Janayugom Online
nipah_virus

പ്രതിസന്ധികളെയും പ്രാതികൂല്യങ്ങളെയും അവസരമാക്കി മാറ്റണം

Web Desk
Posted on May 30, 2018, 10:40 pm

മീപകാലത്ത് കേരളത്തെ ഏറെ ആശങ്കയിലാക്കിയ ഒന്നാണ് വടക്കന്‍ കേരളത്തിലെ ചില ഗ്രാമങ്ങളില്‍ പെട്ടെന്നുണ്ടായ നിപാ വൈറസ് ബാധ. നിപാ വൈറസ് ബാധമൂലമുണ്ടായതെന്ന് കരുതപ്പെടുന്ന ഒരു ഡസനില്‍പരം മരണങ്ങളില്‍ എല്ലാം അക്കാരണത്താലാണെന്ന് ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്തുതന്നെയായാലും ആ വിപത്തിനെ നേരിടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുകയും വലിയൊരളവ് ഭീതി ഒഴിവാക്കാനും കഴിഞ്ഞിട്ടുണ്ട്. വിനോദസഞ്ചാര മേഖലയിലും രാജ്യാന്തര യാത്രയിലും അത് ചില്ലറ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അവയ്ക്ക് പുറമെയാണ് കേരളത്തില്‍ നിന്നുള്ള പ്രത്യേകിച്ചും ഗള്‍ഫ് മേഖലയിലേക്കുള്ള പഴം-പച്ചക്കറി കയറ്റുമതി നേരിടുന്ന വിലക്കുകള്‍. കേരളത്തില്‍ നിന്നുള്ള പഴവും പച്ചക്കറികളും ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഇറക്കുമതി ചെയ്യുന്നതിന് ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള പഴങ്ങളും പച്ചക്കറികളും ഏറ്റവുമധികം ഗള്‍ഫ് വിപണിയില്‍ വിറ്റഴിയുന്ന റമദാന്‍ നോമ്പ് കാലത്താണ് ഈ വിലക്കെന്നത് അവയുടെ ഉല്‍പാദകരായ കര്‍ഷകര്‍ക്കും കയറ്റുമതി വ്യാപാരികള്‍ക്കും വലിയ തിരിച്ചടിയാണെന്ന കാര്യത്തില്‍ സംശയമില്ല. സാധാരണയായി യുഎഇയിലെ വിവിധ എമിറേറ്റുകളിലായി പ്രതിമാസം 4,500 ടണ്‍ പച്ചക്കറികളും പഴങ്ങളും ഇറക്കുമതി ചെയ്യുന്നുണ്ട്. റമദാന്‍ നോമ്പ് കാലത്ത് ഇത് 6,000 ടണ്‍ വരെയായി ഉയരാറുണ്ട്. ഇതിനുപുറമെയാണ് സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്കുള്ള ഇറക്കുമതി. അതില്‍ സൗദി അറേബ്യയിലേക്ക് മാത്രം 400 ടണ്‍ പഴം-പച്ചക്കറി ഇനങ്ങള്‍ പ്രതിദിനം കയറ്റിപ്പോകുന്നുണ്ട്. കര്‍ഷകര്‍ സാധാരണഗതിയില്‍ വിറ്റഴിക്കാന്‍ ക്ലേശിക്കുന്ന പൈനാപ്പിള്‍, മാങ്ങ, നേന്ത്രപ്പഴം, ചക്ക എന്നിവയും, ഇവിടെ വലിയ വിപണിമൂല്യമില്ലാത്ത പല പച്ചക്കറി ഇനങ്ങളും ഉള്‍പ്പെടുന്നു. കേരളത്തില്‍ നിന്നുള്ള ഈ കയറ്റുമതി നമ്മുടെ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു അധികവരുമാന സ്രോതസാണ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ വിപത്ത് കാര്‍ഷികമേഖലയില്‍ അസ്വസ്ഥതയ്ക്ക് കാരണവുമാണ്.

