Friday
22 Feb 2019

താക്കീതായി മാറിയ ദേശീയ പ്രതിഷേധം

By: Web Desk | Tuesday 11 September 2018 8:00 AM IST

നവിരുദ്ധ നയങ്ങളും വാഗ്ദാന ലംഘനങ്ങളും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ഇന്ത്യ ഒന്നടങ്കം പ്രതിഷേധത്തിനിറങ്ങിയ ദിനമായിരുന്നു ഇന്നലെ. പൂര്‍ണ്ണവും ജനജീവിതത്തെ സാരമായി ബാധിച്ചതുമായ ഹര്‍ത്താലും ബന്ദുമാണ് നടന്നത്. രാജ്യത്തിന്റെ എല്ലാ മേഖലകളിലും പ്രക്ഷോഭത്തിന്റെ ഭാഗമായി ജനങ്ങള്‍ തെരുവിലിറങ്ങി. സംസ്ഥാനങ്ങളില്‍ കയ്യിലുള്ള അധികാരമുപയോഗിച്ച് ബിജെപി സര്‍ക്കാരുകള്‍ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും അതിനെയൊന്നും വകവയ്ക്കാതെയാണ് ജനങ്ങള്‍ ഈ പ്രക്ഷോഭത്തില്‍ അണിനിരന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി അയ്യായിരത്തോളം പ്രവര്‍ത്തകരെയാണ് മുന്‍കരുതലെന്ന നിലയില്‍ കസ്റ്റഡിയിലെടുത്തത്. ഇന്നലെ പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രകടനവും ധര്‍ണകളും നടത്തിയ പതിനായിരക്കണക്കിന് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു.

രാജ്യത്തിന്റെ ജനജീവിതം ദുരിതപൂര്‍ണമാക്കിയ കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിപക്ഷ ഐക്യത്തിന്റെ കൂടി വേദിയായിരുന്നു ഇന്നലത്തെ പ്രക്ഷോഭമെന്നത് ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. എന്‍ഡിഎ ഘടകകക്ഷിയായ ശിവസേനയുള്‍പ്പെടെ 21 പ്രമുഖ കക്ഷികളാണ് ഇന്നലത്തെ പ്രക്ഷോഭത്തില്‍ അണിനിരന്നത്. സിപിഐ, സിപിഐ(എം) സിപിഐ(എംഎല്‍) ലിബറേഷന്‍, എസ്‌യുസിഐ(സി), ആര്‍എസ്പി എന്നീ ഇടതുപാര്‍ട്ടികള്‍ ദേശീയ ഹര്‍ത്താലിനും കോണ്‍ഗ്രസ് ഭാരത് ബന്ദിനുമാണ് ആഹ്വാനം നല്‍കിയിരുന്നത്. പ്രഖ്യാപനം പുറത്തുവന്നതിന് ശേഷം വ്യത്യസ്ത പാര്‍ട്ടികളും സംഘടനകളും പിന്തുണയുമായി രംഗത്തെത്തുകയായിരുന്നു. ആറാം തീയതിയാണ് ഇത്തരത്തിലൊരു പ്രതിഷേധത്തിന് ആഹ്വാനമുണ്ടാകുന്നത്. അതുകൊണ്ടുതന്നെ വേണ്ടത്ര മുന്നൊരുക്കങ്ങളോ പ്രചരണങ്ങളോ നടത്താനുള്ള സാവകാശമുണ്ടായിരുന്നില്ല. എങ്കിലും അനിവാര്യമായൊരു ഘട്ടത്തില്‍ ജനങ്ങളാകെ രംഗത്തിറങ്ങുന്നതിനാണ് ഇന്നലത്തെ പ്രക്ഷോഭം വഴിയൊരുക്കിയത്. എല്ലാ മേഖലകളിലും സ്വയം സന്നദ്ധമായി ജനങ്ങള്‍ ഈ പ്രതിഷേധത്തോട് സഹകരിച്ചു.
അതേസമയം സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങളും സമൂഹമാധ്യമങ്ങളെ ഉപയോഗിച്ചും പ്രതിഷേധത്തിനെതിരെ എല്ലാ വിധത്തിലുള്ള പ്രചരണങ്ങളും സംഘപരിവാര്‍ ഒന്നാകെ നടത്തിയെങ്കിലും അതെല്ലാം തള്ളിയാണ് ജനം ഈ പ്രക്ഷോഭത്തിന്റെ ഭാഗമായതെന്ന് അവര്‍ ഓര്‍ക്കുന്നത് നല്ലതാണ്.
അത്രയും ദുരിതങ്ങളാണ് ഈ സര്‍ക്കാരിന്റെ നയങ്ങള്‍കൊണ്ട് ഉണ്ടായിരിക്കുന്നതെന്നതിനാലാണ് പ്രക്ഷോഭത്തിന് ജനപിന്തുണ നേടിയെടുക്കാനായത്. ഇന്ധനവില എല്ലാ ദിവസവും ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഇന്നലെയുമുണ്ടായി വിലവര്‍ധന. രൂപയുടെ മൂല്യശോഷണത്തിന്റെ കാര്യത്തിലും ഒരു മാറ്റവുമുണ്ടാകുന്നില്ല. പല തരത്തിലുള്ള പ്രതിഷേധങ്ങള്‍ ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നുവെങ്കിലും തൊടുന്യായങ്ങളും അബദ്ധപ്രസ്താവനകളുമായി അതിനെ അപഹസിക്കാനാണ് കേന്ദ്രസര്‍ക്കാരിലെ പ്രമുഖര്‍ ഉള്‍പ്പെടെ ബിജെപി നേതാക്കള്‍ ശ്രമിക്കുന്നത്. ഇന്ധന വില കൂടിക്കൊണ്ടിരിക്കും ജനം ചെലവ് ചുരുക്കുകയേ നിവൃത്തിയുള്ളൂ എന്നാണ് ഇന്നലെ രാജസ്ഥാനിലെ മന്ത്രി പറഞ്ഞിരിക്കുന്നത്. രൂപയ്ക്കല്ല കുഴപ്പം അമേരിക്കന്‍ ഡോളറിനാണെന്ന് പറഞ്ഞ കേന്ദ്ര മന്ത്രിയുമുണ്ടായി. ഇന്ധന വിലക്കയറ്റം ആഗോള പ്രതിഭാസമാണെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. നേരത്തേ വിലക്കയറ്റം ആഗോള പ്രതിഭാസമാണെന്ന പ്രസ്താവനയുണ്ടാകുമ്പോള്‍ അതിനെ പരിഹസിച്ചിരുന്നവരാണ് ഇവരെന്ന കാര്യം ഓര്‍ക്കുമ്പോള്‍ ബിജെപി ഒരു കോമാളിയായി മാറിയിരിക്കുന്നുവെന്ന് മനസിലാകും.

