Tuesday
19 Mar 2019

ഇന്ത്യയുടെ തകര്‍ച്ചയും തൊഴിലാളി പണിമുടക്കിന്‍റെ പ്രസക്തിയും

By: Web Desk | Sunday 6 January 2019 9:51 PM IST


രാജ്യത്തെ സാമ്പത്തിക – തൊഴില്‍ മേഖലകളിലെ സുപ്രധാനമായ 12 മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവച്ച് ഇന്ത്യന്‍ തൊഴിലാളി വര്‍ഗം ഒറ്റക്കെട്ടായി ദ്വിദിന പണിമുടക്ക് നടത്തുകയാണ്. നാളെയും മറ്റന്നാളുമായാണ് പണിമുടക്ക്. നാലുമാസങ്ങള്‍ക്ക് മുമ്പ് ആഹ്വാനം ചെയ്ത പണിമുടക്കിന്റെ തൊട്ടു മുമ്പുള്ള ദിവസമാണ് രാജ്യത്തെ തൊഴില്‍ മേഖലയും സാമ്പത്തിക രംഗവും എത്രത്തോളം വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് വ്യക്തമാക്കുന്ന സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമിയുടെ (സിഎംഐഇ) റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. വിദേശ – സ്വദേശ നിക്ഷേപങ്ങള്‍ വര്‍ധിക്കുന്നുവെന്ന അവകാശവാദം കേന്ദ്ര ഭരണാധികാരികളും എന്‍ഡിഎ നേതാക്കളും ആവര്‍ത്തിച്ചുകൊണ്ടിരിക്കേയാണ് അതിന്റെ പൊള്ളത്തരം വിളിച്ചു പറയുന്നതെന്ന യാദൃച്ഛികതയുമുണ്ട്.

നിക്ഷേപ വളര്‍ച്ച ഒന്നര ദശകത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പ്രതിരോധം പോലുള്ള തന്ത്രപ്രധാന മേഖലയില്‍ പോലും വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയ സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. അങ്ങനെയൊരു കാലത്താണ് എല്ലാ മേഖലയിലുമുള്ള നിക്ഷേപങ്ങള്‍ ഗണ്യമായി ഇടിഞ്ഞിരിക്കുന്നത്. 2018 ലെ അവസാന പാദത്തില്‍ സ്വകാര്യ മേഖലാ നിക്ഷേപത്തില്‍ 67 ശതമാനമാണ് കുറവുണ്ടായത്. പൊതുമേഖലയിലെ കുറവ് 37 ശതമാനമാണ്. 2004 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിതെന്നും റിപ്പോര്‍ട്ടിലുണ്ട്. നിക്ഷേപത്തിലുണ്ടായ ഗണ്യമായ ഇടിവ് തൊഴില്‍മേഖലയെ സാരമായി ബാധിച്ചു.

2018ല്‍ മാത്രം 1.10 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടമായി. തൊഴില്‍ നഷ്ടമുണ്ടായതില്‍ വനിതകളായിരുന്നു ഏറ്റവുമധികം, 88 ലക്ഷം. കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കാണിത്. 2017 ഡിസംബറില്‍ 40.80 കോടി പേര്‍ക്കാണ് എന്തെങ്കിലും തരത്തിലുള്ള തൊഴിലുണ്ടായിരുന്നതെങ്കില്‍ 2018 ഡിസംബര്‍ ആയപ്പോള്‍ അത് 39.07 കോടിയായി കുറഞ്ഞു. ഗ്രാമീണ മേഖലയില്‍ 91, നഗരമേഖലയില്‍ 18 ലക്ഷം പേര്‍ക്കു വീതം തൊഴില്‍ നഷ്ടമായി. ഗ്രാമങ്ങളില്‍ തൊഴില്‍ നഷ്ടമുണ്ടായവരില്‍ 65 ലക്ഷം സ്ത്രീകളാണ്. ചെറുകിട വ്യാപാരികള്‍, കൂലിത്തൊഴിലാളികള്‍, കര്‍ഷക – കര്‍ഷകത്തൊഴിലാളികള്‍ എന്നീ വിഭാഗങ്ങളാണ് തൊഴില്‍ നഷ്ടത്തിന്റെ പ്രധാന ഇരകളായതെന്നും റിപ്പോര്‍ട്ടിലുണ്ട്.

