Web Desk

February 22, 2020, 5:00 am

വിള ഇന്‍ഷുറന്‍സ്: മോഡി സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിക്കുന്നു

Janayugom Online

കര്‍ഷക രക്ഷയ്ക്കെന്നപേരില്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ 2016–17 ല്‍ ആവിഷ്കരിച്ച പ്രധാനമന്ത്രി ഫസല്‍ ഭീമാ യോജന എന്ന വിള ഇന്‍ഷുറന്‍സ് പദ്ധതി കര്‍ഷക വഞ്ചനയായി മാറിയിരിക്കുന്നു. ബുധനാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ഏറെ ആഘോഷപൂര്‍വം തങ്ങള്‍തന്നെ കൊണ്ടുവന്ന പദ്ധതിയുടെ ഉദകക്രിയയ്ക്കും തുടക്കം കുറിച്ചത്. കാര്‍ഷിക സമ്പദ്ഘടനയുടെ തകര്‍ച്ചയുടെയും തല്‍ഫലമായി വര്‍ധിച്ചുവന്ന കര്‍ഷക ആത്മഹത്യകളുടെയും കര്‍ഷകരുടെ പ്രക്ഷുബ്ധമായ പ്രക്ഷോഭങ്ങളുടെയും പശ്ചാത്തലത്തിലാണ് മോഡിസര്‍ക്കാര്‍ പിഎംഎഫ്ബിവൈ പ്രഖ്യാപിച്ചത്. കര്‍ഷക പ്രക്ഷോഭങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ നിലനില്പിനുതന്നെ വെല്ലുവിളിയാകുമെന്ന സാഹചര്യത്തിലായിരുന്നു ആ നീക്കം. പദ്ധതി പ്രഖ്യാപനത്തെ തുടര്‍ന്ന് കര്‍ഷക സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും അതിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് ആദായകരമായ വില ഉറപ്പുനല്‍കുന്ന സ്വാമിനാഥന്‍ കമ്മിഷന്റെ നിര്‍ദ്ദേശങ്ങളെ അപ്പാടെ അവഗണിച്ചും കര്‍ഷകരുടെയും കാര്‍ഷിക സമ്പദ്ഘടനയുടെയും സംരക്ഷണ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറിയുമുള്ള കബളിപ്പിക്കല്‍ ശ്രമത്തിന്റെ ഭാഗമായാണ് പുതിയ വിള ഇന്‍ഷുറന്‍സ് പദ്ധതി നിലവില്‍ വന്നത്. ജനസംഖ്യയില്‍ ഗണ്യമായ ഒരു വിഭാഗം വരുന്ന, രാജ്യത്തെ നൂറ്റിമുപ്പതു കോടി ജനങ്ങളെ തീറ്റിപോറ്റുന്ന, കര്‍ഷകരെ സംരക്ഷിക്കുന്നതിനു പകരം അവരെ സ്വകാര്യ ഇന്‍ഷുറന്‍സ് കോര്‍പ്പറേറ്റുകളുടെ ചൂഷണത്തിന് ഇരകളാക്കി എറിഞ്ഞുകൊടുക്കുകയാണ് ഫലത്തില്‍ നരേന്ദ്രമോഡി സര്‍ക്കാരിന്റെ വിള ഇന്‍ഷുറന്‍സ് പദ്ധതി ചെയ്തത്. അത്തരം വിമര്‍ശനങ്ങള്‍ ഓരോന്നും ശരിവയ്ക്കുന്ന തീരുമാനമാണ് ഇപ്പോള്‍ കേന്ദ്ര മന്ത്രിസഭ കൈക്കൊണ്ടിരിക്കുന്നത്.