ഇന്ധനവില വര്‍ധിക്കുന്നതിന്റെ നേട്ടം എണ്ണക്കമ്പനികള്‍ക്ക് മാത്രമല്ലെന്നും സര്‍ക്കാരിന് നികുതിയിനത്തില്‍ വരുമാന വര്‍ധനയുണ്ടാകുന്നുവെന്നും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. കേരളത്തിലെയും ഇപ്പോള്‍ ആന്ധ്രയിലെയും സര്‍ക്കാരുകള്‍ അല്‍പം നഷ്ടം സഹിച്ച് നികുതികുറയ്ക്കാന്‍ തയ്യാറായിട്ടുമുണ്ട്. എന്നാല്‍ ഏറ്റവുമധികം നികുതി വരുമാനം കൊള്ളയടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ അതിന് തയ്യാറാകുന്നില്ലെന്നുമാത്രമല്ല എണ്ണക്കമ്പനികള്‍ക്കൊപ്പം ഈ കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുകയാണ് ചെയ്യുന്നത്. സാധാരണ നിലയിലുള്ള റവന്യു വരുമാനം നേടിയെടുക്കുന്നതില്‍ സര്‍ക്കാരിന്റെ ധനമാനേജ്‌മെന്റ് പരാജയമാണെന്നതാണ് അതിനുള്ള മറ്റൊരു കാരണം. നിത്യ ചെലവുകള്‍ പോലും നിര്‍വഹിക്കാനാകാത്തതിനാല്‍ ധനക്കമ്മി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. അതിന് നേരിയ പരിഹാരമെങ്കിലും ആകുമെന്നതിനാലാണ് ഈ കൊള്ള അവസാനിപ്പിക്കുന്നതിന് നടപടിയെടുക്കാന്‍ സര്‍ക്കാരിന് സാധിക്കാത്തത്. എന്നുമാത്രമല്ല എണ്ണക്കമ്പനികള്‍ക്കുണ്ടാകുന്ന അധിക ലാഭത്തില്‍ നിന്നുള്ള വിഹിതലഭ്യത മറ്റൊരു കാരണവുമാണ്.
ജനജീവിതം ഇത്രയും ദുഷ്‌കരമായിട്ടും അതേകുറിച്ച് എന്തെങ്കിലും പറയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി വായ് തുറന്നിട്ടില്ല. എല്ലായ്‌പോഴും ട്വിറ്ററിലും പൊതുവേദികളിലും വാചാലനാകുന്ന മോഡിയുടെ കാപട്യമാണ് തുറന്നുകാട്ടപ്പെടുന്നത്. കേന്ദ്ര ഭരണാധികാരികളുടെ നയങ്ങള്‍ക്കെതിരെ യോജിച്ച പോരാട്ടമെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇന്നലെ നടന്ന ദേശീയ പ്രക്ഷോഭത്തില്‍ ഇരുപത്തിയൊന്ന് പാര്‍ട്ടികള്‍ അണിനിരന്നുവെന്നത് ആ നിലക്ക് ശുഭസൂചനയാണ് നല്‍കുന്നത്.