Monday
24 Jun 2019

വീണ്ടും വിഡ്ഢികളാക്കാനുള്ള ശ്രമം

By: Web Desk | Sunday 14 April 2019 8:00 AM IST


new-age editorial janayugom

ഭരണത്തിന്റെ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ നരേന്ദ്രമോഡി നയിക്കുന്ന, ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ബിജെപി സര്‍ക്കാര്‍ അതിന്റെ ഭരണനേട്ടങ്ങളുടെ പട്ടിക അവതരിപ്പിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. 2014 ലെ തെരഞ്ഞെടുപ്പില്‍ ജനങ്ങളെ കബളിപ്പിക്കുന്നതിനായി നടത്തിയ വലിയ അവകാശവാദങ്ങളും വാഗ്ദാനങ്ങളും നിറവേറ്റുന്നതിന് സാധ്യമായില്ല എന്നതിനാല്‍ തന്നെ അതുമായി ബന്ധപ്പെട്ട് ഒരു നേട്ടവും അവതരിപ്പിക്കാനില്ലായിരുന്നു. അന്ന് നരേന്ദ്രമോഡി പ്രഖ്യാപിച്ച, എല്ലാവരുടെയും അക്കൗണ്ടുകളില്‍ 15 ലക്ഷം രൂപ വീതമെത്തിക്കുമെന്ന പ്രഖ്യാപനം വെറും തെരഞ്ഞെടുപ്പ് തട്ടിപ്പായിരുന്നുവെന്ന് പിന്നീട് ബിജെപി അധ്യക്ഷന്‍ അമിത് ഷാ തന്നെ വ്യക്തമാക്കുകയുണ്ടായി. സമാനമായി രാജ്യത്തെ തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പ്രതിവര്‍ഷം രണ്ടുകോടി തൊഴിലവസരങ്ങള്‍ സഷ്ടിക്കുമെന്ന വാഗ്ദാനമുണ്ടായിരുന്നുവെങ്കിലും എതിര്‍ ദിശയിലാണ് കാര്യങ്ങള്‍ പോയത്. ഭരണകാലയളവില്‍ പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടായില്ലെന്ന് മാത്രമല്ല ഉണ്ടായിരുന്ന അവസരങ്ങളില്‍ കുറവ് വരികയും ചെയ്തു.

അഴിമതി പുതിയ ഉയരങ്ങളിലെത്തിയതിനാണ് നാം സാക്ഷ്യം വഹിച്ചത്. ഏപ്രില്‍ എട്ടിന് ഇത്തവണത്തെ പ്രകടന പത്രിക പുറത്തിറക്കുന്ന വേളയില്‍ തങ്ങളുടെ പൂര്‍ണ പരാജയത്തിന് എന്തെങ്കിലും വിശദീകരണം നല്‍കാന്‍ പോലും ബിജെപിക്കായില്ല. ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന പ്രകടനപത്രികയും പഴയതില്‍ നിന്ന് വ്യത്യസ്തമല്ല. കോടാനുകോടി രൂപ ജനങ്ങള്‍ക്ക് പലയിനത്തില്‍ വിതരണം ചെയ്യുമെന്ന് യാതൊരു അടിസ്ഥാന പിന്‍ബലവുമില്ലാതെ പ്രഖ്യാപിച്ചിരിക്കുകയാണ്. കപട വാഗ്ദാനങ്ങള്‍ നിറഞ്ഞതാണ് ബിജെപിയുടെ പ്രകടന പത്രിക. കോര്‍പ്പറേറ്റുകള്‍, വന്‍കിട വ്യവസായികള്‍, വ്യാപാരികള്‍ എന്നിങ്ങനെ മോഡി സര്‍ക്കാരിന്റെ യഥാര്‍ഥ യജമാനന്മാര്‍ക്കായുള്ള വാഗ്ദാനങ്ങളാണ് അതില്‍ നിറയെയുള്ളത്. അതേസമയം മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയിരിക്കുന്ന ജനപക്ഷ വാഗ്ദാനങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കാത്തതാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തന്നെ പറയുന്നുവെന്ന വൈരുദ്ധ്യവുമുണ്ട്. ജനങ്ങളെ കൂടുതല്‍ വിഡ്ഢികളാക്കുന്നതിനൊപ്പം തന്നെ അവരുടെ ഉദ്ദേശ്യങ്ങളും പ്രകടന പത്രിക വ്യക്തമാക്കുന്നുണ്ട്. ദേശസുരക്ഷ അതിന്റെ പ്രധാന വിഷയമാക്കിയിരിക്കുന്നത് അതിന്റെ ഉദാഹരണമാണ്.

