Web Desk

November 14, 2021, 5:00 am

അന്യമാകുന്ന ഗ്രാമീണ തൊഴിലുറപ്പു പദ്ധതി

Janayugom Online

സാമ്പത്തിക പ്രതിസന്ധി സകല ഉല്പാദന പ്രക്രിയകളെയും പിന്നോട്ടടിപ്പിച്ചപ്പോൾ പട്ടിണിയിലായ കുടിയേറ്റത്തൊഴിലാളികൾക്ക് സഹായമായത് മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയായിരുന്നു (എംജിഎൻആർഇജിഎ). മഹാമാരിയിൽ തൊഴിലാളികൾക്ക് തെരഞ്ഞെടുക്കാനുള്ള അവസരങ്ങൾ നാമമാത്രമായിരുന്നു. പട്ടിണി കിടന്ന് മരിക്കുക, അല്ലെങ്കിൽ മാരകമായ രോഗത്തിന് ഇരയാകുക, നിശബ്ദമായി മരണത്തിലേക്ക് പോവുക. മുഴുവൻ ജനങ്ങളും വെല്ലുവിളി നേരിടുന്നതിനാൽ, വിലപിക്കാതെ മരിക്കുക, ഇതായിരുന്നു സ്ഥിതി. നഗരങ്ങളിൽ തൊഴിലാളികളെ വ്യാപകമായി ഒഴിവാക്കി. ഉള്ള ജോലികളോ മണിക്കൂറുകൾ നീളുന്നവയും കരാറുകളിൽ കുരുങ്ങിയവയും ആയിരുന്നു. ദേശീയ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നത് നഗര, ഗ്രാമ ജനസംഖ്യയിൽ 57 ശതമാനം കടക്കെണിയിലാണ് എന്നാണ്. ഇതാകട്ടെ കോവിഡ് മഹാമാരിക്കു മുമ്പുള്ള കണക്കുകളായിരുന്നു. ലോക്ഡൗണുകൾ, കുതിച്ചുയരുന്ന തൊഴിലില്ലായ്മ, കോവിഡ് രണ്ടാം തരംഗത്തിന്റെ ഭീതി, കുത്തനെയുള്ള വിലക്കയറ്റം ഇവ നാടിനെ വിഴുങ്ങിയപ്പോൾ തൊഴിൽ നഷ്ടപ്പെട്ട യുവാക്കളുടെ എണ്ണവും പെരുകി. 2016–17ൽ തൊഴിലില്ലായ്മ 15 ശതമാനമായിരുന്നെങ്കിൽ 2021ൽ 32.03 ശതമാനമായിരിക്കുന്നു. കിട്ടിയ തൊഴിലിനിറങ്ങയവർക്കോ കൂലി കിട്ടിയതും വൈകിയായിരുന്നു. അതും മുതലെടുപ്പിന് ശേഷമുള്ള തുച്ഛമായ നാണയത്തുട്ടുകൾ. ജോലി സമയവും വർധിപ്പിച്ചു. എല്ലാം ചേരുന്ന ഇല്ലായ്മ ലോക വിശപ്പ് സൂചികയിൽ 116 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 101ൽ എത്തിച്ചിരിക്കുന്നു. രാജ്യത്തിന്റെ വളർച്ച മുരടിച്ചു എന്നു മാത്രമല്ല, നാശത്തിന്റെ വഴിയിൽ അതിവേഗതയിൽ സഞ്ചരിക്കുന്നു എന്നും തിരിച്ചറിയുന്നു.


