നിഗൂഢലക്ഷ്യങ്ങള്‍ നിറഞ്ഞ ദേശീയ യുവശാക്തീകരണ പദ്ധതി

Web Desk
Posted on July 18, 2018, 10:39 pm

ദേശീയ യുവശാക്തീകരണ പദ്ധതി (എന്‍-യെസ്) എന്ന പേരില്‍ പത്തുലക്ഷം യുവതീ-യുവാക്കള്‍ക്ക് നിര്‍ബന്ധിത സൈനിക പരിശീലനം നല്‍കാന്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ നീക്കം ആരംഭിച്ചിരിക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തില്‍ പ്രതിരോധം, യുവജനക്ഷേമം, മാനവശേഷി വകുപ്പുകളിലെ ഉന്നതര്‍ ജൂണ്‍ അവസാനത്തില്‍ ഇതു സംബന്ധിച്ച് യോഗം ചേര്‍ന്നിരുന്നു. ഭരണഘടനയ്ക്കും ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യങ്ങള്‍ക്കും നിരക്കാത്ത അത്തരം ഒരു പദ്ധതിക്ക് എന്‍സിസി, എന്‍എസ്എസ് എന്നീ സംഘടനകളെ മറയായി ഉപയോഗിക്കാനാണ് മോഡി സര്‍ക്കാര്‍ ശ്രമം നടത്തുന്നത്. സൈനിക പരിശീലനത്തിനൊപ്പം യോഗ, ആയുര്‍വേദം, പുരാതന ഭാരതീയ ദര്‍ശനം, ദുരന്തനിവാരണ പ്രവര്‍ത്തനം, തൊഴിലധിഷ്ഠിത സാങ്കേതിക പരിശീലനം എന്നിവയും പദ്ധതിയുടെ ഭാഗമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിര്‍ബന്ധിത സൈനിക പരിശീലനം എന്ന ആശയത്തോടുള്ള എതിര്‍പ്പിനെ തുടര്‍ന്നാണത്രെ എന്‍സിസി, എന്‍എസ്എസ് സംഘടനകളുടെ മറവില്‍ പദ്ധതി നടപ്പാക്കാന്‍ ധാരണയായത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കാഴ്ചപ്പാടിന് അനുസൃതമായി 2022ഓടെ വിശ്വനേതൃസ്ഥാനത്തേക്ക് ഉയര്‍ന്നുവരുന്ന ഇന്ത്യക്ക് അച്ചടക്കവും ദേശാഭിമാനബോധവും ആത്മാഭിമാനവുമുള്ള ഒരു യുവശക്തിയെ സൃഷ്ടിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ ഇതുസംബന്ധിച്ച് നിരത്തുന്ന വ്യാഖ്യാനങ്ങള്‍. പദ്ധതി നിര്‍വഹണത്തിന് എന്‍സിസി, എന്‍എസ്എസ്, നൈപുണി വികസനം, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പുപദ്ധതി എന്നിവക്കായി വകയിരുത്തിയിട്ടുള്ള പദ്ധതി വിഹിതത്തില്‍ നിന്നും തുക വകമാറ്റുമെന്നും സൂചനയുണ്ട്. പദ്ധതിയിലൂടെ പരിശീലനം ലഭിക്കുന്ന യുവതി-യുവാക്കള്‍ക്ക് പ്രതിരോധം, അര്‍ധ സൈനിക വിഭാഗങ്ങള്‍, പൊലീസ് സേനകള്‍ എന്നിവയിലേക്കുള്ള നിയമനത്തില്‍ മുന്‍ഗണന നല്‍കുമെന്നും വാര്‍ത്തയുണ്ട്. പരിശീലനകാലത്ത് പാഠ്യക്രമത്തില്‍ പ്രത്യേക മാര്‍ക്ക്, സ്റ്റൈപന്റ് എന്നിവ നല്‍കുന്നതിനെപ്പറ്റിയും ആലോചനയുണ്ട്. പ്രത്യക്ഷത്തില്‍ നിരുപദ്രവമെന്നും ദേശാഭിമാന പ്രേരിതമെന്നും തോന്നാവുന്ന പദ്ധതിയെപ്പറ്റി ഇതിനകംതന്നെ വിവിധതലങ്ങളില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളില്‍ ദേശവിരുദ്ധ വികാരം വളര്‍ന്നുവരുന്നുവെന്ന ആര്‍എസ്എസ്-ബിജെപി-സംഘ്പരിവാര്‍ കേന്ദ്രങ്ങളുടെ പരാതികളുടെ പശ്ചാത്തലത്തില്‍ മോഡി സര്‍ക്കാരിന്റെ നിക്കം വിലയിരുത്തപ്പെടേണ്ടതുണ്ട്. തങ്ങള്‍ പിന്തുടരുന്ന ദേശഭക്തി മാതൃക എല്ലാവരും പിന്തുടരണമെന്ന സംഘപരിവാര്‍ നിഷ്‌കര്‍ഷ മുഖവിലയ്‌ക്കെടുക്കാന്‍ രാജ്യത്തെ യുവജനങ്ങള്‍ സന്നദ്ധമല്ലെന്ന് അസ്വസ്ഥമായ കാമ്പസുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ സൈന്യത്തേക്കാള്‍ രാജ്യത്തെ പ്രതിരോധിക്കാന്‍ ആര്‍എസ്എസ് സജ്ജമാണെന്ന സര്‍സംഘ് ചാലക് മോഹന്‍ ഭാഗവതിന്റെ പ്രഖ്യാപനവും ഇവിടെ പ്രസക്തമാണ്. ദേശീയ യുവശാക്തീകരണ പദ്ധതിയുടെ പരിശീലന പരിപാടിയില്‍ വിഭാവനം ചെയ്യുന്ന പുരാതന ഭാരതീയ ദര്‍ശനം തുടങ്ങിയ ആശയങ്ങള്‍ ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങള്‍ക്ക് തെല്ലും നിരക്കുന്നതല്ല. സര്‍ക്കാര്‍ ചെലവില്‍ തീവ്ര ഹിന്ദുത്വ ആശയങ്ങളില്‍ അധിഷ്ഠിതമായ, സായുധ പരിശീലനം സിദ്ധിച്ച അനൗപചാരിക സേനാവ്യൂഹത്തെത്തന്നെ സൃഷ്ടിക്കാനാണ് മോഡി ഭരണകൂടം തുനിയുന്നതെന്ന് കരുതുന്നതില്‍ തെറ്റില്ല. മുസോളിനിയുടെയും ഹിറ്റ്‌ലറുടെയും കരിങ്കുപ്പായക്കാര്‍ക്കും തവിട്ടുകുപ്പായക്കാര്‍ക്കും തുല്യമായ മുട്ടാള സംഘങ്ങള്‍ക്ക് രൂപം നല്‍കാനാണ് ശ്രമമെന്ന് വേണം കഴിഞ്ഞ നാലുവര്‍ഷക്കാലത്തെ രാഷ്ട്രീയാനുഭവങ്ങള്‍ നല്‍കുന്ന സൂചന. അത്തരം സേനാരൂപീകരണം രാജ്യത്ത് രാഷ്ട്രീയ ധ്രുവീകരണം ത്വരിതപ്പെടുത്തുകയും തങ്ങളുടെ അധികാര സ്വപ്‌ന സാക്ഷാല്‍ക്കാരം സുഗമമാക്കുമെന്നും സംഘ്പരിവാര്‍ കണക്കുകൂട്ടുന്നുണ്ടാവണം.
വികസനം, കോടാനുകോടി തൊഴില്‍ അവസരങ്ങള്‍, അതിരുകളില്ലാത്ത സാമ്പത്തിക വളര്‍ച്ച തുടങ്ങി മോഹന സുന്ദര വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലേറിയ മോഡി ഭരണകൂടത്തെ തുറിച്ചുനോക്കുന്നത്് അനിശ്ചിതമായ രാഷ്ട്രീയ ഭാവിയാണ്. പ്രതിവര്‍ഷം രണ്ടുകോടി തൊഴിലവസരങ്ങള്‍ വാഗ്ദാനം നല്‍കിയവര്‍ക്ക് അതിന്റെ പത്ത് ശതമാനം ലക്ഷ്യം പോലും കൈവരിക്കാനായില്ല. യുവജനതയുടെ നിരാശയെ ദേശീയതയുടെയും യുക്തിഹീനമായ ദേശീയമിഥ്യാഭിമാനത്തിന്റെയും സങ്കല്‍പങ്ങളില്‍ കുടുക്കിയിടാനുള്ള കുറുക്കുവഴിയായാണ് നിര്‍ബന്ധിത സൈനികസേവനത്തെ അവര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സന്നദ്ധ സൈന്യമാണ് ഇന്ത്യയുടേത്. കടുത്ത തൊഴിലില്ലായ്മയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് നടക്കുന്ന സൈനിക റിക്രൂട്ട്‌മെന്റ് റാലികളില്‍ ഓരോന്നിലും ഒഴുകിയെത്തുന്ന ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ ഇന്ത്യക്ക് സൈനികരംഗത്ത് യാതൊരു ദൗര്‍ലഭ്യവും അടുത്ത നിരവധി പതിറ്റാണ്ടുകളില്‍ ഉണ്ടാവില്ലെന്ന സൂചനയാണ് നല്‍കുന്നത്. നിലവില്‍ ഇന്ത്യന്‍ സൈനിക ശാഖകളില്‍ പരിശീലനം സിദ്ധിച്ച ഓഫീസര്‍മാരുടെ അഭാവം രൂക്ഷതരമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്‍സിസി, എന്‍എസ്എസ്, നൈപുണി വികസനം, ദേശീയ തൊഴിലുറപ്പു പദ്ധതി എന്നിവകള്‍ക്കു തന്നെ ആവശ്യമായ ബജറ്റ് വിഹിതം ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ കനത്ത പരാജയമാണ്. അവയുടെ വിഹിതം വകമാറ്റി പുതിയ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത് ആത്മഹത്യാപരമാണ്. അധികാരദുരയില്‍ വിനാശകരമായ പാത അവലംബിക്കാന്‍ നടത്തുന്ന ശ്രമങ്ങളില്‍ നിന്നും മോഡി ഭരണകൂടം പിന്മാറണം.