ഏകീകൃത സിവില്‍കോഡ് ഒരിക്കല്‍കൂടി അവര്‍ ആവര്‍ത്തിച്ചിരിക്കുന്നു. ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്തുകളയലും രാമക്ഷേത്രനിര്‍മാണവും സമയബന്ധിത പരിപാടിയായി ഉള്‍ക്കൊള്ളിക്കുകയും ചെയ്തിരിക്കുന്നു. കശ്മീരി വനിതകള്‍ക്ക് നീതി ഉറപ്പാക്കുന്നതിനെന്ന പേരില്‍ 35 എ വകുപ്പ് ദുര്‍ബ്ബലപ്പെടുത്തുമെന്ന വാഗ്ദാനം വീണ്ടും അവതരിപ്പിച്ചിരിക്കുന്നു.
പ്രകടന പത്രികയില്‍ നല്‍കിയിരിക്കുന്ന വാഗ്ദാനങ്ങള്‍ എത്രത്തോളം നടപ്പിലാകുമെന്നത് സംബന്ധിച്ച പരിശോധനയ്ക്ക് ആരെങ്കിലും മുതിരുകയാണെങ്കില്‍ ജനങ്ങളെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്നുവെന്നല്ലാതെ മറ്റൊന്നും കണ്ടെത്താനാവില്ല.
പ്രകടന പത്രിക മുഴുവന്‍ അയഥാര്‍ഥമായ അവകാശവാദങ്ങള്‍ മാത്രമാണുള്ളത്. സൈന്യത്തെയും അവരുടെ പ്രവര്‍ത്തനങ്ങളെയും തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചുകൂടെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശം ലംഘിച്ചുകൊണ്ട് പ്രകടന പത്രിക ഇങ്ങനെ പറയുന്നു; ‘നമ്മുടെ സുരക്ഷാ സിദ്ധാന്തങ്ങള്‍ ദേശീയ സുരക്ഷാ താല്‍പര്യങ്ങളാലാണ് നയിക്കപ്പെടുന്നത്. അതിന്റെ ഉദാഹരണങ്ങളായിരുന്നു സമീപകാലത്ത് നടന്ന മിന്നലാക്രമണവും വ്യോമാക്രമണവുമൊക്കെ.’

വലിയ വാക്കുകളിലുള്ള മുദ്രാവാക്യങ്ങള്‍ക്കപ്പുറം ഭീകരതയുടെ ഭിഷണി നേരിടുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടുവെന്ന, ഇതുവരെയില്ലാത്തവിധം സൈനികരുടെയും സാധാരണക്കാരുടെയും ജീവഹാനി കൂടിയെന്നതുള്‍പ്പെടെയുള്ള യാഥാര്‍ഥ്യം മറച്ചുവച്ചാണ് പ്രകടന പത്രികയില്‍ ഭീകരതയോട് ഒരു വിട്ടുവീഴ്ചയുമില്ലെന്ന് പ്രഖ്യാപിക്കുന്നത്. ഇത് പൊള്ളയായ മുദ്രാവാക്യമാണെന്നത് സ്പഷ്ടമാണ്.