ഇതുകൂടി വായിക്കൂ: ബിജെപിയുടെ പൊള്ളയായ വാഗ്ദാനങ്ങള്‍ രാജ്യത്ത് സൃഷ്ടിച്ചത് രൂക്ഷമായ തൊഴിലില്ലായ്മയും കടുത്ത ദാരിദ്ര്യവും


പട്ടിണി അതീവ ഗുരുതരമായ അവസ്ഥയിലുള്ള 31 രാജ്യങ്ങളിൽ ഒന്നായിരിക്കുന്നു ഭാരതം. പോഷകാഹാരക്കുറവുള്ള, ഭാരക്കുറവുള്ള, അഞ്ച് വയസിൽ താഴെയുള്ള കുട്ടികളുടെ എണ്ണം വർധിക്കുന്നു. 2015–16 മുതൽ ദരിദ്രരുടെ ജീവിതനിലവാരത്തിലുണ്ടായ ഇടിവ് അവരെ പകർച്ചവ്യാധിയുടെ ഇരകളാക്കി മാറ്റി. അവസരങ്ങൾ നിഷേധിക്കപ്പെട്ടിരിക്കുന്ന അവസ്ഥയിൽ മരിച്ചുവീഴുകയല്ലാതെ പ്രതീക്ഷിക്കാനൊന്നുമില്ല. നാടുവിടുക, കാൽനടയെങ്കിൽ അങ്ങനെ കൂടിയേറുക. ഭൂരിപക്ഷം രണ്ടാമത്തേത് തിരഞ്ഞെടുത്തു. ഗ്രാമീണ മേഖലയിൽ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തുണയായത് ഇവിടെയാണ്. പക്ഷെ, ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും ഇപ്പോൾ പട്ടിണിയിലാണ്. നടപ്പു സാമ്പത്തിക വർഷത്തിന്റെ പകുതി കഷ്ടി കടക്കാനേ നിലവിലുള്ള ഫണ്ട് തികയൂ. സപ്ലിമെന്ററി ബജറ്റ് വിഹിതം കിട്ടണമെങ്കിൽ പാർലമെന്റ് സമ്മേളനം ആരംഭിക്കണം. ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ വരവുചെലവ് വിവരപ്പട്ടിക ഇപ്പോൾതന്നെ 8,686 കോടി രൂപയുടെ കുറവിലാണ്. പട്ടിണിപ്പാവങ്ങൾക്കു പോലും പണം നൽകുന്നതിൽ കാലവിളംബം എന്ന് വ്യക്തം.


ഇതുകൂടി വായിക്കൂ:കോർപറേറ്റുകൾക്കായി കേന്ദ്രം ജനങ്ങളെ ശിക്ഷിക്കുന്നു


സംസ്ഥാനങ്ങൾ സ്വന്തം ഖജനാവ് തുറന്നാൽ മാത്രമേ പ്രതിസന്ധി പരിഹരിക്കാനാകൂ എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇത് ഉത്തരവാദിത്തം ഏറ്റെടുക്കാതെ ഒഴിഞ്ഞുമാറലാണ്. മണ്ണിൽ പണിയെടുക്കേണ്ട അവസരങ്ങൾക്കായി ആവശ്യമുയർത്തുമ്പോൾ അത് “കൃത്രിമമായി സൃഷ്ടിച്ചത്” എന്ന് മുദ്രകുത്തുകയാണ് കേന്ദ്രം. ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പിറവിയെടുത്തത് ഇത്തരം ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ്. ഗ്രാമീണ കുടുംബങ്ങൾക്ക് നൂറ് ദിവസത്തെ അവിദഗ്ധ ജോലിക്കുള്ള അവസരം പദ്ധതി ഉറപ്പുനൽകുന്നു. ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക് 1.11 ലക്ഷം കോടി രൂപയുടെ ഏറ്റവും ഉയർന്ന ബജറ്റ് വിഹിതം അനുവദിച്ചിരുന്നു. പതിനൊന്ന് കോടി തൊഴിലാളികൾക്ക് തൊഴിൽ വാഗ്ദാനം ചെയ്തത് ഗ്രാമീണ മേഖലയില്‍ ജീവൻ നൽകുന്ന പ്രവൃത്തിയായിരുന്നു. എന്നാൽ 2021–22 ലെ ബജറ്റിൽ പദ്ധതിക്കായി നീക്കിവച്ചത് 73,000 കോടി രൂപ മാത്രമാണ്. സാമ്പത്തിക മാന്ദ്യം ഉണ്ടായാൽ സപ്ലിമെന്ററി ബജറ്റ് വിഹിതം ഉറപ്പാക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ച വേളയിലെ ഉറപ്പുകളായിരുന്നു ഇവയൊക്കെ. ലോക്ഡൗൺ പ്രഖ്യാപിച്ച സമയത്ത് ഒക്ടോബർ 29ലെ കണക്കനുസരിച്ച്, നൽകാനുള്ള കൂലി ചെലവ് ഉൾപ്പെടെ മൊത്തം ബാധ്യത 79,810 കോടി രൂപയിൽ എത്തിയിരുന്നു. തൊഴിലുറപ്പു പദ്ധതി അപകടഘട്ടത്തിലെന്നു വ്യക്തം. 21 സംസ്ഥാനങ്ങളിൽ ചെയ്ത വേലയ്ക്ക് കൂലികൊടുക്കാൻ ബാക്കിയാണ്. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ സ്ഥിതി കൂടുതൽ രൂക്ഷവുമാണ്.