പ്രശ്‌നത്തില്‍ സമയോചിതമായ ഇടപെടല്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാരിനും പ്രത്യേകിച്ച് കൃഷി വകുപ്പിനും കഴിഞ്ഞുവെന്നത് ഏറെ ആശ്വാസകരമാണ്. റമദാന്‍ നോമ്പ് കാലത്ത് ഗള്‍ഫ് മേഖലയില്‍ ഏറെ ആവശ്യമുള്ള പൈനാപ്പിള്‍, വിപണി പ്രതിസന്ധി കണക്കിലെടുത്ത് ഗണ്യമായ തോതില്‍ സംഭരിക്കാന്‍ കൃഷി വകുപ്പും സര്‍ക്കാര്‍ ഏജന്‍സികളും സന്നദ്ധമായി. ഇതര പഴവര്‍ഗങ്ങളും പച്ചക്കറികളം കര്‍ഷകര്‍ക്ക് ന്യായവില നല്‍കി സംഭരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായാല്‍ അത് കര്‍ഷകര്‍ക്ക് ഏറെ ആശ്വാസകരമായിരിക്കും. പെട്രോളിയം ഇന്ധന വിലവര്‍ധനവ് കേരളത്തിലെ നിത്യോപയോഗ സാധനങ്ങളുടെ വിലനിര്‍ണയത്തില്‍ പ്രധാന ഘടകമാണ്. പെട്രോള്‍, ഡീസല്‍വിലവര്‍ധനവ് ചരക്ക് കടത്തുകൂലി കുത്തനെ ഉയരാന്‍ കാരണമായിട്ടുണ്ട്. സര്‍ക്കാരിന്റെ സമയോചിതവും സത്വരവുമായ ഇടപെടലുണ്ടായാല്‍ പഴവര്‍ഗങ്ങളുടെയും പച്ചക്കറികളുടെയും വിപണിവില നിയന്ത്രിച്ചു നിര്‍ത്താന്‍ തല്‍ക്കാലത്തേക്കെങ്കിലും നമുക്കു കഴിയും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ സജീവ ഇടപെടല്‍ പച്ചക്കറി ഉല്‍പാദനത്തില്‍ ഗണ്യമായ വര്‍ധനയ്ക്ക് കാരണമായിട്ടുള്ളതായാണ് മനസിലാക്കുന്നത്. പുതുജീവന്‍വച്ചുവരുന്ന ഈ മേഖലയിലെ കര്‍ഷകരെ നിലനിര്‍ത്താനും പ്രോത്സാഹിപ്പിക്കാനും പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ സഹായകമാവും.
ഗള്‍ഫ് രാജ്യങ്ങള്‍, താല്‍ക്കാലികമെങ്കിലും, ഏര്‍പ്പെടുത്തിയ വിലക്ക് നമുക്ക് ചില വിലപ്പെട്ട പാഠങ്ങള്‍ നല്‍കുന്നുണ്ട്. ഒന്നാമതായി ഇപ്പോഴത്തെ വിലക്ക് സംസ്‌കരിക്കാത്ത പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും മാത്രമാണ്. സംസ്‌കരിച്ച പഴവര്‍ഗ, പച്ചക്കറി ഉല്‍പന്നങ്ങള്‍ക്ക് തടസമില്ല. കാലങ്ങളായി നാം ചര്‍ച്ച ചെയ്യുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും മൂല്യവര്‍ധിത ഉല്‍പന്ന രംഗത്തെപ്പറ്റി ഒരു തീരുമാനത്തിലെത്തി അത് പ്രയോഗത്തില്‍ കൊണ്ടുവരാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. പാരിസ്ഥിതിക നാശത്തിന്റെയും ജൈവവൈവിധ്യ തകര്‍ച്ചയുടെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും കാലത്താണ് നാം ജീവിക്കുന്നത്. കേട്ടുകേള്‍വി പോലുമില്ലാത്ത പുത്തന്‍ പകര്‍ച്ചവ്യാധികളുടേയും അപകടകരമായ വൈറസുകളുടെയും മറ്റും കടന്നുവരവ് ആര്‍ക്കും പ്രവചിക്കാനാവില്ല. അത്തരം സന്ദിഗ്ധ ഘട്ടങ്ങളെ നേരിടാന്‍ പര്യാപ്തമായ സംവിധാനങ്ങള്‍ ഏറെയൊന്നും നമുക്കില്ല. കേരളത്തില്‍ മികച്ച വൈറോളജി ലാബുകളടക്കം സ്ഥാപിക്കുന്നതിനെപ്പറ്റി പ്രഖ്യാപനങ്ങള്‍ ഇതിനകം ഉണ്ടായിട്ടുണ്ട്. പക്ഷെ, അതെല്ലാം മനുഷ്യാരോഗ്യ‑ചികിത്സാരംഗവുമായി ബന്ധപ്പെട്ടവയാണ്. കേരളത്തിന്റെ കാര്‍ഷിക നിലനില്‍പിന് മൂല്യവര്‍ധിത ഉല്‍പന്നങ്ങളടക്കം, കയറ്റുമതി കൂടിയേതീരൂ. നമ്മുടെ കാര്‍ഷികോല്‍പന്നങ്ങളുടെ ഗുണനിലവാരം നിശ്ചയിച്ച് സാക്ഷ്യപ്പെടുത്താന്‍ സജ്ജമായ ലോകനിലവാരത്തിലുള്ള സംവിധാനങ്ങളെപ്പറ്റി അടിയന്തരമായി ചിന്തിക്കാന്‍ അത് നമ്മെ നിര്‍ബന്ധിതമാക്കുന്നു. നിലവിലുള്ള സ്ഥാപനങ്ങളെയും സാധ്യതകളെയും പ്രയോജനപ്പെടുത്തി കൈവരിക്കാവുന്ന ലക്ഷ്യങ്ങളാണവ. ഇപ്പോഴത്തെ പ്രതിസന്ധിയെയും പ്രാതികൂല്യത്തെയും അവസരമാക്കി മാറ്റാന്‍ ബന്ധപ്പെട്ടവര്‍ ഇനി തെല്ലും വൈകിക്കൂട.