നോട്ടുനിരോധനവും ചരക്കുസേവന നികുതിയുടെ ധൃതിപിടിച്ചുള്ള നടപ്പിലാക്കലും തന്നെയാണ് ഇത്രയും ഭീമമായ തൊഴില്‍- നിക്ഷേപ നഷ്ടത്തിന് കാരണമായതെന്നാണ് സിഎംഐഇ റിപ്പോര്‍ട്ടിന്റെ വിലയിരുത്തല്‍. 2016 നവംബറില്‍ നോട്ടുനിരോധനം നടപ്പിലാക്കിയതിനെയും 2017 ജൂലൈ മാസത്തില്‍ ചരക്കുസേവന നികുതി പ്രാബല്യത്തിലായതിനെയും തുടര്‍ന്ന് കാല്‍കോടിയോളം പേര്‍ക്ക് പെട്ടെന്നുള്ള പ്രത്യാഘാതമായി തൊഴില്‍ നഷ്ടമുണ്ടായെന്ന കണക്കുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ചെറുകിട ഇടത്തരം മേഖലാ നിക്ഷേപങ്ങളിലും വന്‍ കുറവുണ്ടായി. ഈ രണ്ടു ദുരിതങ്ങളുടെയും പ്രത്യാഘാതങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നുവെന്നാണ് ഈ കണക്കുകള്‍ ബോധ്യപ്പെടുത്തുന്നത്.

ഈ സമകാലിക പശ്ചാത്തലം ഇന്ത്യന്‍ തൊഴിലാളി വര്‍ഗം നടത്തുന്ന പണിമുടക്കിന്റെ പ്രസക്തി വളരെയധികം വര്‍ധിപ്പിക്കുന്നുണ്ട്. മോഡിസര്‍ക്കാര്‍ പിന്തുടര്‍ന്നുപോന്ന വികലമായ സാമ്പത്തിക – സാമൂഹ്യ നയങ്ങളുടെ ഫലമായി സമ്പദ്ഘടനയ്ക്കും അതിന്റെ പ്രധാന ചാലക ശക്തിയായ തൊഴില്‍ മേഖലയ്ക്കുമുണ്ടായ പ്രതിസന്ധി പരിഹരിക്കണമെന്നുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് പണിമുടക്കില്‍ മുന്നോട്ടുവയ്ക്കുന്നത്. പ്രസ്തുത സാമ്പത്തിക നയങ്ങളുടെ വലിയ ആഘാതങ്ങളിലൊന്നാണ് വിലക്കയറ്റം. ചരക്കു കമ്പോളത്തിലെ ഊഹക്കച്ചവടം നിരോധിച്ചും പൊതുവിതരണ സമ്പ്രദായം സാര്‍വത്രികമാക്കിയും വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കണം എന്ന ബദല്‍ നിര്‍ദ്ദേശമാണ് ആദ്യമുദ്രാവാക്യമായി തൊഴിലാളി പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്.

എല്ലാ തൊഴിലാളികള്‍ക്കും സാമൂഹിക സുരക്ഷ ഉറപ്പാക്കുക, പ്രതിമാസ മിനിമം വേതനം 18,000 രൂപയാക്കുക, പ്രതിമാസ പെന്‍ഷന്‍ 3,000 രൂപയായി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളും പ്രക്ഷോഭത്തില്‍ ഉന്നയിക്കുന്നുണ്ട്.

രാജ്യത്തെ പ്രമുഖ തൊഴിലാളി സംഘടനകളെല്ലാം ഒറ്റക്കെട്ടായി അണിനിരക്കുന്ന പണിമുടക്കിനാണ് രാജ്യം ഒരുങ്ങിയിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് നടന്ന പൊതു പണിമുടക്കില്‍ പൊതു- സ്വകാര്യ – അസംഘടിത മേഖലയില്‍ നിന്നും പ്രതിരോധ വകുപ്പ് ഉള്‍പ്പെടെ കേന്ദ്ര പൊതുമേഖലാ സംരംഭങ്ങളില്‍ നിന്നും അസാധാരണമായ പങ്കാളിത്തമാണുണ്ടായത്. ദ്വിദിന പണിമുടക്കിലും അതിനേക്കാള്‍ വലിയ പങ്കാളിത്തമുണ്ടാകുമെന്നതില്‍ സംശയമില്ല. കാരണം ഇന്ത്യയിലെ ദുരിതമനുഭവിക്കുന്ന മുഴുവന്‍ പേരും പല തരത്തിലുള്ള പോരാട്ടത്തെ ഹൃദയത്തിലെടുത്ത കാഴ്ചകള്‍ കഴിഞ്ഞ മാസങ്ങളിലുണ്ടായിട്ടുണ്ട്. തങ്ങളുടെ ആവശ്യങ്ങളാണ് ഉന്നയിക്കപ്പെടുന്നതെന്നതിനാലായിരുന്നു അത്തരം പ്രക്ഷോഭങ്ങളെ ജനങ്ങള്‍ ഏറ്റെടുത്തത്. സമാനമായി ഇവിടെയും ഓരോ ഇന്ത്യക്കാരനും ആഗ്രഹിക്കുന്ന വിഷയങ്ങള്‍ തന്നെയാണ് തൊഴിലാളിവര്‍ഗം മുന്നോട്ടുവച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഈ പണിമുടക്കം അഭൂതപൂര്‍വമായ വിജയം നേടേണ്ടത് എല്ലാ ഇന്ത്യക്കാരുടെയും ആവശ്യമാണ്.