന് അഭയാർത്ഥികളായെത്തുന്നവർക്ക് ഭക്ഷണവും താമസസൗകര്യവും നല്കരുതെന്ന ഉത്തരവിറക്കുകയും ചെയ്തു. വൻ പ്രതിഷേധത്തെ തുടർന്നാണ് ഇത് ഇന്നലെ പിൻവലിച്ചത്. സൈന്യത്തിന്റെ ക്രൂരതകൾകാരണം നൂറുകണക്കിന് പേരാണ് രാജ്യത്തു നിന്ന് പലായനം ചെയ്യുന്നത്.

ജനകീയമായ ഭരണസംവിധാനം അട്ടിമറിച്ച സൈനിക ഭരണകൂടം മനുഷ്യത്വരഹിതമായ സമീപനങ്ങളാണ് തുടരുന്നത്. ശനിയാഴ്ച കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങിന് നേരെ പോലും വെടിവയ്പ് ഉണ്ടായി. തായ് അതിർത്തിയിൽ തദ്ദേശ ജനവിഭാഗത്തെ പുറത്താക്കുന്നതിന് വ്യോമാക്രമണം നടത്തുകയും ചെയ്തു. ഇത്തരം ക്രൂരതകൾ പിന്തുടരുന്ന സൈനിക ഭരണകൂടത്തിനൊപ്പമാണെന്ന സന്ദേശം നല്കുന്നത് നമ്മുടെ രാജ്യം പിന്തുടർന്നുപോന്ന മാനുഷിക മൂല്യങ്ങളോടും ജനാധിപത്യ സംവിധാനത്തോടുമുള്ള നിഷേധമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ, ജനങ്ങളുടെ ചോരയിൽ കുതിർന്ന മ്യാൻമർ പട്ടാളത്തിന് കൈകൊടുക്കുന്നത് വിമർശനകരമാണെന്ന പ്രതികരണം മ്യാൻമർ ജനകീയ പ്രക്ഷോഭകരുടെ ഭാഗത്തുനിന്നുണ്ടായത് ഇവിടത്തെ ജനങ്ങൾക്ക് നാണക്കേടുണ്ടാക്കുന്നുണ്ട്. മ്യാൻമറിലെ ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ മനുഷ്യപക്ഷത്തു നില്ക്കുന്ന സമീപനമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.