June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

എം എസ് മണി: ദിശാബോധം സൃഷ്ടിച്ച പത്രാധിപൻ

By Janayugom Webdesk
February 19, 2020

കലാകൗമുദിയുടെ ചീഫ് എഡിറ്ററും കേരളകൗമുദി മുന്‍ ചീഫ് എഡിറ്ററുമായിരുന്ന എം എസ് മണിയുടെ വിടവാങ്ങൽ വര്‍ത്തമാനകാല മാധ്യമലോകത്തിന് തീരാനഷ്ടമാണ്. നവോത്ഥാന നായകരില്‍ പ്രമുഖനും കേരളകൗമുദി പത്രാധിപരുമായിരുന്ന സി വി കുഞ്ഞിരാമന്റെ പൗത്രനും പത്രാധിപര്‍ എന്ന അപരനാമത്തില്‍ വിശേഷിപ്പിക്കപ്പെട്ടിരുന്ന കെ സുകുമാരന്റെ സീമന്തപുത്രനുമായ എം എസ് മണി പാരമ്പര്യവും പരിശീലനവും കൈമുതലാക്കിയാണ് മലയാള പത്രപ്രവര്‍ത്തന രംഗത്തേക്ക് കടന്നെത്തി പുതിയൊരു ദിശാബോധം സൃഷ്ടിക്കുന്നതും നവീന പന്ഥാവുകള്‍ വെട്ടിത്തുറക്കുന്നതും.

പത്രപ്രവര്‍ത്തനത്തിന്റെ സമസ്ത മേഖലകളെക്കുറിച്ച് എം എസ് മണിയെപ്പോലെ ആഴത്തില്‍ അറിവുള്ളവര്‍ വേറെയില്ലെന്നുതന്നെ പറയാം. ആധുനിക സാങ്കേതിക ബോധവും സര്‍ഗ്ഗാത്മകതയും അദ്ദേഹത്തില്‍ സമന്വയിച്ചിരുന്നു. 1962 ലെ ചൈനീസ് യുദ്ധകാലത്ത് നീഫായിലും ലഡാക്കിലും പോയി എം എസ് മണി നടത്തിയ സംഭവബഹുലമായ റിപ്പോര്‍ട്ടുകള്‍ ലേഖകര്‍ക്ക് എന്നും പാഠപുസ്തകമാണ്. 1969 ല്‍ കേരളകൗമുദിയുടെ എഡിറ്ററായി അദ്ദേഹം ചുമതലയേറ്റശേഷമാണ് ‘സണ്‍ഡേ മാഗസിന്‍’ എന്ന നൂതന ആശയം പ്രാവര്‍ത്തികമാകുന്നതും പിന്നെ മറ്റ് പത്രങ്ങള്‍ അനുവര്‍ത്തിക്കുന്നതും. കേരളകൗമുദി സണ്‍ഡേ മാഗസീനിലൂടെ സര്‍ഗ്ഗലോകത്തേക്ക് കടന്നെത്തി പ്രശസ്തരായവര്‍ ധാരാളം.

മതമേലാളൻമാരുടെ ഒത്താശയോടെ കേരളത്തിലെ വനങ്ങള്‍ കട്ടുമുടിക്കുന്ന കാട്ടുകള്ളന്‍മാരെ വെളിച്ചത്തുകൊണ്ടുവന്നത് എം എസ് മണിയുടെ തൂലികയുടെ ശക്തിയായിരുന്നു. കാട്ടുകള്ളന്‍മാര്‍ (1974) എന്ന പുസ്തകത്തിലൂടെ കേരളത്തില്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് നാന്ദികുറിക്കുകയായിരുന്നു അദ്ദേഹം. അന്നത്തെ വനം വകുപ്പ് മന്ത്രിയായിരുന്ന കെ ജി അടിയോടിയുടെ രാജിയിലേക്ക് നയിച്ച സംഭവങ്ങള്‍ക്കും ‘കാട്ടുകള്ളന്‍മാര്‍’ വഴിവച്ചിരുന്നു. അടിയന്തരാവസ്ഥയുടെ കരാളതയ്ക്കെതിരെ പല പത്രമുതലാളിമാരും മൗനം ഭജിച്ച് കഴിഞ്ഞു കൂടിയപ്പോള്‍ എം എസ് മണി കലാകൗമുദി എന്ന വാരിക തുടങ്ങി പ്രതിഷേധ ശബ്ദങ്ങളെ ഏകോപിപ്പിക്കുകയായിരുന്നു. കലാകൗമുദിയെപോലെ ലിറ്റററി ജേണലിസത്തിന് അതുല്യസംഭാവനകള്‍ നല്കിയ പ്രസിദ്ധീകരണങ്ങള്‍ അപൂര്‍വ്വമാണ്.