വിള ഇന്‍ഷുറന്‍സിനുള്ള കേന്ദ്ര സര്‍ക്കാര്‍ വിഹിതം പകുതിയായി വെട്ടിക്കുറയ്ക്കുന്നതാണ് പുതിയ തീരുമാനം. ജലസേചനം ലഭ്യമായ കൃഷിയിടങ്ങള്‍ക്ക് 50 ശതമാനം പ്രീമിയം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നത് 25 ശതമാനമായും ജലസേചനരഹിതമായ കൃഷിയിടങ്ങളില്‍ സബ്സിഡി 30 ശതമാനമായും കുറവു ചെയ്തിരിക്കുന്നു. കര്‍ഷകന്‍‍ പ്രീമിയം ഇനത്തില്‍ രണ്ടു ശതമാനം മാത്രം നല്‍കേണ്ടിയിരുന്നിടത്ത് 13.5 ഇരട്ടിയായി വിഹിതം വര്‍ധിപ്പിച്ച് 27 ശതമാനമാക്കി ഉയര്‍ത്തിയിരിക്കുന്നു. പ­ഞ്ചാ­ബും തമിഴ്‌നാടുമടക്കം പല സംസ്ഥാനങ്ങളും പദ്ധതിയില്‍ ഇപ്പോ­ള്‍തന്നെ പങ്കാളികളല്ല. കേ­ന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട വിഹിതവും വായ്പാ പരിധിയും ഗണ്യമായി വെട്ടിക്കുറച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ഭാരം ഒഴിവാക്കാന്‍ സംസ്ഥാനങ്ങള്‍ മുതിര്‍ന്നാ­ല്‍ ആ ഭാരംകൂടി കര്‍ഷകന്റെ ചുമലിലാവും. അതല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനത്തോടെ നരേന്ദ്രമോഡി സര്‍ക്കാരിന്റെ വിള ഇന്‍ഷുറന്‍സിന്റെ ചരമഗീതം ഉയരും. വിള ഇന്‍ഷുറന്‍സില്‍ 2016–18 കാലയളവില്‍ അംഗങ്ങളായവരില്‍ 58 ശതമാനവും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അടക്കമുള്ള വായ്പകള്‍ വാങ്ങിയവരായിരുന്നു. കാര്‍ഷിക വായ്പ വാങ്ങുന്നവര്‍ വിള ഇന്‍ഷുറന്‍സില്‍ അംഗമാകാന്‍ നിര്‍ബന്ധിതരായിരുന്നു. പുതിയ തീരുമാനത്തോടെ അത് സ്വമേധയാ ചെയ്താല്‍ മതിയെന്നായിരിക്കുന്നു. താല്ക്കാലികമായി അത് കര്‍ഷകന് സ്വീകാര്യമായി തോന്നാമെങ്കിലും കൃഷിയുടെയും കൃഷിക്കാരന്റെയും സാമ്പത്തിക സുരക്ഷിതത്വം തന്നെ അപകടപ്പെടുത്തുന്ന തീരുമാനമായി അത് മാറിയിരിക്കുന്നു. ഫലത്തില്‍ പരിമിതമായ സുരക്ഷിതത്വ നടപടികള്‍‍പോലും അപ്രത്യക്ഷമാകുന്ന സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്.

മോഡി സര്‍ക്കാരിന്റെ വിള ഇന്‍ഷുറന്‍സ് പദ്ധതി യഥാര്‍ഥത്തില്‍ കര്‍ഷകനും കാര്‍ഷിക വിളകള്‍ക്കും പകരം വമ്പന്‍ സ്വകാര്യ ഇന്‍ഷുറന്‍സ് കോര്‍പ്പറേറ്റുകളുടെ ലാഭം ഉറപ്പുവരുത്തുകയാണ് ചെയ്തത്. 2016–18 കാലയളവില്‍ കമ്പനികള്‍ ഇന്‍ഷുറന്‍സ് പ്രീമിയം ഇനത്തില്‍ സമാഹരിച്ചത് 49,000 കോടി രൂപ ആയിരുന്നു. അതില്‍ നിന്ന് നഷ്ടപരിഹാരമായി 33,000 കോടി രൂപ നല്‍കി. അതായത്, ഇന്‍ഷുറന്‍സ് കമ്പനികള്‍ വിള ഇന്‍ഷുറന്‍സിന്റെ മറവില്‍ രണ്ട് വര്‍ഷംകൊണ്ട് ഉണ്ടാക്കിയ കൊള്ളലാഭം 16,000 കോടി രൂപ. ഉയര്‍ന്ന നഷ്ടപരിഹാരത്തുക ആവശ്യപ്പെടുന്നു എന്ന പേരില്‍ ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ പദ്ധതിയില്‍ നിന്നും പിന്മാറിയിരിക്കുന്നു. കര്‍ഷക രക്ഷയാണ് ഭരണകൂട ഉത്തരവാദിത്വമെങ്കില്‍ അത് നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം. മോഡി സര്‍ക്കാരാകട്ടെ ഒരിക്കല്‍കൂടി കര്‍ഷകരെ വഞ്ചിക്കുകയാണ് ചെയ്തിരിക്കുന്നത്. അതിനെതിരെ ശക്തമായ പ്രതിഷേധവും പ്രക്ഷോഭവും രാജ്യമെമ്പാടും ഉയര്‍ന്നുവരണം.

Eng­lish Sum­ma­ry: Janayu­gom edi­to­r­i­al about Modi gov­ern­ment cheat­ing farm­ers in the name of crop Insurance