ഇതുകൂടി വായിക്കൂ:കോവിഡ്: 2.5 കോടി തൊഴില്‍ നഷ്ടം


പാതിവഴിയിൽ അടച്ചുപൂട്ടുന്ന ഘട്ടത്തിലാണ് തൊഴിലുറപ്പു പദ്ധതിയെന്ന് ഇരുപത്തിയൊന്ന് സംസ്ഥാനങ്ങളുടെ കണക്ക് വ്യക്തമാക്കിയിരുന്നു. വ്യർത്ഥമാകുന്ന അധ്വാനം, നൽകപ്പെടാത്ത വേതനം എല്ലാം പരിധിവിട്ട് കുതിച്ചുയർന്നിരിക്കുന്നു. തൊഴിൽ സാഹചര്യം ഭയാനകമായി എന്നതിലുപരി തൊഴിലാളികളുടെ ഭരണഘടനാപരമായ അവകാശങ്ങളും ലംഘിക്കപ്പെടുകയാണ്. മഹാമാരിയുടെ ആഘാതത്തിൽ കുഴഞ്ഞുവീണവരെ നിലനിർത്താനുള്ള ഉത്തരവാദിത്തം പോലും ഏറ്റെടുക്കാൻ കേന്ദ്രം വിമുഖത കാട്ടിയപ്പോൾ ചുമതല സംസ്ഥാനങ്ങൾക്കായിരുന്നു. പദ്ധതിക്ക് വിഹിതമില്ല എന്ന യാഥാർത്ഥ്യം ഗ്രാമവികസന മന്ത്രാലയം പ്രഖ്യാപിക്കാൻ വൈകില്ല എന്ന് അവരോടുചേർന്നുള്ള കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. ആവശ്യത്തിന്റെ അടിസ്ഥാനത്തിലല്ല, വിതരണത്തിനനുസരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ കുറ്റപ്പെടുത്തൽ. സംസ്ഥാനങ്ങൾ കൃത്രിമ ആവശ്യങ്ങൾ പോലും സൃഷ്ടിക്കാൻ മുൻകൈയെടുത്തുവെന്നും പരാതിപ്പെടുന്നു. തൊഴിലില്ലായ്മ രൂക്ഷമാകുമ്പോൾ തൊഴിലവസരങ്ങൾ നൽകുന്നതാണ് പദ്ധതിയുടെ സംവിധാനം. രാജ്യത്തെ 13 ശതമാനം കുടുംബങ്ങളും തൊഴിൽ സാധ്യതകൾക്കായി കാത്തിരിക്കുകയാണ്, അവരുടെ രജിസ്ട്രേഷൻ നടപടികൾ പോലും പൂർത്തീകരിക്കുന്നില്ല. ലഭിച്ച കണക്കുകളോ ഭാഗികവുമാണ്. പദ്ധതി വിഹിതത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത്. എന്നാൽ കേന്ദ്രം ബജറ്റ് വിഹിതത്തിൽ അടങ്കലുകൾ കുത്തനെ വെട്ടിക്കുറച്ചതോടെ 2020–21നേക്കാൾ 34 ശതമാനം തുക കുറയും.