യാഥാസ്ഥിതികത്വത്തെയും പ്രാദേശികവാദങ്ങളെയും നിരാകരിച്ചുകൊണ്ട് സാമൂഹിക സാംസ്കാരിക സാഹിത്യ രംഗങ്ങളില്‍ വന്‍ചലനങ്ങളാണ് കലാകൗമുദി അക്കാലത്ത് സൃഷ്ടിച്ചത്. എം ഗോവിന്ദന്‍, ബഷീര്‍, തകഴി, ആനന്ദ്, ഒ വി വിജയന്‍, മാധവിക്കുട്ടി, എം ടി വാസുദേവന്‍ നായര്‍, മുകുന്ദന്‍, കാക്കനാടന്‍ തുടങ്ങി മലയാളത്തിലെ എണ്ണം പറഞ്ഞ എഴുത്തുകാരുടെ രചനകള്‍കൊണ്ടും കെ ദാമോദരൻ, അച്യുതമേനോന്‍, ഇംഎംഎസ്, പി ഗോവിന്ദപ്പിള്ള, പി കെ വാസുദേവന്‍ നായര്‍, കെ വി സുരേന്ദ്രനാഥ് തുടങ്ങിയവരുടെ ആശയലോകവും വായനക്കാര്‍ക്ക് മുന്നില്‍ തുറന്നിട്ട കലാകൗമുദി മലയാളിയുടെ ചിന്താധാരയെ ആഴത്തിൽ സ്വാധീനിച്ചിരുന്നു. 1990 ല്‍ അദ്ദേഹം മുംബൈയില്‍ ആരംഭിച്ച ‘കലാകൗമുദി’ ദിനപ്പത്രമാണ് കേരളത്തിന് പുറത്ത് അച്ചടിച്ച് പ്രസിദ്ധീകരിച്ച ആദ്യ മലയാള ദിനപ്പത്രം.

ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് എപ്പോഴും ചായ്‌വ് പുലര്‍ത്തിയിരുന്ന എം എസ് മണി വിദ്യാർത്ഥിയായിരിക്കെ എഐഎസ്എഫ് അംഗമായിരുന്നു. വി കെ കൃഷ്ണമേനോനെ തിരുവനന്തപുരത്തു ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുന്നതില്‍ എല്ലാ പിന്തുണയും നല്കി. തമസ്ക്കരണ തന്ത്രങ്ങളില്‍പെട്ട് മുങ്ങിപ്പോകുമായിരുന്ന ഒരു മഹത് വ്യക്തിത്വത്തെ വര്‍ധിത ഊര്‍ജത്തോടെ ഡല്‍ഹിയിലേക്ക് ആനയിച്ചതില്‍ എം എസ് മണി നിർണായക പങ്കുവഹിച്ചു. അവശജനവിഭാഗങ്ങളുടെ സംവരണ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായപ്പോഴൊക്കെ എം എസ് മണി നിതാന്ത ജാഗ്രതയോടെയാണ് അതിനെ എതിര്‍ത്തിട്ടുള്ളത്. അദ്ദേഹത്തിന്റെ എഡിറ്റോറിയലുകള്‍ ഭരണതലത്തില്‍ തന്നെ സൃഷ്ടിപരമായ നയതീരുമാനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. കലാകാരൻമാർക്കെതിരെ തീവ്രവാദ ഭീഷണികൾ മുഴങ്ങിയപ്പോഴും അദ്ദേഹം അവർക്ക് കാവലാളായി നിന്നു.

എം എസ് മണി കേരളകൗമുദിയുടെ സാരഥ്യം വഹിക്കുന്ന കാലം അദ്ദേഹം പ്രിന്റിംഗ് മുതല്‍ എഡിറ്റോറിയല്‍ വിഭാഗം വരെയുള്ള ഓരോ ജീവനക്കാരുമായും വ്യക്തിപരമായ അടുപ്പം സൂക്ഷിച്ചിരുന്നു. ഗുരുദർശനങ്ങളായിരുന്നു അദ്ദേഹത്തിന്റെ മാർഗ്ഗ ദീപം. പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒട്ടേറെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള അദ്ദേഹം ലോകനേതാക്കളുമായും ദേശീയ നേതാക്കളുമായും സംസ്ഥാന നേതാക്കളുമായും നല്ല സൗഹൃദം പുലര്‍ത്തിയിരുന്നു. സ്വര്‍ഗം ഭൂമിയിലേക്ക് ഇറങ്ങിവരുന്നു (1970), കാട്ടുകള്ളന്‍മാര്‍ (1974), ശിവഗിരിക്കു മുകളില്‍ തീമേഘങ്ങള്‍ (1995) എന്നീ പുസ്തകങ്ങളിലൂടെ തന്റെ അനുഭവങ്ങള്‍ അദ്ദേഹം വരുംതലമുറയ്ക്കായി പകര്‍ത്തിയിട്ടുണ്ട്.

എംഎസ് മണി ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഓള്‍‍ ഇന്ത്യ ന്യൂസ് പേപ്പര്‍ എഡിറ്റേഴ്സ് കോണ്‍ഫറന്‍സ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തന്റെ ഒരു ചിത്രംപോലും കഴിവതും പത്രത്തില്‍ അച്ചടിച്ചുവരുവാന്‍ താല്പര്യം കാട്ടാതിരുന്ന അദ്ദേഹം പുരസ്കാരങ്ങളോട് മുഖം തിരിച്ചിരുന്നു. എം എസ് മണിയെ സംസ്ഥാന സര്‍ക്കാര്‍ സ്വദേശാഭിമാനി കേസരി പുരസ്കാരം നല്കി ആദരിച്ചിരുന്നു. പരിചയപ്പെടുന്ന എല്ലാവരോടും സമഭാവനയോടെ മാത്രം പെരുമാറിയിരുന്ന എം എസ് മണിയുടെ വിയോഗത്തിൽ, ദുഃഖിതരായ കുടുംബാംഗങ്ങൾക്കും അക്ഷരസ്നേഹികൾക്കും ഒപ്പം ജനയുഗവും പങ്കുചേരുന്നു.

Eng­lish Sum­ma­ry: janayu­gom edi­to­r­i­al about ms mani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.