വര്‍ഗീയാടിസ്ഥാനത്തിലുള്ള ധ്രുവീകരണമെന്ന തങ്ങളുടെ നയം നടപ്പിലാക്കുന്നതിനായി അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം, ഏകീകൃത സിവില്‍കോഡ്, ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരായ നിലപാടുകള്‍ എന്നീ വിഷയങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. രാഷ്ട്രീയനേട്ടമുണ്ടാക്കുന്നതിനായി സമൂഹത്തെ ഭിന്നിപ്പിക്കുകയെന്ന ലക്ഷ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന ആര്‍എസ്എസിന്റെ രാഷ്ട്രീയ ഉപകരണം മാത്രമാണ് ബിജെപിയെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. നരേന്ദ്രമോഡിക്കും കൂട്ടര്‍ക്കും തങ്ങളുടെ നേട്ടങ്ങളെ കുറിച്ച് ഒന്നും പറയാനില്ലെന്നാണ് അവരുടെ പ്രകടന പത്രികയും പ്രധാനമന്ത്രിയുടെ സമീപകാലത്തെ പ്രസംഗങ്ങളും തെളിയിക്കുന്നത്. രാജ്യത്തിന്റെ പൊതുസ്ഥിതി പരിശോധിച്ചാല്‍ സാമ്പത്തിക രംഗമുള്‍പ്പെടെഎല്ലാ മേഖലയിലുമുള്ള തകര്‍ച്ചയും തൊഴിലില്ലായ്മയും ഒക്കെയാണ് ഏതൊരാള്‍ക്കും കണ്ടെത്താനാവുന്നത്. മാധ്യമങ്ങളുടെ പ്രത്യേകിച്ച് ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ പിന്‍ബലത്തില്‍ വ്യാജ വാഗ്ദാനങ്ങള്‍ ആവര്‍ത്തിക്കുന്നതിനും തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി, വര്‍ധിച്ചുവരുന്ന അഴിമതി, എല്ലാ അവശ്യവസ്തുക്കള്‍ക്കുമുള്ള വിലക്കയറ്റം, ഭരണപരാജയം തുടങ്ങിയ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന രൂക്ഷമായ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിനുമാണ് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോഡിയും കിണഞ്ഞ് ശ്രമിക്കുന്നത്.

യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിനായാണ് ബിജെപിയും നരേന്ദ്രമോഡിയും സൈന്യവും സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഭരിക്കുന്ന പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങള്‍ മനസില്‍ വച്ചുകൊണ്ടാണ് ഇന്ത്യയിലെ വോട്ടര്‍മാര്‍ എപ്പോഴും അവരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാറുള്ളത്. എങ്ങനെയൊക്കെയാണ് ഭരിക്കുന്ന പാര്‍ട്ടി കപട വാഗ്ദാനങ്ങളിലൂടെ വഞ്ചിച്ചതെന്ന കാര്യം പോളിങ് ബൂത്തിലേയ്ക്ക് ചെല്ലുമ്പോള്‍ അവര്‍ മറക്കാറില്ല. പ്രകടനപത്രികയില്‍ നടത്തിയിരിക്കുന്ന വലിയ അവകാശവാദങ്ങള്‍ മുഴുവനായും കാണാനും വരികള്‍ക്കിടയില്‍ വായിക്കാനും അവര്‍ക്ക് അറിയാം. നടത്തിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ നല്‍കിയ വാഗ്ദാനങ്ങളും സര്‍ക്കാരിനെയും തീര്‍ച്ചയായും ജനങ്ങള്‍ വിലയിരുത്തും. പ്രകടന പത്രികയിലൂടെ ജനങ്ങളെ വിഡ്ഢികളാക്കുന്നതിനുള്ള ശ്രമം ജനങ്ങളെ വഞ്ചിക്കാനുള്ള ശ്രമമല്ലാതെ മറ്റൊന്നല്ല. അത് വിജയിക്കാനും പോകുന്നില്ല.